Current Date

Search
Close this search box.
Search
Close this search box.

അഡിക്റ്റാവണമെന്നാണ് ഞാന്‍ ഉപദേശിക്കുന്നത്

reading3.jpg

ഈ തലക്കെട്ടിനെ ഒരിക്കലും വായനക്കാരന് അംഗീകരിക്കാനാവില്ലെന്ന് എനിക്കറിയാം. കാരണം അഡിക്റ്റാവണമെന്ന് ഒരാളും ഉപദേശിക്കാറില്ല. മദ്യമോ മയക്കുമരുന്നുകളോ ലഹരിസ്തുക്കളോ ഇന്റര്‍നെറ്റോ കളികളോ എന്തു തന്നെയാണെങ്കിലും അവക്കെല്ലാം അഡിക്റ്റാവുന്നതിന്റെ ദോഷഫലങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് എല്ലാവരും ചെയ്യാറുള്ളത്. എന്നാല്‍ ഒരു കാര്യം ഇതില്‍ നിന്ന് ഒഴിവാണ്. വായനയാണ് ആ കാര്യം. ഒപ്പം കൂട്ടുകാരോ പ്രിയപ്പെട്ടവരോ ഇല്ലെങ്കില്‍ പോലും ആശ്വാസവും ആനന്ദവും നല്‍കാന്‍ വായന മനുഷ്യനെ സഹായിക്കുന്നു. അപ്പോള്‍ പുസ്തങ്ങളാണ് അവന്റെ കൂട്ടുകാര്‍ അതില്‍ പ്രതിപാദിക്കുന്ന വ്യക്തികളാണ് അവന്റെ പ്രിയപ്പെട്ടവര്‍. വായന അവനോട് നല്ല ഇണക്കമുള്ള ഒരു പുതിയ കുടുംബത്തെ അവന് സമ്മാനിക്കുന്നു. അപ്രകാരം വായിക്കുന്നവനെ അത് യുക്തിയും അറിവുമുള്ളവനും ആക്കി മാറ്റുന്നു. വായനയുടെ ആധിക്യം അവന്‍ ഇരിക്കുന്ന സദസ്സിലെ പനിനീര്‍ പുഷ്പമാക്കി അവനെ മാറ്റുന്നു. അവന്‍ സംസാരിച്ചാല്‍ ആളുകള്‍ ശ്രദ്ധയോടെ ശ്രവിക്കും. അവിടെ വല്ലതും പറയപ്പെടുകയോ വായിക്കപ്പെടുകയോ ചെയ്താല്‍ അതിനെ നിരൂപണം നടത്താനും അതിലെ തെറ്റുകള്‍ തിരുത്താനും അവന് സാധിക്കുന്നു. ഒരു വായനക്കാരന് തന്റെ കയ്യില്‍ പുസ്തകമുണ്ടെങ്കില്‍ ഏതെങ്കിലും ആവശ്യത്തിനായുള്ള കാത്തിരിപ്പ് ഒരു മുഷിപ്പോ മടുപ്പോ ഉണ്ടാക്കില്ല.

ദിവ്യബോധനത്തിലെ ആദ്യ വാചകം തന്നെ വായനക്കുള്ള ആഹ്വാനമാണ്. പുസ്തകങ്ങളിലെ വരികളെയും പ്രപഞ്ചത്തിലെ കാഴ്ച്ചകളെയും വായിക്കാനാണ് അതാവശ്യപ്പെടുന്നത്. വായനക്കും വിജ്ഞാനത്തിനും മുസ്‌ലിംകള്‍ പ്രാധാന്യം കൊടുത്തിരുന്ന കാലത്ത് അവര്‍ ലോകത്തിന്റെ മുന്നിലായിരുന്നു. ഇന്ന് ആ പുരോഗതിയുടെ രഹസ്യം തിരിച്ചറിഞ്ഞ രാഷ്ട്രങ്ങള്‍ വായനയെന്ന ആ താക്കോള്‍ ഉടമപ്പെടുത്തി അറിവിന്റെയും വിജ്ഞാനത്തിന്റെയും പുതിയ വാതിലുകള്‍ തുറന്നു.

നിങ്ങളൊരു വായനക്കാരനല്ലെങ്കില്‍ വായനക്കാരനാവാന്‍ പഠിക്കേണ്ടതുണ്ട്. വായന ഒരു ശീലമാക്കുന്നതിന് ദിവസവും അര മണിക്കൂറെങ്കിലും സമയം നിങ്ങള്‍ നീക്കിവെക്കണം. വായന ശീലമാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ വായന നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. വായന ഇഷ്ടപ്പെടുന്ന സംഘത്തോടൊപ്പം ഏതെങ്കിലും പുസ്തകത്തെ കുറിച്ച ചര്‍ച്ചയില്‍ സമയം ചെലവിടല്‍ അതിന് ഉദാഹരണമാണ്. അല്ലെങ്കില്‍ ഒരു പുസ്തകമെടുക്കുമ്പോള്‍ അതില്‍ നിങ്ങള്‍ക്ക് താല്‍പര്യമുള്ള ഭാഗങ്ങള്‍ മാത്രം വായിക്കുക. ഒരു പുസ്തകം വായിച്ച് തുടങ്ങിയിട്ടാണ് അത് തനിക്ക് ഇണങ്ങിയതല്ലെന്നോ തനിക്ക് ഉപകാരപ്പെടില്ലെന്നോ തോന്നുന്നതെങ്കില്‍ ആ നിമിഷം അതിന്റെ വായന അവസാനിപ്പിക്കണം. അപ്രകാരം നിത്യവും ഒരു ലക്ഷ്യം മുന്നില്‍ വെച്ച് അത് പൂര്‍ത്തിയാക്കിയും പുസ്തകം പൂര്‍ണമായി വായിച്ചു തീര്‍ക്കുന്നതിനുള്ള സമയപരിധിയും നിശ്ചയിക്കുന്നതും വായന ശീലമാക്കുന്നതിന് നിങ്ങളെ സഹായിക്കും. ഞാന്‍ ഒരു പുസ്തകം വായിക്കുമ്പോള്‍ ചെയ്യാറുള്ള കാര്യമാണ് അതിലെ ഉള്ളടക്ക സൂചികക്ക് പുറമെ ഞാന്‍ തന്നെ സ്വന്തമായി ഒരു ഉള്ളടക്ക സൂചിക തയ്യാറാക്കാക്കുക എന്നുള്ളത്. പുസ്തകത്തില്‍ എന്നെ ആകര്‍ഷിച്ച വിവരങ്ങളും തലക്കെട്ടുകളും അവയുടെ പേജു നമ്പറുകളുമാണ് ഞാനതില്‍ കുറിച്ചിടാറുള്ളത്. പുസ്തകം വായിച്ച ശേഷം ഞാന്‍ ആ ഉള്ളടക്ക സൂചിക വായിച്ച് അതില്‍ എന്നെ ആകര്‍ഷിച്ച കാര്യങ്ങള്‍ ഒന്നുകൂടി വായിക്കും. പിന്നീട് മാസങ്ങള്‍ക്ക് ശേഷം അതെടുത്ത് വീണ്ടും വായിച്ച് ആ വിവരങ്ങള്‍ മനസ്സില്‍ ഉറപ്പിക്കും. വായന ആസ്വാദ്യകരമാക്കാനുള്ള വഴിയാണിത്.

പുസ്തകങ്ങളോടുള്ള സഹവാസം ആനന്ദവും സന്തോഷവും നല്‍കുന്നതാണ്. പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുല്ല ബിന്‍ മുബാറകിന്റെ (ഹിജ്‌റ 181-ല്‍ മരണപ്പെട്ടു) കൂട്ടുകാര്‍ ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചു: ‘എന്താണ് നിങ്ങള്‍ ഞങ്ങളോടൊപ്പം ഇരിക്കാത്തത്?’ അതിന് അദ്ദേഹം നല്‍കിയ മറുപടി ‘ഞാന്‍ സഹാബികള്‍ക്കും താബിഉകള്‍ക്കും ഒപ്പമാണ് ഞാന്‍ ഇരിക്കാറുള്ളത്’ എന്നായിരുന്നു. അഥവാ അവരുടെ ജീവിതവും ചരിത്രവും വായിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. വിജ്ഞാനത്തിന്റെ സ്രോതസ്സാണ് വായന. പ്രവര്‍ത്തിക്കുന്നതിന് മുമ്പ് അറിവ് നേടാന്‍ കല്‍പിക്കപ്പെട്ടവരാണ് നാം. അല്ലാഹു പറയുന്നത് കാണുക: ‘അതിനാല്‍ നീ നന്നായി അറിഞ്ഞുകൊള്ളുക: അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹില്ല. നിന്റെ തെറ്റുകള്‍ക്ക് മാപ്പ് തേടുക.’ (മുഹമ്മദ്: 19) പാപമോചനം തേടുകയെന്ന പ്രവര്‍ത്തനത്തിന് മുമ്പ് അല്ലാഹുവല്ലാതെ ഇലാഹില്ലെന്ന അറിവ് നേടാനാണ് ഇവിടെ കല്‍പിച്ചിരിക്കുന്നത്. അറിവിന് വിവിധ സ്രോതസ്സുകളുണ്ട്. അതില്‍ ഏറ്റവും പ്രധാനം കാഴ്ച്ചയാണ്. അവയുപയോഗിച്ചാണ് വായന നടക്കുന്നത്. ഒരു മനുഷ്യന്റെ  അറിവിന്റെ 75 ശതമാനം കാഴ്ച്ചയിലൂടെയും 13 ശതമാനം കേള്‍വിയിലൂടെയും, 6 ശതമാനം സ്പര്‍ശനത്തിലൂടെയും, 3 ശതമാനം വാസനയിലൂടെയും, 3 ശതമാനം രുചിയിലൂടെയുമാണ് ലഭിക്കുന്നത്. മനുഷ്യന്‍ തന്റെ കണ്ണിന് നല്‍കുന്ന ഏറ്റവും വലിയ പോഷണമാണ് വായന.  ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ ഒരിക്കല്‍ പറഞ്ഞു: ആഹാരത്തേക്കാളും വെള്ളത്തേക്കാളും ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമാണ് അറിവ്. കാരണം ഒരാള്‍ക്ക് ദിവസത്തില്‍ ഒന്നോ രണ്ടോ തവണ ഭക്ഷണവും വെള്ളവും കിട്ടിയാല്‍ മതി. എന്നാല്‍ അവന്റെ ശ്വാസോച്ഛാസത്തിന്റെ എണ്ണത്തിനനുസരിച്ച് അറിവ് അവന് ആവശ്യമാണ്.

വായന പ്രധാനമാണ്. വായനയില്‍ ലക്ഷ്യം നിര്‍ണയിക്കല്‍ അതിലേറെ പ്രധാനമാണ്. നിങ്ങള്‍ വായിക്കുന്നത് പുരോഗതിക്കോ അതല്ല വിനോദത്തിന് വേണ്ടിയോ? അല്ലെങ്കില്‍ സമയം കളയുന്നതിനോ, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനോ? വായനയിലൂടെ നമുക്ക് സ്വന്തത്തെ പുരോഗതിയിലേക്ക് നയിക്കുകയും ഇഹത്തിലും പരത്തിലും നമുക്ക് ഉപകാരപ്പെടുന്ന ഒന്നാക്കി അതിനെ മാറ്റുകയും ചെയ്യാം.

വിവ: നസീഫ്‌

Related Articles