Current Date

Search
Close this search box.
Search
Close this search box.

വ്യക്തിയല്ല, സമൂഹമാണ് പ്രധാനം

society.jpg

നിരവധി ആളുകളോട് കടപ്പെട്ടുകൊണ്ടാണ് നാം ഇവിടെ ജീവിക്കുന്നത്. ചെറിയ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ സംരക്ഷണം നല്‍കുന്നു, വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ പരിഗണന നല്‍കുന്നു. മാര്‍ക്കറ്റ് വഴി അവശ്യസാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. മനുഷ്യന്‍ ജീവിതായോധനത്തിനുള്ള ജോലി വ്യത്യസ്ത രീതിയില്‍ ലഭിക്കുന്നു. ഈ ഇടപഴകലുകളും പരസ്പരാശ്രിതത്വവുമൊന്നുമില്ലായിരുന്നുവെങ്കില്‍ മനുഷ്യന്‍ സ്വസ്ഥമായി ഇവിടെ ജീവിക്കുക അസാധ്യമാകുമായിരുന്നു. അതിനാല്‍ തന്നെ ഏതൊരു മനുഷ്യനും മറ്റുള്ളവരോട് കടപ്പെട്ടിരിക്കുന്നു. നാം ധരിച്ച വസ്ത്രത്തെ കുറിച്ച് മാത്രം ആലോചിച്ചാല്‍ അതിന്റെ നിര്‍മാണത്തിനു പിന്നില്‍ പാശ്ചാത്യരും പൗരസ്ത്യരുമായ നിരവധി മനുഷ്യരോട് അതിന്റെ പേരില്‍ നീ കടപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. നമ്മുടെ ഭക്ഷണത്തിന്റെയും പാര്‍പ്പിടത്തിന്റെയും സ്ഥിതി മറ്റൊന്നല്ല.

സംഘബോധവും സാമൂഹികമായ സഹകരണവും ഭദ്രതയുള്ള ഒരു സമൂഹത്തിന് അനിവാര്യമാണ്. സമൂഹത്തിന്റെ ഉഥാനവും നാഗരികതകളുടെ നിലനില്‍പും മതസംഹിതകളുടെ ഔന്നിത്യവും ഇതിനെ ആസ്പദമാക്കിയാണ്. ഇസ്‌ലാം മനുഷ്യനില്‍ സംഘബോധം വളര്‍ത്തുന്നു. എല്ലാ നാഗരികതകളും ഇതിന് വലിയ പ്രാധാന്യം നല്‍കുന്നു. മനുഷ്യര്‍ക്കിടയില്‍ സാമൂഹികബോധം വളര്‍ത്തുന്നതില്‍ വിജയിക്കുന്നവരാണ് വികസിത സമൂഹമായി മാറുന്നത്. വ്യക്തികളെയും സമൂഹങ്ങളെയും സംസ്‌കരിക്കുന്നതില്‍ മതദര്‍ശനങ്ങളുടെ പങ്ക് നിസ്തുലമാണ്. അതിനാല്‍ തന്നെ സാമൂഹിക സഹവര്‍ത്തിത്വം വളര്‍ത്തുന്നതില്‍ ഇസ്‌ലാമിന്റെ സ്വാധീനം വിശകലനവിധേയമാക്കേണ്ടതുണ്ട്.

സാമൂഹികസഹവര്‍ത്തിത്വത്തിന് ഏറ്റവും പ്രാധാന്യം നല്‍കിയ ദര്‍ശനം ഇസ്‌ലാമാണ്. സ്വന്തത്തിലേക്ക് ഉള്‍വലിയുന്നതിനെയും ഏകാന്തജീവിതം നയിക്കുന്നതിനെതിരെയും അത് പടവെട്ടുന്നു. ഇസ്‌ലാമിലെ ആരാധനകളും ശിക്ഷണങ്ങളും നിയമസംഹിതകളുമെല്ലാം സാമുഹിക സഹവര്‍തിത്വത്തിന് കരുത്തുപകരുന്നു. അല്ലാഹു ഏകനാണ്, ഈ ലോകം മുഴുവന്‍ അവന്റെ സൃഷ്ടികളാണ് എന്നതാണ് ഇസ്‌ലാമിക ആദര്‍ശത്തിന്റെ അടിത്തറ. എല്ലാ ജീവജാലങ്ങളും മനുഷ്യരെ പോലുള്ള സമൂഹങ്ങളാണ്. ‘ഭൂമിയില്‍ ചരിക്കുന്ന ഏത് ജീവിയും ഇരുചിറകുകളില്‍ പറക്കുന്ന ഏതു പറവയും നിങ്ങളെ പോലുള്ള ചില സമൂഹങ്ങളാണ്.’ (അല്‍ അന്‍ആം: 38) അല്ലാഹുവിന്റെ അടിമകള്‍ എന്ന അര്‍ഥത്തിലുള്ള ബന്ധമാണ് മനുഷ്യര്‍ക്ക് ഇതര ജീവികളുമായിട്ടുള്ളത്. അതിനാലാണ് സര്‍വലോകങ്ങളുടെയും സംരക്ഷകനായ അല്ലാഹുവിന് സര്‍വസ്തുതിയും എന്ന് ദിനേനയുള്ള നമസ്‌കാരങ്ങളില്‍ മുപ്പത് തവണയെങ്കിലും നാം ആവര്‍ത്തിക്കുന്നത്.

മനുഷ്യന്‍ മനുഷ്യരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനം ആദരവിന്റേതാണ്. ‘മനുഷ്യസമൂഹത്തെ നാം ആദരിച്ചിരിക്കുന്നു.’ (അല്‍ബഖറ: 70) ഇത് മനുഷ്യന്റെ ഭാഷാലിംഗ വര്‍ഗവര്‍ണങ്ങള്‍ പരിഗണിക്കാതെ മനുഷ്യന്‍ എന്ന അര്‍ഥത്തിലുള്ള ആദരവാണ്. ‘മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷമതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍ജ്ഞനും സൂക്ഷ്മ ജ്ഞാനിയുമാകുന്നു’. (അല്‍ ഹുജുറാത്ത്: 13) പ്രവാചകന്‍(സ) പഠിപ്പിക്കുന്നു: ‘എല്ലാ സൃഷ്ടികളും അല്ലാഹുവിലേക്ക് ആശ്രിതരാണ്. അല്ലാഹു ഏറ്റം ഇഷ്ടപ്പെടുന്നത് അവന്റെ അടിമകള്‍ക്ക് ഏറ്റവും ഉപകാരം ചെയ്യുന്നവനെയാണ്’. നിങ്ങള്‍ അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിക്കുന്നുവെങ്കില്‍ ജനസേവനത്തില്‍ മുന്നില്‍ നില്‍ക്കുക എന്നതാണ് അതിന്റെ മാര്‍ഗം. ജനങ്ങളോട് ഇടപഴകുന്ന മനുഷ്യന്‍ ചില ഉല്‍കൃഷ്ട ഗുണങ്ങള്‍ നേടിയെടുക്കേണ്ടതുണ്ട്. അത് തന്നെയാണ് ശരീഅത്തിന്റെ ആത്മാവ് എന്നു പറയുന്നത്. ഉല്‍കൃഷ്ട ഗുണങ്ങളുടെ പൂര്‍ത്തീകരണമാണ് തന്റെ നിയോഗലക്ഷ്യമെന്ന് പ്രവാചകന്‍ വിശദീകരിച്ചത് ഈ അര്‍ഥത്തിലാണ്. നന്മയിലുള്ള പരസ്പര സഹകരണവും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് ഉന്നത സ്വഭാവവിശേഷണങ്ങള്‍ കൊണ്ടര്‍ഥമാക്കുന്നത്. നന്മയിലും ദൈവഭക്തിയിലും പരസ്പരം സഹായിക്കുക, പാപത്തിലും പരാക്രമത്തിലും പരസ്പരം സഹായികളാകരുത് എന്നതാണ് ഖുര്‍ആനിന്റെ മൗലികമായ അധ്യാപനം. നമുക്കും ഇതര മനുഷ്യര്‍ക്കും നന്മയേകുന്ന ഏതൊരു കാര്യവും ഇസ്‌ലാമിക വീക്ഷണത്തില്‍ പുണ്യവും ദൈവഭക്തിയുമാണ്. ചില പാമരന്മാര്‍ ധരിച്ചതുപോലെ കേവല നമസ്‌കാരങ്ങളും ആരാധനകര്‍മങ്ങളും മാത്രമല്ല പുണ്യം എന്നു പറയുന്നത്. വിശ്വാസം, സമൂഹത്തിലെ അശരണര്‍ക്ക് വേണ്ടി ചിലവഴിക്കല്‍, സകാത്ത്, ആരാധനകര്‍മങ്ങള്‍, കരാര്‍ പാലിക്കല്‍, പ്രതിസന്ധിയില്‍ സഹനമവലംബിക്കല്‍ തുടങ്ങിയവയെല്ലാം ഇസ്‌ലാം മുന്നോട്ടു വെക്കുന്ന തഖവയുടെ നിദര്‍ശനങ്ങളാണ്. (അല്‍ബഖറ: 177) ശിര്‍ക്ക്, അക്രമം, ജനങ്ങളുടെ അവകാശം ഹനിക്കല്‍, കരാര്‍ ലംഘനം തുടങ്ങിയവയെല്ലാം പാപത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്.

ഒരു വിശ്വാസിക്ക് ഇതര ജനവിഭാഗങ്ങളുമായുണ്ടാകേണ്ട സാമൂഹിക സഹകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഇസ്‌ലാമിലെ ആരാധാന അനുഷ്ടാനങ്ങള്‍. അല്ലാഹുവുമായുള്ള വൈയക്തിക ബന്ധവും പ്രതിഫലവും മാത്രമാണോ നമസ്‌കാരത്തിന്റെ ലക്ഷ്യവും സദ്ഫലവും! യഥാര്‍ഥത്തില്‍ മനുഷ്യരെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് നമസ്‌കാരം. ഒറ്റപ്പെടലിന്റെയും അലസതയുടെയും അശ്ലീലതയുടെയും അവസ്ഥകളില്‍ നിന്നുള്ള ശുദ്ധീകരണമാണത്. ഉല്‍കൃഷ്ട ഗുണങ്ങള്‍ നേടിയെടുക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന ഒന്നതാണ്. നമസ്‌കാരത്തിന്റ സദ്ഫലമായി അല്ലാഹു വിവരിക്കുന്നു. ‘നമസ്‌കാരം നിഷ്ഠയോടെ നിര്വഹിക്കുക. നിശ്ചയമായും നമസ്‌കാരം നീചകൃത്യങ്ങളെയും നിഷിദ്ധ കര്‍മ്മങ്ങളെയും തടഞ്ഞുനിര്‍ത്തുന്നു’. (അല്‍ അന്‍കബൂത്ത്: 45). ഈ സവിശേഷ ലക്ഷ്യങ്ങളൊന്നും സാധൂകരിക്കാത്ത നമസ്‌കാരം കേവല ചലനങ്ങളാണ്. അതുമൂലം അല്ലാഹുവിന്റെ സാമീപ്യം ലഭിക്കില്ല എന്നു മാത്രമല്ല, അല്ലാഹു അവനില്‍ നിന്നും അകലം പാലിക്കുമെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.

മനുഷ്യനെ ശുദ്ധികരിക്കുകയും ഉല്‍കൃഷ്ഠ ഗുണങ്ങള്‍ നേടിയെടുക്കാന്‍ അവനെ പ്രാപ്തനാക്കുകയും ചെയ്യുന്ന കര്‍മമാണ് നോമ്പും. പിശുക്ക്, പെരുമാറ്റത്തിലെ പാരുഷ്യം, അനാവശ്യ വര്‍ത്തമാനങ്ങള്‍, കളവ്, തര്‍ക്കവിതര്‍ക്കങ്ങള്‍ എന്നിവ പോലുള്ള ദുസ്വഭാവങ്ങളില്‍ നിന്നുള്ള കവചമാകുന്നു നോമ്പ്. നോമ്പ് ഒരു പരിചയാണ് എന്നത് കൊണ്ടുള്ള വിവക്ഷയും ഇതുതതന്നെ. അതോടൊപ്പം തന്നെ കാരുണ്യത്തിന്റെയും പരസ്പരസഹകരണത്തിന്റെയും ദയാനുകമ്പയുടെയും വികാരങ്ങള്‍ അത് അവനില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യും. ഹജ്ജിന്റെ ആത്മാവും ഇതില്‍ നിന്ന് ഭിന്നമല്ല. വിമര്‍ശകര്‍ ഉന്നയിക്കുന്നതുപോലെ ഒരു ശിലാപ്രദക്ഷിണമല്ല അത്, സ്വാര്‍ഥത, സുഖാസ്വാദനം, ആഡംബരം തുടങ്ങിയ ദൂഷ്യങ്ങളില്‍ നിന്ന് വിശ്വാസിയെ ശുദ്ധീകരിക്കുകയും അവനില്‍ സമര്‍പ്പണ സന്നദ്ധതയും ത്യാഗബോധവും സംഘബോധവും  പരസ്പര സഹകരണ മനോഭാവവും വളര്‍ത്തിയുടെക്കുന്ന മഹാ പ്രക്രിയയാണത്. ജീവിതാന്ത്യം വരെ ചുറ്റിലുമുള്ളവരിലേക്ക് കണ്ണോടിക്കാനും സത്യമാര്‍ഗത്തില്‍ സ്ഥൈര്യത്തോടെ നിലകൊള്ളാനുമുള്ള ആഹ്വാനമാണ് ത്വവാഫും സഅ്‌യും. അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ സകല തിന്മകളോടും അശ്രാന്തം പോരാടാനുള്ള ഊര്‍ജ്ജമാണ് മിനയിലെ രാപാര്‍ക്കലും കല്ലേറും പ്രദാനം ചെയ്യുന്നത്. ഇസ്‌ലാമിക സമൂഹത്തെ നൂറ്റാണ്ടുകളായി ഭദ്രതയോടെ നിലകൊള്ളാന്‍ പ്രാപ്തമാക്കുന്ന കര്‍മമാണ് സകാത്ത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും കടപ്പെട്ടവനാണ് ഞാന്‍ എന്ന ബോധം അത് വിശ്വാസിയില്‍ ഊട്ടിയുറപ്പിക്കുന്നു.

മൊഴിമാറ്റം: അബ്ദുല്‍ബാരി കടിയങ്ങാട്‌

Related Articles