Current Date

Search
Close this search box.
Search
Close this search box.

ശഅബാൻ, റമദാനിലേക്കുള്ള ചവിട്ടുപടി

ചില മാസങ്ങൾക്ക് മറ്റ് മാസങ്ങളേക്കാൾ അല്ലാഹുവും അവന്റെ റസൂലും ശ്രേഷ്ടതയും പ്രത്യേകതയും നൽകിയിട്ടുണ്ട്. അത് അങ്ങനെ തന്നെ അംഗീകരിക്കാൻ സത്യവിശ്വാസികൾ ബാധ്യസ്തരാണ്. ഇസ്‌ലാമിക കലണ്ടറിലെ എട്ടാമത്തെ മാസമാണ് ശഅബാൻ. ശേഷം കടന്നുവരുന്നത് പുണ്യ റമദാൻ. പവിത്രമാസമായ റജബ് പിന്നിട്ടാണ് ശഅബാൻ എത്തുന്നത്. “അല്ലാഹുവേ, റജബിലും ശഅബാനിലും ഞങ്ങളെ അനുഗ്രഹിക്കേണമേ. റമദാനിലേക്ക് ഞങ്ങളുടെ ജീവിതത്തെ എത്തിക്കേണമേ.” എന്നൊരു പ്രാർഥന സുവിദിതമാണ്.

മനുഷ്യ സൃഷ്ടിപ്പിൻറെ പ്രഥമ ലക്ഷ്യം അല്ലാഹുവിനുള്ള ഇബാദത്താണ്. ഇബാദത്ത് എന്നാൽ സ്രഷ്ടാവായ റബ്ബിനെ അറിഞ്ഞും അംഗീകരിച്ചും അനുസരിച്ചും ജീവിതത്തെ സമ്പൂർണമായും അവന്ന് വിധേയമാക്കലാണ്. നാഥൻറെ ഇംഗിതമനുസരിച്ച് ജീവിക്കാൻ നമ്മെ പ്രാപ്തമാക്കുന്ന കർമങ്ങളാണ് ആരാധനകൾ. ആരാധനകളിൽ സമയദൈർഘ്യവും ത്യാഗവും പ്രകടനപരതയുടെ അഭാവവും കൊണ്ട് സവിശേഷമാണ് റമദാൻ മാസത്തെ വ്രതാനുഷ്ഠാനം. റമദാൻ മാസം നോമ്പിനായി തിരഞ്ഞെടുത്തതിൻറെ കാരണമാകട്ടെ, അല്ലാഹുവിൽനിന്ന് പ്രവാചകത്വവും മാനവർക്കാകമാനം സന്മാർഗമായി ഖുർആൻറെ അവതരണവും ഉണ്ടായ മാസം എന്നതാണ്.

ഒരു മാസക്കാലം പകലുകളിൽ പൂർണമായും അന്ന പാനീയങ്ങളുപേക്ഷിച്ച്, ഭോഗതൃഷ്ണക്ക് കടിഞ്ഞാണിട്ട്, ജനക്ഷേമ പ്രവർത്തനങ്ങളിലും ദൈവസ്മരണകളിലും വ്യാപൃതമായി കഴിയുന്നു വിശ്വാസികൾ. രാത്രി ദീർഘമായി നമസ്കരിച്ചും പ്രാർഥിച്ചും വിശ്രമ സമയം ലഘൂകരിക്കുന്നു. ദിനചര്യകളെ ക്രമംതെറ്റിച്ച്, ശീലങ്ങളെ മാറ്റിമറിച്ച്, ദേഹേഛക്ക് പകരം ദൈവേഛക്കനുസരിച്ച ജീവിത പരിവർത്തനം സുസാധ്യമാണെന്ന് മനുഷ്യനെ ബോധ്യപ്പെടുത്തുന്നു റമദാൻ. സർവോപരി ലൈലതുൽ ഖദ്ർ എന്ന അപൂർവ സൗഭാഗ്യത്തിലൂടെ സ്വർഗ പ്രവേശനത്തിൻറെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു. ആയതിനാൽ റമദാനിൽ ജീവിക്കുക എന്നത് ദൈവദാസൻറെ അനിവാര്യ താൽപര്യമായിത്തീരുന്നു. പൂർവികരിലെ മഹത്തുക്കൾ മാസങ്ങളോളം റമദാനിലേക്ക് ആയുസിനെ എത്തിക്കാൻ വേണ്ടിയും ശേഷമുളള മാസങ്ങളിൽ, ഉപയോഗപ്പെടുത്തിയ റമദാനിനെ വീഴ്ച്ചകൾ പൊറുത്ത് പരിപൂർണമായി സ്വീകരിക്കാൻ വേണ്ടിയും പ്രാർഥിച്ചുകൊണ്ടിരുന്നത് അതിനാലാണ്.

ഇത്രമേൽ മഹത്തരമായ റമദാനിലേക്ക് ഒരുങ്ങാനുള്ള മാസമാണ് ശഅബാൻ. റമദാനിനൊരു മുഖവുര പോലെയാണ് ശഅബാൻ. റമദാനിൽ നിയമമാക്കപ്പെട്ട നോമ്പ്, ഖുർആൻ പാരായണം തുടങ്ങിയ ഇബാദത്തുകൾ ശഅബാനിലും ചെയ്യാം എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ആകാംക്ഷയോടെയും പ്രതീക്ഷയോടെയും പരീക്ഷക്ക് തയാറെടുപ്പ് നടത്തുന്ന വിദ്യാർഥിയെയും കൃഷിയിറക്കും മുമ്പ് നിലമുഴുത് പാകപ്പെടുത്തുന്ന കർഷകനെയും പോലെ വിശ്വാസികൾക്ക് റമദാനിലേക്കുള്ള പ്രാർഥനയുടെയും മുന്നൊരുക്കത്തിൻറെയും കാലമാണ് ശഅബാൻ.

ശഅബാൻ മാസം ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചു. ഖിബ്‌ല മാറ്റം. അല്ലാഹു ഇസ്‌റാഈല്യരിൽ നിന്ന് ലോക നേതൃത്വ പദവി എടുത്തുമാറ്റി മുഹമ്മദ് നബിയുടെ സമുദായത്തെ തൽസ്ഥാനത്ത് അവരോധിച്ചതിൻറെ പ്രതീകമായിരുന്നു ഖിബ്‌ലമാറ്റം. പ്രവാചകൻറെ മദീന പലായനത്തിൻറെ പതിനെട്ടാം മാസം ശഅബാൻ 15 നാണ് അല്ലാഹുവിൻറെ നിർദേശപ്രകാരം ബൈത്തുൽ മുഖദ്ദിസിൻറെ ഭാഗത്തുനിന്ന് കഅബയിലേക്ക് തിരിഞ്ഞ് റസൂലും സ്വഹാബത്തും നമസ്കരിക്കാൻ തുടങ്ങിയത്.

ഖിബ്‌ല മാറ്റത്തിൻറെ ലക്ഷ്യം, റസൂലിനെ പിൻപറ്റുന്നവരും അല്ലാത്തവരും ആരെന്ന് തിരിച്ചറിയുക എന്നതായിരുന്നു. “മുഹമ്മദും കൂട്ടരും ഇതുവരെ തിരിഞ്ഞു നമസ്കരിച്ചിരുന്ന ഖിബ്‌ലയിൽനിന്ന് എന്താണ് അവരെ പിന്തിരിപ്പിച്ചതെന്ന് ജനങ്ങളിലെ വിഡ്ഢികൾ ചോദിക്കും. നീ പറഞ്ഞേക്കുക. കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിൻറെതാകുന്നു. അവനുദ്ദേശിക്കുന്നവരെ അവൻ സന്മാർഗത്തിലേക്ക് നയിക്കുന്നു.”(അൽബഖറ:142)

റജബിൽ കണ്ടു തുടങ്ങിയ, റമദാനിലേക്കുള്ള മനംമാറ്റത്തിൻറെയും പ്രവർത്തന മാറ്റത്തിൻറെയും ലക്ഷണങ്ങൾ വ്യാപകമായി ദൃശ്യമാകുന്ന സന്ദർഭമാണ് ശഅബാൻ മാസം. ആരാധനകൾ, പ്രാർഥനകൾ, പഠനങ്ങൾ വർധിക്കുന്നു. ശഅബാനിൽ നബി എങ്ങിനെയായിരുന്നു? അസാധാരണമാം വിധം തിരുമേനി ഐച്ഛിക നോമ്പ് വർധിപ്പിക്കാറുണ്ടായിരുന്നു. ആഇശ(റ) പറയുന്നു: ”റമദാൻ മാസമല്ലാത്ത മറ്റൊരു മാസത്തിലും മുഴുവനായി റസൂൽ നോമ്പെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. ശഅബാൻ മാസത്തിലെന്ന പോലെ അധിക ദിവസം മറ്റൊരു മാസത്തിലും തിരുമേനി നോമ്പെടുക്കുന്നതും ഞാൻ കണ്ടിട്ടില്ല”.(ബുഖാരി, മുസ് ലിം)

മനുഷ്യരുടെ കർമങ്ങൾ അല്ലാഹുവിങ്കലേക്ക്‌ ഉയർത്തപ്പെടുന്നത് ശഅബാൻ മാസത്തിലാണ്. ആ സമയം നോമ്പുകാരനാവാൻ വിശ്വാസി ആഗ്രഹിക്കുക സ്വാഭാവികമാണല്ലോ. അതുകൊണ്ടുതന്നെയാവാം റമദാൻ കഴിഞ്ഞാൽ റസൂൽ ഏറ്റവും കൂടുതൽ നോമ്പ് പിടിച്ചിരുന്നത് ശഅബാൻ മാസത്തിലായത്. ജനം വിസ്മരിക്കുന്ന സൽക്കാര്യങ്ങൾ ജീവിതത്തിൽ നിലനിർത്താൻ ജാഗ്രത കാണിക്കുന്നത് ചെറിയ കാര്യമല്ല.
കഴിഞ്ഞ റമദാനിൽ നഷ്ടപെട്ട നോമ്പുകൾ നോറ്റ് വീട്ടാൻ ബാക്കിയുള്ളവർ അക്കാര്യവും ഈ മാസത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യത്തോടെയിരുന്നിട്ടും റമദാനിനു മുമ്പ് നോറ്റുവീട്ടുന്നില്ലെങ്കിൽ റബ്ബിനുമുമ്പിൽ നാം വലിയ കുറ്റക്കാരായിത്തീരും. റമദാനിനെ വരവേൽക്കാനായുള്ള തയ്യാറെടുപ്പിനും, മനസ്സുകൾ ഇബാദത്തുകളാൽ റഹ്‌മാനിലേക്ക് പരിപൂർണ്ണമായി കീഴൊതുങ്ങാനും വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

ശഅ്ബാൻ പതിനഞ്ച് പുണ്യദിനമായി കരുതലും അന്ന് പ്രത്യേകം ആഘോഷങ്ങൾ സംഘടിപ്പിക്കലും അനാചാരമാകുന്നു. ശഅബാൻ 15 ൻറെ നോമ്പും ആ രാവിലെ പ്രത്യേക നമസ്കാരവും ബിദ്അത്താണെന്നാണ് പണ്ഡിതാഭിപ്രായം. ഇത് സംബന്ധമായി വന്നിട്ടുള്ള എല്ലാ ഹദീസുകളും വ്യാജവും അവിശ്വസനീയവുമാണെന്നും പ്രാമാണിക ഹദീസ് പണ്ഡിതരുടെ പക്ഷം.

====

ബറാഅത്ത് രാവും പകലും?  

. ശഅ്ബാന്‍ 15ന് ശേഷം സുന്നത്ത് നോമ്പ് പാടുണ്ടോ? 

. ശഅ്ബാന്‍ മാസത്തിന് പ്രത്യേക ശ്രേഷ്ഠതയുണ്ടോ?
✒️ എഴുത്ത് : ഇൽയാസ് മൗലവി

 

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles