Current Date

Search
Close this search box.
Search
Close this search box.

നാം തയ്യാറാണോ?

fallen-leaf.jpg

നിങ്ങള്‍ ആരെയെങ്കിലും സ്‌നേഹിക്കാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ പിന്നീട് അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യുകയുള്ളു. സ്‌നേഹിക്കുന്നയാളെ സന്തോഷിപ്പിക്കുന്നതും, സഹായിക്കുന്നതുമായിരിക്കും നിങ്ങളുടെ ഏറ്റവും വലിയ ആനന്ദം. സ്‌നേഹിക്കുന്നയാളെ പരിചരിക്കുന്നത് ഒരു അഭിമാനം തന്നെയാണ്. നിങ്ങള്‍ ഒരു പ്രശസ്ത വ്യക്തിയെ കണ്ടുമുട്ടിയെന്ന് വെക്കുക. ഉദാഹരണത്തിന് നിങ്ങളുടെ പാര്‍ട്ടിയുടെ നേതാവിനെ കണ്ടുമുട്ടിയെന്ന് വിചാരിക്കുക. നിങ്ങള്‍ എന്തായിരിക്കും ചെയ്യുക? നിങ്ങള്‍ അദ്ദേഹത്തോട് ചോദിക്കും, ‘സാര്‍, കിടക്കണോ? സാര്‍, കുടിക്കാന്‍ എന്തെങ്കിലും വേണോ?’ ഇങ്ങനെ അദ്ദേഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുക്കാനും, സൗകര്യങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്ന് ഉറപ്പുവരാത്താനും നാം ശ്രമിക്കും. നിങ്ങള്‍ കൂട്ടുകാരോട് പറയും, ‘ഞാന്‍ അദ്ദേഹത്തിന്റെ കൂടെയാണ് ഭക്ഷണം കഴിച്ചത്, അദ്ദേഹത്തിന് ഞാനാണ് വിളമ്പി കൊടുത്തത്’ എന്നൊക്കെ. നിങ്ങള്‍ അങ്ങേയറ്റം സ്‌നേഹിക്കുന്നയാളെ സേവിക്കുന്നത് ഒരു മഹത്തായ കാര്യം തന്നെയാണ്. എന്നാല്‍, ഈ സ്‌നേഹത്തില്‍ എന്നെങ്കിലും ഒരു കുറവ് സംഭവിച്ചാല്‍ അല്ലെങ്കില്‍ ആ സ്‌നേഹബന്ധം ദുര്‍ബലമായാല്‍, ആ നേതാവിനെ സേവിക്കുന്നത് ഒരു ഭാരമായി തീരും. അല്ലാഹുവിനോടുള്ള നമ്മുടെ ആരാധന ഇത്തരത്തിലൊന്നാണ്. ഒരു ഭാരം.

ജീവിതകൊടുങ്കാറ്റുകളില്‍ നിന്നും രക്ഷതേടി കൊണ്ട് നാം നമസ്‌കരിക്കുന്നില്ല. ഇനി നാം നമസ്‌കരിക്കുന്നുണ്ടെങ്കില്‍ തന്നെ, ഒരു ചടങ്ങ് നിര്‍വഹിക്കുന്നത് പോലെയാണ്. അതങ്ങ് തീര്‍ന്നാല്‍ തീര്‍ന്നല്ലോ എന്ന മനോഭാവത്തില്‍. അല്ലെങ്കില്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനും, ശല്ല്യപ്പെടുത്തലിനും വഴങ്ങി. എന്നാല്‍, നമ്മള്‍ നമസ്‌കരിക്കാത്തത് കൊണ്ട് അല്ലാഹുവിനോ, നമ്മുടെ മാതാപിതാക്കള്‍ക്കോ ഒന്നും തന്നെ യാതൊരു കുഴപ്പവും സംഭവിക്കാന്‍ പോകുന്നില്ല. മറിച്ച് അതിലൂടെ നാം നമുക്ക് തന്നെയാണ് കുഴപ്പം വരുത്തിവെക്കുന്നത്. വിധിദിനത്തില്‍, ഓരോ പുരുഷനും സ്ത്രീയും അല്ലാഹുവിന്റെ മുന്നില്‍ ഒറ്റക്കാണ് നില്‍ക്കുക. അന്ന്, അല്ലാഹുവിന്റെ അനുവാദം കൂടാതെ നിങ്ങള്‍ക്ക് വേണ്ടി ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. അന്ന്, സ്വന്തം കാര്യം സുരക്ഷിതമാക്കാന്‍ വേണ്ടി ഉമ്മമാര്‍ സ്വന്തം കൈകുഞ്ഞിനെ വരെ ഉപേക്ഷിക്കാന്‍ തുനിയും. നാം നമ്മുടെ ഫോണിലും, ആപ്പുകളിലും, കൂട്ടുകാരിലും, പാര്‍ട്ടികളിലും, പദവികളിലും വല്ലാണ്ടങ്ങ് കുടുങ്ങി പോയത് കാരണം യാഥാര്‍ത്ഥ്യത്തെ പാടെ മറന്ന് കളഞ്ഞിരിക്കുന്നു. നാം മറന്ന് കളഞ്ഞെന്ന് കരുതി ഒരു യാഥാര്‍ത്ഥ്യം യാഥാര്‍ത്ഥ്യമല്ലാതാവുന്നില്ല. അത് യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. അത് സംഭവിക്കാന്‍ പോവുകയാണ്. ഒരു കാര്യത്തിന് തയ്യാറെടുത്തിട്ടില്ലെന്ന് കരുതി അത് സംഭവിക്കാതിരിക്കാന്‍ പോകുന്നില്ല. ഫൈനല്‍ പരീക്ഷക്ക് പഠിക്കുന്നതിന് പകരം, രാത്രി മുഴുവന്‍ പാര്‍ട്ടിയില്‍ കൂത്താടി എന്ന് വെച്ച്, ഫൈനല്‍ പരീക്ഷ നടക്കില്ല എന്ന് അര്‍ത്ഥമില്ല. പരീക്ഷ നടക്കും. നിങ്ങള്‍ തോല്‍ക്കുകയും ചെയ്യും. അന്ത്യദിനം എന്നൊന്ന് സംഭവിക്കാന്‍ തന്നെ പോകുന്നില്ലെന്ന് നടിച്ച്, ഈ ജീവിതം മുഴുവന്‍ നിശാക്ലബുകളില്‍ നാം ചെലവിട്ടെന്ന് കരുതി, അന്ത്യദിനം സംഭവിക്കാതിരിക്കാന്‍ പോകുന്നില്ല. മരണത്തെ ഒന്നിനും തടയാന്‍ സാധിക്കില്ല. ഒന്നിനും. അന്ത്യദിനത്തെ വൈകിപ്പിക്കാന്‍ ഒന്നിനും കഴിയില്ല. മത്സരപരീക്ഷകള്‍ക്ക് മുമ്പ് ചോദിക്കുന്നത് പോലെ, ഒരേയൊരു ചോദ്യം മാത്രം: നാം തയ്യാറാണോ? അതോ നമ്മള്‍ കളികളുടെ തിരക്കിലാണോ?

ഒരു വന്‍കൊടുങ്കാറ്റ് ആഞ്ഞ് വീശാന്‍ പോകുന്നു എന്ന് വാര്‍ത്ത വന്നുവെന്ന് സങ്കല്‍പ്പിക്കുക. സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറിയില്ലെങ്കില്‍ ഒരു വന്‍ദുരന്തം തന്നെ സംഭവിക്കും. നമ്മള്‍ എന്താണ് ചെയ്യുക? കൊടുങ്കാറ്റ് വരുന്നുണ്ടെന്ന് നാം ശരിക്കും വിശ്വസിക്കുന്നുണ്ടെങ്കില്‍, നാം സുരക്ഷിതമായ അഭയസ്ഥാത്തേക്ക് ഓടും, അല്ലെ? എന്നാല്‍, കൊടുങ്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് വിശ്വസിക്കാത്ത ഒരാള്‍ മാത്രമായിരിക്കും, മുന്നറിയിപ്പുകളെ അവഗണിച്ച് കളിചിരികളില്‍ മുഴുകുക. കൊടുങ്കാറ്റ് ആഞ്ഞ് വീശാന്‍ പോവുകയാണ് എന്ന് ശരിക്ക് അറിയുന്നയാള്‍ തന്നെയും, കുടുംബത്തെയും എന്തായാലും സുരക്ഷിതമായ ഒരു സ്ഥാനത്തേക്ക് മാറ്റില്ലേ? അല്ലാതെ, ‘ഞാന്‍ ഭയങ്കര തിരക്കിലായിരുന്നു,’ ‘ഞാന്‍ ഫേസ്ബുക്കിലായിരുന്നു’, ‘ഞാന്‍ മീറ്റിംഗിലായിരുന്നു’ എന്നൊന്നും ആരും പറയില്ല. എന്നാല്‍, ഓരോ തവണയും നാം നമസ്‌കാരം ഉപേക്ഷിക്കുമ്പോള്‍, ആരാധാനാനുഷ്ടാനങ്ങള്‍ അനുഷ്ഠിക്കാതിരിക്കുമ്പോള്‍ ‘ഞാന്‍ തിരക്കിലായിരുന്നു’ എന്ന് നാം ന്യായീകരിക്കും.

ആരാധനാനുഷ്ടാനങ്ങള്‍ നമുക്കൊരു ഭാരമായി മാറിയിരിക്കുന്നു എന്ന വസ്തുത, നമ്മുടെ ഉള്ളില്‍ എന്തോ പ്രശ്‌നമുണ്ടെന്നതിന്റെ സൂചനയാണ്. നമ്മുടെ കാഴ്ച്ചക്ക് എന്തോ തകരാറുണ്ട്. കൊടുങ്കാറ്റ് വരുന്നത് നാം കാണുന്നില്ല. അന്ത്യദിനം അടുത്തു വരുന്നത് നാം കാണുന്നില്ല. പ്രവാചന്‍(സ) നമുക്ക് പറഞ്ഞു തന്ന ആ മാംസ കഷ്ണത്തെ നമ്മള്‍ ഇതുവരെ ശുദ്ധീകരിച്ചിട്ടില്ല. തല്‍ഫലമായി, നമ്മുടെ ബാക്കിയെല്ലാ ശരീരഭാഗങ്ങളും, നമ്മുടെ ബാക്കിയെല്ലാ പ്രവര്‍ത്തനങ്ങളും കേടുവന്നുപോയി.

യഥാര്‍ത്ഥത്തില്‍ നാം നമ്മുടെ ഹൃദയങ്ങള്‍ കൊണ്ടല്ല അല്ലാഹുവിനെ കാണുന്നത്. അല്ലാഹുവിനോടുള്ള സ്‌നേഹം നമ്മുടെ ഹൃദയത്തില്‍ ഉണ്ടായിട്ടില്ല. എന്തൊരു കാര്യത്തിന് വേണ്ടിയാണോ ഹൃദയം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ആ ഒരു കാര്യത്തിന് വേണ്ടി നാം ഹൃദയത്തെ ഉപയോഗിച്ചിട്ടില്ല: അറിയാനും, സേവിക്കാനും, ദൈവത്തെ സ്‌നേഹിക്കുവാനുമാണ് ഹൃദയം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ഹറാമിനെയും, ഹലാലിനെയും കുറിച്ച് പ്രതിപാദിപ്പിക്കുന്ന സൂക്തങ്ങളല്ല ആദ്യം അവതരിച്ചതെന്ന് ഓര്‍ക്കുക. മദ്യപാനത്തെയും, വ്യഭിചാരത്തെയും കുറിച്ചായിരുന്നില്ല അവ. നിങ്ങള്‍ ലേഖനം വായിക്കുന്നത് എത്രത്തോളം യാഥാര്‍ത്ഥ്യമാണോ, അതിനേക്കാള്‍ യാഥാര്‍ത്ഥ്യമാണ് ഞാനും, നിങ്ങളും ഒരിക്കല്‍ സൃഷ്ടാവിനെ കണ്ടുമുട്ടുമെന്ന കാര്യം. ഞാനും, നിങ്ങളും അല്ലാഹുവിന്റെ മുന്നില്‍ നില്‍ക്കും, നമ്മുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നമ്മോട് ചോദിക്കപ്പെടും.

ഈ ലോകത്ത് നിങ്ങള്‍ എന്തിനെയാണ് ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചത്? നിങ്ങളുടെ ജീവിതം എന്തിന് വേണ്ടിയാണ് ചെലവഴിച്ചത്? നിങ്ങള്‍ എന്തിന് പിറകെയാണ് ഓടിയിരുന്നത്? അവ കാലാകാലം നിലനില്‍ക്കുമോ? നിങ്ങള്‍ പിന്നാലെ ഓടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണോ അവയെല്ലാം എന്നെന്നും അനശ്വരമായി നിലനില്‍ക്കുമോ?

സമയം ഏറെ വൈകുന്നതിന് മുമ്പ് നാം അല്ലാഹുവിലേക്ക് മടങ്ങി ചെല്ലേണ്ടതുണ്ട്. അല്ലാഹു പൊറുത്ത് നല്‍കാതിരിക്കാന്‍ മാത്രം വലിയ പാപങ്ങളാണ് തങ്ങള്‍ ചെയ്തിരിക്കുന്നത് എന്ന് കരുതി കൊണ്ടാണ് ആളുകള്‍ എല്ലായ്‌പ്പോഴും അല്ലാഹുവിന്റെ അടുക്കലേക്ക് തിരിച്ച് വരാതെ തിരിഞ്ഞ് പോയിക്കളയുന്നത്. ഇങ്ങനെ കരുതുന്നവരോടായി അല്ലാഹു പറുന്നു: ‘പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയംവേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.’ (അസ്സുമര്‍: 53)

Related Articles