Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ക്ക് ദൈവത്തോട് സംസാരിക്കാന്‍ കഴിയുമോ?

ഒരു വിദേശ രാജ്യത്ത് വിദേശികളായ അമുസ്‌ലിംകള്‍ക്കൊപ്പം ഒരു മീറ്റിംഗില്‍ പങ്കെടുത്തു കൊണ്ടിരിക്കെ നമസ്‌കാരത്തിന് സമയമായി. നമസ്‌കരിക്കുന്നതിനായി ഒരു അഞ്ച് മിനുറ്റ് എനിക്ക് അനുവദിക്കണമെന്നും അതിന് ശേഷം തുടരാമെന്നും ഞാന്‍ ആവശ്യപ്പെട്ടു. എന്റെ ആവശ്യം അവരെ അത്ഭുതപ്പെടുത്തി. നിശബ്ദത പാലിച്ച അവര്‍ക്ക് മുമ്പില്‍ ആ ഹാളില്‍ വെച്ച് തന്നെ ഞാന്‍ ളുഹ്‌റും അസ്വറും ജംഉം ഖസ്‌റുമായി നമസ്‌കരിച്ചു. ഞാന്‍ തിരിച്ച് ചെന്നപ്പോള്‍ അവരിലെ പ്രായം ചെന്ന വ്യക്തി പറഞ്ഞു: നിങ്ങള്‍ നമസ്‌കരിച്ചപ്പോള്‍ ഞങ്ങള്‍ പുറത്തുപോകാതിരുന്നതില്‍ ക്ഷമാപണം നടത്തുകയാണ്. താങ്കള്‍ക്ക് പ്രയാസമുണ്ടാക്കരുതെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വേറെ സ്ഥലസൗകര്യം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ഞാന്‍ അവരോട് പറഞ്ഞു: ഒരിക്കലും യാതൊരു പ്രയാസവുമുണ്ടാവില്ല. കാരണം ഞങ്ങള്‍ നമസ്‌കരിക്കുമ്പോള്‍ അല്ലാഹുവിനോട് നേരിട്ട് സംസാരിക്കുകയാണ്. അപ്പോള്‍ ഞങ്ങളുടെ അടുത്തോ ഞങ്ങളോടൊപ്പമോ ഉണ്ടാകുന്നവര്‍ ഞങ്ങളെ ബാധിക്കുന്നില്ല. ഇതുകേട്ട് ആശ്ചര്യത്തോടെ അദ്ദേഹം പറഞ്ഞു: അപ്പോള്‍ ഞങ്ങളുടെ സാന്നിദ്ധ്യത്തില്‍ അസാധാരണത്വമൊന്നുമില്ല? ഞാന്‍ പറഞ്ഞു: അതെ, ഞങ്ങള്‍ നമസ്‌കരിക്കുമ്പോള്‍ അവിടെ മറ്റാരുമുണ്ടാകരുതെന്ന് നിബന്ധനയില്ല. അദ്ദേഹം ചോദിച്ചു: ദിവസം എത്ര തവണ നമസ്‌കരാരത്തിലൂടെ ദൈവത്തോട് നിങ്ങള്‍ സംസാരിക്കും? ഞാന്‍: അഞ്ച് നേരം. എന്നാല്‍ യാത്രയിലാകുമ്പോള്‍ അഞ്ച് നമസ്‌കാരം മൂന്ന് നേരമാക്കുകയും യാത്രയുടെ ദൈര്‍ഘ്യം പരിഗണിച്ച് ചിലപ്പോഴെല്ലാം ചുരുക്കുകയും ചെയ്യും. എന്റെ മറുപടി അദ്ദേഹത്തിന്റെ ആശ്ചര്യം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. എന്താണതിന്റെ കാരണമെന്ന് അദ്ദേഹം അന്വേഷിച്ചു. ഞാന്‍: കാരണം ഇസ്‌ലാം മനുഷ്യന്റെ സാഹചര്യങ്ങള്‍ പരിഗണിക്കുന്നു. ഇസ്‌ലാം മാനുഷികതയുടെ ദര്‍ശനമാണ്. യാത്രക്കാരന് ഒട്ടേറെ തിരക്കുകളുണ്ടെന്നും നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് പൂര്‍ത്തീകരിക്കേണ്ട നിരവധി ലക്ഷ്യങ്ങള്‍ അവന്റെ മുമ്പിലുണ്ടെന്നും ഞങ്ങളുടെ ദൈവം മനസ്സിലാക്കുന്നു. അതുകൊണ്ട് ഞങ്ങളുടെ നമസ്‌കാരത്തില്‍ ഇളവനുവദിക്കുന്നു. അവിടെയുണ്ടായിരുന്ന മൂന്ന് പേരും നിശബ്ദരായി എന്നെ ശ്രവിക്കുകയായിരുന്നു. എന്നോട് സംസാരിച്ചിരുന്ന വ്യക്തി പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് വളരെ മനോഹരമായൊരു ആശയമാണ്. ഞാനത് കേട്ട് പുഞ്ചിരിക്കുകയും മീറ്റിംഗിന്റെ തുടര്‍ നടപടികളിലേക്ക് കടക്കുകയും ചെയ്തു. ഈ സംസാരം അവരെ വളരെയേറെ സ്വാധീനിച്ചു എന്ന തരത്തില്‍ കൂടുതല്‍ ആദരവോടെയാണ് അവരെന്നോട് പെരുമാറിയത്.

നമസ്‌കാരത്തെ കുറിച്ച് അവര്‍ ചോദിച്ചപ്പോള്‍ ഞാന്‍ നമസ്‌കരിക്കുകയാണെന്ന് പറയുന്നതിന് പകരം അല്ലാഹുവിനോട് സംസാരിക്കുകയാണെന്ന് പറയാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കാരണം ഒരൂ മുസ്‌ലിമിന് മാത്രമേ ഇടയാളന്‍മാരില്ലാതെ നേരിട്ട് ദൈവത്തോട് സംസാരിക്കാനാവൂ. ദൈവവുമായുള്ള ഞങ്ങളുടെ ബന്ധം നേരിട്ടാണെന്നത് അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. വിദേശരാജ്യത്ത് വെച്ചുണ്ടായ മറ്റൊരനുഭവം ഞാനോര്‍ക്കുന്നു. മാര്‍ക്കറ്റിലൂടെ നടക്കുന്നതിനിടെ നമസ്‌കാര സമയമായി. ഞാന്‍ നമസ്‌കാരത്തിനായി ഒഴിഞ്ഞ ഒരു സ്ഥലം തെരെഞ്ഞെടുത്തു. എന്നാല്‍ ആളുകള്‍ എന്നെ കാണുന്നുണ്ടായിരുന്നു. അതിലൂടെ കടന്നു പോയവരെല്ലാം എന്നെ ഫോട്ടോയെടുത്തു. നമസ്‌കാരത്തിന് ശേഷം നിരവധി പേര്‍ ഞാന്‍ ചെയ്തതിനെ കുറിച്ച് അന്വേഷിച്ചു കൊണ്ട് സംസാരിച്ചു. വളരെ ശ്രദ്ധയോടെ അവരെല്ലാം എന്റെ വാക്കുകള്‍ ശ്രവിക്കുകയും ചെയ്തു. ഇത്തരം ലളിതവും നിസ്സാരവുമായ പ്രവര്‍ത്തനങ്ങള്‍ ആളുകളെ സ്വാധീനിക്കുകയും അവരുടെ സന്‍മാര്‍ഗത്തിന് കാരണമാവുകയും ചെയ്യുന്നു. കാരണം നാം ശാരീരികമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ കാണുന്നു. കാണുന്ന ഒരാള്‍ക്ക് അതൊരു വ്യായാമമായി തോന്നാം. നമസ്‌കാരത്തിലെ ഓരോ ചലനവും ആരോഗ്യപരമായ ഫലങ്ങളുള്ളവയാണ്. ഉച്ഛാസത്തിലൂടെ ശ്വാസകോശത്തിലുള്ള മുഴുവന്‍ വായുവും പുറന്തള്ളുന്നതിന് സുജൂദ് സഹായിക്കുന്നു. അത് സിരകളിലൂടെയുള്ള രക്തത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു. കഫം എളുപ്പത്തില്‍ പുറത്തു കളയാനും ശ്വാസനാളം വികസിക്കുന്നതിനും അത് സഹായിക്കുന്നു. നമസ്‌കരിക്കുന്ന വ്യക്തി ഖിബ്‌ലക്ക് അഭിമുഖമായിട്ടാണ് തന്റെ കാല്‍വിരലുകള്‍ വെക്കുന്നത്. സുജൂദിലേക്ക് പോകുമ്പോള്‍ അത് കാലിലെ പേശികളെ ശക്തിപ്പെടുത്തുന്നു. അതോടൊപ്പം തന്നെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹമത് ശക്തിപ്പെടുത്തുകയും ആമാശയ പേശികളെ ബലപ്പെടുത്തി വയര്‍സ്തംഭനത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. ശരിയായ രീതിയില്‍ റുകൂഉം സുജൂദും ചെയ്യുന്നവരില്‍ മൂലക്കുരു വരാനുള്ള സാധ്യത വളരെ കുറവാണ്. ഇങ്ങനെ വളരെയധികം പ്രയോജനങ്ങള്‍ അതിന്നുണ്ട്. ഇപ്പോള്‍ അവ വിശദീകരിക്കാന്‍ മുതിരുന്നില്ല.

നമസ്‌കാരത്തിലെ ശാരീരിക ചലനങ്ങളാണ് വിദേശി കാണുന്നത്. എന്നാല്‍ അത് ആത്മീയവും ശാരീരികവുമായ സൗഖ്യത്തിന് സഹായിക്കുന്നുവെന്നത് അവരെ അത്ഭുതപ്പെടുത്തുന്നു. അഞ്ച് തരം നമസ്‌കാരക്കാരാണുള്ളത്. സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ് അതില്‍ ഒന്നാമത്തെ വിഭാഗം. നമസ്‌കാരത്തിന് അംഗശുദ്ധി വരുത്തുന്നത് മുതല്‍ അതിന്റെ സമയത്തിലും അതിലെ അനിവാര്യ ഘടകങ്ങളിലും വരെ വീഴ്ച്ച വരുത്തുന്നവരാണവര്‍. നമസ്‌കാരത്തില്‍ സമയനിഷ്ട പാലിക്കുമെങ്കിലും അതില്‍ ദൈവഭക്തി (ഖുശൂഅ്) ഇല്ലാത്തവരും അതിന് വേണ്ടി ശ്രമിക്കാത്തവരുമാണ് രണ്ടാമത്തെ വിഭാഗം. നന്നായി അംഗശുദ്ധി വരുത്തി നമസ്‌കാരത്തിലെ ഘടകങ്ങളെല്ലാം പൂര്‍ത്തീകരിച്ച് നിര്‍വഹിക്കുകയും ഭയഭക്തിയോടെ നമസ്‌കരിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെങ്കിലും പിശാചിന്റെ പ്രവര്‍ത്തനം കാരണം ഖുശൂഅ് നഷ്ടപ്പെടുന്നവരാണ് മൂന്നാമത്തെ വിഭാഗം. നമസ്‌കാരത്തിന്റെ എല്ലാ നിബന്ധനകളും കര്‍മങ്ങളും പൂര്‍ത്തീകരിച്ച തന്റെ നമസ്‌കാരം ശരിയായ നമസ്‌കാരമായി മാറണമെന്ന് ആഗ്രഹിച്ചു കൊണ്ട് നമസ്‌കരിക്കുന്നവരാണ് നാലാമത്തെ വിഭാഗം. നമസ്‌കാരത്തിന്റെ എല്ലാ നിബന്ധനകളും പൂര്‍ത്തീകരിച്ച് അങ്ങേയറ്റത്തെ ദൈവഭക്തിയോടെ നമസ്‌കരിക്കുന്നവരാണ് അഞ്ചാമത്തെ വിഭാഗം. ഇതില്‍ ഒന്നാമത്തെ വിഭാഗം ശിക്ഷാര്‍ഹരും രണ്ടാമത്തെ വിഭാഗം വിചാരണ ചെയ്യപ്പെടുന്നവരും മൂന്നാമത്തെ വിഭാഗം പൊറുത്തുകൊടുക്കപ്പെടുന്നവരും നാലാമത്തെ വിഭാഗം പ്രതിഫലാര്‍ഹരുമാണ്. ഇതിലെ അഞ്ചാമത്തെ വിഭാഗം തങ്ങളുടെ നാഥന്റെ സാമീപ്യം സിദ്ധിച്ചവരാണ്.

ആന്തരികമായ സമാധാനവും മാനസിക സംതൃപ്തിയും നേടുന്നതിനുള്ള വഴികള്‍ രാപ്പകല്‍ തേടിക്കൊണ്ടിരിക്കുന്നവരാണ് മുസ്‌ലിംകളല്ലാത്ത വിദേശികള്‍. അതുകൊണ്ടാണ് ധ്യാനവും യോഗയും ആത്മീയ വ്യായാമങ്ങളും അവരെ ആകര്‍ഷിക്കുന്നത്. അവര്‍ നമസ്‌കാരത്തെ കുറിച്ച് പഠിക്കുകയും അത് പരിശീലിക്കുകയും ഖുര്‍ആനിക സൂക്തങ്ങളുടെ ആശയങ്ങള്‍ ഗ്രഹിക്കുകയും ചെയ്താല്‍ അവര്‍ തേടിക്കൊണ്ടിരിക്കുന്നത് കണ്ടെത്താനും സ്ഥായിയായ സന്തോഷത്തില്‍ ജീവിക്കാനും അവര്‍ക്കും സാധിക്കും. അതുകൊണ്ടാണ് ബിലാല്‍(റ)നോട് നമസ്‌കാരത്തിന് ഇഖാമത്ത് കൊടുക്കാന്‍ കല്‍പിച്ചു കൊണ്ട് ‘അതിലൂടെ ഞങ്ങള്‍ ആശ്വാസം പകരൂ’ എന്ന് പ്രവാചകന്‍(സ) പറഞ്ഞത്. നന്നായിട്ടത് നിര്‍വഹിക്കുന്നവര്‍ക്ക് ആശ്വാസം തന്നെയാണത്.

മൊഴിമാറ്റം: അബൂഅയാശ്

Related Articles