Current Date

Search
Close this search box.
Search
Close this search box.

പ്രതിഫലം അല്ലാഹുവിങ്കല്‍ നിന്ന്

നിങ്ങള്‍ ക്ഷമാശീലമുള്ളവരും അല്ലാഹുവിന്‍റെ പ്രതിഫലത്തെ കാംക്ഷിക്കുന്നവരുമാണെങ്കില്‍, വേണ്ടത്ര പ്രതിഫലം നല്‍കാതെ അവന്‍ ഒരു കാര്യവും നിങ്ങളില്‍ നിന്ന് തിരിച്ചെടുക്കുകയില്ല. “ഒരാളുടെ സ്നേഹനിധിയായ രണ്ട് പൈതലുകളെ ഞാന്‍ എടുക്കുകയും എന്നിട്ട് അയാള്‍ ക്ഷമിക്കുകയും ചെയ്താല്‍, ഞാന്‍ അവന് ആ രണ്ട് പിഞ്ചുമക്കള്‍ക്ക് പകരമായി സ്വര്‍ഗ്ഗം പ്രതിഫലമായി നല്‍കുന്നതാണ്. കാരണം അത് അവന്‍റെ രണ്ട് കണ്ണുകളാണ്”.

ആരുടെ എങ്കിലും സന്താനം നഷ്ടപ്പെടുകയും ക്ഷമിക്കുകയും ചെയ്താല്‍ അനശ്വരമായ സ്വര്‍ഗ്ഗത്തില്‍ അവന് ഒരു രമ്യഹര്‍മ്യം നിര്‍മ്മിച്ച് നല്‍കുന്നതാണ്. ഇവിടെ ഏതാനും ഉദാഹരണങ്ങള്‍ പറഞ്ഞു എന്ന് മാത്രം. നമ്മള്‍ അതിയായി സ്നേഹിച്ച ഒന്ന് നഷ്ടപ്പെടുന്നതില്‍ വേപഥുകൊള്ളേണ്ടതില്ല. അതിന് മഹത്തായ പ്രതിഫലവും നഷ്ടപരിഹാരവും അവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ലഭിക്കും. ദുരിതമനുഭവിച്ച അല്ലാഹുവിന്‍റെ സ്നേഹഭാജനങ്ങളെ അവന്‍ സ്വര്‍ഗ്ഗത്തില്‍ വാഴ്തുകയും പ്രശംസിക്കുകയും ചെയ്യും.

ഖുര്‍ആന്‍ പറയുന്നു: മലക്കുകള്‍ പറയും: ”നിങ്ങള്‍ ക്ഷമപാലിച്ചതിനാല്‍ നിങ്ങള്‍ക്ക് സമാധാനമുണ്ടാവട്ടെ.” ആ പരലോക ഭവനം എത്ര അനുഗ്രഹപൂര്‍ണം! 13:24

പരീക്ഷണത്തിന് പകരമായി നാം നഷ്ടപരിഹാരത്തെ കുറിച്ചും അതിന്‍റെ സല്‍പരിണിതിയെ കുറിച്ചും ഉറ്റു നോക്കേണ്ടത് അനിവാര്യമാണ്. ഖുര്‍ആന്‍ പറയുന്നു: അവര്‍ക്ക് അവരുടെ നാഥനില്‍ നിന്നുള്ള അതിരറ്റ അനുഗ്രഹങ്ങളും കാരുണ്യവുമുണ്ട്. അവര്‍ തന്നെയാണ് നേര്‍വഴി പ്രാപിച്ചവര്‍. 2:157

ദുരിതമനുഭവിച്ചവര്‍ക്ക് അഭിവാദനങ്ങള്‍. ഇഹലോകത്തെ ജീവിത സമയം വളരെ ചുരുങ്ങിയതാണ്. ഇവിടത്തെ വിഭവങ്ങളാവട്ടെ അതിനിസ്സാരവും. പരലോകമാകട്ടെ ഏറ്റവും ഉത്തമവും എന്നെന്നും നിലനില്‍ക്കുന്നതുമാണ്. ഇവിടെ ദുരിതമനുഭവിച്ചവര്‍ക്ക് പരലോകത്ത് അതിന് പകരം ലഭിക്കുന്നതാണ്. ഇവിടെ യഥാര്‍ത്ഥത്തില്‍ കഷ്ടപ്പെടുകയും കഠിനാധ്വാനം ചെയ്ത ഒരാള്‍ക്ക് നാളെ പരലോകത്ത് പൂര്‍ണ്ണ വിശ്രമം ലഭിക്കുന്നതായിരിക്കും.

എന്നാല്‍ ഭൗതിക കാര്യങ്ങളില്‍ അള്ളിപിടിച്ച ഒരാള്‍, അതിന് മുഖ്യ പരിഗണന നല്‍കിയ വ്യക്തി, അയാള്‍ക്ക് പരലോകത്ത് അയാളുടെ ഓഹരി ഉണ്ടായിരിക്കുന്നതല്ല. അത്തരക്കാര്‍ക്ക് അവിടെ കഠിനതരമായ അവസ്ഥയാണ് നേരിടേണ്ടി വരുക. അങ്ങനെ പ്രതികൂല സാഹചര്യങ്ങള്‍ അയാള്‍ക്ക് പ്രയാസമുള്ളതായിതീരുന്നു. ദുരന്തങ്ങള്‍ അയാളില്‍ ഗുരുതരമായ ആശങ്കകള്‍ സൃഷ്ടിക്കുന്നു. കാരണം കാല്‍ചുവട്ടിലേക്കാണ് അയാളുടെ നോട്ടം. ക്ഷണികവും തുഛവുമാണ് അത്.

ദുരിതമനുഭവിക്കുന്നവനെ! നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. നിങ്ങള്‍ എല്ലാം നേടുന്നവരാണ്. ദയ, സഹതാപം, പ്രതിഫലം, മുന്‍ഗണന എന്നൊക്കെ വരികള്‍ക്കിടയില്‍ എഴുതിയ ഒരു കുറിപ്പ് നിങ്ങള്‍ക്ക് അയച്ച് തരുന്നതാണ്. ഖുര്‍ആന്‍ പറയുന്നു: അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു ഭിത്തി ഉയര്‍ത്തപ്പെടും. അതിനൊരു കവാടമുണ്ടായിരിക്കും. അതിന്‍്റെ അകഭാഗത്ത് കാരുണ്യവും പുറഭാഗത്ത് ശിക്ഷയുമായിരിക്കും. 57:13

അതിനാല്‍ അല്ലാഹുവാണ് ഏറ്റവും ഉത്തമന്‍. എന്നെന്നും നിലനില്‍ക്കുന്നവനും അത്യുന്നതനും ഏറ്റവും ഉദാരനും അവന്‍ തന്നെ.

ആശയ മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles