Current Date

Search
Close this search box.
Search
Close this search box.

പ്രബോധനസരണിയില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന ബാഹ്യസമ്മര്‍ദങ്ങള്‍

leaf.jpg

ഇസ്‌ലാമിക മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെയും പ്രബോധകരെയും പ്രസ്തുത മാര്‍ഗത്തില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന ചില ബാഹ്യസമ്മര്‍ദങ്ങളും പൊതുസാഹചര്യങ്ങളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടവ മാത്രമാണ് ഇവിടെ അന്വേഷണവിധേയമാക്കുന്നത്.

കടുത്ത പരീക്ഷണങ്ങള്‍ : പ്രബോധകരെ പരീക്ഷിക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഉരക്കല്ലാണ് പരീക്ഷണങ്ങള്‍. മുമ്പ് ഇസ്‌ലാമിക പ്രവര്‍ത്തനമാര്‍ഗത്തില്‍ സജീവരായിരുന്ന എത്രപേരാണ് കഠിനമായ പീഢനങ്ങളെയും പരീക്ഷണങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നതിനെ തുടര്‍ന്ന് പ്രബോധനസരണിയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചത്.

കറപുരണ്ട വിശ്വാസത്തിന് ഉടമയായവര്‍ക്കിടയില്‍ നിന്ന് യഥാര്‍ഥ വിശ്വാസികളെ സ്വാംശീകരിക്കാനായി വിശ്വാസികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ശക്തമായ പരീക്ഷണങ്ങളെ കുറിച്ച് ഖുര്‍ആന്‍ വിശ്വാസികളെ ഉണര്‍ത്തുന്നുണ്ട്. അല്ലാഹു പറയുന്നു : ‘ ജനങ്ങള്‍ വിചാരിക്കുന്നുണ്ടോ; അവര്‍ പരീക്ഷണവിധേയരാവാതെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് പറയുന്നതു കൊണ്ടു മാത്രം അവരെ വെറുതെ വിട്ടേക്കുമെന്ന്. നിശ്ചയം അവര്‍ക്കു മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യവാന്മാര്‍ ആരെന്ന് അല്ലാഹു തിരിച്ചറിയുക തന്നെ ചെയ്യും. കള്ളന്മാരാരെന്നും. (അല്‍ അന്‍കബൂത്ത് : 2-3)
‘നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കും; നിങ്ങളിലെ പോരാളികളും ക്ഷമപാലിക്കുന്നവരും ആരെന്ന് വേര്‍തിരിച്ചറിയുകയും നിങ്ങളുടെ വൃത്താന്തങ്ങള്‍ പരിശോധിച്ചുനോക്കുകയും ചെയ്യും വരെ. (മുഹമ്മദ് : 31)

പരീക്ഷണങ്ങള്‍ക്കു മുമ്പില്‍ വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കുന്നവരെ കാണാം. അവരില്‍ പ്രതിഫലം കാംക്ഷിച്ചുകൊണ്ട് സഹനപൂര്‍വം തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നവരുണ്ട്. ഖുര്‍ആന്‍ വിവരിക്കുന്നു : ‘നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കണം’ എന്നു ജനങ്ങള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു. ‘ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കാന്‍ ഏറ്റം പറ്റിയവന്‍ അവനാണ്’. (ആലു ഇംറാന്‍ 173). ‘സത്യവിശ്വാസികള്‍ സഖ്യസേനയെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു : ‘ഇത് അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞത് തീര്‍ത്തും സത്യമാണ്.                                                   

ആ സംഭവം അവരുടെ വിശ്വാസവും സമര്‍പ്പണ സന്നദ്ധതയും വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പൂര്‍ത്തീകരിച്ചവര്‍ അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറിലൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല.’ (അല്‍ അഹ്‌സാബ് : 22,23)

പരീക്ഷണങ്ങളുടെ മുമ്പില്‍ അടിപതറിയവരും പരാജയപ്പെട്ടവരുമുണ്ട്. ഖുര്‍ആന്‍ വിവരിക്കുന്നു :  ‘ചിലയാളുകള്‍ പറയുന്നു. ‘ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു.’ എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെട്ടാല്‍ അവര്‍ ജനങ്ങളുടെ പീഡനത്തെ അല്ലാഹുവിന്റെ ശിക്ഷപോലെ കണക്കാക്കുന്നു. അതോടൊപ്പം നിന്റെ നാഥനില്‍ നിന്നുള്ള വല്ല സഹായവും വന്നെത്തിയാല്‍ വിശ്വാസികളോട് അവര്‍ പറയും:  ‘തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയായിരുന്നു’. ലോകരുടെ മനസ്സിലുള്ളതൊക്കെ നന്നായറിയുന്നവനല്ലയോ അല്ലാഹു? സത്യവിശ്വാസം സ്വീകരിച്ചവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കപടവിശ്വാസികളെയും അവന്‍ തിരിച്ചറിയും; തീര്‍ച്ച. (അല്‍ അന്‍കബൂത്ത് : 10-11)

ഈ പരീക്ഷണങ്ങളില്‍ നിന്ന് ആരും മുക്തമല്ല എന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നു: – ‘തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തിലും ശരീരത്തിലും നിങ്ങള്‍ പരീക്ഷണ വിധേയരാകും. നിങ്ങള്‍ക്കു മുമ്പേ വേദം ലഭിച്ചവരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും നിങ്ങള്‍ ധാരാളം ചീത്തവാക്കുകള്‍ കേള്‍ക്കേണ്ടിവരും. അപ്പോഴൊക്കെ നിങ്ങള്‍ ക്ഷമപാലിക്കുകയും സൂക്ഷമത പുലര്‍ത്തുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് നിശ്ചയദാര്‍ഢ്യമുള്ള കാര്യം തന്നെ'( ആലു ഇംറാന്‍ 186).
ഇാമിക ചരിത്രത്തിലുടനീളം പ്രബോധനമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിന് പരീക്ഷണങ്ങള്‍ ശക്തമായ പ്രേരകമായി വര്‍ത്തിച്ചതായി കാണാം. അതേസമയം യഥാര്‍ഥ സത്യവിശ്വാസികളുടെ വിശ്വാസദാര്‍ഢ്യത്തിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഇത്തരം പരീക്ഷണങ്ങള്‍ വഴിതെളിയിച്ചത്.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

ശക്തിപ്രയോഗിക്കുന്നതിനുള്ള നിബന്ധനകള്‍ 2
ബന്ധുക്കളുടെയും വീട്ടുകാരുടെയും സമ്മര്‍ദ്ധങ്ങള്‍

Related Articles