Current Date

Search
Close this search box.
Search
Close this search box.

വ്യക്തിത്വ വികാസം

സ്വന്തത്തെക്കുറിച്ചും തന്റെ വ്യക്തിത്വത്തെ സംബന്ധിച്ചും ശരിയായ ധാരണ സൃഷ്ടിച്ചെടുക്കലാണ് വ്യക്തിത്വ രൂപീകരണത്തിന്റെ പ്രഥമ ഘട്ടം. ആധുനിക മനശാസ്ത്ര വിദഗ്ധരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും പഠനമനുസരിച്ച് താന്‍ ദുര്‍ബലനാണെന്ന് കരുതുന്നവരും തന്റെ കഴിവുകളെ കുറിച്ച് വിശ്വാസമില്ലാത്തവരുമായ ആളുകളാണ് നിസ്സാരരും സ്വന്തത്തെ വില കുറച്ച് കാണിക്കുന്നവരും. ഇതുണ്ടാകുന്നത് അവരെ കുറിച്ച തെറ്റായ ധാരണയുടെ ഫലമായിട്ടാണ്. തങ്ങളുടെ ന്യൂനതകള്‍ പെരുപ്പിച്ചു കാണിക്കുന്നതിനാണ് അവര്‍ക്ക് താല്‍പര്യം. ജീവതത്തിലെ നേട്ടങ്ങളെ പുഛത്തോടെ വിലയിരുത്തുകയും ചെയ്യും. സ്വന്തം വിജയങ്ങളെ അവര്‍ സമ്മതിച്ചുതരില്ല എന്നതാണ് മറ്റൊരു വശം. അതിനാല്‍ നാം നമ്മുടെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിക്കുക. അത് നിരവധിയാണ്. അതിനെ കുറിച്ച് ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുക. ആ കഴിവുകള്‍ തിരിച്ചറിഞ്ഞ് മറ്റുള്ളവരുമായി ഇടപഴകാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.

വ്യക്തിത്വം സുദൃഢമാക്കാനുള്ള പ്രധാന വഴി ഈമാനാണ്. വിശ്വാസത്തെ ശക്തിപ്പെടുത്തിയവന്‍ വ്യക്തിത്വത്തെ സുദൃഢമാക്കും. സമ്പൂര്‍ണ ജീവിത പദ്ധതിയായിട്ടാണ് ഇസ്‌ലാമിനെ നാം ദര്‍ശിക്കുന്നത്. വ്യക്തിത്വം രൂപപ്പെടുത്താനുള്ള വഴികളും സ്വന്തത്തോടും മറ്റുള്ളവരോടും ഉള്ള കാഴ്ചപ്പാടും ഇടപെടലും എങ്ങനെയായിരിക്കണമെന്ന് ഇസ്‌ലാം വരച്ചുകാട്ടുന്നുണ്ട്. ദീനില്‍ പ്രതിബദ്ധത പുലര്‍ത്തലും ദൈവസാമീപ്യം നേടലും വ്യക്തിത്വം ശക്തമാക്കാനുള്ള മാര്‍ഗങ്ങളാണ്. ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയേക്കാള്‍ എപ്പോഴും ഉത്തമന്‍. ശക്തി കൈവരുന്നത് വിശ്വാസദാര്‍ഢ്യത്തിലൂടെയാണ്. ഈ വശം നമ്മുടെ ശ്രദ്ധയിലെപ്പോഴും ഉണ്ടാകണം. തദനുസൃതമായി സാമൂഹികമായ നൈപുണികള്‍ നേടിയെടുക്കാന്‍ നിരന്തരമായി ശ്രമിക്കണം. മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള കഴിവ് സ്വാംശീകരിക്കണം. ആളുകളെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തില്‍ സലാം കൊണ്ട് അഭിവാദ്യമര്‍പ്പിക്കുക. പ്രത്യഭിവാദ്യം നടത്തുമ്പോള്‍ ഏറ്റവും ഉത്തമമായ രീതിയില്‍ നടത്തുക. ഖുര്‍ആന്‍ പഠിപ്പിക്കുന്നു:’ നിങ്ങളെ ആരെങ്കിലും അഭിവാദ്യം ചെയ്താല്‍ നിങ്ങള്‍ അതിലും നന്നായി പ്രത്യഭിവാദ്യം ചെയ്യുക. കുറഞ്ഞപക്ഷം അവ്വിധമെങ്കിലും തിരിച്ചുനല്‍കുക’. ജനങ്ങളുമായി സംവദിക്കുമ്പോള്‍ അവരുടെ മുഖത്ത് നോക്കുക, സദസ്സുകളില്‍ സജീവ സാന്നിദ്ധ്യമുണ്ടാകുക, സംഭാഷണങ്ങളിലേര്‍പ്പെടുക എന്നത് മറ്റുള്ളവരുമായി ഇടപഴകുവാനുള്ള നല്ല അവസരമാണ്. അപ്രകാരം നല്ല മാതൃകകള്‍ അന്വേഷിച്ച് കണ്ടെത്തുകയും അവ സ്വായത്തമാക്കാന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്യുക. നല്ല വ്യക്തികളോട് ഒപ്പമുള്ള സമ്പര്‍ക്കവും സഹവാസവും ഇത്തരം ഉന്നത ഗുണങ്ങള്‍ സ്വാംശീകരിക്കാന്‍ സഹായിക്കും. സഹാബികള്‍, ചരിത്ര പുരുഷന്മാര്‍ എന്നിവരുടെ ജീവിതം നിരീക്ഷിക്കുകയാണെങ്കില്‍ നാം എത്ര വിദൂരത്താണെന്ന് മനസ്സിലാകുകയും ഘട്ടം ഘട്ടമായി പരിവര്‍ത്തിപ്പിക്കാനും നമുക്ക് സാധിക്കും. പതിനേഴാം വയസ്സില്‍ വലിയ സൈന്യത്തിന് നേതൃത്വം നല്‍കിയ ഉസാമത് ബിന്‍ സൈദിന്റെ ജീവിതം ശ്രദ്ധേയമാണ്. സൈന്യത്തില്‍ ഉന്നതരായ പല വ്യക്തികളും ഉണ്ടായിരിക്കെയാണ് അദ്ദേഹം ഈ ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിച്ചത്. ഇത്തരത്തിലുള്ള മാതൃകകളെ നാം പ്രതിനിധീകരിക്കുമ്പോള്‍ നമ്മുടെ വ്യക്തിത്വം കരുത്തുറ്റതാകും. ഇത്തരത്തിലുള്ള സ്വഭാവ ഗുണങ്ങളുടെ ആദാനപ്രധാനം ജീവിതത്തിലെ മറ്റു മേഖലകളില്‍ നടക്കുന്നതു പോലെ സജീവമായിത്തന്നെ രൂപപ്പെടേണ്ടതുണ്ട്. സേവന സന്നദ്ധതയും സേവനപ്രവര്‍ത്തനങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും വ്യക്തിഗതമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതാണ്. സ്‌പോര്‍ട്‌സ് ആക്ടീവിസവും വ്യായാമ പ്രവര്‍ത്തനങ്ങളും മറ്റുള്ളവരോട് ക്രിയാത്മകമായി ഇടപഴകാന്‍ മനുഷ്യനെ സഹായിക്കും. അസ്വസ്ഥത, ഭയം തുടങ്ങിയവയില്‍ നിന്ന് മുക്തമാകാനും ഇത് സഹായമാകും. ഈ വ്യായാമം നമ്മുടെ ദിനചര്യയായി മാറണം.

ഭാവിയിലേക്കുള്ള ചില ആസൂത്രണങ്ങളും മുന്നൊരുക്കങ്ങളും നാം നടത്തേണ്ടതുണ്ട്. വിജയത്തില്‍ ഉറച്ചുനില്‍ക്കുക എന്നത് മനുഷ്യന്റെ വ്യക്തിത്വത്തിന് കരുത്ത് പകരും. കാരണം വിജയം കൃത്യമായ ശാരീരിക അധ്വാനങ്ങള്‍ ആവശ്യപ്പെടുന്നു. വിജയം ലക്ഷ്യമാകുമ്പോള്‍ അതിന് വേണ്ടി മാനസികമായ ഒരുക്കങ്ങള്‍ നടത്തുകയും തദനുസൃതമായി ആത്മ വിശ്വാസത്തിന് വഴിയൊരുക്കുകയും ചെയ്യും. ഈ നിര്‍ദ്ദേശങ്ങള്‍ കണിശമായി പാലിക്കുന്നതിലൂടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടാന്‍ മനുഷ്യന് സാധിക്കും. ഈ മാറ്റത്തിന് നാം ഓരോരുത്തരും സന്നദ്ധമാകേണ്ടതുണ്ട്. നമ്മെ മാറ്റിപ്പണിയേണ്ടത് നാം തന്നെയാണ്. ഖുര്‍ആന്റെ പ്രതിപാദനം ശ്രദ്ധേയമാണ്:’അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ'(അര്‍റഅദ്:11). ഭാവിയിലേക്ക് പ്രതീക്ഷയോടെയും ക്രിയാത്മകമായും സമീപിക്കുക, സര്‍വ്വവിധ അസ്വസ്ഥതകളും ടെന്‍ഷനുകളും ക്രമപ്രവൃദ്ധമായി ഇല്ലായ്മ ചെയ്യാന്‍ ഈ സമീപനം നമ്മെ സഹായിക്കും.

( കടപ്പാട് )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles