Current Date

Search
Close this search box.
Search
Close this search box.

കുട്ടികളുടെ കൂട്ട് നന്നാവണം

മനുഷ്യന്‍ അവന്റെ കൂട്ടുകെട്ടുകളാലും, സഹപ്രവര്‍ത്തകരാലും സ്വാധീനിക്കപ്പെടുന്നതാണ്. പ്രവാചകന്‍ (സ) വളരെ മനോഹരമായ ഒരു ഉപമയിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ‘നല്ല കൂട്ടുകാരന്റെയും, ചീത്ത കൂട്ടുകാരന്റെയും ഉപമ കസ്തൂരി വാഹകനെയും ഉലയില്‍ ഊതുന്നവനെയും പോലെയാണ്. കസ്തൂരി വാഹകന്‍ പരിമളം നല്‍കുകയോ, നീയവനില്‍ നിന്ന് അത് വാങ്ങുകയോ ചെയ്യും. അതുമല്ലെങ്കില്‍ അവനില്‍ നിന്ന് സുഗന്ധമെങ്കിലും ലഭിച്ചേക്കും. ഉലയില്‍ ഊതുന്നവനാവട്ടെ നിന്റെ വസ്ത്രം കരിപുരണ്ടതാക്കുകയോ, അവനില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയോ ചെയ്‌തേക്കാം.’  ഈ രണ്ട് അവസ്ഥകളിലും കൂട്ടുകാരനാല്‍ വ്യക്തി അനുകൂലമായോ, പ്രതികൂലമായോ സ്വാധീനിക്കപ്പെടുമെന്ന് വ്യക്തമാണല്ലോ.

മുതിര്‍ന്നവര്‍ക്ക് പോലും ബാധകമാവുന്ന ഈ സ്വാധീനം ഇത്ര ശക്തമായിരിക്കെ വളര്‍ന്ന് വരുന്ന കുട്ടികളുടെ കാര്യത്തില്‍ ഇത് നിഷേധിക്കാനാവത്ത യാഥാര്‍ത്ഥ്യമാണ്. മഹാന്‍മാരായ പണ്ഡിതര്‍ ഇക്കാര്യത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. നല്ല കൂട്ടുകെട്ടിലൂടെയാണ് കുട്ടികളില്‍ സല്‍സ്വഭാവം രൂപപ്പെടുന്നതെന്ന് ഇമാം ഗസ്സാലി സൂചിപ്പിക്കുന്നു.

കൂട്ടുകാരില്‍ നിന്നും കുട്ടിയെ നിരുപാധികമായി അകറ്റി നിര്‍ത്തുക എന്നതല്ല ഇതിന്റെ അര്‍ത്ഥം. ഇത് നിഷേധാത്മകവും, പ്രതിലോമപരവുമായ സമീപനമാണ്. കുട്ടികള്‍ക്കിടയില്‍ ജീവിക്കുകയെന്നത് സംസ്‌കരണത്തിന്റെ പ്രഥമവും പ്രധാനവുമായ ഘടകമാണ്. സംഘമായി, കൂട്ടുകൂടി ജീവിക്കുന്നവനെ മറ്റുള്ളവരോട് പെരുമാറുന്നതെങ്ങനെയെന്ന് പരിശീലിക്കുകയുള്ളൂ. സംഘത്തിന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി വിവിധ രൂപത്തില്‍ ത്യാഗങ്ങള്‍ അര്‍പ്പിക്കാന്‍ അവര്‍ തയ്യാറാവുന്നു.

പ്രസ്തുത സാമൂഹികാന്തരീക്ഷം കുട്ടിയെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. പ്രത്യേകിച്ചും മുസ്‌ലിം ഉമ്മത്ത് പ്രതിസന്ധികള്‍ നേരിട്ട്‌കൊണ്ടിരിക്കുന്ന ഇക്കാലത്ത്. മുസ്‌ലിമായ പിതാവിന് തന്റെ വീട്ടില്‍ നിന്നും, കുടുംബ വീടുകളില്‍ നിന്നുമായി ഒരു ഉത്തമ സമൂഹത്തെ രൂപപ്പെടുത്താൻ സാധിക്കുന്നതാണ്. നന്മയും തിന്മയും വിവേചിച്ചറിയാന്‍ ശേഷിയുള്ള, നിശ്ചദാര്‍ഢ്യമുള്ള കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയും. കുട്ടികളെ കൂട്ടി കൂട്ടുകാരെയും, സഹപാഠികളെയും സന്ദര്‍ശിക്കുന്നത് മുഖേനയും, അവർ കളികളിലും മറ്റ് പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവുന്നത് മുഖേനയുമാണ് ഇത് പൂര്‍ത്തീകരിക്കപ്പെടുക.

ഓരോ കുടുംബവും ആഴ്ചയിലൊരിക്കല്‍ ഊഴമിട്ട് മറ്റ് കുടുംബങ്ങളെ സല്‍ക്കരിക്കുകയും ആഹ്ളാദം പങ്കുവെക്കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ക്കായി മതപരവും സാംസ്‌കാരികവും കായികവുമായ പരിപാടികളും മല്‍സരങ്ങളും സംഘടിപ്പിക്കേണ്ടതുണ്ട്. അവര്‍ക്കുള്ള സമ്മാനത്തിന്റെ കാര്യത്തിലും വീഴ്ച വരുത്തരുത്. അവരത് തങ്ങള്‍ക്കുള്ള അംഗീകാരമായാണ് മനസ്സിലാക്കുക.

പ്രസ്തുത പരിപാടികള്‍ക്കിടയില്‍ ക്രമേണയായി അവരെ സംസ്‌കരിക്കുകയും അവരുടെ ദുശ്ശീലങ്ങള്‍ മാറ്റിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. എങ്ങനെയാണ് കൂട്ടുകാരോടൊത്ത് കളിക്കുകയും, വര്‍ത്തിക്കുകയും ചെയ്യേണ്ടത് എന്നും അവരെ പഠിപ്പിക്കണം. സന്മനസ്സോടും, സദ്‍വിചാരത്തോടും കൂടി കൂട്ടുകാരെ സമീപിക്കണമെന്ന് അവരെ പഠിപ്പിക്കുക. തമാശയായി പോലും മറ്റുള്ളവരുടെ ഒന്നും തന്നെ എടുക്കാനോ അപഹരിക്കാനോ പാടില്ലയെന്നത് അവരെ ശീലിപ്പിക്കണം. നബി തിരുമേനി (സ) ഇപ്രകാരം അരുള്‍ ചെയ്തിരിക്കുന്നു. ‘നിങ്ങളിലൊരാളും തമാശയായോ കാര്യത്തില്‍ തന്നെയോ കൂട്ടുകാരന്റെ വിഭവം എടുക്കാതിരിക്കട്ടെ. അവന്‍ എടുത്തത് കൂട്ടുകാരന്റെ വടിയാണെങ്കില്‍ പോലും അവനത് തിരിച്ചേല്‍പ്പിക്കുകയാണ് വേണ്ടത്.’

കൂട്ടുകാര്‍ക്കിടയിലെ ബന്ധം ഊഷ്മളമാക്കാന്‍ സുപ്രധാനമാണ് പരസ്പരം സമ്മാനങ്ങള്‍ നല്‍കുകയെന്നത്. നബി തിരുമേനി(സ) പറയുന്നു ‘നിങ്ങള്‍ പരസ്പരം ഉപഹാരങ്ങള്‍ നല്‍കുക. അത് ഹൃദയത്തിന്റെ പക നീക്കാന്‍ പര്യാപ്തമാണ്.’

( കടപ്പാട് )  

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles