Current Date

Search
Close this search box.
Search
Close this search box.

മോഹങ്ങളാല്‍ പൊതിഞ്ഞ നരകം

colo009lk;j.jpg

‘നരകം മോഹങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു’ എന്ന് ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. നരകത്തിന് ചുറ്റും മോഹങ്ങളുടെ ഒരു മറയൊരുക്കിയിരിക്കുന്നുവെന്നാണ് അതിന്റെ ഉദ്ദേശ്യം. ആ മറ ഭേദിക്കുന്നവന്‍ അതില്‍ പ്രവേശിക്കും. നരകത്തെ വലയം ചെയ്ത് നിലകൊള്ളുന്ന മോഹങ്ങളില്‍ നിന്ന് സ്വന്തത്തെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നവന്‍ ദൈവാനുസരണം ഇഷ്ടപ്പെടുകയും ദൈവധിക്കാരം വെറുക്കുകയും ചെയ്യും. അപ്പോല്‍ അല്ലാഹുവിനുള്ള വഴിപ്പെടല്‍ അവനെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമായിരിക്കും.

ബുദ്ധിയും ചിന്തയുമില്ലാതെ, ആദര്‍ശമോ മനുഷ്യത്വമോ പരിഗണിക്കാതെ മനസ്സ് ചായുന്ന കാര്യങ്ങളാണ് മോഹങ്ങള്‍. നിഷിദ്ധമായ കാഴ്ച്ച അതിന്നൊരു ഉദാഹരണമാണ്. ബുദ്ധിയുടെയോ ആദര്‍ശത്തിന്റെയോ മനുഷ്യത്വത്തിന്റെയോ ഇടപെടലില്ലാതിരിക്കുമ്പോള്‍ മനുഷ്യമനസ്സ് അതിലേക്ക് ചായും. നരകത്തെ പൊതിഞ്ഞിരിക്കുന്ന മോഹമാണത്. അത് ഭേദിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കും. അതേസമയം മനുഷ്യന്‍ ബുദ്ധിയും ചിന്തയും ഉപയോഗിക്കുകയും ആദര്‍ശവും മനുഷ്യത്വവും പരിഗണിക്കുകയും ചെയ്യുമ്പോള്‍ അതില്‍ നിന്നു വിട്ടുനില്‍ക്കാന്‍ പരമാവധി ശ്രമിക്കും. വ്യഭിചാരം, അധികാര മോഹം, ധനത്തോടുള്ള ആസക്തി, വഞ്ചനയോടുള്ള താല്‍പര്യം തുടങ്ങിയ എല്ലാ മോഹങ്ങളും ഇത്തരത്തിലുള്ളതാണ്.

അല്ലാഹു എന്തിന് മോഹങ്ങളുണ്ടാക്കി?
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ പറയുന്നു: അല്ലാഹു നമ്മില്‍ മോഹങ്ങളും ആസ്വാദനങ്ങളും സൃഷ്ടിച്ചു. നമ്മുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് സഹായകമായിട്ടാണ് അവ. ആഹരിക്കാനുള്ള മോഹവും അതില്‍ ആസ്വാദനവും അവന്‍ നമ്മിലുണ്ടാക്കി. സ്വന്തം നിലക്ക് തന്നെ അതൊരു അനുഗ്രഹമാണ്. ഈ ലോകത്ത് നമ്മുടെ ശരീരം നിലനില്‍ക്കുന്നത് തന്നെ അതിന്റെ ഫലമായിട്ടാണ്. അപ്രകാരം തന്നയാണ് വിവാഹവും അതിലുള്ള ആസ്വാദനവും. നമ്മുടെ വംശപരമ്പര നിലനിര്‍ത്തുന്ന അനുഗ്രഹമാണത്. ഈ ചോദനകളെ നാം കല്‍പിക്കപ്പെട്ട കാര്യങ്ങള്‍ക്കായി വിനിയോഗിക്കുമ്പോള്‍ ഇഹത്തിലും പരത്തിലും നമുക്കത് സന്തോഷം പകരുന്നു. അല്ലാഹു നിരുപാധികം അനുഗ്രഹിച്ചവരുടെ കൂട്ടത്തിലാണ് നാമുള്ളത്. മോഹങ്ങളെ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങള്‍ക്കായി നാം ഉപയോഗിച്ചാല്‍ – മ്ലേച്ഛമായവ ആഹരിച്ചോ, അന്യായമായി സമ്പാദിച്ചോ, അതില്‍ ധൂര്‍ത്ത് കാണിച്ചോ, ഇണകളോടും നമുക്ക് കീഴിലുള്ളവരോടും അതിക്രമം പ്രവര്‍ത്തിച്ചു കൊണ്ടോ – നാം അതിക്രമകാരികളും അല്ലാഹുവിന്റെ അനുഗ്രഹത്തോട് നന്ദികേട് കാണിച്ചവരുമായി മാറും.

മോഹങ്ങള്‍ മൊത്തത്തില്‍ ആക്ഷേപകരമല്ല. ഉപയോഗത്തിനനുസരിച്ച് പ്രശംസനീയമായവയും അതിലുണ്ട്. അതുപോലെ അല്ലാഹു മോഹങ്ങള്‍ കൊണ്ട് തന്റെ അടിമകളെ പരീക്ഷിക്കുകയും ചെയ്യും. അനുസരണയുള്ളവരെയും ധിക്കാരികളെയും വേര്‍തിരിക്കുന്നതിന് വേണ്ടിയാണത്. നല്ലതും തിയ്യതും വേര്‍തിരിക്കുന്നതിനാണത്. മനുഷ്യന്‍ മോഹങ്ങളില്‍ ആണ്ടു പോകുന്നതിന്റെ കാരണം അവന്റെ വിശ്വാസത്തിലെ ദൗര്‍ബല്യവും ചീത്തകൂട്ടുകെട്ടും ഒഴിവുസമയവും മോഹങ്ങളെ ഉദ്ദീപിപ്പിക്കുന്നവയോടുള്ള സാമീപ്യവുമാണ്. എന്നാല്‍ ഇതെല്ലാം പരീക്ഷണത്തിനുള്ള മാര്‍ഗങ്ങളാണ്.

മോഹങ്ങള്‍ക്കെതിരെ എങ്ങനെ പോരാടാം?
1- പ്രഭുവിന്റെ ഭാര്യ യൂസുഫ് നബി(അ)യെ വശീകരിച്ച് തന്റെ ശരീരം പങ്കിടാന്‍ കിടക്കയിലേക്ക് ക്ഷണിച്ചപ്പോള്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ‘മആദല്ലാഹ്’ (അല്ലാഹുവിലാണ് അഭയം) ആണ് ഒന്നാമത്തെ മാര്‍ഗം. അവിവാഹിതനായ യുവാവായിരുന്നു അദ്ദേഹം. അവളുടെ കുതന്ത്രം തകര്‍ത്ത് അല്ലാഹു അദ്ദേഹത്തെ അതില്‍ നിന്നും സംരക്ഷിച്ചു. ‘ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു’ എന്ന പറയലാണ് മറ്റൊന്ന്. അന്ത്യദിനത്തില്‍ യാതൊരു തണലും ഇല്ലാതിരിക്കുമ്പോള്‍ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തണല്‍ ആഗ്രഹിക്കുന്നവര്‍ അത് പറയട്ടെ. സ്ഥാനവും സൗന്ദര്യവുമുള്ള ഒരു സ്ത്രീ ഒരാളെ ക്ഷണിക്കുമ്പോള്‍ ‘ഞാന്‍ അല്ലാഹുവിനെ ഭയക്കുന്നു’ എന്ന് പറഞ്ഞ് അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവന് ആ തണല്‍ ലഭിക്കുമെന്ന് ഹദീസുകളില്‍ കാണാം.

2- നാഥനെ കുറിച്ച ജാഗ്രതയും കണ്ണുകളുടെ നിയന്ത്രണവും. അല്ലാഹു പറയുന്നു:
”അല്ലാഹു കള്ളനോട്ടങ്ങള്‍ പോലും അറിയുന്നുണ്ട്. മാറിടങ്ങളിലൊളിച്ചുവെച്ച രഹസ്യങ്ങള്‍ അവന്‍ അറിയുന്നു.” (ഗാഫിര്‍: 19)
”നിനക്ക് അറിഞ്ഞുകൂടാത്ത സംഗതികളുടെ പിന്നാലെ കൂടാതിരിക്കുക. നിശ്ചയം, കണ്ണും കാതും മനസ്സുമെല്ലാംതന്നെ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.” (അല്‍ഇസ്‌റാഅ്: 36)
”പ്രവാചകന്‍, വിശ്വാസികളോട് പറയുക: അവര്‍ കണ്ണുകള്‍ താഴ്ത്തിവെച്ചുകൊള്ളട്ടെ.അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യട്ടെ.ഇതാകുന്നു അവര്‍ക്കുള്ള ഏറ്റം സംസ്‌കൃതമായ നടപടി. അവര്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു നോക്കിക്കൊണ്ടിരിക്കുന്നു.” (അന്നൂര്‍: 30)

3- വിവാഹം കഴിക്കുക അല്ലെങ്കില്‍ നോമ്പെടുക്കുക:
നബി(സ) പറഞ്ഞു: യുവാക്കളേ, നിങ്ങളില്‍ ശേഷിയുള്ളവര്‍ വിവാഹം ചെയ്യട്ടെ, അതിന് സാധിക്കാത്തവര്‍ നോമ്പെടുക്കട്ടെ, അതവന്ന് സംരക്ഷണമാണ്. (ബുഖാരി)
അല്ലാഹു പറയുന്നു: ”വിവാഹം കഴിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്തവര്‍, അല്ലാഹു അവന്റെ ഔദാര്യത്താല്‍ ക്ഷേമം നല്‍കുന്നതുവരെ സദാചാരം സംരക്ഷിച്ചു ജീവിക്കേണ്ടതാകുന്നു.” (അന്നൂര്‍: 33)

4- മോഹങ്ങളെ ഉദ്ദീപിപ്പിക്കുന്നവയില്‍ നിന്ന് അകന്നു നില്‍ക്കുക: കുഴപ്പങ്ങള്‍ നിറഞ്ഞ ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. ഇന്റര്‍നെറ്റും ഫേസ്ബുക്കും വാട്‌സപ്പുമെല്ലാം തന്നെ നമ്മിലെ മോഹങ്ങളെ ഉണര്‍ത്താനും സമയം കൊല്ലാനും മതിയായതാണ്. യൂസുഫ് നബി പ്രഭു പത്‌നിയില്‍ നിന്നും ഓടിയകന്നതു പോലെ അവയുടെ കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

5- മനസ്സിനെ നല്ല കാര്യങ്ങളില്‍ വ്യാപൃതനാക്കുന്നില്ലെങ്കില്‍ ചീത്തകാര്യങ്ങളില്‍ അത് വ്യാപൃതമാകും.

6- പ്രാര്‍ഥന: അല്ലാഹു പറയുന്നു: ”യൂസുഫ് പറഞ്ഞു: ‘നാഥാ, ഈയാളുകള്‍ എന്നോടാവശ്യപ്പെടുന്ന സംഗതിയെക്കാള്‍ എനിക്ക് അഭികാമ്യമായിട്ടുളളത് തടവറയാകുന്നു. അവരുടെ കുതന്ത്രങ്ങളെ നീ എന്നില്‍നിന്ന് തിരിച്ചുകളഞ്ഞില്ലെങ്കില്‍ ഞാന്‍ അവരുടെ കെണിയില്‍ കുടുങ്ങുകയും അവിവേകികളില്‍പ്പെട്ടവനായി തീരുകയും ചെയ്യും’ റബ്ബ് അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചു. ആ സ്ത്രീകളുടെ കുതന്ത്രങ്ങളെ അദ്ദേഹത്തില്‍നിന്ന് തിരിച്ചുവിടുകയും ചെയ്തു. നിസ്സംശയം അവന്‍ ഒക്കെയും കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുംതന്നെയാകുന്നു.” (യൂസുഫ്: 33-34)

വിവ: നസീഫ്‌

Related Articles