Current Date

Search
Close this search box.
Search
Close this search box.

പരലോക ചിന്ത കെടാതെ സൂക്ഷിക്കാം

qabr852.jpg

തന്നെ അനുസരിച്ചവര്‍ക്കായി സ്വര്‍ഗവും ധിക്കരിച്ചവര്‍ക്കായി നരകവും ഒരുക്കിയ അല്ലാഹുവിന് സ്തുതി. ജീവിതത്തിലെ തിരക്കുകള്‍ക്കും അതിന്റെ സുഖസൗകര്യങ്ങള്‍ക്കുമിടയില്‍ പലപ്പോഴും പരലോകത്തെ കുറിച്ച് നാം അശ്രദ്ധരാവുകയാണ്. അതിലെ അനുഗ്രഹങ്ങളെയും വേദനാജനകമായ ശിക്ഷകളും നമ്മുടെ ഓര്‍മയില്‍ നിന്നും അകന്നു പോകുന്നു. അതുകൊണ്ടു തന്നെ താക്കീതിനെയും വാഗ്ദാനത്തെയും കുറിച്ച ഓര്‍മപ്പെടുത്തല്‍ നന്നായിരിക്കും.

ഈ ലോകത്തെ വിഭവങ്ങള്‍ നേടി സന്തോഷത്തോടെയും അന്തസ്സോടെയും ജീവിക്കാനാണ് നാം ഓരോരുത്തരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ ശാശ്വതമായ സ്വര്‍ഗീയാനുഗ്രഹങ്ങളില്‍ ജീവിക്കാന്‍ നാം ഇഷ്ടപ്പെടുന്നില്ലേ? തന്നെ ധിക്കരിച്ചവര്‍ക്കായി അല്ലാഹു ഒരുക്കിയ കഠിനമായ നരകത്തീയില്‍ നിന്ന് രക്ഷപ്പെടാന്‍ നമുക്കാഗ്രഹമില്ലേ? നരകത്തിന്റെ വിവിധ തരങ്ങളിലൂടെയും അതിലെ ശിക്ഷകളിലൂടെയും നമുക്ക് ചുറ്റിസഞ്ചരിക്കാം. നാം ജാഗ്രതയോടെ ജീവിക്കുന്നില്ലെങ്കില്‍ അതിന് നടുവില്‍ ജീവിക്കുന്നവരായി നാം മാറും. ഏറെ ഗുരുതരമായ വിഷയമാണത്. ‘
ഇത് നിര്‍ണായക വചനമാകുന്നു. തമാശയല്ല.” (അത്ത്വാരിഖ്: 14)

ഒന്നാമത്തെ നരകം
അല്ലാഹുവെ മറന്ന് അശ്രദ്ധനായി ജീവിക്കുന്നവന്റെ ഉള്ളിലെ ദുഖത്തിന്റെയും വേദനയുടെ ഖേദത്തിന്റെയും മണിക്കൂറുകളാണത്. ”എന്റെ ഉദ്‌ബോധനത്തില്‍നിന്ന് മുഖം തിരിക്കുന്നവനോ, അവന്ന് ഈ ലോകത്ത് കുടുസ്സായ ജീവിതമാണുള്ളത്.” (ത്വാഹാ: 124)

ദൈവധിക്കാരികളുടെ ജീവിതം ദുഖങ്ങളും വ്യഥകളും നിറഞ്ഞതായിരിക്കും. ഭൂമിക്കു മുകളിലൂടെ സഞ്ചരിക്കുന്ന നരകമാണത്. പാപങ്ങളാണ് ആ നരകം. കവി പറയുന്നത് കാണുക:
ഹൃദയങ്ങളെ മരിപ്പിക്കുന്ന പാപങ്ങളെ ഞാന്‍ കണ്ടു
അതിനടിമപ്പെട്ടവന് നിന്ദ്യതയാണത് നല്‍കുന്നത്
പാപ വര്‍ജ്ജനമാണ് ഹൃദയങ്ങളുടെ ജീവിതം
അവയെ അനുസരിക്കാതിരിക്കലാണ് നിനക്കുത്തമം

നമസ്‌കാരത്തെ കുറിച്ച് അശ്രദ്ധനായി ഉറങ്ങുന്നവന്‍ ഹൃദയകാഠിന്യത്തെയും മനസ്സിനെ ബാധിച്ചിരിക്കുന്ന ദുഖത്തെയും കുറിച്ച് ആവലാതിപ്പെടും. അതിനവന്‍ പരിഹാരം അന്വേഷിക്കും. എന്നാല്‍ അല്ലാഹുവിലേക്ക് മടങ്ങലല്ലാതെ അതിന് പരിഹാരമില്ല.

അശ്രദ്ധര്‍ക്കുള്ള രണ്ടാമത്തെ നരകം
പെട്ടന്ന് മരണം പിടികൂടുന്ന സന്ദര്‍ഭത്തിലുള്ളതാണത്. എല്ലാവരെയും ഒരുപോലെ പിടികൂടുന്ന ഒന്നാണത്. അശ്രദ്ധയോടെ ജീവിച്ച ധിക്കാരികളെ സംബന്ധിച്ചടത്തോളം അങ്ങേയറ്റം വേദനാജനകമായിരിക്കും ഈ ജീവിതത്തോട് വിടപറയും സമയം. നമസ്‌കാരം ഉപേക്ഷിച്ച്, മ്ലേച്ഛതകളില്‍ ജീവിച്ച അവന്‍ മരണവുമായി സംഘട്ടനത്തിലേര്‍പ്പെടും. ഒരുപക്ഷേ മാതാപിതാക്കളെ നിന്ദിച്ചവനായിരിക്കും അവന്‍. മദ്യത്തിലും മയക്കുമരുന്നുകളിലും ജീവിച്ചവനായിക്കാം. അവനെ സംബന്ധിച്ചടത്തോളം അത് നരകീയ വേദനയുടെ നിമിഷങ്ങളായിരിക്കും.

ശഹാദത്ത് കലിമ ഉച്ചരിക്കാന്‍ കഴിയാതെ എത്രയെത്ര യുവാക്കളാണ് മരണപ്പെടുന്നത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുല്ലസിച്ച് തോന്നിവാസങ്ങളില്‍ ഏര്‍പെടുന്ന സമയത്ത് മരണം പിടികൂടുന്ന യുവാവിന്റെ അവസ്ഥ എത്ര കഠിനമായിരിക്കും. നാഥന്റെ കോപത്തിനിരയായി ജീവിതത്തില്‍ നിന്ന് പുറത്തു കടക്കുന്ന അവസ്ഥ എത്ര കഠിനമായിരിക്കും!

സന്‍മാര്‍ഗത്തിന്റെ വെളിച്ചമില്ലാതെ ജീവിച്ചവനേ, നിന്റെ രക്ഷിതാവിനോട് നീ എന്തുപറയും? നിന്റെ പണം നിഷിദ്ധങ്ങളില്‍ ചെലവഴിച്ചവനേ നിന്റെ രക്ഷിതാവിനോട് നീയെന്ത് പറയും? നിശാക്ലബ്ബുകളിലും പാര്‍ട്ടികളിലും സമയം ചെലവഴിച്ച നീ നിന്റെ രക്ഷിതാവിന്റെ മുന്നില്‍ എന്തു മറുപടി പറയും? മാതാപിതാക്കളെ ധിക്കരിച്ച് അവരുടെ കോപം ഏറ്റുവാങ്ങിയ നീ നിന്റെ നാഥനോട് എന്തു മറുപടി പറയും?

മൂന്നാമത്തെ നരകം
ഖബറാകുന്ന പുതിയ ഭവനത്തിലേക്ക് നിന്നെയും തോളിലേറ്റി പോവുന്ന സന്ദര്‍ഭത്തില്‍ അനുഭവിക്കുന്നതാണത്. ജനാസയുമായി ആളുകള്‍ നീങ്ങുമ്പോള്‍ സദ്‌വൃത്തന്റെ ജനാസയാണെങ്കില്‍ അത് ‘എന്നെ വേഗം കൊണ്ടു പോകൂ’ എന്നവരോട് പറയുമെന്നും സദ്‌വൃത്തന്റേതല്ലെങ്കില്‍ ‘നാശം എവിടേക്കാണ് നിങ്ങളെന്നെ കൊണ്ടു പോകുന്നത്?’ എന്നും പറയുമെന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. തന്നെ ഖബറില്‍ കാത്തിരിക്കുന്നത് എന്താണെന്ന് ആ ജനാസക്ക് അറിയാവുന്നതു കൊണ്ടാണത്. നിനക്ക് മേല്‍ മണ്ണിട്ട് ഞങ്ങള്‍ തിരിച്ചു പോന്നാല്‍ നിനക്ക് ആരാണ് അവിടെ കൂട്ടിനുള്ളത്? അല്ലാഹുവെ ധിക്കരിച്ചാണ് നീ ജീവിച്ചതെങ്കില്‍ നരകത്തിന്റെ ഒരു ഭാഗം നീ അനുഭവിക്കും. ഖബറിലെ ശിക്ഷയെ നാം ഭയക്കേണ്ടതുണ്ട്.

നബി(സ)യുടെ മുന്നിലൂടെ ഒരു ജനാസ കൊണ്ടുപോയി. അത് മറമാടുന്നത് വരെ പ്രവാചകന്‍ അതിനെ അനുഗമിച്ചു. പിന്നീട് നബി(സ) അനുചരന്‍മാരിലേക്ക് തിരിഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ഇതുപോലെ ഒന്നിന് നിങ്ങള്‍ ഒരുങ്ങിക്കോളൂ..

ധിക്കാരികളുടെ ദുഖകരമായ രഹസ്യങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ഖബറുകള്‍. ഒരിക്കല്‍ നബി(സ) രണ്ട് ഖബറുകള്‍ക്കരികിലൂടെ കടന്നു പോകുമ്പോള്‍ അവിടെ നിന്ന് അനുചരന്‍മാരോട് പറഞ്ഞു: അവര്‍ രണ്ടു പേരും ശിക്ഷിക്കപ്പെടുകയാണ്. അവരുടെ ശിക്ഷയുടെയും നിലവിളിയുടെയും ശബ്ദം അദ്ദേഹം കേട്ടിരിട്ടുണ്ട്. ആ രണ്ട് ഖബ്‌റുകളിലുണ്ടായിരുന്നവര്‍ ചെയ്തിരുന്ന തെറ്റാണെന്തെന്ന് അറിയുമോ? അവരില്‍ ഒന്നാമത്തെയാള്‍ ഏഷണിയും പരദൂഷണവുമായി നടന്നയാളാണ്. രണ്ടാമത്തെയാള്‍ മൂത്രവിസര്‍ജ്ജനത്തില്‍ സൂക്ഷ്മത പാലിക്കാത്തയാളായിരുന്നു. പരദൂഷണമാണ് അയാളെ ഖബര്‍ ശിക്ഷക്ക് അര്‍ഹനാക്കിയത്. നമ്മുടെ സദസ്സുകളില്‍ എത്രയെത്ര ആളുകളെയാണ് നാം പരദൂഷണം പറഞ്ഞിട്ടുള്ളത്! ഖബ്‌റിലെ ശിക്ഷ നമ്മെ ബാധിക്കില്ല എന്ന തരത്തിലാണ് നാം ജീവിക്കുന്നത്. ഖബ്‌റില്‍ നമ്മെ ചോദ്യം ചെയ്യാനായി അതിന് ചുമതലപ്പെടുത്തപ്പെട്ട മലക്കുകള്‍ വരും. റബ്ബിനെയും ദീനിനെയും നബിയെയും കുറിച്ച് അവര്‍ ചോദിക്കും. ആ ചോദ്യങ്ങളുടെ ഉത്തരം ഇന്ന് നമുക്ക് അറിയുമായിരിക്കാം. എന്നാല്‍ അവിടെ നമുക്കതിന് കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കുമോ എന്ന് ആര്‍ക്കറിയാം!

അശ്രദ്ധയോടെ ജീവിക്കുന്ന സഹോദരാ., ഈ പറയുന്നത് ഭാവനയുടെ സൃഷ്ടിയാണെന്ന് നീ കരുതുന്നുണ്ടോ? അല്ലെങ്കില്‍ നിന്നെ ഭയപ്പെടുത്താന്‍ മെനഞ്ഞ കഥയാണെന്ന് നീ വിചാരിക്കുന്നുവോ? നിനക്കും എനിക്കും വേണ്ടി അല്ലാഹു അവതരിപ്പിച്ചിട്ടുള്ള വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളുമാണത്. ജാഗ്രതയോടെ ജീവിച്ച് അല്ലാഹുവിനെ കണ്ടുമുട്ടാന്‍ നാം ഒരുങ്ങേണ്ടതുണ്ട്. പ്രവാചകന്‍ തിരുമേനി(സ) ഓരോ നമസ്‌കാരത്തിലും ഖബ്‌റിലെ ശിക്ഷയില്‍ നിന്ന് അഭയം തേടിയിരുന്നു. അല്ലാഹുവേ എല്ലാത്തരം അശ്രദ്ധകളില്‍ നിന്നും ഞങ്ങളെ നീ ഉണര്‍ത്തേണമേ.. നരകത്തില്‍ നിന്നും അതിന്റെ ദുഖങ്ങളില്‍ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കുകയും ചെയ്യേണമേ.

വിവ: നസീഫ്‌

Related Articles