Current Date

Search
Close this search box.
Search
Close this search box.

ഒരേസമയം ധൂര്‍ത്തനും പിശുക്കനുമാകുന്ന മനുഷ്യന്‍

direction.jpg

ഐഹികജീവിതം വളരെ പരിമിതമാണ്. അതിന്റെ ആനന്ദങ്ങള്‍ തുലോം തുഛമാണ്. എത്ര ആയുസ്സ് ലഭിച്ചാലും അതിന്റെ ചെറിയ ഒരംശം മാത്രമാണ് മനുഷ്യന് ആസ്വദിക്കാന്‍ സാധിക്കുക. നീ എത്ര സമ്പാദിച്ചാലും നിന്റെ അവസ്ഥ ഇതുതന്നെയാണ്. ഒരു രോഗമോ മരണമോ പിടികൂടുന്നതിലൂടെ ഈ ആനന്ദങ്ങളെല്ലാം നിനക്ക് അന്യമാകുന്നു. മാത്രമല്ല, ചെറിയ ഒരു ദുരന്തത്തിലൂടെ ഈ ധനമെല്ലാം നിനക്ക് നഷ്ടപ്പെടുകയും ചെയ്യും. (അല്‍ മുല്‍ക് 17/21)

മനുഷ്യരെല്ലാം ഈ യാഥാര്‍ഥ്യം അറിയുന്നുണ്ടെങ്കിലും വ്യത്യസ്തമായ രീതിയിലാണ് ഈ ജീവിതത്തെ നോക്കിക്കാണുന്നതും നിലപാടെടുക്കുന്നതും. ചിലര്‍ പരിമിതമായ ഈ ജീവിതത്തെ പരമാവധി ആസ്വദിക്കാനുള്ള മാര്‍ഗമായി കാണുന്നു. ചിലര്‍ വലിയ സമ്പാദ്യങ്ങള്‍ തനിക്കോ സമൂഹത്തിനോ ഒരു പ്രയോജനം ലഭിക്കാത്ത രീതിയില്‍ കുന്നുകൂട്ടിവെക്കുന്നു. ജീവിതത്തിന്റെ അനുഗ്രഹങ്ങള്‍ പ്രയോജനപ്പെടുത്താതെ ഒന്നുമില്ലാത്തവരെ പോലെ കഴിയുന്നവരാണ് ഇക്കൂട്ടര്‍. മറ്റുചിലര്‍ തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ സ്വന്തത്തിനും സമൂഹത്തിനും പ്രയോജനപ്രദമായ രീതിയില്‍ ഫലപ്രദമായി വിനിയോഗിക്കുന്നു. ആയുസ്സ് എത്ര പരിമിതമാണെങ്കിലും യഥാര്‍ഥത്തില്‍ ജീവിക്കുന്നവര്‍ ഇക്കൂട്ടരാണ്.

പിശുക്ക് മനുഷ്യനെ നശിപ്പിക്കുന്ന ഒരു രോഗമാണ്. പിശുക്ക് കാരണം നല്ല ഭക്ഷണവും മാന്യമായ വസ്ത്രവും സ്വന്തത്തിന് വിലക്കുന്നു. വെളിച്ചം അകത്തുകടക്കാതിരിക്കാന്‍ വാതിലുകള്‍ അടക്കുന്നവനെ പോലയാണ്. കീറിയ വസ്ത്രം ധരിച്ചുനടക്കുന്ന ഒരാളെ പ്രവാചകന്റെ ശ്രദ്ദയില്‍ പെടുകയുണ്ടായി. നിന്റെയടുത്ത് പണമുണ്ടോ എന്ന് പ്രവാചകന്‍ അദ്ദേഹത്തോട് ചോദിച്ചു. അതെ, എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഏതുതരം ധനമാണെന്ന് ചോദിച്ചപ്പോള്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നാണയങ്ങളും ഒട്ടകവും ആടുമെല്ലാം ഉണ്ട് എന്ന് പറഞ്ഞു. ഉടന്‍ പ്രവാചകന്‍ പ്രതികരിച്ചു. എങ്കില്‍ അല്ലാഹു നിനക്ക് കനിഞ്ഞരുളിയ അനുഗ്രഹങ്ങള്‍ നിന്നില്‍ കാണട്ടെ. അല്ലാഹു തന്റെ അടിമകള്‍ക്കരുളിയ അനുഗ്രഹങ്ങള്‍ അവരില്‍ പ്രകടമാകുന്നത് ഇഷ്ടപ്പെടുന്നു. (തിര്‍മുദി, ഹാകിം)

തന്റെ ആവശ്യങ്ങള്‍ക്കായി വളരെ ഉദാരതയോടെ ചിലവഴിക്കുകയും കുടുംബത്തിന്റെ കാര്യത്തില്‍ പിശുക്ക് കാണിക്കുകയും ചെയ്യുന്നവരുണ്ട്. വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു, രുചികരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നു, മുന്തിയ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നു. എന്നാല്‍ ഭാര്യയുടെയും മക്കളുടെയും കാര്യത്തില്‍ ചിലവഴിക്കുമ്പോള്‍ അങ്ങേയറ്റം ലുബ്ദ് കാണിക്കുകയും ചെയ്യുന്നു. അവന്റെ പരിഭവങ്ങളും പരാതികളും വര്‍ധിക്കുകയും ചെയ്യുന്നു. തന്റെ മക്കളെയും ഭാര്യയെയും പട്ടിണിക്കിട്ട് വയറ് നിറയെ ഭക്ഷണം കഴിക്കുക, കുടുംബത്തെ പ്രയാസത്തിലാഴ്ത്തി ആനന്ദത്തില്‍ കഴിയുക എന്നത് മാനുഷികമായി തന്നെ വളരെ മോശമായ ഒരു സംസ്‌കാരമാണ്. ജന്തുക്കള്‍ വരെ തങ്ങളേക്കാള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് കാണാം. തന്റെ സംരക്ഷണത്തില്‍ കഴിയുന്നവരെ ഇത്തരത്തില്‍ പ്രയാസപ്പെടുത്തുന്നതിനെ ഇസ്‌ലാം ശക്തമായി അപലപിക്കുന്നു. എത്രത്തോളമെന്നാല്‍ തന്റെ സംരക്ഷണത്തിലുള്ളവര്‍ക്ക് അനിവാര്യമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഭര്‍ത്താവിന്റെ ധനം അവന്റെ അനുവാദമില്ലാതെ ആവശ്യത്തിന് എടുത്തുപയോഗിക്കാനുള്ള അനുവാദം സ്ത്രീക്ക് ഇസ്‌ലാം നല്‍കുന്നുണ്ട്. അബൂസുഫയാന്റെ പത്‌നി പ്രവാചക സവിധത്തില്‍ വന്നു പറഞ്ഞു. അബൂസുഫ്‌യാന്‍ ലുബ്ധനായ ഒരു മനുഷ്യനാണ്. എനിക്കും എന്റെ മക്കള്‍ക്കും ആവശ്യമായ കാര്യങ്ങള്‍ അദ്ദേഹം ചെയ്തുതരുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹം അറിയാതെ അദ്ദേഹത്തിന്റെ ധനം ഞാന്‍ എടുത്തുപയോഗിക്കട്ടെ. പ്രവാചകന്‍ പ്രതിവചിച്ചു. നിനക്കും നിന്റെ മക്കള്‍ക്കും ആവശ്യമായ ധനം അദ്ദേഹത്തില്‍ നിന്നെടുത്ത് നല്ല നിലയില്‍ നീ ചെലവഴിക്കുക. (ബുഖാരി, മുസ്‌ലിം)

തന്റെയും കുടുംബത്തിന്റെയും കാര്യത്തില്‍ ഒരു മാനദണ്ഡവുമില്ലാതെ ചിലവഴിക്കുകയും ആനന്ദത്തില്‍ കഴിയുകയും ചെയ്യുന്ന ചിലരുണ്ട്. എന്നാല്‍ സാമൂഹികമോ ഇസ്‌ലാമികമോ ആയ കാര്യങ്ങള്‍ക്കായി വല്ല സഹായവും ആവശ്യപ്പെട്ടാല്‍ ലുബ്ദ് കാണിക്കുകയും മുഖംതിരിക്കുകയും ചെയ്യും. വിമുഖത കാണിക്കുകയും അഹങ്കരിക്കുകയും ചെയ്യും. മാത്രമല്ല ജീവിത പ്രയാസങ്ങള്‍, കച്ചവടത്തിലെ നഷ്ടത്തിന്റെ കഥകള്‍ എന്നിവ നിരത്തുന്നത് കേട്ടാല്‍ വന്നവര്‍ അദ്ദേഹത്തെ സഹായിച്ചാലോ എന്നു തോന്നിപ്പോകുന്ന രീതിയിലായിരിക്കും അവരുടെ സമീപനങ്ങള്‍. ഇത്തരത്തിലുള്ള നിരവധി സമ്പന്നരെ മുസ്‌ലിം സമൂഹത്തില്‍ നമുക്ക് കാണാം. അവരുടെ സമീപനങ്ങളും താന്‍പ്രമാണിത്തവും സമുദായത്തിനുമേല്‍ കരിവാരിത്തേക്കുന്ന രീതിയിലായിരിക്കും. അവരുടെ വിവാഹങ്ങളും സല്‍കാരങ്ങളുമെല്ലാം ആര്‍ഭാടത്തിന്റെ കൂത്തരങ്ങുകളായിരിക്കും. മന്ത്രിമാരെയും ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരെയും കൊണ്ടുവരാനും തന്റെ പ്രൗഢി സമൂഹത്തിനു മുമ്പില്‍ കാണിക്കാനും കോടികള്‍ പൊടിപൊടിക്കും. എന്നാല്‍ പൊതുനന്മയുടെ മാര്‍ഗത്തില്‍ ചിലവഴിക്കുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്യും. ഇത് പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ്.

ഒന്ന്, ദൈവമാര്‍ഗത്തില്‍ സല്‍സംരംഭങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചാല്‍ അല്ലാഹുവിന്റെയടുത്ത് നിന്ന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച യഥാര്‍ഥ വിശ്വാസമില്ലായ്മ. തന്റെ ധനം ചിലവഴിക്കുന്നതിലൂടെ ദാരിദ്ര്യം പിടികൂടും എന്ന പിശാചിന്റെ ദുര്‍ബോധനത്തിന് വശംവദരാകല്‍. ഖുര്‍ആന്‍ വിവരിക്കുന്നു. ‘പിശാച് പട്ടിണിയെപ്പറ്റി നിങ്ങളെ പേടിപ്പിക്കുന്നു. നീചവൃത്തികള്‍ക്കു നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.എന്നാല്‍ അല്ലാഹു തന്നില്‍ നിന്നുള്ള പാപമോചനവും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നു(അല്‍ ബഖറ: 268)
രണ്ട്, മാനവികതയും സാമൂഹ്യബോധവും മരവിച്ചത് അവരുടെ മനസ്സില്‍ നിന്നും മരവിച്ചിരിക്കും. താന്‍പോരിമ അവരെ കീഴടക്കിയിരിക്കും. താന്‍ സമ്പാദിച്ചത് തനിക്ക് സുഖമായി ജീവിക്കാനാണ്, മറ്റുള്ളവര്‍ക്കെന്തായാലും അത്എനിക്ക് പ്രശ്‌നമല്ല എന്ന ധാരണയായിരിക്കും അവര്‍ക്കുണ്ടാകുക. മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണെന്നും സഹജീവിയുടെ കണ്ണീരൊപ്പുന്നതിലൂടെ മാത്രമേ യഥാര്‍ഥ സൗഭാഗ്യം കരഗതമാക്കാന്‍ കഴയൂ എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാത്തതാണ് അവരുടെ യഥാര്‍ഥ പ്രശ്‌നം. ഈ സാമൂഹ്യബോധം അന്യം നിന്നതാണ് നമ്മുടെ സമൂഹം ഇന്നനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെയും പ്രതിസന്ധികളുടെയും പ്രധാന കാരണം. പ്രവാചകന്‍ പഠിപ്പിച്ചു: ‘അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. ‘(ത്വബ്‌റാനി) ‘മുസ്‌ലിംകളുടെ കാര്യത്തില്‍ ശ്രദ്ധയും പരിഗണനയുമില്ലാത്തവന്‍ അവരില്‍ പെട്ടവനല്ല.’

മൊഴിമാറ്റം: അബ്ദുല്‍ബാരി കടിയങ്ങാട്‌

Related Articles