Current Date

Search
Close this search box.
Search
Close this search box.

അഹങ്കാരം : ആരാധനകളെ തകര്‍ക്കുന്ന വിപത്ത്

kibr.jpg

അഹങ്കാരത്തിന്റെ നിര്‍വ്വചനമായി പ്രവാചകന്‍ പറഞ്ഞത് ‘അഹങ്കാരം സത്യത്തെ ധിക്കരിക്കലും ജനങ്ങളെ നിന്ദിക്കലുമാണ്’ എന്നാണ്. ജനങ്ങളെ നിന്ദിക്കല്‍ എന്നതിന്റെ വിവക്ഷ, ഒരാളുടെ ഹൃദയത്തില്‍ സ്വയം വലിയവനാണെന്നുള്ള തോന്നലുണ്ടാവുക എന്നത്രെ. അഹങ്കാരം അലങ്കാരമാക്കി നടക്കുന്നവര്‍ അതിനുള്ള പ്രധാന മാനദണ്ഡമായി കരുതുന്നത് തങ്ങളിലുള്ള ഏതെങ്കിലും പ്രത്യേകതയാണെന്ന്. അറിവ്, ജോലി, കുടുംബ പാരമ്പര്യം, ധനം, സൗന്ദര്യം, പദവി, ശക്തി തുടങ്ങിയവയെല്ലാം പലര്‍ക്കും അഹങ്കാരിക്കാനുള്ള മാര്‍ഗമായിത്തീര്‍ന്നിരിക്കുന്നു. മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന സ്ഥാനവും പദവിയും തനിക്കുണ്ടെന്ന വിചാരത്താല്‍ ജനങ്ങള്‍ക്കു മുകളിലെത്താന്‍ നടത്തുന്ന പ്രയത്‌നമാണ് അഹങ്കാരം എന്ന് ഇമാം നവവി തന്റെ രായാളുസ്വാലിഹീന്‍ എന്ന ഗ്രന്ഥത്തില്‍  പറയുന്നു. അഹങ്കാരമെന്നാല്‍ സ്വന്തത്തെ അമിതമായി ആദരിക്കുക, തനിക്കുള്ള മേന്‍മകള്‍ എടുത്തു കാട്ടുക, ജനങ്ങളെ കൊച്ചാക്കുക, വിനയം കാട്ടേണ്ടിടത്ത് ഔന്നിത്യം നടിക്കുക തുടങ്ങിയവയാകുന്നു. അഹങ്കാരത്തിന്റെ ലക്ഷണങ്ങള്‍ അഹങ്കാരിയുടെ സംസാരത്തിലും ചലനത്തിലും നിശബ്ദതയില്‍ പോലും പ്രതിഫലിച്ചു കാണാന്‍ സാധിക്കും. അവന്റെ ആഗ്രഹങ്ങളിലും ചിന്തകളിലും ആ ദുസ്വഭാവം നിഴലിച്ചു കാണാം. എപ്പോഴും മറ്റുള്ളവരില്‍ നിന്നും ഉയര്‍ന്നു നില്‍ക്കാനുള്ള ത്വര അത്തരക്കാരെ കീഴ്‌പ്പെടുത്തും. പര്‍വ്വതത്തിനു മുകളില്‍ കയറി നിന്ന് താന്‍ തന്നെയാണ് വലിയവനെന്ന് കരുതുന്നതി ജനങ്ങളെ കൊച്ചാക്കുന്ന വിഢിത്തം നിറഞ്ഞ ഏര്‍പ്പാടാണ് അഹങ്കാരമെന്ന് ചില തത്വചിന്തകന്‍മാര്‍ അഭിപ്രായപ്പെടുന്നു.

ഒരു യഥാര്‍ത്ഥ വിശ്വസിയുടെ ജീവിതത്തെ അഹങ്കാരം ബാധിച്ചു കൂട. ആ ദുസ്വഭാവത്തോട് അടുക്കാതിരിക്കുക. ജീവിതത്തില്‍ വിനയത്തെ ഇല്ലാതാക്കാനും സ്വഭാവദൂഷ്യം കടന്നു കൂടാനും അഹങ്കാരം കാരണമായേക്കും. കോപവും പകയും നുരഞ്ഞു പൊന്താനിടയാക്കും. നമ്മില്‍ നിന്നും തീര്‍ച്ചായായും നീങ്ങിപ്പോവുന്നവയാണ് പലപ്പോഴും നാം അഹങ്കരിക്കുന്ന കാര്യങ്ങള്‍. വിനയം കൂടുന്തോറും ദൈവം മുസ്‌ലിമിനെ ഉയര്‍ത്തും. അഹങ്കാരം അവനെ നിന്ദ്യതയിലേക്ക് നയിക്കുന്നു. വിനയം കാണിക്കാത്ത ഒന്നിനെയും ദൈവം ഉയര്‍ത്തുകയില്ല.

ഖുര്‍ആനും സുന്നത്തും അഹങ്കാരത്തെ ആക്ഷേപിക്കുന്നതായും വിരോധിക്കുന്നതായും നമുക്ക് കാണാം. അഹങ്കാരം ദൈവിക ദൃഷ്ടാന്തങ്ങളെ അവഗണിക്കുന്നതിലേക്ക് നയിക്കുന്നു. അല്ലാഹു പറയുന്നു : ‘വ്യാജ വാദിയും അധര്‍മ്മകാരിയുമായ ഏതൊരാള്‍ക്കും നാശം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നത് അവന്‍ കേള്‍ക്കുകയും എന്നിട്ട് അത് കേട്ടിട്ടില്ലാത്തത് പോലെ അഹങ്കാരിയായക്കൊണ്ട് ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന് നമ്മുടെ വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷ വാര്‍ത്ത അറിയിച്ചു കൊള്ളുക’. (ജാഥിയ 6,7) ‘അപ്രകാരം അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു’. (ഗാഫിര്‍ 35)
 
അഹങ്കാരം സത്യമാര്‍ഗത്തില്‍ നിന്നും വഴി തെറ്റുന്നതിന് കാരണമാവുമെന്നും ഖുര്‍ആന്‍ പറയുന്നു. ‘ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച് കൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചു കളയുന്നതാണ് ‘. (അഅ്‌റാഫ് 146)

നരകത്തിന്റെ അടിത്തട്ടില്‍ പതിക്കാന്‍ അഹങ്കാരം വഴിവെക്കുന്നെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘സത്യനിഷേധികള്‍ നരകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം (അവരോട് പറയപ്പെടും) ഐഹികജീവിതത്തില്‍ നിങ്ങളുടെ നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ പാഴാക്കിക്കളയുകയും, നിങ്ങള്‍ അവകൊണ്ട് സുഖമനുഭവിക്കുകയും ചെയ്തു. അതിനാല്‍ ന്യായം കൂടാതെ നിങ്ങള്‍ ഭൂമിയില്‍ അഹംഭാവം നടിച്ചിരുന്നതിന്റെ ഫലമായും നിങ്ങള്‍ ധിക്കാരം കാണിച്ചിരുന്നതിന്റെ ഫലമായും ഇന്നു നിങ്ങള്‍ക്ക് അപമാനകരമായ ശിക്ഷ പ്രതിഫലമായി നല്‍കപ്പെടുന്നു’. (അഹ്ഖാഫ് 20), മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു ‘( അവരോട് ) പറയപ്പെടും: നിങ്ങള്‍ നരകത്തിന്റെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. എന്നാല്‍ അഹങ്കാരികളുടെ പാര്‍പ്പിടം എത്ര ചീത്ത’! (സുമര്‍ 72). ഹൃദയത്തില്‍ അണുമണിത്തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. ഒരു ഖുദ്‌സിയായ ഹദീസില്‍ ഇപ്രകാരം കാണാം. അല്ലാഹു പറയുന്നു : ‘അഹങ്കാരവും ഔന്നത്യവും എന്റെ വസ്ത്രങ്ങളാകുന്നു. അത് ആരെങ്കിലും ധരിച്ചാല്‍ നിസ്സംശയം അവന്‍ നരകത്തിലായിരിക്കും’. അണുമണിത്തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ ചോദിച്ചു. ‘നബിയേ, ഒരാള്‍ തന്റെ വസ്ത്രവും ചെരിപ്പും നല്ലതാവണമെന്ന് വിചാരിച്ചാലോ?’. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. ‘അല്ലാഹു സുന്ദരനാണ് അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. അഹങ്കാരം, സത്യത്തെ ധിക്കരിക്കലും ജനങ്ങളെ നിന്ദിക്കലുമാണ് ‘.

അഹങ്കാരികളുടെ നേതാവ് പിശാചാണ്. ആദം നബിക്ക് സാഷ്ടാംഗം ചെയ്യാന്‍ പടച്ചവന്റെ കല്‍പനയുണ്ടായപ്പോള്‍ അഹങ്കാരത്തോടെ പിന്‍വാങ്ങിയവനാണ് പിശാച്. പിന്നീട് അവന്റെ പിന്‍ഗാമികളായി ഫിര്‍ഔനുമാരും ഖാറൂനുമാരും രംഗപ്രവേശം ചെയ്തിരുന്നു. നാളെ പരലോകത്ത് വച്ച് മൂന്നാളുകളുമായി ദൈവം സംസാരിക്കുകയയില്ല. കഠിന ശിക്ഷക്കര്‍ഹരായ അവരെ പടച്ചവന്‍ നോക്കുക പോലുമില്ല. വ്യഭിചാരിയായ വൃദ്ധന്‍, കളവ് പറയുന്ന രാജാവ് അഹങ്കാരി എന്നിവരാണ് അക്കൂട്ടര്‍. അഹങ്കാരം ദൈവിക യാഥാര്‍ത്ഥ്യത്തെയും ശക്തിയെയും നിരാകരിക്കുന്നു. പുണ്യങ്ങളെ തടയുന്ന പാപകര്‍മ്മമേതാണെന്ന് സുലൈമാന്‍ നബിയോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് അഹങ്കാരമാണതെന്നാണ്. ഒരിക്കല്‍ അബ്ദുല്ലാഹ് ബിന്‍ സലാം(റ) വിറകും ചുമന്നു പോകുന്ന സമയത്ത് ഒരാള്‍ ചോദിച്ചു. ‘താങ്കള്‍ വലിയ പണക്കാരനായിട്ടും എന്തിനാണീ വിറകു കെട്ടുകള്‍ ചുമക്കുന്നത് ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു ‘എന്നിലുണ്ടായേക്കാവുന്ന അഹങ്കാരത്തെ തടയാനാണിത് ‘.

അഹങ്കാരത്തെയും അതിന്റെ ഇനങ്ങളെയും നാം കരുതിയിരക്കണം. കാരണം പിശാച് ആദ്യമായി ദൈവത്തെ ധിക്കരിച്ചത് അഹങ്കാരത്തിലൂടെയായിരുന്നു. ‘ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം(ശ്രദ്ധിക്കുക) അവര്‍ പ്രണമിച്ചു; ഇബ് ലീസൊഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു’. (ബഖറ 34)

എത്രയെത്ര ആളുകളെയാണ് അഹങ്കാരം നശിപ്പിച്ചിരിക്കുന്നത്. പിശാചില്‍ തുടങ്ങി പിന്നീട് നംറൂദുമാരും ഫിര്‍ഔനുമാരും ഹാമാനുമാരും അബൂജഹലുമാരുമെല്ലാം അഹങ്കാരത്തിന്റെ പ്രതീകങ്ങളും മൂര്‍ത്തരൂപങ്ങളുമായിരുന്നല്ലോ. പക്ഷെ അതൊക്കെ അവര്‍ ജീവിച്ചിരുന്ന കാലത്ത് മാത്രമായിരുന്നു. പിന്നീട് അവര്‍ക്കുണ്ടായ പരിണിതി നമുക്കറിയാം. അതിനാല്‍ തന്നെ ജീവിതത്തിലെ മുഴുവന്‍ മേഘലകളില്‍ നിന്നും അഹങ്കരമെന്ന വിഷച്ചെടിയെ വേരോടെ പിഴുതുമാറ്റാന്‍ നാം സന്നദ്ധരാവണം.

വിവ : ഇസ്മാഈല്‍ അഫാഫ്‌
 

Related Articles