Current Date

Search
Close this search box.
Search
Close this search box.

വഴിമുടക്കുന്ന അഹങ്കാരം

block1.jpg

ചിലയാളുകളുടെ മനസ്സ് സന്‍മാര്‍ഗം കൊതിക്കും, എന്നാല്‍ ദീനിന്റെ അധ്യാപനങ്ങള്‍ പിന്തുടരുന്നതില്‍ നിന്നും അഹങ്കാരം അവരെ തടയും. വസ്ത്രം ഞെരിയാണിക്ക് മുകളില്‍ നിര്‍ത്തുന്നതിനും താടി നീട്ടുന്നതിനും ബഹുദൈവ വിശ്വാസികളോട് വിയോജിക്കുന്നതിനും അഹങ്കാരം അവരെ അനുവദിക്കുന്നില്ല. ചില സ്ത്രീകളും ഇത്തരത്തിലുണ്ട്. സൗന്ദര്യവും അത് പ്രകടിപ്പിക്കാനുള്ള താല്‍പര്യവും ഹിജാബ് ധരിക്കുന്നതില്‍ നിന്നും അവരെ അശ്രദ്ധരാക്കുന്നു. പുരികം പ്ലക്ക് ചെയ്തും ഇറുകിയ വസ്ത്രം ധരിച്ചും രക്ഷിതാവിനെയവള്‍ ധിക്കരിക്കുന്നു. ആരെങ്കിലും ഉപദേശിച്ചാല്‍ അഹങ്കാരത്താല്‍ ധിക്കരിക്കുകയും ചെയ്യുന്നു. അണുമണി തൂക്കം അഹങ്കാരം ഉള്ളിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണല്ലോ.. അപ്പോള്‍ അഹങ്കാരം ഒരാളെ സന്‍മാര്‍ഗത്തില്‍ നിന്ന് തടയുന്നുവെങ്കില്‍ എന്തായിരിക്കും അവസ്ഥ!

ഗസ്സാന്‍ രാജാക്കന്‍മാരില്‍ ഒരാളായിരുന്നു ജബലഃ ബിന്‍ അല്‍-അയ്ഹം. അദ്ദേഹത്തിന്റെ ഉള്ളില്‍ വിശ്വാസത്തിന് (ഈമാന്‍) ഇടം ലഭിച്ചു. ഇസ്‌ലാം സ്വീകരിച്ച് ഖലീഫയായിരുന്ന ഉമര്‍(റ)ന് കത്തയച്ചു. ഖലീഫയുടെ അടുത്തേക്ക് വരാനുള്ള അനുമതി തേടിയായിരുന്നു കത്ത്. ഉമര്‍(റ) മുസ്‌ലിംകളും വളരെയധികം സന്തോഷിച്ചു.

നിങ്ങളും നാമും തമ്മിലെന്ത് വ്യത്യാസം നിങ്ങള്‍ക്ക് സ്വാഗതം എന്ന് ഉമര്‍(റ) മറുപടിയും നല്‍കി. അഞ്ഞൂറ് കുതിരപ്പടയാളികളോടൊപ്പം ജബലഃ പുറപ്പെട്ടു. മദീനക്കടുത്തെത്താറായപ്പോള്‍ സ്വര്‍ണത്താല്‍ നെയ്ത വസ്ത്രം ധരിച്ചു, രത്‌നങ്ങളാല്‍ അലങ്കരിച്ച തലപ്പാവും എടുത്തണിഞ്ഞു. കൂടെയുണ്ടായിരുന്ന സൈനികരെയും ആഢംബര വസ്ത്രങ്ങള്‍ ധരിപ്പിച്ചു. ശേഷം ആരും കണ്ടാല്‍ ഒന്നു നോക്കി പോകുന്ന തരത്തില്‍ അവര്‍ മദീനയില്‍ പ്രവേശിച്ചു. ഉമര്‍(റ) അദ്ദേഹത്തെ സ്വാഗതം ചെയ്ത് അടുത്തിരുത്തി. പിന്നീട് ഹജ്ജിന്റെ കാലമായപ്പോള്‍ ഉമര്‍(റ) ഹജ്ജിന് പുറപ്പെട്ടു. ഒപ്പം ജബലഃയും. ജബലഃ ത്വവാഫ് ചെയ്തു കൊണ്ടിരിക്കെ ബനൂ ഫസാറ ഗോത്രക്കാരനായ ഒരു പാവം അദ്ദേഹത്തിന്റെ വസ്ത്രത്തില്‍ ചവിട്ടി. കോപത്തോടെ തിരിഞ്ഞു നോക്കിയ ജബലഃ അയാളെ അടിക്കുകയും മൂക്കിന് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പാവപ്പെട്ട ആ സാധാരണക്കാരനും ദേഷ്യം വന്നു. ആവലാതിയുമായി അയാള്‍ ഉമര്‍(റ) അടുക്കലെത്തി. ഖലീഫ ജലബയെ വിളിച്ചു വരുത്തി ചോദിച്ചു: ത്വവാഫിനിടയില്‍ സഹോദരന്റെ മുഖത്തടിച്ച് മൂക്കിന് പരിക്കേല്‍പ്പിക്കാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണ്?
അഹങ്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയും ജബലഃ പറഞ്ഞു: അവന്‍ എന്റെ വസ്ത്രത്തില്‍ ചവിട്ടി. പവിത്രമായ ഭവനത്തിലായതു കൊണ്ട് ഞാനവന്റെ തലവെട്ടിയില്ല.
ഖലീഫ ഉമര്‍ പറഞ്ഞു: താങ്കള്‍ കുറ്റം സമ്മതിച്ചിരിക്കുന്നു.. തീര്‍ച്ചയായും ഞാന്‍ പ്രതികാരം ചെയ്യും.. അവനെ കൊണ്ട് താങ്കളുടെ മുഖത്ത് അടിപ്പിക്കും.
ജബലഃ പറഞ്ഞു: സാധാരണക്കാരന്‍ രാജാവായ എന്നോട് പ്രതികാരം ചെയ്യുകയോ!
ഉമര്‍ പറഞ്ഞു: അല്ലയോ ജബലാ, ഇസ്‌ലാം നിന്നെയും അവനെയും തുല്യരായിട്ടാണ് കാണുന്നത്. ദൈവഭക്തിയില്‍ കവിഞ്ഞ മറ്റൊരു ശ്രേഷ്ഠയും ഇവിടെയില്ല.
എന്നാല്‍ ഞാന്‍ ക്രിസ്ത്യാനിയാവുകയാണെന്ന് പറഞ്ഞ് ജബലയും കൂട്ടരും കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് പോയി. ക്രിസ്ത്യാനിയായി അവിടെ കാലം കഴിച്ചു. എല്ലാ ആനന്ദവും നഷ്ടപ്പെട്ട് ദുഖങ്ങള്‍ മാത്രം അവശേഷിച്ചു… ഇസ്‌ലാമിലെ നാളുകളും നമസ്‌കാരവും നോമ്പും നല്‍കിയ ആനന്ദവും അദ്ദേഹം ഓര്‍ത്തു. ദീനുപേക്ഷിച്ച് ലോകരക്ഷിതാവിന് പങ്കാളികളെ വെച്ചതില്‍ അദ്ദേഹം ഖേദിക്കുകയും ചെയ്തു.

‘മുഖത്തടിയുടെ നാണക്കേട് കൊണ്ട് മാന്യമാര്‍ ക്രിസ്ത്യാനികളായി, അതില്‍ ക്ഷമിച്ചിരുന്നെങ്കില്‍ യാതൊരു ദോഷവുമില്ലായിരുന്നു. കോങ്കണ്ണുള്ള കണ്ണിന് പകരം നല്ല കണ്ണുകളെ ഞാന്‍ വിറ്റു. എന്റെ മാതാവ് എന്നെ പ്രസവിച്ചില്ലായിരുന്നെങ്കില്‍, ഉമര്‍ പറഞ്ഞത് ഞാന്‍ സ്വീകരിച്ചിരുന്നെങ്കില്‍….’ എന്നാശയമുള്ള വരികള്‍ പാടി ജബല കരയാറുണ്ടായിരുന്നെന്ന് പറയപ്പെടുന്നു.
അങ്ങനെ ക്രിസ്ത്യാനിയായി തന്നെ അദ്ദേഹം മരിച്ചു. അതെ, അല്ലാഹുവിന്റെ നിയമം നിന്ദ്യതയായി കണ്ട് അഹങ്കാരത്തോടെ അതിനെ സമീപിച്ച ജബലഃ നിഷേധിയായി മരിച്ചു.

മൊഴിമാറ്റം: നസീഫ്

Related Articles