Current Date

Search
Close this search box.
Search
Close this search box.

തന്നെ ഓര്‍ക്കുന്നവരെയാണ് അല്ലാഹു ഓര്‍ക്കുക

pray3.jpg

നമ്മുടെ ജീവിതം അമൂല്യമാണ്. അത് കൊണ്ട് തന്നെ ജീവിതത്തെ കുറിച്ച ശരിയായ കാഴ്ചപ്പാട് എപ്പോഴും നമുക്കുണ്ടാവുക എന്നത് അനിവാര്യമാണ്. വ്യക്തമായ ദിശാ ബോധത്തോടെയാണോ ഈ ക്ഷണികമായ ഭൗതിക ജീവിതത്തില്‍ നാം ജീവിക്കുന്നതെന്ന് എപ്പോഴെങ്കിലും വിലയിരുത്തിയിട്ടുണ്ടോ? ജീവിതത്തിലെ വിവിധ രംഗങ്ങളില്‍ അല്ലാഹുവിനെ കുറിച്ച സ്മരണ ഗൗരവപൂര്‍വം മുറുകെ പിടിക്കുന്നവര്‍ക്കെ വിജയം നേടിയെടുക്കാന്‍ കഴിയൂ. മനസ്സമാധാനത്തിനുള്ള വഴി അല്ലാഹുവിനെ കുറിച്ച സ്മരണ മാത്രമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പ്രഖ്യാപിക്കുന്നു.

ഒരു മത്സ്യത്തിന് ജലമെന്ന പോലെ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ എപ്പോഴും മനസ്സിലുണ്ടാവേണ്ടതുണ്ട്. അല്ലാഹുവിനെ കുറിച്ച ഓര്‍മ നഷ്ടപ്പെടുന്ന അവസ്ഥ വെള്ളത്തിന് പുറത്തെത്തുന്ന മത്സ്യത്തിന്റേതിന് തുല്യമാണ്. സുഖകരമായ അവസ്ഥയില്‍ കൂടുതല്‍ അല്ലാഹുവുവിനെ സ്മരിക്കുന്നവര്‍ പ്രയാസപ്പെടുമ്പോള്‍ അല്ലാഹു അവരെ ഓര്‍ക്കും. പ്രയാസകരമായതിനെ എളുപ്പമാക്കുകയും കര്‍മരംഗത്ത് കൂടുതല്‍ കരുത്ത് നല്‍കുകയും ചെയ്യും. മനസ്സിന്റെ വ്യഥകള്‍ക്ക് പരിഹാരവും സല്‍ക്കര്‍മങ്ങല്‍ കൂടുതല്‍ ചെയ്യാനുള്ള സഹായവും അല്ലാഹു നല്‍കും. പിശാചിന്റെ ദുഷ്‌ചെയ്തികളില്‍ നിന്നും തിന്മകളില്‍ നിന്നും മനുഷ്യനെ വിമോചിപ്പിക്കാന്‍ അല്ലാഹുവിനെ കുറിച്ച സജ്ജീവമായ സ്മരണ കൂടിയേ തീരൂ. മനസ്സിന്റെ ഏറ്റവും വലിയൊരു രോഗമാണ് അശ്രദ്ധ. ഈ രോഗത്തിനുള്ള പരിഹാരവും മരുന്നും അല്ലാഹുവിനെ എപ്പോഴും ഓര്‍ക്കുക എന്നത് മാത്രമാണ്. അശ്രദ്ധ വരുത്തുന്ന വിനകളും പ്രശ്‌നങ്ങളും നിത്യജീവിതത്തില്‍ നാം ഏറെ അനുഭവിക്കുന്നവരാണ്. ലക്ഷ്യം വിസ്മരിച്ച് ഭൗതികവിഭവങ്ങള്‍ വര്‍ധിപ്പിക്കാന്‍ ദുരമൂത്ത മനുഷ്യര്‍ നടത്തുന്ന അശ്രാന്ത പരിശ്രമവും പരസ്പര മത്സരവും മരണം വരെ തുടരുമെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. ‘പരസ്പരം പെരുമനടിക്കല്‍ നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു. നിങ്ങള്‍ ശ്മശാനങ്ങള്‍ സന്ദര്‍ശിക്കും വരെ.’ ഈ സൂക്തം ഗൗരവമായ ഒര്‍മപ്പെടുത്തലാണ് നമുക്ക് നല്‍കുന്നത്.

സ്വന്തം അധ്വാന പരിശ്രമങ്ങളിലൂടെ മാത്രമാണ് അല്ലാഹുവിന്റെ പ്രീതിയും കാരുണ്യവും അനുഗ്രഹങ്ങളും ശാശ്വത സാമാധാനവും നമുക്ക് നേടാനാകുക.
‘മനുഷ്യന് താന്‍ പ്രയത്‌നിച്ചതല്ലാതെ യാതൊന്നുമില്ല’ എന്ന വിശുദ്ധ ഖുര്‍ആന്‍ വചനവും എപ്പോഴും നാം ഓര്‍ക്കുക. നമ്മുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു അല്ലാഹുവിന്റെ സരണിയില്‍ നാം ജീവിക്കുമ്പോള്‍ നമ്മുടെ ജീവിത പുരോഗതിയുടെ വഴികള്‍ അല്ലാഹു തുറന്ന് തരും. ഇത് അല്ലാഹുവിന്റെ വാഗ്ദാനവുമാകുന്നു. അല്ലാഹു ഇഷ്ടപ്പെടുന്ന യഥാര്‍ത്ഥ സത്യവിശ്വാസിയാവുക എന്നതാണല്ലോ നമ്മുടെ ലക്ഷ്യം. ജീവിത വഴിയില്‍ ഏതൊന്നില്‍ മുഴുകുമ്പോഴും ഈ ബോധമാണ് വിശ്വാസികളെ വിജയിപ്പിക്കുന്നത്. ചുറ്റുപാടിലെ തിന്മകളില്‍ നിന്നും അപഥ സഞ്ചാരത്തില്‍ നിന്നും സ്വന്തത്തെ രക്ഷപ്പെടുത്താന്‍ കഴിയുന്നതിലാണ് നമ്മുടെ വിജയം. അനാവശ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നിന്ന് ശരിയായ പാഥയിലൂടെ ചരിക്കുന്നവര്‍ക്കേ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയൂ. അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചുമുള്ള സ്മരണകളില്‍ നിന്നും നമ്മെ മാറ്റിനിര്‍ത്തുന്ന ആധുനിക സംവിധാനങ്ങള്‍ വമ്പിച്ച പുരോഗതിയോടെ മുന്നേറികൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. മനുഷ്യ മനസ്സിനെ കീഴടക്കുകയും മറ്റെല്ലാ കാര്യങ്ങളില്‍ നിന്നും അവനെ അശ്രദ്ധനാക്കുകയും ചെയ്യുന്ന ആധുനിക കണ്ടുപിടുത്തങ്ങള്‍ ഒരു വശത്ത് വമ്പിച്ച പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ ഉണ്ടാക്കുന്നത്. ഭൗതിക സുഖസൗകര്യങ്ങള്‍ നമ്മെ ദിശാബോധം നഷ്ടപ്പെടുത്താന്‍ ഇടയാക്കരുത്. നന്മയുടെ പ്രസാരണത്തിനും വ്യക്തിയുടെ വിവര സാങ്കേതിക വികാസത്തിനും ഉപകരിക്കേണ്ട സംവിധാനങ്ങള്‍ നമ്മെ നശിപ്പിക്കാന്‍ ഒരിക്കലും ഇടവരുത്തിക്കൂടാ. ഭൗതിക നേട്ടങ്ങള്‍ നമ്മെ അടിമകളാക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ. അല്ലാഹുവിന്റെ സച്ചരിതരും വിനീതരുമായ ദാസന്മാരാവാനാണ് നാം എപ്പോഴും പ്രയത്‌നിക്കേണ്ടത്.

അല്ലാഹുവിനുള്ള അടിമത്തത്തിന്റെയും സര്‍വ്വസ്വം അര്‍പ്പിക്കുന്നതിന്റെയും ഭാഗമല്ലാത്ത ഒരു കര്‍മവും ലോകത്ത് മനുഷ്യര്‍ക്ക് നിര്‍വഹിക്കാനില്ല . ഭക്ഷിക്കുക. കുടിക്കുക, ഉറങ്ങുക, ചിരിക്കുക, ആസ്വദിക്കുക, സംസാരിക്കുക തുടങ്ങിയതൊന്നും അല്ലാഹുവിന്റെ ഇഷ്ടത്തിന് പുറത്തല്ല. ഇത്തരം ഭൗതികാവശ്യങ്ങളെല്ലാം അനുഭവിച്ചവരായിരുന്നു പ്രവാചകന്‍മാര്‍. അല്ലാഹുവിന് പൂര്‍ണമായി കടപ്പെട്ട ദാസനായിരുന്നു പ്രവാചകന്‍(സ). ചെയ്യുന്ന കര്‍മങ്ങളുടെയെല്ലാം അല്ലാഹുവിന്റെ പ്രീതിയായിരിക്കുക എന്ന ചുരുക്കം. വിശ്വാസം വ്യക്തി ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കേണ്ട മഹിതമായ ഗുണങ്ങള്‍ ഏറെയുണ്ട്. വിശ്വാസം പലരും ധരിക്കുന്നത് പോലെ ആത്മീയ കാര്യങ്ങളെ മാത്രം അംഗീകരിക്കുന്നതിന്റെ പേരല്ല. ഒരാളുടെ സ്വഭാവശീലങ്ങളെയും പെരുമാറ്റ മര്യാദകളെയും പ്രകൃതത്തെയും മാറ്റിമറിക്കാന്‍ പര്യാപ്തമാണ് വിശ്വാസം. ഒരു വിത്തിന്റെ ഗുണം അതിന്റെ പൂവിലും ഫലത്തിലും വേരിലും കാമ്പിലും പ്രകടമാകുന്നത് പോലെ വിശ്വാസത്തിന്റെ് ഗുണഫലങ്ങള്‍ ജീവിതത്തിന്റെവ നിഖില മേഖലകളിലും പ്രകടമാകേണ്ടതുണ്ട്. സ്വഭാവത്തിലും പരസ്പരബന്ധങ്ങളിലും നല്ല മാറ്റങ്ങള്‍ ഉണ്ടാവണം. വിശ്വാസം വഴി നട്ടുവളര്‍ത്തിയ സ്വഭാവ സംസ്‌കരണ ങ്ങളുടെ പ്രയോജനം ആദ്യം ലഭിക്കേണ്ടത് നമ്മുടെ കുടുംബത്തിനാണ്. സമൂഹത്തില്‍ ഏറെ മാന്യനായ വ്യക്തി കുടുംബത്തില്‍ കൊള്ളരുതാത്തവനാണെങ്കില്‍ അത്തരക്കാര്‍ ശരിയായ വിശ്വാസം കൈകൊള്ളാത്തവനാണ്. അതിനാല്‍ തന്നെ വിശ്വാസം മുഖേന ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയണം. ഭൗതിക നേട്ടങ്ങളുടെ പേരിലുള്ള പെരുമയും അഹന്തയും കാരണമായി സത്യത്തെയും ധര്‍മത്തെയും അവഗണിച്ച് മുന്നേറുന്ന അവസ്ഥ ഒരിക്കലും ണ്ടായിക്കൂടാ. ഒട്ടേറെ അനുഗ്രഹങ്ങള്‍ അനുഭവിച്ചും ആസ്വദിച്ചുമാണ് ഓരോ നിമിഷവും നമ്മെ കടന്നു പോകുന്നത്. അളവറ്റ അനുഗ്രഹങ്ങളോട് എന്തു സമീപമാണ് നാം സ്വീകരിച്ചതെന്ന അല്ലാഹുവിന്റെ ചോദ്യം ചെയ്യലില്‍ നിന്ന് നമുക്ക് ഒഴിഞ്ഞു മാറാന്‍ സാധ്യമല്ല. അതിനാല്‍ ലഭ്യമായ അനുഗ്രഹങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനായിരിക്കണം നമ്മുടെ ശ്രമം.

Related Articles