Current Date

Search
Close this search box.
Search
Close this search box.

നിസ്സാര കാര്യങ്ങളില്‍ ദുര്‍ബലരാവരുത്

നിസ്സാരമായ കാരണങ്ങളാല്‍ എത്ര എത്ര ആളുകളാണ് ദു:ഖിതരാവുന്നത്? ചെറുതിനെ ചെറുതായി കാണുന്നതിന് പകരം, അത്തരക്കാര്‍ അതിനെ ഭീമാകാരമായി കാണുന്നു. മഹത്വമായി കാണേണ്ടതിനെ അവര്‍ നിസ്സാരമായി കാണുകയും ചെയ്യുന്നു.

കപട വിശ്വാസികളെ നോക്കൂ. അവരുടെ നിശ്ചയ ദാര്‍ഡ്യം വളരെ ദുര്‍ബലം. അവരുടെ തീരുമാനങ്ങള്‍ അഴകുഴമ്പന്‍. തബൂക്ക് യുദ്ധവേളയില്‍ അവര്‍ സ്വീകരിച്ച നിലപാടിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: അവര്‍ ജനത്തോടു പറഞ്ഞു: ‘ഈ കൊടും ചൂടില്‍ പുറപ്പെടരുത്. അതൗബ 9:81

അവരില്‍ ഇപ്രകാരം പറയുന്ന ചിലരുണ്ട്: ‘എനിക്ക് ഇളവു തന്നാലും. എന്നെ കുഴപ്പത്തിലാക്കാതിരുന്നാലും: അതൗബ 9:49

മറ്റൊരു കൂട്ടര്‍ ‘ഞങ്ങളുടെ വീടുകള്‍ അപകടത്തിലാണ്’ എന്നാവലാതിപ്പെട്ട് പ്രവാചകനോട് വിടുതല്‍ ചോദിച്ചുകൊണ്ടിരുന്നു: അല്‍ അഹ്സാബ് 33:13

അവര്‍ പറയുന്നു: ‘നമ്മെ വല്ല വിപത്തും ബാധിക്കുമോ എന്നു ഞങ്ങള്‍ ഭയപ്പെടുന്നു: അല്‍ മാഇദ 5:52

അല്ലാഹുവും അവന്‍റെ ദൂതനും നിങ്ങളോട് വാഗ്ദത്തം ചെയ്തിരുന്നത് കേവലം വഞ്ചനയായിരുന്നുവെന്ന് കപടവിശ്വാസികളും ദീനംപിടിച്ച മനസ്സുള്ളവരൊക്കെയും പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭവും ഓര്‍ക്കുക. അഹ്സാബ് 33:12

പ്രവാചകന്‍ യുദ്ധത്തിന് പുറപ്പെടാന്‍ ആഹ്വാനം ചെയ്യുമ്പോള്‍, കപടവിശ്വാസികളുടെ ഈ ഒഴികഴിവുകള്‍ എത്ര ദുര്‍ബലമാണ്! ഈ ഒഴിവ്കഴിവുകള്‍ വിളമ്പുന്ന അവരുടെ ആത്മാക്കള്‍ എത്ര നികൃഷ്ടരാണ്!

അവരുടെ നിശ്ചയദാര്‍ഡ്യം എത്ര ദുര്‍ബലമാണ്. യുദ്ധാനന്തരം ലഭിക്കുന്ന വിജയത്തിലേക്കൊ മനോഹരമായ ആകാശത്തിന്‍റെ വിഹായസ്സിലേക്കൊ അവര്‍ അവരുടെ കണ്ണുകള്‍ ഉയര്‍ത്തുന്നില്ല. നന്മയുടെ നക്ഷത്രങ്ങളിലേക്ക് അവര്‍ നോക്കുന്നില്ല. അവരുടെ ചിന്തയുടെ ഉയരം എന്ന് പറയുന്നത് അവരുടെ വസ്ത്രം, പാദരക്ഷ, ഭക്ഷണം തുടങ്ങിയവയിലൊക്കെ ഒതുങ്ങിപോവുന്നു.

ജനങ്ങളില്‍ പ്രമുഖരെന്ന് തോന്നുന്നവരെ നോക്കു. അവരുടെ പരിദേവനമാകട്ടെ അവരുടെ ഇണയോടുള്ള കലഹം, അല്ലങ്കില്‍ മക്കളോടൊ ബന്ധുക്കളോടൊ ഉള്ള കശപിശ തുടങ്ങിയ നിസ്സാര കാര്യങ്ങളില്‍ കറങ്ങിതിരിയുകയാണ്. ഇതൊക്കെയാണ് അത്തരക്കാരുടെ ആശങ്കകള്‍. അവരെ തിരക്കിലകപ്പെടുത്താനുള്ള ഉന്നത ലക്ഷ്യങ്ങളൊന്നും അവര്‍ക്കില്ല. അവരുടെ സമയം ചിലവഴിക്കാന്‍ മനോഹരമായ ആശയങ്ങളും അവര്‍ക്കില്ല.

കണ്ടൈയ്നറില്‍ നിന്ന് വെള്ളം പുറത്ത് പോവുമ്പോള്‍ വായു നിറയും എന്ന് പറയാറുണ്ട്. അതിനാല്‍ നിങ്ങളുടെ മനസ്സ് എന്തിലാണ് മുഴകുന്നതെന്ന് കൃത്യമായി മനസ്സിലാക്കുക. അത് ഗുണപ്രദമായ കാര്യമാണൊ എന്ന് ആലോചിക്കുക. കാരണം നിങ്ങള്‍ അതിന് നിങ്ങളുടെ മനസ്സ്, മാംസം, രക്തം, സമയം എല്ലാം നല്‍കിയിരിക്കുകയാണ്. ഇത് പരാജയപ്പെട്ട ഇടപാടും വലിയ നഷ്ടവുമാണ്.

മനസ്സുമായി ബന്ധപ്പെട്ട പഠനം നടത്തിയവര്‍ പറയുന്നു: എല്ലാറ്റിനും അതിന്‍റെതായ സ്ഥാനം നല്‍കുക. അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞതത്രെ സത്യം. ………….. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്. അത്തലാഖ് 65:3

അത്കൊണ്ട് അപ്രസക്തമായ കാര്യങ്ങളില്‍ മുഴുകുന്നതില്‍ നിന്നും വിട്ടുനില്‍ക്കുക. നിങ്ങളുടെ ഭയത്തിന്‍റെ ഭൂരിഭാഗവും നിങ്ങളില്‍ നിന്ന് അകന്ന് പോകുമെന്നും സന്തോഷവും ആനന്ദവും തിരിച്ച് വരുമെന്നും നിങ്ങള്‍ കണ്ടത്തും.

മൊഴിമാറ്റം: ഇബ്റാഹീം ശംനാട്

Related Articles