Current Date

Search
Close this search box.
Search
Close this search box.

തിന്മയുടെ കൂരിരുട്ടില്‍ നന്മയുടെ കൈത്തിരി തെളിയിക്കേണ്ടവരാണ് നാം

candle.jpg

ഓരോ സത്യവിശ്വാസിയിലും താന്‍ നിര്‍വഹിക്കേണ്ട ചുമതലയെ കുറിച്ച ബോധം ഒന്നുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഒരു കാലത്താണ് നമ്മളുള്ളത്. ഭൂമിയിലെ ജീവിതം സുരക്ഷിതവും സമാധാനപരവുമാകുന്നതോടൊപ്പം മരണാന്തര ജീവിതം വിജയകരമാക്കി തീര്‍ക്കാനുമുള്ള പരിശ്രമങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും വേണ്ടി നിര്‍വഹിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ്. മരണത്തിന് ശേഷമുള്ള ജീവിതം വിജയകരമായി തീരണമെന്നത് ഇസ്‌ലാമിന്റെ താല്‍പര്യമാണ്. ഖുര്‍ആനിന്റെയും സ്രഷ്ടാവായ അല്ലാഹുവിന്റെയും താല്‍പര്യം അതു തന്നെയാണ്. ‘നിസ്സംശയം, നേര്‍വഴി പറഞ്ഞുതരേണ്ടത് നമ്മുടെ ചുമതലയത്രെ. യഥാര്‍ഥത്തില്‍ പരത്തിന്റെയും ഇഹത്തിന്റെയും ഉടമസ്ഥന്‍ നാം തന്നെയാകുന്നു.’ (92:12-13) അതായത് ഈ രണ്ട് ലോകത്തും മനുഷ്യന്റെ ജീവിതം വിജയിക്കുക എന്നതാണ് അല്ലാഹുവിന്റെ ദീനിന്റെ താല്‍പര്യം.

മനുഷ്യര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സമൂഹം എന്നതാണ് നമ്മുടെ സവിശേഷത. മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനെന്ന് അല്ലാഹു തന്നെ പറയുന്നു: ‘ഇത് നാം നിന്നിലേക്കിറക്കിയ വേദമാകുന്നു, നീ ജനത്തെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍’ (14:1) ‘മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശകമായി’ അവതരിപ്പിച്ചത് എന്നാണ് ഖുര്‍ആനെ കുറിച്ച് മറ്റൊരിടത്ത് വിശേഷിപ്പിക്കുന്നത് (2:185) പ്രവാചകനെ നിയോഗിച്ചതും ‘മുഴുലോകത്തിനും കാരുണ്യമായിട്ടാണെ’ന്നാണ് ഖുര്‍ആന്‍ പറയുന്നത്. ‘മനുഷ്യര്‍ക്കൊന്നടങ്കം സുവിശേഷകനും മുന്നറിയിപ്പുകാരനുമായിട്ടുതന്നെയാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്.’ (34:28) മുസ്‌ലിം സമൂഹത്തെ കുറിച്ചും ജനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ടവര്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മനുഷ്യരുടെ നന്മക്കായി ജീവിക്കുക എന്നുള്ള മുസ്‌ലിം സമൂഹം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന വലിയൊരു ബാധ്യതയാണെന്നാണിതെല്ലാം വ്യക്തമാക്കുന്നത്. മനുഷ്യരുടെ നന്മക്കും വിമോചനത്തിനും നമ്മെ കൊണ്ട് സാധ്യമാകുന്നതെല്ലാം ചെയ്യേണ്ട ബാധ്യത നമുക്കുണ്ട്.

പേര്‍ഷ്യന്‍ സേനാ നായകന്‍ രിബിയ്യ് ബിന്‍ ആമിറിനോട് ആഗമനോദ്ദേശ്യം എന്താണെന്ന് ചോദിച്ചപ്പോള്‍ അതിനദ്ദേഹം നല്‍കിയ ചരിത്രത്തില്‍ പ്രസിദ്ധമായ ഒരു മറുപടിയുണ്ട്. ‘അല്ലാഹു നിയോഗിച്ചതനുസരിച്ചാണ് ഞങ്ങള്‍ വന്നിരിക്കുന്നത്, മനുഷ്യരുടെ അടിമത്വത്തില്‍ നിന്ന് അല്ലാഹുവിന്റെ മാത്രം വിധേയത്വത്തിലേക്ക് മനുഷ്യരെ നയിക്കുന്നതിനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. മതങ്ങളുടെ അതിക്രമത്തില്‍ നിന്ന് ഇസ്‌ലാമിന്റെ നീതിവ്യവസ്ഥയിലേക്ക് കൊണ്ടു പോവാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. ഐഹികലോകത്തിന്റെ ഇടുക്കത്തില്‍ നിന്ന് പരലോകത്തിന്റെ വിശാലതയിലേക്ക് അവരെ കൊണ്ടുപോകാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മനുഷ്യരുടെ നന്മക്കും വിമോചനത്തിനുമാണ് വന്നിട്ടുള്ളതെന്ന രിബിയ്യ് ബിന്‍ ആമിറിന്റെ പ്രസ്താവന നമുക്കു കൂടി ബാധകമാവുന്നതാണ്.

നാം ജീവിക്കുന്ന സാഹചര്യത്തില്‍ എന്താണ് നമ്മുടെ ദൗത്യമെന്താണ് എന്നാലോചിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. തിന്മയുടെ തേര്‍വാഴ്ച്ച നടക്കുന്ന സമയമാണിതെന്ന് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. മനുഷ്യരെപ്പോഴും വഴിതെറ്റിപ്പോകാവുന്ന ഒരു കാലത്തെ കുറിച്ച് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘രാവിലെ മുഅ്മിനായിരുന്നവര്‍ വൈകുന്നേരം കാഫിറായി മാറും’ എന്നാണ് അക്കാലത്തെ കുറിച്ച് നബി(സ) പറഞ്ഞത്. രാവിലെ വിശ്വാസികളായിരുന്ന എല്ലാവരും വൈകുന്നേരമാകുമ്പോഴേക്കും നിഷേധികളായി മാറുമെന്നല്ല ഇതിന്റെ അര്‍ത്ഥം. എപ്പോഴും മനുഷ്യന്‍ നന്മയില്‍ നിന്ന് വഴിപിഴച്ച് പോകാന്‍ സാധ്യതയുള്ള ഒരു കാലത്തെ കുറിച്ച മുന്നറിയിപ്പാണത്. ആ ഒരു കാലത്താണോ നാം ജീവിക്കുന്നത് എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. കാരണം തിന്മയുടെ എല്ലാതരത്തിലുള്ള വളര്‍ച്ചയും പ്രചാരണവുമാണ് നാം കണ്‍മുന്നില്‍ കാണുന്നത്. നീതി നിഷേധത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും എത്രയോ കഥകള്‍ നമ്മുടെ മുന്നിലുണ്ട്. ഇത്തരം അധാര്‍മികതകള്‍ക്കും അന്യായങ്ങള്‍ക്കുമെതിരെ ചെറുത്ത് നില്‍പ് നടത്താനുള്ള ബാധ്യതകള്‍ ഏറ്റെടുക്കേണ്ടവരാണ് സത്യവിശ്വാസികള്‍. ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകുന്ന കാര്യമാണത്.

നീതി നിഷേധിക്കപ്പെടലും അന്യായങ്ങള്‍ നടക്കുന്നതും നിസ്സാരമായ കാര്യങ്ങളല്ല. എല്ലാ വിഭാഗം ആളുകള്‍ക്കും അര്‍ഹമായ നീതി ലഭിക്കുമ്പോഴാണ് മനുഷ്യജീവിതം സമാധാന പൂര്‍ണമാകുന്നത്. നീതി നിഷേധിക്കപ്പെടുന്ന സമൂഹം സംഘര്‍ഷഭരിതമായിരിക്കും. നീതിയുടെ പക്ഷത്ത് നില്‍ക്കാനും അതിന് വേണ്ടി എന്ത് നഷ്ടവും സഹിക്കാനുമാണ് ഖുര്‍ആന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നത്. ‘അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ നീതി നടത്തുന്നവരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍ നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും.’ (4:135) നീതി നിലനില്‍ക്കുന്ന സമൂഹത്തിലേ സമാധാനം നിലനില്‍ക്കുകയുള്ളൂ എന്നതാണ് അതിന് കാരണം. നന്മ കളിയാടുന്ന നാടും സാമൂഹികാന്തരീക്ഷവും ഇസ്‌ലാമിന്റെ അനിവാര്യമായ താല്‍പര്യമാണ്. മനുഷ്യന് സമാധാനത്തോടെ ജീവിക്കാന്‍ പറ്റിയ നാട് അല്ലാഹുവിന്റെ വലിയ അനുഗ്രഹമായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. സബഇനെ കുറിച്ച് അല്ലാഹു പറയുന്നത് ‘വിശിഷ്ടമായ നാട്; വളരെ വിട്ടുവീഴ്ച ചെയ്യുന്ന നാഥനും.’ എന്നാണ്. ജീവിക്കാന്‍ കൊള്ളാവുന്ന ഒരു നാട് പരലോകത്ത് പാപങ്ങള്‍ പൊറുത്തു തരുന്ന ഒരു നാഥന്‍ ഇതാണ് ഒരു മനുഷ്യന് പ്രതീക്ഷിക്കാവുന്ന ഏറ്റവും ഉയര്‍ന്ന സങ്കല്‍പം. നല്ല നാട് എന്നത് ഇസ്‌ലാം മനുഷ്യന്റെ മുന്നില്‍ വെക്കുന്ന വലിയൊരു ആശയമാണെന്നാണ് ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥന നമ്മോട് പറയുന്നത്. ‘ഇബ്‌റാഹീം പ്രാര്‍ഥിച്ചതോര്‍ക്കുക: ഭഎന്റെ നാഥാ, ഇതിനെ ശാന്തി നിറഞ്ഞ പട്ടണമാക്കേണമേ! അതിലെ നിവാസികളില്‍, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്കു നീ നാനാവിധ ഫലങ്ങള്‍ അന്നമായി നല്‍കേണമേ!’ (2:126)

അധാര്‍മികത കൊടികുത്തി വാഴുന്ന ഇക്കാലത്ത് നാം ജീവിക്കുന്ന സാഹചര്യത്തെ മനസ്സിലാക്കി ചുമതലയെ കുറിച്ച് ബോധവാന്‍മാരായി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അതിനിടയില്‍ ധര്‍മബോധത്തിന്റെ ചെറുതിരിയെങ്കിലും കത്തിച്ചു വെക്കാന്‍ നമുക്ക് കഴിയണം. ഇസ്‌ലാമിന്റെ ആഗമന കാല സാഹചര്യത്തെ കുറിച്ചും പില്‍ക്കാലത്ത് വന്നുചേരാനുള്ള സാഹചര്യത്തെ കുറിച്ചും ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞ ശേഷം അക്കാലഘട്ടത്തിന്റെ ആളുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് ‘ത്വൂബാ ലില്‍ ഗുറബാഅ്’ (ഗുറബാഉകള്‍ക്ക് അഭിവാദ്യങ്ങള്‍) എന്നു പറഞ്ഞു. സഹാബിമാര്‍ ചോദിച്ചു: അരാണ് ഈ ഗുറബാഉകള്‍? നബി(സ) അവരോട് പറഞ്ഞു: ജനങ്ങള്‍ നശിപ്പിച്ചതിനെ നന്നാക്കുന്നവരാണ് അവര്‍. അത്തരം ഒരു സാമൂഹിക സാഹചര്യത്തെ കണ്ടുകൊണ്ടിരിക്കുന്നവരെന്ന നിലക്ക് പ്രവാചകന്‍(സ) ആ വാക്കുകളെ ഏറ്റെടുക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. നമുക്ക് മാറ്റാന്‍ പറ്റുന്നതാണോ ഈ സാമൂഹ്യ സാഹചര്യം എന്ന് നാം ചിന്തിച്ചേക്കാം. ഒരു പക്ഷേ അതിന് സാധിച്ചു കൊള്ളണമെന്നില്ല. എന്നാല്‍ ഈ സാഹചര്യത്തെ മാറ്റിയെടുക്കാന്‍ എന്താണോ ചെയ്യാന്‍ കഴിയുക അത് ചെയ്യാതിരിക്കാന്‍ ഒരു നിവൃത്തിയുമില്ല. കാരണം നന്മയെ നട്ടുവളര്‍ത്തല്‍ ബാധ്യതയാക്കപ്പെട്ട സമൂഹമാണ് നമ്മള്‍. ‘നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുവിന്‍. നിങ്ങളുടെ പ്രവര്‍ത്തനം ഇനി എങ്ങനെയിരിക്കുമെന്ന് അല്ലാഹുവും അവന്റെ ദൂതനും വിശ്വാസികളൊക്കെയും കാണുന്നതാകുന്നു.’ (9:105) എന്നാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. അധാര്‍മികതയുടെ കൂരിരുട്ടില്‍ എന്തെങ്കിലും ഒരു കൈത്തിരി കത്തിച്ചു വെക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യേണ്ടത് നാം ജീവിക്കുന്ന കാലത്ത് വലിയ നന്മയാണെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. നാളെ അല്ലാഹുവിന്റെ മുമ്പില്‍ നമുക്ക് രക്ഷപ്പെടാനുള്ള ഒരു കരുതിവെപ്പാണത്. സാബത്തു നാളില്‍ മത്സ്യം പിടിക്കാനിറങ്ങിയവരെ പിന്തിരിയിപ്പിക്കാന്‍ ശ്രമിച്ച ഒരു വിഭാഗം അവിടെയുണ്ടായിരുന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു കൂട്ടര്‍ അവരോട് പറഞ്ഞു `അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാനിരിക്കുന്ന ജനത്തെ നിങ്ങള്‍ സദുപദേശം ചെയ്യുന്നതെന്തിന്?` അതിന് അവര്‍ നല്‍കിയ ‘നിങ്ങളുടെ റബ്ബിന്റെ സന്നിധിയില്‍ ന്യായം ബോധിപ്പിക്കുന്നതിനുവേണ്ടി’ എന്ന അവരുടെ മറുപടി ഏറെ പ്രസക്തമാണ്. ഇതിനെ മുന്‍നിര്‍ത്തി നമുക്ക് എന്ത് ചെയ്യാനാകുമെന്ന് നാം ആലോചിക്കണം. ‘അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനോട് ഭക്തിയുള്ളവരാകുവിന്‍; ഓരോ മനുഷ്യനും താന്‍ നാളേക്കുവേണ്ടി ഒരുക്കിവെച്ചിട്ടുള്ളതെന്താണെന്ന് നോക്കിക്കൊള്ളട്ടെ. അല്ലാഹുവിനെ ഭയപ്പെട്ടിരിക്കുവിന്‍. നിശ്ചയം, അല്ലാഹു നിങ്ങള്‍ ചെയ്യുന്ന സകല പ്രവൃത്തികളെക്കുറിച്ചും സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.’ (59:18) അല്ലാഹു നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളെ കുറിച്ചും സൂക്ഷ്മജ്ഞാനമുള്ളവനാണെന്ന ബോധ്യത്തോടെ നാളേക്ക് നാം എന്താണ് കരുതിവെച്ചിട്ടുള്ളതെന്ന് വിലയിരുത്തേണ്ടതുണ്ട്. തിന്മയുടെ തീക്കാറ്റു വീശുന്ന ഈ ലോകത്തെ നന്മയുടെ നിലാവെളിച്ചമുള്ള ലോകമാക്കാനാണ് കഴിയേണ്ടത്. നമ്മുടെ കൂട്ടായ ശ്രമങ്ങളിലൂടെ അതിന് വലിയ സംഭാനകള്‍ അര്‍പ്പിക്കാന്‍ നമുക്ക് സാധിക്കും.
(2014 ഡിസംബര്‍ 12-ന് കോഴിക്കോട് ലുഅ്‌ലുഅ് മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബയുടെ സംഗ്രഹം)

തയ്യാറാക്കിയത് : നസീഫ്‌

Related Articles