Tharbiyya

അനുഗ്രഹവും പരീക്ഷണവും; വിശ്വാസിയുടെ സമീപനം – 1

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അവനല്ലാതൊരു ശക്തിയും ശേഷിയുമില്ല. ഇഹ-പര ലോകങ്ങളില്‍ നിങ്ങളെ സം‌രക്ഷിക്കാനും പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു മേല്‍ വര്‍ഷിക്കാനുമുള്ള പ്രാര്‍ത്ഥനകളഖിലവും അവനിലേക്കാണ്‌ അര്‍പ്പിക്കപ്പെടുന്നത്. അനുഗ്രഹിക്കപ്പെട്ടാല്‍ നന്ദി കാണിക്കുന്നവരും, പരീക്ഷിക്കപ്പെട്ടാല്‍ ക്ഷമ കാണിക്കുന്നവരും, പാപം ചെയ്തു പോയാല്‍ പശ്ചാത്തപിക്കുന്നവരുമായി നിങ്ങളെ മാറ്റാനുള്ള പ്രാര്‍ത്ഥനകള്‍. ഈ പറയപ്പെട്ട മൂന്നു കാര്യങ്ങള്‍ ഒരടിമയുടെ ആനന്ദത്തിന്റെ ചവിട്ടുപടികളാണ്‌. ഭൗതികവും പാരത്രികവുമായ ഇടങ്ങളില്‍ അവന്‍ വിജയിക്കുന്നതിന്റെ അടയാളങ്ങളുമാണവ. ഇവ മൂന്നിനെയും ഒരിക്കലും വിട്ടുനില്‍‌ക്കാതെ, സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഓരോന്നും മുറുകെപ്പിടിക്കുകയാണ്‌ ഒരടിമയുടെ കടമ.

ഒരടിമയ്ക്ക് അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ലഭിക്കുന്നുവെന്നു കരുതുക. അല്ലാഹുവിനോടുള്ള കൃതജ്ഞതയിലാണവയെ അവന്‍ ബന്ധിക്കേണ്ടത്. മൂന്നു കാര്യങ്ങളിലാണ് ഈ കൃതജ്ഞത പൂര്‍ത്തിയാവുന്നത്. അനുഗ്രഹത്തെ പരോക്ഷമായുള്‍ക്കൊള്ളുക, പ്രത്യക്ഷത്തില്‍ അതെടുത്തുപറയുക, അനുഗ്രഹം നല്‍കുവാനും തടയുവാനും കെല്‍‌പ്പുള്ള നാഥന്റെ തൃപ്തിയില്‍ അത് കൈകാര്യം ചെയ്യുക. അത്രയും ചെയ്താല്‍ ഒരടിമ തന്റെ പരിമിതിയില്‍ നിന്നുകൊണ്ട് ആ അനുഗ്രഹത്തിന്‌ നന്ദിയര്‍പ്പിച്ചിരിക്കുന്നു.

ഇനി, ഒരടിമയ്ക്ക് അല്ലാഹു വലിയ പരീക്ഷണം നല്‍കിയെന്നു കരുതുക. ക്ഷമയും സമാധാനചിത്തതയും കൊണ്ടാണവന്‍ അതിനെ വരവേല്‍‌ക്കേണ്ടത്. വിധിയെ പഴിക്കുന്നതില്‍ നിന്ന് മനസ്സിനെ തടയുക, പരിഭവം പറയുന്നതില്‍ നിന്ന് നാവിനെ തടയുക, സ്വദേഹത്തെ അടിക്കുകയോ വസ്ത്രം കീറുകയോ മുടി പറിച്ചെടുക്കുകയോ പോലുള്ള കുറ്റങ്ങളില്‍ നിന്ന് ശരീരത്തെ തടയുക എന്നിങ്ങനെ മൂന്ന് തലങ്ങളില്‍ ക്ഷമയെ പ്രയോഗവല്‍‌ക്കരിക്കാനാകണം. അത്തരം പ്രയോഗവല്‍‌ക്കരണം പ്രസ്തുത പരീക്ഷണത്തെ അനുഗ്രഹമായും ദുര്‍‌വിധിയെ ദാനമായും മാറ്റും. അതുവരെ അനിഷ്ടകരമായതിനെ നമുക്ക് പ്രിയപ്പെട്ടതാക്കിത്തീര്‍ക്കും.

Also read: വിശുദ്ധിയാണ് അവർക്ക് ഉത്തമം – 1

അല്ലാഹു ഒരുവനെ പരീക്ഷിക്കുന്നത് അവനെ തകര്‍ത്തുകളയാനല്ല. മറിച്ച്, അവന്റെ ദാസ്യവും (ഉബൂദിയ്യത്) ക്ഷമയും പരീക്ഷിക്കുവാന്‍ മാത്രമാണ്‌. സന്തോഷം, സന്താപം, ഇഷ്ടം, അനിഷ്ടം എന്നീ വികാരങ്ങള്‍ക്കെല്ലാം ഒപ്പം തന്നെ അല്ലാഹുവിന്റെ യഥാര്‍ത്ഥ അടിമയായി നിലകൊള്ളുകയെന്നത് മാത്രമാണ്‌ അവന്റെ ബാധ്യത. ഏറെയാളുകളും തങ്ങളുടെ ഇഷ്ടങ്ങളില്‍ മാത്രമാണ്‌ അല്ലാഹുവിനോട് കൂറുള്ള അടിമകളാവുന്നത്. സത്യത്തില്‍ ജീവിതത്തില്‍ അനിഷ്ടകരമായത് സംഭവിക്കുമ്പോഴും അല്ലാഹുവിനോട് കൂറു കാണിക്കുകയെന്നത് വളരെ പ്രധാനമാണ്‌. അതിലൂടെയാണ്‌ അല്ലാഹുവിന്റെയടുക്കല്‍ അടിമയുടെ പദവികള്‍ നിര്‍‌ണ്ണയിക്കപ്പെടുന്നതും.

കഠിനവേനലിന്റെ നാളില്‍ തണുത്ത വെള്ളമുപയോഗിച്ച് അംഗശുദ്ധി വരുത്തുന്നത്, സുന്ദരിയായ പ്രിയപത്നിയെ സമീപിക്കുന്നത്, അവള്‍ക്കും തന്റെ കുടുംബത്തിനും സ്വന്തത്തിനു തന്നെയും ചെലവിനു നല്‍കുന്നത് എല്ലാം ഉബൂദിയ്യതിന്റെ ഭാഗമാണ്‌. കഠിനമായ തണുപ്പുള്ളപ്പോള്‍ തണുത്ത ജലത്തില്‍ അംഗശുദ്ധി വരുത്തുന്നത്, ജനങ്ങളെ ഭയക്കേണ്ട ആവശ്യമില്ലെങ്കില്‍ കൂടി പാപം ചെയ്യാന്‍ മുതിരാതിരിക്കുന്നത്, ദരിദ്രാവസ്ഥയില്‍ പോലും സമ്പത്ത് ചെലവഴിക്കുന്നത് എന്നിവയും ഉബൂദിയ്യതിന്റെ ഭാഗമാണ്‌. പക്ഷേ, ദാസ്യത്തിന്റെ ഈ രണ്ട് സമീപനങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്.

(അല്‍ വാബിലുസ്സ്വയ്യിബു വ റാഫിഉല്‍ കലിമിത്ത്വയ്യിബ്)

വിവ.ശിഹാബ് മൊഗ്രാൽ

Facebook Comments
Related Articles
Close
Close