Current Date

Search
Close this search box.
Search
Close this search box.

ആത്മശാന്തിയിലേക്കുള്ള കുറുക്കുവഴി

ആത്മശാന്തി തേടിയുള്ള യാത്രയിലാണ് ഇന്ന് മനുഷ്യര്‍. തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് പലരും വ്യത്യസ്തങ്ങളായ വഴികളാണ് തെരെഞ്ഞെടുക്കുന്നത്. ചിലര്‍ മദ്യപാനം പോലെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുന്നു. മറ്റു ചിലര്‍ ആള്‍ദൈവങ്ങളുടെയും വ്യജ സന്യാസിമാരുടെയും അടുക്കല്‍ അഭയം തേടുന്നു. മറ്റു ചിലര്‍ മഖ്ബറകളിലേക്കും ക്ഷേത്രങ്ങളിലേക്കും തീര്‍ത്ഥയാത്രകള്‍ നടത്തുന്നു. ആത്മശാന്തിക്കായുള്ള ഇത്തരം രീതികള്‍ മനുഷ്യന് വമ്പിച്ച ധനനഷ്ടം വരുത്തുന്നതും, പ്രതീക്ഷിച്ച കാര്യം സാധിക്കാത്തതുമാണ്. സമൂഹത്തിലെ ചെറിയ വിഭാഗത്തിന് തടിച്ചു കൊഴുക്കാനും, അതിലുപരി സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പടര്‍ത്താനും ഇവ വഴിവെക്കുന്നു. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം സമൂഹത്തില്‍ തിന്മകള്‍ അധികരിക്കാന്‍ ഇടവരുത്തുകയും ചെയ്യുന്നു.

ആത്മശാന്തി നേടാനുള്ള യഥാര്‍ത്ഥ വഴി മനുഷ്യന്‍ തിരിച്ചറിയാതെ പോയതാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമായത്. ആ വഴിയെക്കുറിച്ച് പ്രപഞ്ചത്തിന്റെയും, മനുഷ്യരുടെയും സ്രഷ്ടാവ് തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു. : ”അറിയുക ദൈവസ്മരണ കൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.” ‘ദിക്‌റുല്ലാഹ് ‘(ദൈവസ്മരണ) എന്ന പദമാണ് ഇവിടെ പ്രയോഗിച്ചത്. ദിക്‌റുല്ലാഹ് മനുഷ്യനെ തെറ്റുകളില്‍ നിന്നും ദൂഷ്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുകയും അവന്റെ മനസ്സിന് സ്വസ്ഥതയും സമാധാനവും പകരുകയും ചെയ്യുന്നു. മനുഷ്യനെ എല്ലാവിധ ഭയപ്പാടുകളില്‍ നിന്നും അത് മോചിതനാക്കുന്നു. എന്നാല്‍ ഈ സംജ്ഞയെക്കുറിച്ചും ഇന്ന് സമൂഹം തെറ്റിദ്ധരിച്ചിരിക്കുന്നു. അതിനാല്‍ ദൈവസ്മരണയുടെ യഥാര്‍ത്ഥ രൂപത്തെക്കുറിച്ചും മനുഷ്യന്‍ തിരിച്ചറിയേണ്ടതുണ്ട്.

നാവുകൊണ്ട് വെറുതെ ചില അറബി പദങ്ങള്‍ ഉരുവിടുക എന്നല്ല ദൈവസ്മരണ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് സമൂഹത്തില്‍ നടമാടുന്ന ‘ദിക്‌റ് ഹല്‍ഖ’ കള്‍ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങള്‍ എന്താണെന്ന് മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്.  മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ മേഖകലകളെയും അവന്റെ കര്‍മ്മ മണ്ഡലങ്ങളെയും പൂര്‍ണ്ണമായും ചൂഴ്ന്നു നില്‍ക്കുന്ന ചലനാത്മകമായ പ്രകൃയയാണ് ദിക്‌റുല്ലാഹ് എന്ന് പറയുന്നത്. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്ന ഒരു സദ്‌വൃത്തനായ വ്യക്തിയേയാണ് ദിക്‌റുല്ലാഹ് വാര്‍ത്തെടുക്കുന്നത്. ദൈവത്തിന്റെ നാമങ്ങളുരുവിടലും, അവന്റെ മഹത്വങ്ങള്‍ വാഴ്ത്തലും ഈ പ്രകൃയയില്‍ മനുഷ്യന് സഹായകമായി വര്‍ത്തിക്കുന്ന ചില ഘടകങ്ങള്‍ മാത്രം.

വിശുദ്ധഖുര്‍ആന്‍ ദൈവസ്മരണയെക്കുറിച്ച് പലയിടങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ചിന്താശേഷിയും ബുദ്ധിയുമുള്ള വിഭാഗത്തെ വിശേഷിപ്പിച്ച് അല്ലാഹു പറയുന്നു. ”അവര്‍ നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുന്നവരാണ്’. അതായത് മനുഷ്യജീവിതത്തിന്റെ മുഴുവന്‍ വ്യവഹാരങ്ങളിലും അല്ലാഹുവിനെ ഓര്‍ക്കുകയും അവന്റെ വിധിവിലക്കുകള്‍ അനുസരിക്കുകയും ചെയ്യുന്നവരാണവര്‍. പിശാചിന്റെ പാര്‍ട്ടിയില്‍ പെട്ടവരെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് അവര്‍ അല്ലാഹുവിനെ സ്മരിക്കാത്തവരാണെന്നാണ്. ‘പിശാച് അവരെ തന്റെ പിടിയിലൊതുക്കിയിരിക്കുന്നു. അങ്ങനെ അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്ന് അവനവരെ മറപ്പിച്ചിരിക്കുന്നു. അവരാണ് പിശാചിന്റെ പാര്‍ട്ടി. അറിയുക: നഷ്ടം പറ്റുന്നത് പിശാചിന്റെ പാര്‍ട്ടിക്കാര്‍ക്കു തന്നെയാണ്”(ഖു: 58- 19) അപ്പോള്‍ ‘ ദിക്‌റുള്ള’ വാര്‍ത്തെടുക്കുന്നത് നന്മേച്ഛുക്കളെയാണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.

അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവര്‍ക്കുന്നവര്‍ക്ക് ഉത്തമ മാതൃകയായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയത് മുഹമ്മദ് നബി(സ)യെയാണ്. അല്ലാഹു പറയുന്നു: ” തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അല്ലാഹുവെയും  അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്നവര്‍ക്കാണിത്”. നമസ്‌കരിക്കുകയും അല്ലാഹുവെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ വീട്ടുജോലികളിലും, സാമൂഹത്തില്‍ ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട പ്രവാചകനെയാണ് നമുക്ക് ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും, അധസ്ഥിതരും, പിന്നോക്കക്കാരുമായ ജനങ്ങളുടെ അത്താണിയായിരുന്നു പ്രവാചകന്‍. മനുഷ്യരെ മാത്രമല്ല മറ്റു ജീവജാലങ്ങളെയും പ്രവാചകന്‍ പരിഗണിച്ചു. അല്ലാഹുവിന്റെ കല്‍പനകളും നിര്‍ദ്ദേശങ്ങളും ജീവിത യാത്രയിലുടനീളം പകര്‍ത്തിയതിലൂടെ ‘ദിക്‌റുല്ലാ’ യുടെ യഥാര്‍ത്ഥ വക്താവാകുകയായിരുന്നു പ്രവാചകന്‍. പ്രവാചക സഖാക്കളുടെ ജീവിതവും ഇതിന്റെ ഉത്തമ മാതൃകയാണ്. ആത്മശാന്തി കൈവരിക്കാന്‍ കുറുക്കു വഴികള്‍ തേടാതെ തങ്ങളുടെ സ്രഷ്ടാവ് തന്നെ നിര്‍ദ്ദേശിച്ച യഥാര്‍ത്ഥ വഴി തെരെഞ്ഞെടുക്കാന്‍ മനുഷ്യര്‍ തയ്യാറാകേണ്ടതുണ്ട്. അല്ലാതെ കുറുക്കു വഴികളെന്വേഷിക്കുന്ന പണി ബുദ്ധിമാന്മാര്‍ക്ക് ഭൂഷണമല്ല.

Related Articles