Current Date

Search
Close this search box.
Search
Close this search box.

സ്ഥാനമാനങ്ങളുടെ പേരിലുള്ള അസൂയ

envy.jpg

സ്ഥാനമാനങ്ങളുടെ പേരില്‍ മറ്റുള്ളവരോട് ഈര്‍ഷ്യവും പകയും വെച്ചുപുലര്‍ത്തുന്നത് പ്രബോധനപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരു വ്യക്തി അടിപതറുന്നതില്‍ വലിയ പങ്ക് വഹിക്കും. ഇത് നേതൃതലങ്ങളിലുള്ളവരിലാണെങ്കില്‍ അതിന്റെ ഗൗരവം വര്‍ദ്ധിക്കും. ബൗദ്ധിക നിലവാരം, സംഘാടനപാടവം, വ്യക്തിത്വം എന്നിവയിലെല്ലാം വ്യത്യസ്ത നിലവാരത്തിലുള്ള ആളുകളായിരിക്കും ഒരു സംഘടനയില്‍ അണിചേരുക. പ്രഭാഷണത്തിലും എഴുത്തിലും സര്‍ഗാത്മകമായി വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലുമെല്ലാം ഒരേ നിലവാരത്തിലുമായിരിക്കില്ല ഇവര്‍. ചിലര്‍ക്ക് മറ്റുള്ളവരെ എളുപ്പത്തില്‍ സ്വാധീനിക്കാനുള്ള കഴിവുണ്ടാകും. ഇതെല്ലാം പ്രകൃതിപരമായ ചില സവിശേഷതകള്‍ കൂടി അടങ്ങിയതാണ്.

എന്നാല്‍ ഈ വ്യത്യസ്തമായ ശേഷികളുടെ മുമ്പില്‍ പരസ്പരം വിദ്വേഷം വെച്ചുപുലര്‍ത്തുന്നവരെ കാണാം. തങ്ങളുടെ പരാജയത്തിനു കാരണമെന്ന് കരുതുന്നവരോട് കടുത്ത അമര്‍ഷവുമായി നടക്കുന്നവരുണ്ട്. ധാര്‍മികവും നൈതികവുമായ എല്ലാ മൂല്യങ്ങളും കാറ്റില്‍ പറത്തി പ്രതികാരവാഞ്ചയോടെ നടക്കുന്നവരേയും കാണാം.

ചരിത്രത്തിലെ ആദ്യത്തെ കൊലപാതകത്തിനു കാരണം ഈ അസൂയയും വിദ്വേഷവുമായിരുന്നുവെന്ന് ഖാബീ്ല്‍- ഹാബീല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത് കാണാം. ‘നീ അവര്‍ക്ക് ആദമിന്റെ രണ്ടു പു്ത്രന്മാരുടെ കഥ വസ്തുനിഷ്ഠമായി വിവരിച്ചുകൊടുക്കുക. അവരിരുവരും ബലി നടത്തിയപ്പോള്‍ ഒരാളുടെ ബലി സ്വീകാര്യമായി. അപരന്റേത് സ്വീകരിക്കപ്പെട്ടില്ല. അതിനാല്‍ അവന്‍ പറഞ്ഞു. ‘ഞാന്‍ നിന്നെ കൊല്ലുക തന്നെ ചെയ്യും’. അപരന്‍ പറഞ്ഞു:  ‘ഭക്തന്മാരുടെ ബലിയേ അല്ലാഹു സ്വീകരിക്കുകയുള്ളൂ’. എന്നെ കൊല്ലാന്‍ നീ എന്റെ നേരെ കൈ നീട്ടിയാലും നിന്നെ കൊല്ലാന്‍ ഞാന്‍ നിന്റെ നേരെ കൈ നീട്ടുകയില്ല. ഞാന്‍ പ്രപഞ്ചനാഥനായ അല്ലാഹുവെ ഭയപ്പെടുന്നു. എന്റെ പാപവും നിന്റെ പാപവും നീ തന്നെ പേറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങിനെ നീ നരകാവകാശിയായിത്തീരണമെന്നും. അക്രമികള്‍ക്കുള്ള പ്രതിഫലം അതാണല്ലോ’.  എന്നിട്ടും അവന്റെ മനസ്സ് തന്റെ സഹോദരനെ വധിക്കാന്‍ തയ്യാറായി. അങ്ങനെ അവന്‍ അയാളെ കൊന്നു.അതിനാല്‍ അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായി’. (അല്‍മാഇദ 27-30)

അസൂയാലുക്കളുടെ മാനസിക അവസ്ഥയെയും അവരുടെ ഈര്‍ഷ്യത്തെയും ഖുര്‍ആന്‍ നിരവധി ഇടങ്ങളില്‍ വരച്ചുകാട്ടുന്നുണ്ട്. ‘അതല്ല, അല്ലാഹു തന്റെ ഔദാര്യത്തില്‍ നിന്ന് നല്‍കിയതിന്റെ പേരില്‍ അവര്‍ ജനങ്ങളോട് അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്രാഹീം കുടുംബത്തിന് നാം വേദവും തത്വജ്ഞാനവും നല്‍കിയിട്ടുണ്ട്. അവര്‍ക്കു നാം അതിമഹത്തായ ആധിപത്യവും നല്‍കി’.(അന്നിസാഅ് 54).

അസൂയ, വിദ്വേഷം എന്നീ രോഗങ്ങളെ കുറിച്ച് പ്രവാചകന്‍ ജാഗ്രതപുലര്‍ത്താനാവശ്യപ്പെടുകയും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് താക്കീത് ചെയ്യുകയും ചെയ്യുന്നുണ്ട്. അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം. പ്രവാചകന്‍(സ)പറഞ്ഞു. നിങ്ങള്‍ ഊഹത്തെ കരുതിയിരിക്കുക! കാരണം ഊഹം ഏറ്റവും വ്യാജമായ വാര്‍ത്തയാണ്. നിങ്ങള്‍ പരസ്പരം ചൂഴ്ന്നന്വേഷിക്കരുത്, മത്സരിക്കരുത്, അസൂയയും വിദ്വേഷവും വെച്ചുപുലര്‍ത്തരുത്, കുതന്ത്രം പ്രയോഗിക്കരുത്. അല്ലാഹുവിന്റെ അടിയാറുകളേ! നിങ്ങളോട് കല്‍പിക്കപ്പെട്ട പ്രകാരം നിങ്ങള്‍ സ്‌നേഹിതന്മാരായിത്തീരുക!’

ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ മിത്രമാണ്. അവന്‍ തന്റെ സഹോദരനെ അക്രമിക്കുകയില്ല, വഞ്ചിക്കുകയില്ല, നിന്ദിക്കുകയില്ല. പ്രവാചകന്‍ നെഞ്ചകത്തേക്ക് വിരല്‍ ചൂണ്ടി ദൈവബോധം ഇവിടെയാണെന്ന് ആവര്‍ത്തിച്ചു. തന്റെ സഹോദരനായ മുസ്‌ലിമിനെ അവമതിക്കുന്നത് തന്നെ ഒരാളുടെ നാശത്തിന് ഹേതുവാകും. തന്റെ സഹോദരന്റെ രക്തവും അഭിമാനവുമെല്ലാം പവിത്രമാണ്.’ (ബുഖാരി) പരസ്പരം അസൂയവെച്ചു പുലര്‍ത്താത്ത കാലത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും വര്‍ത്തിക്കുക എന്ന് പ്രവാചകന്‍ മറ്റൊരു ഹദീസിലൂടെ വ്യക്തമാക്കുന്നത് കാണാം.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

പ്രകടനപരതയും ആത്മപ്രശംസയും
ആയുധമെടുക്കുന്നതിലെ അപകടങ്ങള്‍

Related Articles