Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിന്റെ സ്‌നേഹം; വിശ്വാസിയുടെ ഉന്നതമായ അഭിലാഷം

flower-nature.jpg

സ്‌നേഹമെന്ന വികാരമില്ലാത്ത ഒരു മനുഷ്യനെ കണ്ടെത്തുക അസാധ്യമായിരിക്കും. മിക്കവരും തങ്ങളുടെ കുടുംബത്തെയും ഇണകളെയും സുഹൃത്തുക്കളെയും സ്‌നേഹിക്കുന്നവരാണ്. മറ്റു ചിലര്‍ പണത്തെയും പദവിയെയുമാണ് സ്‌നേഹിക്കുന്നത്. ഒരാളുടെ സ്‌നേഹം എന്തിനോടാണ്, അല്ലെങ്കില്‍ ആരോരാടാണെന്ന് അയാളുടെ വാക്കുകളെയും പ്രവര്‍ത്തനങ്ങളെയും വിലയിരുത്തി പറയാനാവും. താല്‍ക്കാലികമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ പലതിനെയും നാം സ്‌നേഹിക്കുന്നു. നമ്മുടെ നിരാശക്ക് കാരണമായവയെ വരം സ്‌നേഹിക്കുന്നു. മനുഷ്യന്റെ നൈസര്‍ഗിക ഗുണമാണത്. അപ്രകാരം നമ്മുടെ സ്‌നേഹത്തിന്റെ കാരണങ്ങളും സമാനമാണ്. ഒരു വ്യക്തിയിലുള്ള നല്ല ഗുണങ്ങളറിയുമ്പോള്‍ അല്ലെങ്കില്‍ അയാളുടെ നമ്മോടുള്ള നല്ല പെരുമാറ്റം അയാളോട് നമ്മില്‍ സ്‌നേഹം ഉണ്ടാക്കുന്നു. നാം ഒരു വസ്തുവിനെ സ്‌നേഹിക്കുന്നത് അത് നമുക്ക് നല്‍കുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്.

അല്ലാഹുവിനെ സ്‌നേഹിക്കുന്നതെന്തിന്?
അവനെ സ്‌നേഹിക്കാതിരിക്കാനാവുന്നതെങ്ങനെ? വ്യക്തികളോടും കാര്യങ്ങളോടും നമുക്കുള്ള സ്‌നേഹത്തിന്റെ കാരണങ്ങളെല്ലാം ചേര്‍ത്തു വെച്ചാല്‍ അതെല്ലാം നമുക്ക് അല്ലാഹുവില്‍ കാണാം. അപ്പോള്‍ നമ്മുടെ സ്‌നേഹത്തിന് ഏറ്റവും അര്‍ഹന്‍ അവനാണ്. മനുഷ്യന്റെ സ്‌നേഹമെന്ന പ്രകൃതിപരമായ ആവശ്യത്തെ തൃപ്തിപ്പെടുത്താന്‍ അല്ലാഹുവിന്റെ സ്‌നേഹത്തിന് മാത്രമേ കഴിയൂ. ഇബ്‌നു തൈമിയ പറയുന്നു: ”അല്ലാഹുവിനെ സ്‌നേഹിക്കാതെയും അവനിഷ്ടപ്പെട്ട കാര്യങ്ങളില്‍ മത്സരിക്കാതെയും മനസ്സിന് പൂര്‍ണ സന്തോഷം കണ്ടെത്താനാവില്ല.”

മറ്റെല്ലാറ്റിനേക്കാളും ഉപരിയായി അല്ലാഹുവിനെ സ്‌നേഹിക്കുമ്പോള്‍ നാം ആഗ്രഹിക്കുന്ന മനശാന്തിയും നമുക്ക് ലഭിക്കുന്നു. നമ്മുടെ സ്‌നേഹവും താല്‍പര്യങ്ങളുമെല്ലാം അല്ലാഹുവിലേക്ക് തിരിക്കുമ്പോള്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനവും അതിനനുസരിച്ചായിരിക്കും. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ അത് പ്രതിഫലിക്കും കാരണം നമ്മുടെ ഹൃദയത്തിലുള്ളതിന്റെ പ്രതിഫലമാണ് അവ. നമ്മെയത് സ്വതന്ത്രരാക്കുന്നു. കാരണം മുഴുവന്‍ അനുഗ്രങ്ങളുടെയും സ്രോതസ്സിന് നേര്‍ക്കാണ് നമ്മുടെ സ്‌നേഹം. എല്ലാം അല്ലാഹുവില്‍ നിന്നാണെന്ന് നാം മനസ്സിലാക്കുന്നു. നാം അവനെ സ്‌നേഹിക്കുകയും അവനെ കുറിച്ച് നല്ലത് കരുതുകയും ചെയ്യുമ്പോള്‍ എല്ലാ കാര്യത്തിനും ഒരു ലക്ഷ്യമുണ്ടെന്ന് നാം മനസ്സിലാക്കുന്നു.

പ്രവാചകന്‍(സ) മദീനക്കാരോട് ഒന്നാമതായി പറഞ്ഞ കാര്യം അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളുടെ പേരില്‍ നിറമനസ്സോടെ അവനെ സ്‌നേഹിക്കാനായിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു തന്നെ പറയുന്നു: ”അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ എണ്ണാന്‍ വിചാരിച്ചാല്‍ നിങ്ങള്‍ക്കതു തിട്ടപ്പെടുത്താനാവില്ല. മനുഷ്യന്‍ മഹാ അതിക്രമിയും നന്ദികെട്ടവനും തന്നെ.” (ഇബ്‌റാഹീം: 34)

നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുള്ള നന്മകളെയും പ്രത്യക്ഷത്തില്‍ ദോഷമെന്ന് നീ കരുതിയിരുന്ന, എന്നാല്‍ നന്മയായി ഭവിച്ച കാര്യങ്ങളും എണ്ണിത്തിട്ടപ്പെടുത്താന്‍ ഒന്നു ശ്രമിച്ചു നോക്കൂ. സംഭവിക്കുന്ന എല്ലാം അല്ലാഹുവില്‍ നിന്നാണെന്ന് വിശ്വസിക്കുന്നവനാണ് മുസ്‌ലിം. ഒരു മുസ്‌ലിമിനെ സംബന്ധിച്ചടത്തോളം അവന്റെ ജീവിതത്തില്‍ സംഭവക്കുന്നതെല്ലാം അവന് നന്മയാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്.

നാം അല്ലാഹുവിനെ സ്‌നേഹിക്കുന്നില്ലെങ്കില്‍, ശരിയായി അവനെ നാം അറിയാത്തതു കൊണ്ടാണ്. അല്ലാഹു സ്വര്‍ഗത്തില്‍ ഒരുക്കിയിരിക്കുന്ന സന്തോഷത്തിന്റെ ചെറിയൊരു അംശം മാത്രമാണ് ഭൂമിയില്‍ കാണുന്നത്. അതില്‍ ഏറ്റവും വലിയ സന്തോഷവും ആനന്ദവും അല്ലാഹുവെ കണ്ടുമുട്ടലിലാണ്.

അല്ലാഹുവോടുള്ള നമ്മുടെ സ്‌നേഹം ആത്മാര്‍ഥമാണോ?
അല്ലാഹുവിനെ സ്‌നേഹിക്കുന്നവനാണെന്ന് യാതൊരു മടിയുമില്ലാതെ പറയുന്ന എത്രയോ ആളുകളുണ്ട്. എന്നാല്‍ അവര്‍ ഓരോരുത്തരുടെയും സ്‌നേഹത്തിന് ഏറ്റവ്യത്യാസങ്ങളുണ്ട്. മക്കളേക്കാള്‍ മാതാപിതാക്കളെ സ്‌നേഹിക്കുന്നവരാണ് നമ്മില്‍ ചിലര്‍. എല്ലാവരെയും നാം സ്‌നേഹിക്കുന്നു. മാതാപിതാക്കളോടുള്ള നമ്മുടെ സ്‌നേഹം മക്കളോടുള്ള സ്‌നേഹത്തേക്കാള്‍ മുകളിലാണ്. എല്ലാ സ്‌നേഹത്തിനും മുകളില്‍ അല്ലാഹുവോടുള്ള സ്‌നേഹത്തിന് സ്ഥാനം നല്‍കുമ്പോഴാണ് മനശാന്തി കൈവരിക്കാന്‍ നമുക്ക് സാധിക്കുക.

”നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങള്‍ സമ്പാദിച്ചുവെച്ച മുതലുകളും, മുടങ്ങിപ്പോകുമെന്ന് ഭയപ്പെടുന്ന വ്യാപാരങ്ങളും ഇഷ്ടപ്പെടുന്ന ഭവനങ്ങളുമാണ്, അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും ഏറെ നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ കാത്തിരുന്നുകൊള്ളുക, അല്ലാഹു അവന്റെ കല്‍പന നടപ്പാക്കാന്‍ പോകുന്നു. കുറ്റവാളികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനമരുളുന്നില്ല.” (അത്തൗബ: 24)

മേല്‍പറഞ്ഞ സൂക്തത്തില്‍ അവയെ സ്‌നേഹിക്കരുതെന്ന് അല്ലാഹു നമ്മോട് പറഞ്ഞിട്ടില്ല. മാത്രല്ല, ഇണകള്‍ക്കിടയില്‍ ‘സ്‌നേഹവും കാരുണ്യവും’ സൃഷ്ടിച്ചത് അവന്റെ ദൃഷ്ടാന്തമായിട്ടാണ് അവതരിപ്പിക്കുന്നത്. പരസ്പരം സ്‌നേഹിക്കാനാണ് അല്ലാഹു പ്രേരിപ്പിക്കുന്നത്. ഒരാളെ സ്‌നേഹിക്കുന്നുവെങ്കില്‍ ആ സ്‌നേഹം അയാളെ അറിയിക്കണമെന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ അവയോടുള്ള സ്‌നേഹം അല്ലാഹുവോടുള്ള സ്‌നേഹത്തെ അതിജയിക്കരുത്. നാം സ്‌നേഹിക്കുന്ന ഒരാള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ അതിലൂടെ അയാളുടെ ഇഷ്ടവും പ്രശംസയുമാണ് നാം പ്രതീക്ഷിക്കുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് അല്ലാഹുവിനേക്കാള്‍ അല്ലെങ്കില്‍ അല്ലാഹുവിനൊപ്പം പരിഗണ നല്‍കുമ്പോള്‍ പ്രയാസങ്ങളുണ്ടാവും. കാരണം പരിമിതികളും അപൂര്‍ണതകളുമുള്ള ഒന്നിലാണ് നാം പ്രതീക്ഷയര്‍പിക്കുന്നത്. ”ജനങ്ങളില്‍ ചിലര്‍ അല്ലാഹുവല്ലാത്ത ചിലരെ അവന്റെ സമന്മാരായി സങ്കല്‍പിക്കുന്നു. അല്ലാഹുവിനെ സ്‌നേഹിക്കേണ്ടതു പോലെ അവരെ സ്‌നേഹിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളാവട്ടെ, സര്‍വോപരി അല്ലാഹുവിനെയാണ് സ്‌നേഹിക്കുന്നത്.” (അല്‍ബഖറ: 165)

എന്നാല്‍ നമുക്ക് തെറ്റ് സംഭവിക്കില്ലെന്ന് ഇതിന് അര്‍ഥമില്ല. ആദം സന്തതികള്‍ തെറ്റു സംഭവിക്കുന്നവരാണ്. എന്നാല്‍ വീഴ്ച്ചകള്‍ സംഭവിക്കുമ്പോള്‍ അല്ലാഹുവിലേക്ക് മടങ്ങി പൊറുക്കലിനെ തേടുന്നവനാണ് വിശ്വാസി. ഇങ്ങനെ പശ്ചാത്തപിച്ച് മടങ്ങുന്നത് അല്ലാഹുവിന് പ്രിയപ്പെട്ട കാര്യമാണ്. നാം യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി മാര്‍ഗങ്ങളുണ്ട്. അല്ലാഹു പറയുന്നു: ”പ്രവാചകന്‍, ജനത്തോടു പറയുക: ‘നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു.” (ആലുഇംറാന്‍: 31)

അല്ലാഹുവിനെ സ്‌നേഹിക്കുന്നതില്‍ നമുക്ക് ഏറ്റവും നല്ല മാതൃക പ്രവാചകന്‍(സ)യാണ്. എത്രത്തോളം നാം അദ്ദേഹത്തെ പിന്‍പറ്റുന്നുണ്ട്? പ്രവാചകന്റെ താടിയെയോ വസ്ത്രധാരണ രീതിയെയോ കുറിച്ച് മാത്രം ചിന്തിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ സ്വഭാവം എന്തായിരുന്നു, എങ്ങനെയായിരുന്നു ആളുകളോട് അദ്ദേഹം പെരുമാറിയിരുന്നത് എന്നാണ് നാം നോക്കേണ്ടത്. അല്ലാഹു സ്‌നേഹിക്കുന്ന ആളുകളുടെ ഗുണങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. പ്രസ്തുത ഗുണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടോ എന്ന പരിശോധനയാണ് അല്ലാഹുവോടുള്ള സ്‌നേഹം അളക്കാനുള്ള മറ്റൊരു മാര്‍ഗം. അല്ലാഹു ക്ഷമാശീലരെ സ്‌നേഹിക്കുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഇങ്ങനെ പറയുന്ന ഗുണങ്ങള്‍ നമ്മില്‍ എത്രത്തോളമുണ്ടെന്നാണ് പരിശോധിക്കപ്പെടേണ്ടത്.

മൊഴിമാറ്റം: നസീഫ്‌

Related Articles