Current Date

Search
Close this search box.
Search
Close this search box.

ശാസ്ത്രം പലപ്പോഴും തോല്‍ക്കാറുണ്ട്, ദൈവം എപ്പോഴും ജയിക്കുന്നു

allah.jpg

ആധുനിക മനുഷ്യന്റെ അഹങ്കാരം പലപ്പോഴും ദൈവത്തെ വരെ വെല്ലുവിളിക്കാറുണ്ട്. റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന യൂറീ ഗഗാരിന്‍ ചന്ദ്ര പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പറഞ്ഞ വാക്കുകള്‍ ഇതിനു തെളിവാണ്. ‘ഞാന്‍ ശൂന്യാകാശത്തിലൂടെ സഞ്ചരിച്ചു പക്ഷെ അവിടെ ഒരു ദൈവത്തെ എനിക്ക് കാണാനായില്ല (”I flew into space, but didn’t see God’?). ആദ്യമായി ആകാശയാത്ര നടത്തിയ ഗഗാരിന്‍ നടത്തിയ പ്രസ്താവനയാണ് മുകളിലുദ്ധരിച്ചത്. എന്നാല്‍ കാലം വീണ്ടും കഴിഞ്ഞപ്പോള്‍ മനുഷ്യന്‍ ശൂന്യാകാശ യാത്ര മാത്രമല്ല യൂറി ഗഗാരിനെയും മറികടന്ന് ചന്ദ്രനില്‍ ഇറങ്ങുകയുണ്ടായി. അന്നത്തെ സാങ്കേതിക സംവിധാനങ്ങളേക്കാള്‍ മെച്ചപ്പെട്ടത് പിന്നീട് മനുഷ്യന് ലഭിച്ചത് കൊണ്ടായിരുന്നുവത്.

ഇന്നത്തേതിനേക്കള്‍ മെച്ചപ്പെട്ടതോ അല്ലെങ്കില്‍ മോശമായതോ ആയ അവസ്ഥ നാളെ മനുഷ്യന് കൈവന്നേക്കാം. അപ്പോഴെല്ലാം അല്ലാഹുവിനെ ഓര്‍ക്കാന്‍ കഴിയുന്നവനാണ് യതാര്‍ത്ഥ വിശ്വാസി. പ്രയാസമുണ്ടാകുമ്പോള്‍ നിരാശനാകതിരിക്കണമെന്ന് മാത്രമല്ല അനുഗ്രഹങ്ങളുണ്ടാകുമ്പോള്‍ അഹങ്കാരിയാകാനും പാടില്ല. മലേഷ്യന്‍ വിമാനം ശൂന്യതയില്‍ നഷ്ടമായപ്പോള്‍ ആധുനിക സംവിധാനങ്ങളെല്ലാമുണ്ടെന്ന് അഹങ്കരിച്ചിരുന്ന ലോക രാജ്യങ്ങള്‍ മുഴുവന്‍ തങ്ങളുടെ പക്കലുള്ള ഉപകരണങ്ങളെല്ലാം ഉപയോഗിച്ച് ശ്രമിച്ചിട്ടും അവര്‍ക്കത് കണ്ടെത്താനായില്ല. സാങ്കേതികമായും ശാസ്ത്രീയമായും നാമെത്ര ഉയര്‍ന്നാലും നമുക്ക് പ്രാപിക്കാന്‍ കഴിയാത്ത ജ്ഞാനത്തിന്റെ പല മേഖലകളും ഇനിയും ബാക്കിയുണ്ടെന്നതാണ്. ശാസ്ത്രീയ പരീക്ഷണങ്ങളും വിവരങ്ങളും നമ്മള്‍ ആര്‍ജിക്കുകയും നമ്മുടെ പരിമിതികള്‍ തിരുത്താന്‍ ശ്രമിക്കുകയും വേണം. പക്ഷെ നമുക്ക് ലഭിച്ച അറിവുകള്‍ പരിമിതമാണെന്നും നമ്മള്‍ അറഞ്ഞതിനേക്കാളുപരി ഒരു പാട് കാര്യങ്ങള്‍ ഇനിയും അറിയാനുണ്ടെന്ന ബോധ്യം നമുക്കുണ്ടായിരിക്കണം. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ നിരാശരാക്കുന്ന തരത്തില്‍ ശാസ്ത്രത്തെ അടിച്ചാക്ഷേപിക്കുന്നത് ശരിയല്ല.

എല്ലാ ശാസ്ത്രീയ ഗവേഷണങ്ങളെയും പഠനത്തെയും നമ്മള്‍ പ്രോല്‍സാഹിപ്പിക്കേണ്ടത് തന്നെയാണ്. ചിന്തയെയും പഠനത്തെയും ഗവേഷണത്തെയും അല്ലാഹു പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വരെ മനുഷ്യനോട് ചിന്തിക്കാനും മനനം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ എത്ര ഉയര്‍ന്ന ജ്ഞാനം നമുക്ക് ലഭിച്ചാലും മനുഷ്യന്റെ പരിമിതിയും ദുര്‍ബലതയും തിരിച്ചറിഞ്ഞുള്ള പ്രതികരണങ്ങളാണ് നമ്മളില്‍ നിന്നുണ്ടാകേണ്ടത്. നമ്മള്‍ ഇന്ന് കണ്ടെത്തുന്ന ശാസ്ത്രീയ സത്യങ്ങള്‍ നാളത്തെ തെറ്റുകളാകാന്‍ സാധ്യതയുണ്ടെന്ന തിരച്ചറിവുണ്ടാവണം. ഇന്ന് നമ്മള്‍ സമ്പൂര്‍ണമെന്ന് വിളിക്കുന്ന പല കണ്ടുപിടുത്തങ്ങള്‍ക്കും പല പോരായ്മകളുമുണ്ടെന്ന് തിരിച്ചറിയണം. അല്ലാഹുവിന്റെ കനിവുകൊണ്ടാണ് സൃഷ്ടികള്‍ക്ക് ഭൂമിയെ ശാസ്ത്രീയമായും സാങ്കേതികമായും സംവിധാനിക്കാന്‍ കഴിഞ്ഞതെന്ന ബോധം നഷ്ടപ്പെടുമ്പോഴാണ് മനുഷ്യര്‍ അഹങ്കാരികളാകുന്നത്. ഈ അഹങ്കാരമാണ് ചിലപ്പോള്‍ നമുക്ക് വിനയായിത്തീരാറുള്ളത്. ചില കാര്യങ്ങളെക്കുറിച്ചുള്ള പരമമായ ജ്ഞാനം അല്ലാഹുവിന് മാത്രമേയുള്ളു. അല്ലാഹു പറയുന്നു. ‘അന്ത്യനിമിഷം സംബന്ധിച്ച ജ്ഞാനം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. അവനത്രെ മഴ പെയ്യിക്കുന്നത്. ഗര്‍ഭാശയങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതെന്തെന്നും അവന്‍ അറിയുന്നു. നാളെ താന്‍ എന്താണ് സമ്പാദിക്കാനിരിക്കുന്നതെന്ന് യാതൊരു ജീവിയും അറിയുന്നില്ല. ഏതു മണ്ണിലാണ് താന്‍ മരിക്കുകയെന്നും യാതൊരാളും അറിയുന്നില്ല. അല്ലാഹു മാത്രമാകുന്നു ഒക്കെയും അറിയുന്നവനും തികഞ്ഞ ധാരണയുള്ളവനും’ (ലുഖ്മാന്‍: 34).

മറ്റൊരിടത്ത് വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കാത്ത ധിക്കാരിയായ ഒരു തോട്ടക്കാരന്റെ കഥ പറയുന്നുണ്ട്. തനിക്ക് ലഭിച്ച അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കാത്ത അയാളെ ദൈവം ഒരു നാള്‍ പിടികൂടുക തന്നെ ചെയ്തു. ‘അവര്‍ക്ക് ഒരു ഉദാഹരണം പറഞ്ഞുകൊടുക്കുക: രണ്ട് ആളുകള്‍, അവരിലൊരുവന്ന് നാം രണ്ട് മുന്തിരിത്തോപ്പുകള്‍ നല്‍കി. ചുറ്റും കാരയ്ക്കാമരങ്ങള്‍ വളര്‍ത്തി അവയെ പൊതിഞ്ഞു. അവയ്ക്കിടയിലായി കൃഷിയിടവും ഉണ്ടാക്കി. രണ്ടു തോട്ടങ്ങളും നല്ല വിളവുല്‍പാദിപ്പിച്ചു. അതില്‍ ഒരു കുറവും വരുത്തിയില്ല. ആ തോട്ടങ്ങള്‍ക്കുള്ളിലൂടെ നാം ഒരു നദിയും ഒഴുക്കിയിട്ടുണ്ടായിരുന്നു. അയാള്‍ക്ക് നല്ല ആദായം ലഭിച്ചു. ഇതെല്ലാം കണ്ടിട്ട്, ഒരു നാള്‍ അവന്‍ സ്‌നേഹിതനോട് സംസാരിച്ചുകൊണ്ടിരിക്കെ പറഞ്ഞു: ഞാന്‍ നിന്നെക്കാള്‍ സമ്പന്നനും ആള്‍ബലമുള്ളവനുമാകുന്നു. അങ്ങനെ തന്നോടുതന്നെ അതിക്രമം ചെയ്യുന്നവനായിക്കൊണ്ട് അവന്‍ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഈ സമ്പത്ത് എന്നെങ്കിലും നശിച്ചുപോകുമെന്നു ഞാന്‍ കരുതുന്നില്ല. അന്ത്യനാള്‍ എന്നൊന്ന് ഉണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അഥവാ എന്റെ റബ്ബിലേയ്ക്കു മടക്കപ്പെട്ടാല്‍ തന്നെ അവിടെ ഇതിലേറെ വിശിഷ്ടമായ സങ്കേതം എനിക്കു ലഭിക്കും. സ്‌നേഹിതന്‍ അവനോട് സംവദിച്ചുകൊണ്ട് പറഞ്ഞു: നിന്നെ മണ്ണില്‍നിന്നും പിന്നെ ശുക്ല കണത്തില്‍നിന്നും സൃഷ്ടിക്കുകയും പൂര്‍ണ മനുഷ്യനാക്കി രൂപപ്പെടുത്തുകയും ചെയ്ത ശക്തിയെ നീ നിഷേധിക്കുന്നുവോ? എന്നാല്‍ എന്നെ സംബന്ധിച്ചേടത്തോളം ആ അല്ലാഹു മാത്രമാകുന്നു എന്റെ റബ്ബ്. ഞാന്‍ ആരെയും അവന്റെ പങ്കാളിയാക്കുകയില്ല. തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍, നീ എന്തുകൊണ്ട് മാശാ അല്ലാഹ്, ലാ ഖുവ്വത ഇല്ലാബില്ലാഹ് (അല്ലാഹു ഉദ്ദേശിച്ചത് കൊണ്ടാണ് എനിക്കീ അനുഗ്രഹങ്ങളെല്ലാം ഉണ്ടായിരിക്കുന്നത്, അവനല്ലാതെ യാതൊരു ശക്തിയുമില്ല) എന്ന മന്ത്രമുരുവിട്ടില്ല. നീ എന്നെ നിന്നെക്കാള്‍ സമ്പത്തും സന്തതിയും കുറഞ്ഞവനായി കാണുന്നുവെങ്കില്‍, നിന്റെ തോട്ടത്തേക്കാള്‍ ഉത്തമമായത് റബ്ബ് എനിക്കേകിക്കൂടായ്കയില്ല. അവന്‍ മാനത്തുനിന്നു വിപത്തയയ്ക്കുകവഴി നിന്റെ തോട്ടം ശൂന്യമായ ചതുപ്പുനിലമായി മാറിക്കൂടായ്കയുമില്ല. അല്ലെങ്കില്‍ പിന്നീടൊരിക്കലും തിരിച്ചുകൊണ്ടുവരാന്‍ വയ്യാത്തവണ്ണം അതിലെ വെള്ളം വറ്റി വരണ്ടുപോയെന്നും വരാം. അവസാനം, അവന്റെ ഫലസമൃദ്ധി നശിപ്പിക്കപ്പെടുകതന്നെ ചെയ്തു. തോട്ടം അതിന്റെ പന്തലുകളോടെ നിലംപൊത്തി. അതുകണ്ട്, താന്‍ അതില്‍ ചെലവഴിച്ചതിനെച്ചൊല്ലിയുള്ള ഖേദത്താല്‍ അവന്‍ കൈമലര്‍ത്തുകയായി ഹാ കഷ്ടം! ഞാന്‍ റബ്ബിന് ആരെയും പങ്കാളിയാക്കിയിട്ടില്ലായിരുന്നുവെങ്കില്‍!! എന്നവന്‍ വിലപിച്ചുകൊണ്ടിരുന്നു അല്ലാഹുവിനെക്കൂടാതെ അവനെ സഹായിക്കാന്‍ ഒരു സംഘവുമുണ്ടായില്ല. അവന്ന് ആ വിപത്തിനെ സ്വയം നേരിടുവാന്‍ കഴിഞ്ഞതുമില്ല. രക്ഷാധികാരം സാക്ഷാല്‍ അല്ലാഹുവിനു മാത്രമാകുന്നു എന്ന് അന്നേരം ശരിക്കും വെളിവായി. അവന്‍ അരുളുന്ന പ്രതിഫലം മാത്രമാകുന്നു വിശിഷ്ടമായിട്ടുള്ളത്. അവനാലുള്ള പരിണതി മാത്രമാകുന്നു മഹത്തരമായിട്ടുള്ളത്’ (അല്‍കഹ്ഫ് : 32 – 44).

Related Articles