Current Date

Search
Close this search box.
Search
Close this search box.

ഹൃദയത്തിന്റെ വന്‍പാപങ്ങള്‍

പ്രകടമായ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല വന്‍പാപങ്ങള്‍ ഉള്ളത്. ഹൃദയത്തിന്റെ പാപങ്ങളാണ് കൂടുതല്‍ അപകടകാരിയും ശക്തവുമായിട്ടുള്ളത്. മനസ്സുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവയവങ്ങള്‍ കൊണ്ടുള്ള പ്രവര്‍ത്തനങ്ങളേക്കാള്‍ ശ്രേഷ്ഠമാണെന്നതു പോലെ മനസ്സുകൊണ്ടു ചെയ്യുന്ന പാപങ്ങള്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കുന്നതും അപകടകാരിയുമാണ്.

അല്ലാഹു ആദംനബി(അ)യെ സ്വര്‍ഗീയ അവസ്ഥയില്‍ നിന്ന് പുറത്താക്കിയ ശേഷം രണ്ട് പാപങ്ങളെ കുറിച്ചാണ് ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. അല്ലാഹു വിലക്കിയ മരത്തിന്റെ ഫലം ഭക്ഷിച്ച ആദമിന്റെയും പത്‌നിയുടെയും തെറ്റായിരുന്നു ഒന്നാമത്തേത്. അവയവങ്ങള്‍ കൊണ്ടുള്ള തെറ്റായിരുന്നു അത്. മറവിയും ഇച്ഛാശക്തിയില്‍ വന്ന കുറവുമായിരുന്നു അതിലേക്ക് നയിച്ചത്. അല്ലാഹു അതിനെ കുറിച്ച് പറയുന്നത് കാണുക. ‘നാം ഇതിനു മുമ്പ് ആദമിനോടും കരാര്‍ ചെയ്തിരുന്നു. പക്ഷേ, അദ്ദേഹമത് മറന്നു. അദ്ദേഹത്തെ നാം ഇച്ഛാശക്തിയുള്ളവനായി കണ്ടില്ല.’ അവരുടെ ദൗര്‍ബല്യവും മറവിയും ശപിക്കപ്പെട്ടവനായ പിശാച് ചൂഷണം ചെയ്തു. അത് വളരെ നല്ലതായി തോന്നിപ്പിച്ച് അവരെ വഞ്ചനയില്‍ പെടുത്തി. അവര്‍ അല്ലാഹുവിന്റെ കല്‍പന ധിക്കരിക്കുന്നിടത്തോളം വലുതായിരുന്നു പിശാചിന്റെ പ്രേരണ .എന്നാല്‍ വളരെ പെട്ടന്ന് തന്നെ ആദമിന്റെയും ഭാര്യയുടെയും ഹൃദയത്തില്‍ അന്തര്‍ലീനമായ വിശ്വാസം ഉണര്‍ന്നെണീറ്റു. തങ്ങളുടെ ധിക്കാരം അവര്‍ മനസ്സിലാക്കുകയും അല്ലാഹുവിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു. ‘ആദം തന്റെ നാഥനെ ധിക്കരിച്ചു. അങ്ങനെ പിഴച്ചുപോയി. പിന്നീട് തന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു. അദ്ദേഹത്തെ നേര്‍വഴിയില്‍ നയിച്ചു.’

ഇബ്‌ലീസ് അല്ലാഹുവിനെ ധിക്കരിച്ചതായിരുന്നു രണ്ടാമത്തെ പാപം. അല്ലാഹു ആദം(അ)യെ സൃഷ്ടിച്ച് അദ്ദേഹത്തെ ആദരിക്കുന്നതിനായി മലക്കുകളോട് സുജൂദ് ചെയ്യാന്‍ കല്‍പ്പിച്ചു. അവിടെയുണ്ടായിരുന്ന ഇബ്‌ലീസ് ഒഴികെയുള്ള എല്ലാവരും സുജൂദ് ചെയ്തു. ‘അങ്ങനെ മലക്കുകളൊക്കെ പ്രണമിച്ചു. ഇബ്‌ലീസ് ഒഴികെ. പ്രണാമമര്‍പ്പിക്കുന്നവരോടൊപ്പം ചേരാന്‍ അവന്‍ വിസമ്മതിച്ചു. അല്ലാഹു ചോദിച്ചു: പ്രണാമം ചെയ്യുന്നവരോടൊപ്പം ചേരാതിരിക്കാന്‍ നിന്നെ പ്രേരിപ്പിച്ചതെന്ത്? ഇബ്‌ലീസ് പറഞ്ഞു: മുട്ടിയാല്‍ മുഴങ്ങുന്ന ഗന്ധമുള്ള കറുത്ത കളിമണ്ണില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യനെ പ്രണമിക്കേണ്ടവനല്ല ഞാന്‍.’ ഖുര്‍ആന്‍ പറയുന്നത് പ്രകാരം ഇബ്‌ലീസ് അല്ലാഹുവെ അനുസരിക്കാന്‍ വിസമ്മതിക്കുകയും അഹങ്കാരം കാണിക്കുകയും ചെയ്തതായിരുന്നു തെറ്റ്. അതിന് അവന് ന്യായീകരണവുമുണ്ടായിരുന്നു. ‘മനുഷ്യനെക്കാള്‍ ശ്രേഷ്ഠന്‍ ഞാനാണ്. നീയെന്നെ പടച്ചത് തീയില്‍ നിന്നാണ്. അവനെ സൃഷ്ടിച്ചതോ കളിമണ്ണില്‍ നിന്നും.’

മേല്‍ പ്രതിപാദിക്കപ്പെട്ട രണ്ടു പാപങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ആദം(അ)ന്റെ തെറ്റ് പ്രകടമായിട്ടുള്ളതായിരുന്നു. ഉടനെ തന്നെ അതില്‍ പശ്ചാത്താപിക്കുകയും ചെയ്തു. എന്നാല്‍ ഇബ്‌ലീസിന്റെ പാപം ഹൃദയം കൊണ്ടുള്ളതും മറഞ്ഞതുമായിരുന്നു. അതിന്റെ അപകടം ചെന്നവസാനിച്ചത് അത്യന്തം മോശമായ പര്യവസാനത്തിലായിരുന്നു. മനസ്സിന്റെ പാപങ്ങളെ കുറിച്ച് വളരെ ശക്തമായ രീതിയില്‍ നിരന്തരം മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടുള്ളതാണ്. കാരണം വന്‍പാപങ്ങളെല്ലാം മനസ്സിന്റെ പ്രേരണയില്‍ നിന്നാണ് രൂപപ്പെടുക.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles