Current Date

Search
Close this search box.
Search
Close this search box.

ജീവിതം ആസ്വാദ്യകരമാക്കാനുള്ള വഴി

happy.jpg

‘ഖുര്‍ആന്റെ തണലിലെ ജീവിതം ഒരനുഗ്രഹം തന്നെ. മനുഷ്യായുസ്സിനെ സംസ്‌കരിക്കുകയും സമാദരിക്കുകയും സമുന്നതിയിലേക്കു നയിക്കുകയും ചെയ്യുന്ന അനുഗ്രഹം. അനുഭവിച്ചവര്‍ക്കു മാത്രമേ അതിന്റെ സുഖമറിയൂ. അല്ലാഹുവിനു സ്തുതി ഹ്രസ്വമായ ഒരിടവേളയിലെങ്കിലും ഖുര്‍ആന്റെ തണലില്‍ ജീവിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി. ജീവിതത്തിലൊരുനാളുമനുഭവിക്കാത്ത ആനന്ദം അക്കാലം ഞാനനുഭവിച്ചു.’ ആധുനിക കാലത്തെ പ്രമുഖ ഇസ്‌ലാമിക ചിന്തകനും, സാഹിത്യകാരനുമായ ശഹീദ് സയ്യിദ് ഖുതുബ് തന്റെ വിഖ്യാത ഖുര്‍ആന്‍ തഫ്‌സീറായ  في ظلال القرآن (ഖുര്‍ആന്‍ തണലില്‍) എന്ന ഗ്രന്ഥത്തിന് എഴുതിയ ആമുഖത്തിലെ പ്രഥമ വരികളാണിത്. വിശുദ്ധ ഖുര്‍ആനെ തന്റെ ജീവിതത്തിനുള്ള മാര്‍ഗദര്‍ശിയും വഴികാട്ടിയുമായി സ്വീകരിച്ച ഏതൊരാള്‍ക്കും പ്രചോദനം നല്‍കുന്നതാണീ വാക്കുകള്‍.

ജീവിതത്തില്‍ ആനന്ദം തേടിയുള്ള യാത്രയിലാണ് ഇന്ന് മനുഷ്യര്‍. തങ്ങളുടെ അധ്വാനവും സമ്പാദ്യവുമെല്ലാം അവര്‍ ഇതിനുവേണ്ടി ചെലവയിക്കുന്നു. എന്നിട്ടും അത് ലഭിക്കാതിരിക്കുമ്പോള്‍ അവര്‍ ലഹരിയിലും മറ്റും വിലയം പ്രാപിക്കുന്നു. ജീവതത്തില്‍ ആനന്ദം കൈവരിക്കാനുള്ള യഥാര്‍ത്ഥവഴികളെ തിരിച്ചറിയാത്തതാണ് ഇതിന്റെ മുഖ്യ കാരണം. ആ വഴി ഏതാണ് എന്ന ചോദ്യത്തിനുള്ള കൃത്യമായ മറുപടിയാണ് മുകളിലുദ്ധരിച്ച വരികള്‍. ഖുര്‍ആന്‍ നിരന്തരം പാരായണം ചെയ്തിട്ടും ആനന്ദം ലഭിക്കാത്തതിന്റെ കാരണവും ഇവ വ്യക്തമാക്കുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ വ്യക്തിയാണ് സയ്യിദ് ഖുതുബ്. പക്ഷെ അദ്ദേഹത്തിന് ഖുര്‍ആന്‍ ആസ്വാദ്യകരമായി അനുഭപ്പെട്ടത് അതിന്റെ തണലില്‍ ജീവിക്കാന്‍ തുടങ്ങിയ അവസാന ഘട്ടത്തിലായിരുന്നു. വിവരണാതീതമായ അനുഭൂതി. തൂക്കുകയറിനെ പോലും പുഞ്ചിരിയോടെ എതിരിടാനുള്ള മനക്കരുത്ത് അദ്ദേഹത്തിന് നല്‍കിയത് ആ ജീവിതമാണ്.

അല്ലാഹുവിന്റെ ഖലീഫയായ മനുഷ്യനുള്ള മാര്‍ഗദര്‍ശക ഗ്രന്ഥമാണ് ഖുര്‍ആന്‍. പാരായണം ചെയ്യുന്നതിലുപരി അതിനെ ജീവിതത്തിനുള്ള വഴികാട്ടിയായി കൂടി സ്വീകരിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. റസൂല്‍(സ)യുടെ ജീവിതം ഇതിന് ഉത്തമ മാതൃകയാണ്. റസൂലിന്റെ ജീവിതം ഖുര്‍ആനായിരുന്നു എന്നാണ് ഹദീസുകളില്‍ പറയുന്നത്. നമ്മുടെ ന്യൂനതകളും കുറവുകളും കണ്ടെത്തി തിരുത്താനുള്ള കണ്ണാടിയായിരിക്കണം ഖുര്‍ആന്‍. അങ്ങിനെയായിത്തീരണമെങ്കില്‍ കേവലം പാരായണത്തിനപ്പുറം അതിന്റെ ആശയം ഗ്രഹിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യുക മാത്രം ചെയ്യുന്നവരെക്കുറിച്ച ഒരറബിക്കവിയുടെ ഉപമ ‘തന്റെ പുറത്ത് ഭാണ്ഡത്തില്‍ വെള്ളമുണ്ടായിട്ടും, മരുഭൂമിയില്‍ ദാഹിച്ചു മരിക്കുന്ന ഒട്ടകത്തെപ്പോലെയാണവന്‍’ എന്നാണ്. തന്റെയടുക്കല്‍ തനിക്കുള്ള ശാശ്വത വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഖുര്‍ആനുണ്ടെങ്കിലും അതിനെക്കുറിച്ചറിയാതെ ജീവിതം തുലക്കുന്ന വിഡ്ഢിയാവരുത് മനുഷ്യന്‍. ഗ്രന്ഥം ചുമക്കുന്ന കഴുതയെപ്പോലെ.

ലോകം ചരിത്രം കണ്ട ഏറ്റവും ഉല്‍കൃഷ്ട സമൂഹം പ്രവാചകന്‍(സ)യുടെ സമൂഹമായിരുന്നു. ബദ്‌റിലെ 313 പേരുടെ മഹത്വം ചരിത്രത്തില്‍ മറ്റൊരു സംഘത്തിനും ലഭിച്ചിട്ടില്ല. ഒരു കാലത്ത് അക്രമങ്ങളിലും ദുര്‍വൃത്തികളിലും അഴിഞ്ഞാടിയ ഇക്കൂട്ടരെ ഈ വിധത്തില്‍ മാറ്റിയെടുത്തത് ഖുര്‍ആനായിരുന്നു. ലോകത്ത് ഖുര്‍ആന്‍ സാധിച്ച വിപ്ലവം മറ്റൊരു ഗ്രന്ഥവും സാധിച്ചിട്ടില്ല.  ഇന്നും അത് തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനം വ്യക്തികളിലുണ്ടാക്കിയ സംസ്‌കരണമാണ്. സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി മനുഷ്യ ജീവിതത്തിന്റെ നിഖിത മേഖലകളിലും ഖുര്‍ആന്‍ അത് സാധിച്ചെടുത്തു. ഈ ഖുര്‍ആനെ നെഞ്ചിലേറ്റാനും അതിന്റെ തണലിലെ ജീവിതത്തിന്റെ വിവരണാതീതമായ അനുഭൂതി ആസ്വദിക്കാനും നാം തയ്യാറാകേണ്ടതുണ്ട്.

Related Articles