Current Date

Search
Close this search box.
Search
Close this search box.

ചെലവുകളെ സമ്പാദ്യമാക്കി മാറ്റുന്നവര്‍

buy-sell.jpg

എന്ത് കാര്യം ചെയ്യുമ്പോഴും തനിക്കെന്ത് ലഭിക്കുമെന്ന ആലോചന മനുഷ്യ പ്രകൃതത്തിന്റെ സവിശേഷതയാണ്. അത്‌കൊണ്ടാണ് വ്യത്യസ്ത ധനസമ്പാദന മാര്‍ഗ്ഗങ്ങളില്‍ കച്ചവടത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നത്. പരിധികള്‍ക്കധീതമായ വരുമാനമാണ് അതിന്റെ വലിയ ആകര്‍ഷണീയതകളിലൊന്ന്. തത്തുല്യമായ അളവില്‍ നഷ്ട സാധ്യത നിലനില്‍ക്കുമ്പോഴും ലാഭത്തോടുളള മനുഷ്യന്റെ അഭിനിവേശമാണ് കച്ചവടത്തെ ജനകീയമാക്കിത്തീര്‍ക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിയുടെ ശാരീരികവും സാമ്പത്തികവുമായ ചിലവഴിക്കലുകളെ കുറിച്ച് പറയുമ്പോള്‍ മനുഷ്യന്റെ ഈ കച്ചവടത്വരയെ അഭിമുഖീകരിക്കുന്നത് കാണാവുന്നതാണ്. അല്ലാഹുവിന്റെമാര്‍ഗത്തിലെ ത്യാഗപരിശ്രമങ്ങളെ വേദനാജനകമായ ശിക്ഷയില്‍ നിന്ന് രക്ഷിക്കുന്ന കച്ചവടമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ (61:10) പരിചയപ്പെടുത്തുന്നത്. മറ്റൊരിടത്ത് സമാന സ്വഭാവമുളള കര്‍മ്മങ്ങളെ ‘നഷ്ടം സംഭവിക്കാത്ത കച്ചവടം’ എന്ന് വിശേഷിപ്പിക്കുന്നത് കാണാവുന്നതാണ്(35:29). സന്മാര്‍ഗത്തിന് പകരം പിഴച്ചമാര്‍ഗം വിലക്ക് വാങ്ങുന്ന മുനാഫിഖുകളുടെ ലാഭകരമല്ലാത്ത കച്ചവടത്തെ ഭര്‍ത്സിക്കുന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കപ്പെടേണ്ടതാണ്.മ നുഷ്യരുടെ ലാഭ-നഷ്ടങ്ങളെ വിശദീകരിക്കുവാന്‍ അവരുടെ പ്രാകൃതത്തോട് ഏറെ ഇണങ്ങുന്ന കച്ചവത്തെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം, അതിനെ കുറിച്ച ചില സര്‍വ്വാംഗീകൃത ധാരണകളെ പ്രശ്‌നവല്‍ക്കരിക്കുക കൂടി ചെയ്യുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍.

പ്രത്യയശാസ്ത്രപരമായി ഇരുധ്രുവങ്ങളില്‍ നിലയുറപ്പിക്കുമ്പോഴും, വരുമാനമില്ലാത്ത ഇടപാടുകളില്‍ ഇറക്കുന്ന മൂലധനം നഷ്ടപ്പെട്ടു എന്നും കയ്യില്‍ മിച്ചമുളളത് സമ്പാദ്യമാണ് എന്നുമുളള കാര്യത്തില്‍ കമ്മ്യൂണിസ്റ്റ്-മുതലാളിത്ത ദ്വന്ദ്വങ്ങള്‍ ഏകാഭിപ്രായക്കാരാണ്. ഏതാണ്ടെല്ലാ മനുഷ്യനിര്‍മ്മിത സാമ്പത്തിക സിദ്ധാന്തങ്ങളും ഉപരിസൂചിത തത്വത്തില്‍ വിശ്വസിക്കുന്നവയാണ്. ലാഭ-നഷ്ടങ്ങളെ കുറിച്ചുളള ഇത്തരം സങ്കല്‍പ്പങ്ങളെ കീഴ്‌മേല്‍ മറിച്ചു കളയുകയാണ് ഇസ്‌ലാം ചെയ്തത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്റെ മുഴുവന്‍ സമ്പാദ്യവും ഖുറൈശികള്‍ക്ക് മുന്നില്‍ വലിച്ചെറിഞ്ഞ് മദീനയിലേക്ക് പാലായനം ചെയ്ത സുഹൈബ് റൂമി ഭൗതിക ദൃഷ്ട്യാ കടുത്ത നഷ്ടകാരിയാണ്. എന്നാല്‍ ഈ ഇടപാടിനെ കുറിച്ചറിഞ്ഞ പ്രവാചകന്‍(സ)യുടെ ആദ്യ പ്രതികരണം ‘സുഹൈബ് ലാഭം കൊയ്തിരിക്കുന്നു’ എന്നായിരുന്നു. ശരീരവും സമ്പത്തും ചിലവഴിച്ച് സ്വര്‍ഗ്ഗം വിലക്കുവാങ്ങുന്നവരെക്കുറിച്ച ദൈവിക സുവാര്‍ത്ത വിസ്മയകരമായ ഈ കാഴ്ച്ചപ്പാടിന്റെ വിശദീകരണമാണ്(9:11). വിശ്വാസികളുടെ നിസ്വാര്‍ത്ഥമായ സാമ്പത്തിക-ശാരീരിക ത്യാഗങ്ങളെ ‘അല്ലാഹുവിന് കടംകൊടുക്കുക’യെന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുളളത്. ഇരട്ടിക്കിരട്ടി തിരിച്ചു നല്‍കപ്പെടുന്ന വിശുദ്ധ കടങ്ങളാണ് ആ ത്യാഗങ്ങള്‍. ഇങ്ങനെ നഷ്ടം സംഭവിച്ചു എന്ന് പൊതുവെമനസ്സിലാക്കപ്പെടുന്ന ചെലവഴിക്കലുകള്‍, കൂടുതല്‍ മൂല്യമുളളതിനെ വിലക്കുവാങ്ങലായും ഇരട്ടികള്‍ തിരിച്ചു കിട്ടുന്ന കടങ്ങളായും അവതരിപ്പിക്കുന്നേടത്ത് അവ യഥാര്‍ത്ഥ സമ്പാദ്യങ്ങളായി പരിവര്‍ത്തിപ്പിക്കപ്പെടുകയാണ്. അതോടൊപ്പം സമ്പാദ്യമാണ് എന്ന് തെറ്റിദ്ധരിച്ച് ഭദ്രമായിസൂക്ഷിച്ച ധന-നിക്ഷേപാദി വസ്തുക്കള്‍ നാശഹേതുവാകുന്ന ദുരവസ്ഥയെക്കുറിച്ചു കൂടി പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
 
ലാഭ-നഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന പുതിയ കാലത്ത്,യഥാര്‍ത്ഥ ലാഭങ്ങളെക്കുറിച്ച് പുതിയ ചിലബോധ്യങ്ങള്‍ പങ്കുവെക്കുന്നുണ്ട് ഇത്തരം അധ്യാപനങ്ങള്‍.അഭയാര്‍ത്ഥികളും അശരണരും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന പുതിയ ലോകക്രമത്തില്‍ ചെലവഴിക്കുക വഴി കരഗതമാവുന്ന യഥാര്‍ത്ഥ സമ്പാദ്യങ്ങളാണ് നമ്മെ മോഹിപ്പിക്കേണ്ടത്. അപ്പോഴാണ് പരിധികളില്ലാത്ത ലാഭം നമ്മെ തേടിയെത്തുന്നത്.

Related Articles