Current Date

Search
Close this search box.
Search
Close this search box.

ശൈഥില്യത്തെ പ്രതിനിധാനം ചെയ്യേണ്ടവരല്ല നമ്മള്‍

round-table.jpg

ഇന്ന് ലോകത്ത് ഇസ്‌ലാമിക സമൂഹം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് പ്രതിസന്ധികളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലോകമുസ്‌ലിംകളില്‍ കാണുന്ന ശൈഥില്യമാണ്. ശൈഥില്യത്തിന്റെ ആഴവും പരപ്പും പ്രവാചകന്‍(സ)യുടെ കാല ശേഷം പല സന്ദര്‍ഭങ്ങളിലും ഏറുകയും കുറയുകയും ചെയ്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ ഇസ്‌ലാമിന്റെ ഉണര്‍വ് പല മേഖലകളിലും നമുക്ക് കാണാവുന്നതാണ്. മുസ്‌ലിം സമൂഹത്തിലുണ്ടായി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ നവോത്ഥാനം അതില്‍ ശ്രദ്ധേയമാണ്. ഇസ്‌ലാമിക വിചാരവും വിശ്വാസവും മുസ്‌ലിം സമൂഹത്തിനകത്ത് ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നു. ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടാനും അവയുടെ ഭാഗമാകാനും യുവസമൂഹം താല്‍പര്യപ്പെടുന്നതും അതിന്റെ ഭാഗം തന്നെയാണ്.

എന്നാല്‍ ഇതോടൊപ്പം തന്നെ ശൈഥില്യം എന്ന അവസ്ഥ മുസ്‌ലിം സമൂഹത്തെ കൂടുതല്‍ വേട്ടയാടി കൊണ്ടിരിക്കുന്നു എന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശിയാക്കളും സുന്നികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നേരത്തെ തന്നെയുള്ളതാണ്. അവരെ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും നടന്നിട്ടുണ്ടെങ്കിലും അവയൊന്നും വിജയത്തിലെത്തിയില്ല. സുന്നി-ശിയാ പ്രശ്‌നം ഏറ്റവും മോശപ്പെട്ട അവസ്ഥയിലെത്തി നില്‍ക്കുന്ന അവസ്ഥയാണിന്ന്. സിറിയയുടെയും ഇറാഖിന്റെയും മധ്യത്തില്‍ നിന്ന് അബൂബകര്‍ ബഗ്ദാദി ലോകത്തിന്റെ ഖലീഫയാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നു. സദ്ദാം ഹുസൈനെ പിന്തുണക്കുകയും ബിന്‍ലാദന് പരിശീലനം നല്‍കുകയും ചെയ്ത അമേരിക്ക തന്നെയാണ് ഇയാള്‍ക്കും പരിശീലനവും സൗകര്യവും നല്‍കിയതെന്ന് നമുക്ക് കാണാന്‍ സാധിക്കും. അങ്ങനെയൊരു പ്രതീകത്തെ സൃഷ്ടിച്ച് അതിനെ നേരിടാന്‍ അമേരിക്ക ചെയ്യുന്നത് ഒരു ഭാഗത്ത് ഇറാനെയും മറുഭാഗത്ത് ഇസ്രയേലിനെയും കൂടെ നിര്‍ത്തുക എന്ന തന്ത്രമാണ്. സുന്നി ഖിലാഫത്തിന്റെ പ്രതീകമായി ബാഗ്ദാദിയെ അവതരിപ്പിക്കുകയും മറുഭാഗത്ത് ശിയാക്കളെ ഇസ്രയേലിനോടൊപ്പം അണിനിരത്താനുള്ള ശ്രമങ്ങളും നടക്കുന്നു. ബശ്ശാറുല്‍ അസദിന് എതിരായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സുന്നി വിഭാഗത്തെ സഹായിക്കുന്നു. ഗസ്സയില്‍ പോരാട്ടം നടക്കുന്ന സമയത്ത് പോരാളികള്‍ക്കെതിരെ ചാരപ്രവര്‍ത്തനം നടത്തുകയും മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അവര്‍ക്കെതിരെ ഗൂഢമായ ആസൂത്രണങ്ങള്‍ നടത്തുകയും ചെയ്യുന്നു. ജനാധിപത്യ വിപ്ലവം നടന്നു കൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ വിപ്ലത്തെ അടിച്ചമര്‍ത്തുന്നതിന് സാമ്രാജ്യത്വ ശക്തികളും അവര്‍ പിന്തുണക്കുന്ന രാജാക്കന്‍മാരും സഹായം സ്വീകരിക്കുന്നതും മുസ്‌ലിം സമൂഹത്തില്‍ നിന്ന് തന്നെയാണ്. ഈജിപ്തില്‍ അതിന്റെ ഉദാഹരങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.

മുസ്‌ലിം സമൂഹം ലോകത്തോടു പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യം ഞങ്ങള്‍ ഭിന്ന ചേരികളിലായി പരസ്പരം ഏറ്റുമുട്ടിയും ചാരപ്രവര്‍ത്തനം നടത്തിയുമാണ് മുന്നോട്ടു പോകുന്നത് എന്നാണ്. ഒരിക്കലും ഏകീകരിപ്പിക്കാന്‍ കഴിയാത്ത ശക്തികളാണ് ഞങ്ങളെന്ന് ഓരോ ദിവസവും മുസ്‌ലിം സമൂഹം ലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്. ലോക മുസ്‌ലിം സമൂഹം ലോകത്തിന് മുന്നില്‍ ഈ സാക്ഷ്യം തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇസ്‌ലാമിക സമൂഹങ്ങളുടെ പ്രതിനിധികള്‍ അറഫയില്‍ ഒരുമിച്ച് കൂടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന ആളുകള്‍ അറഫയില്‍ അല്ലാഹുവിന്റെ മുന്നില്‍ ഒരുമിച്ച് കൂടുന്നു.

അറഫാ മൈതാനം ലോകത്തിന് നല്‍കുന്ന സന്ദേശമുണ്ട്. ഇന്നത്തെ മുസ്‌ലിം സമൂഹം നല്‍കുന്ന സന്ദേശത്തിന് നേര്‍വിരുദ്ധമായ സന്ദേശമാണത്. അവിടെ ഒരുമിച്ച് കൂടുന്ന ഓരോ ഹാജിയും ഓര്‍മിക്കുന്നത് ഇബ്‌റാഹീം നബി(അ)യെയാണ്. ‘മില്ലത്ത അബീകും ഇബ്‌റാഹീം’ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ അഭിസംബോധന ചെയ്ത അദ്ദേഹം നാഗരികതകളുടെ പിതാവാണ്. ലോകത്തുള്ള മുഴുവന്‍ നാഗരികതളെയും അഭിസംബോധന ചെയ്താണ് വിശുദ്ധ ഖുര്‍ആന്‍ നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മാര്‍ഗം എന്ന് പറയുന്നത്. ലോകത്തുള്ള മുഴുവന്‍ ജനങ്ങളെയും ഒരുമിച്ച് കൂട്ടാവുന്ന വ്യക്തിയാണ് ഇബാറാഹീം(അ). ആ വ്യക്തിത്വത്തെ ഉയര്‍ത്തി പിടിക്കുന്നതോടു കൂടി ലോകസമൂഹങ്ങളെ ഏകീകരിക്കാനുള്ള ശ്രമമാണ് ഹജ്ജിലൂടെ നടക്കുന്നതെന്ന് നാം മനസ്സിലാക്കുക.

അറഫയില്‍ നിന്ന് നാം കേള്‍ക്കുന്ന പ്രവാചകന്‍(സ)യുടെ വാചകം മനുഷ്യ സമൂഹത്തിന്റെ തന്നെ ഏകത്വം കുറിക്കുന്നതാണ്. ‘നിങ്ങളെല്ലാവരും ആദമില്‍ നിന്നാണ്, ആദമോ മണ്ണില്‍ നിന്നും’ എന്ന സന്ദേശം മനുഷ്യകുലത്തിന്റെ ഏകത്വത്തിന്റെ സന്ദേശമാണ്. വെളുത്തവന് കറുത്തവനേക്കാളോ അറബിക്ക് അനറബിയേക്കാളോ യാതൊരു മേന്മയുമില്ലെന്ന പ്രവാചകന്‍(സ)യുടെ വാക്കുകള്‍ സമത്വത്തിന്റെ ശബ്ദമാണ്. ഈ മാസവും ദിവസവും പോലും ഓരോ മനുഷ്യന്റെയും രക്തവും അഭിമാനവും സമ്പത്തും പവിത്രമാണെന്ന് പറയുന്നതിലൂടെ മനുഷ്യന്റെ അന്തസ്സാണ് നബി(സ) ഉയര്‍ത്തിപ്പിടിച്ചത്. മനുഷ്യകുലത്തിന്റെ ഏകത്വം, മനുഷ്യകുലത്തിന്റെ സമത്വം, മനുഷ്യസമൂഹത്തിലെ ഓരോ വ്യക്തിയുടെയും മഹത്വം എന്നീ മൂന്ന് ആശയങ്ങളാണ് അറഫാ ദിനം പ്രതിനിധാനം ചെയ്യുന്നത്. തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ള പ്രതിനിധാനമല്ല, ലോകത്തിന്റെ വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള വ്യത്യസ്ത ഭാഷ സംസാരിക്കുന്ന ആളുകള്‍ ഒരേ വേഷം ധരിച്ച് പ്രയോഗതലത്തില്‍ പ്രഖ്യാപിക്കുകയാണ്.

ഹജ്ജ് നല്‍കുന്ന ഈ സന്ദേശം സ്വാശീകരിച്ച് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി ഒറ്റ സമൂഹമായി ലോകത്തിന് മുന്നില്‍ നില്‍ക്കാന്‍ സാധിക്കുന്ന അന്ന് മാത്രമേ മുസ്‌ലിം സമൂഹത്തിന്റെ പ്രതാപം വീണ്ടെടുക്കാനാവുകയുള്ളൂ എന്ന് മുസ്‌ലിം സമൂഹം ഒന്നായി മനസ്സിലാക്കേണ്ടതുണ്ട്. ഇത് ലോകാടിസ്ഥാനത്തില്‍ മാത്രം ബാധകമായിട്ടുള്ള കാര്യമല്ല. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിനും ഇത് ബാധകമാണ്. ഇന്ത്യയിലെ മുസ്‌ലിം സമൂഹം ഉണര്‍ന്ന് ചിന്തിച്ച് ഒരുമിച്ച് ചേരുകയും അവരുടെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ അജണ്ട ഒറ്റക്കെട്ടായി നടപ്പാക്കുകയും ചെയ്യേണ്ട പ്രത്യേക സാഹചര്യത്തിലാണ് നിലനില്‍ക്കുന്നത്. കേരളത്തിലെ മുസ്‌ലിം മുസ്‌ലിംകള്‍ക്ക് നല്‍കാനുള്ള സന്ദേശവും ഇതുതന്നെയാണ്. കര്‍മശാസ്ത്രപരമായി വ്യത്യസ്ത അഭിപ്രായങ്ങളുള്ള ആളുകള്‍ വ്യത്യസ്ഥ സംഘടനകളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണിവിടെയുള്ളത്. ഇസ്‌ലാമിന്റെ വ്യത്യസ്ത അടിത്തറകളെ അടിത്തറകളായി സ്വീകരിച്ചു കൊണ്ട് ഓരോ സംഘടനയും അവയുടെ മേഖലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ ഇതൊന്നും പൊതു പ്രശ്‌നങ്ങളില്‍ ഒരുമിച്ച് നില്‍ക്കുന്നതിന് തടസ്സമല്ലെന്ന് അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ആ അനുഭവങ്ങളില്‍ നിന്ന് ഇനിയും പാഠങ്ങള്‍ പഠിച്ച് മുന്നോട്ട് പോകാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഏറ്റവും അവസാനമായി വിവാഹത്തോടനുബന്ധിച്ചുള്ള അത്യാചാരങ്ങള്‍ക്കും ധൂര്‍ത്തിനും എതിരെ എല്ലാ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികള്‍ ഒരുമിച്ചു ചേര്‍ന്നിരിക്കുന്നു. ഇങ്ങനെ തീരുമാനമെടുക്കാനുള്ള ശേഷി മുസ്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്നത് നല്ല സൂചനയാണ്. മതപരവും രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെ തന്നെ പൊതുവിഷയത്തില്‍ ഒന്നിക്കാന്‍ കഴിയുന്നത് സന്തോഷകരമായ കാര്യമാണ്. എല്ലാ വിഭാഗത്തിലും പെട്ട സാധാരണക്കാരായ ജനം ഇതുള്‍ക്കൊണ്ട് എന്ത് ത്യാഗം സഹിച്ചും ജീവിതത്തില്‍ ഇത് പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുമ്പോഴാണ് സന്തോഷകരമായ കാര്യമായി ചരിത്രം രേഖപ്പെടുത്തുക. കൊച്ചു അജണ്ടകളില്‍ നിന്നാരംഭിക്കുന്ന വലിയ അജണ്ടകളിലേക്ക് എത്തിക്കാന്‍ കഴിയണം. ഒരു നാട്ടിലെ പ്രശ്‌നങ്ങള്‍ ഒരുമിച്ചിരുന്ന സംസാരിക്കാനും പരിഹരിക്കാനുമുള്ള പ്രചോദനമായി ഇത് മാറണം.
(2014 ഒക്ടോബര്‍ 3-ന് കോഴിക്കോട് ലുഅ്‌ലുഅ് മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബയുടെ സംഗ്രഹം)

തയ്യാറാക്കിയത് : നസീഫ്‌

Related Articles