Current Date

Search
Close this search box.
Search
Close this search box.

സൂറ: കഹ്ഫിലെ പത്ത് അരുതുകൾ

അൽ കഹ്ഫ് 22 മുതൽ അവസാന സൂക്തം (110) വരെയുള്ള പത്ത് ‘ലാ’ കളിൽ അല്പം നിർത്തി നിർത്തി പാരായണം ചെയ്താൽ ജീവിതത്തിൽ നാം ശീലിക്കേണ്ട പത്ത് മര്യാദകൾ അനാവരണം ചെയ്യപ്പെടുന്നത് കാണാം. ഗുഹാവാസികളുടെയും മൂസാ -ഖിദിർ പശ്ചാത്തലങ്ങളിലുമാണ് ആ മിക്കവാറും ‘ലാ’ കൾ അവതരിക്കപ്പെട്ടതെങ്കിലും നമ്മുടെ പരിസരങ്ങളിലും അത് വളരെ ഫിറ്റാവുന്നു എന്ന് സൂക്ഷ്മ നിരീക്ഷണത്തിൽ മനസ്സിലാക്കാം.

1- {فلا تمار فيهم الا مراء ظاهرا} അവരുടെ വിഷയത്തില്‍ പ്രത്യക്ഷതരത്തിലുള്ള ഒരു തര്‍ക്കമല്ലാതെ നീ തര്‍ക്കിക്കരുത്.

പലപ്പോഴും അറിയാത്ത വിഷയത്തിൽ ഇടപെട്ട് തർക്കിക്കുവാൻ എനിക്കും നിങ്ങൾക്കുമെല്ലാം ആയിരം നാവായിരിക്കും. കുതർക്കം ഒഴിവാക്കിയാൽ തന്നെ പല ഇടങ്ങേറുകളിൽ നിന്നും രക്ഷപ്പെടാൻ കഴിയും. അറിയാത്ത വിഷയങ്ങളിൽ ഇടപെട്ടാൽ കുടുങ്ങിയത് തന്നെ ലളിതമായ സത്യമാണ് ഈ അരുത്.

2- {ولا تستفت فيهم منهم أحدا} അവരുടെ കാര്യത്തില്‍ ജനങ്ങളില്‍ ഒരാളോടും തീരുമാനമാവശ്യപ്പെടുകയും ചെയ്യരുത്.

ചിലയാളുകളെങ്കിലും എന്ത് വിഷയത്തിൽ റെഡിമെയ്ഡ് ഫത്‌വകളുമായി നിൽക്കുന്നവരാണ്. എന്തിനും യെസ്/നോ പറയാൻ കാത്തിരിക്കുന്ന
ഓൺലൈൻ മുഫ്തിമാർ അടക്കി വാഴുന്ന കാലത്ത് കൃത്യമായ ഉത്തരം പറയാൻ കഴിയുമെന്ന് ദൃഡബോധ്യമുള്ളവരോടല്ലാതെ ഖണ്ഡിതമായ
വിധി തേടി പോവൽ മാന്യമായി പറഞ്ഞാൽ മര്യാദകേടാണ് എന്ന പാഠമാണ് ഈ അരുത്.

3- { ولا تقولن لشيء اني فاعل ذلك غدا الا أن يشاء الله}. ഒരു കാര്യത്തെക്കുറിച്ചും, ഞാനതു നാളെ ചെയ്യുന്നതാണെന്നു നിശ്ചയമായും നീ പറഞ്ഞുപോകരുത്;-‘അല്ലാഹു ഉദ്ദേശിക്കുന്നതായാല്‍’ (എന്നു ചേര്‍ത്തുകൊണ്ടു) അല്ലാതെ .

എത്ര വലിയ ഉറപ്പുള്ള സംഗതിയാണെങ്കിലും ഇൻശാ അല്ലാഹ് എന്നു പറഞ്ഞു കൊണ്ട് ഏറ്റെടുക്കലാണ് തവക്കുലിനോടേറ്റവും അടുത്ത രീതി. അമിതമായ ആത്മവിശ്വാസത്തോടെ ഇൻശാ അല്ലാഹ് പോലും പറയാതെ ഏറ്റെടുത്ത പരിപാടികളെല്ലാം പൊളിഞ്ഞ് പാളീസായത് എത്രയോ ഉണ്ട് എന്ന് ഈ ‘ലാ’ പഠിപ്പിക്കുന്നു !!

4- { ولا تعد عيناك عنهم تريد زينة الحياة الدنيا} ഐഹിക ജീവിതത്തിന്റെ അലങ്കാരത്തെ ഉദ്ദേശിച്ച് അവരില്‍നിന്നു നിന്റെ ദൃഷ്ടികള്‍ വിട്ടുപോകരുത്.

ദുൻയാവിൻ്റെ മഞ്ഞളിക്കുന്ന കാഴ്ചയിൽ അർഹരെ കാണാതെ പോവുകയും അനർഹരെ അഹിതകരമായി ആശ്രയിക്കുകയും ചെയ്യുന്നത്
നാട്ടു നടപ്പായിരിക്കുന്നു. ഏറ്റവും അർഹരായവരെ പരിഗണിക്കാതിരുന്നാൽ അവിടെ ചുളുവിൽ കയറിപ്പറ്റുന്നത് തീരെ അനർഹരാവും എന്ന് ഏത് മേഖലയിലും കണ്ണോടിച്ചാൽ മതിയാകുമെന്ന് ഈ അരുത് ഉണർത്തുന്നു.

5- { ولا تطع من أغفلنا قلبه عن ذكرنا واتبع هواه وكان أمره فرطا} നമ്മുടെ ബോധനത്തെ സംബന്ധിച്ചു നാം ആരുടെ ഹൃദയത്തെ ബോധരഹിതമാക്കുകയും, തന്റെ ഇച്ഛയെ അവന്‍ പിന്തുടരുകയും, തന്റെ കാര്യം അതിരു കവിഞ്ഞതായിരിക്കുകയും ചെയ്തിരിക്കുന്നുവോ അവനെ, നീ അനുസരിക്കുകയും ചെയ്യരുത്.

അല്ലാഹുവിനെ കുറിച്ച ബോധമില്ലാത്തവരെ അനുസരിച്ചാൽ ദുൻയാവിലും നാളെ ആഖിറതിലും നഷ്ടമായിരിക്കുമെന്ന ഓർമപ്പെടുത്തലാണീ അരുത് .

6- { فلا تسألني عن شيء حتى أحدث لك منه ذكرا}. ഏതൊരു കാര്യത്തെക്കുറിച്ചും, താങ്കള്‍ക്കു ഞാന്‍ അതിനെപ്പറ്റി പ്രസ്താവന നല്‍കുന്നതുവരെ എന്നോടു ചോദ്യം ചെയ്യരുത്!’

സ്ഥാനത്തും അസ്ഥാനത്തും വേണ്ടാത്ത ചോദ്യങ്ങൾ ചോദിക്കുന്നത് വിവരാന്വേഷികളുടെ ലക്ഷണമല്ല. ചോദിക്കാൻ അവസരമുള്ളപ്പോൾ മാത്രം അതിന് തയ്യാറാവുക എന്നത് നാം ശീലിക്കേണ്ട നന്മയിലേക്ക് നയിക്കുന്നു ഈ ലാ.

7- { لا تؤاخذني بما نسيت}. ഞാന്‍ മറന്നു പോയതിനെപ്പറ്റി താങ്കള്‍ എന്നോടു നടപടി എടുക്കരുതു;

മറവി മനുഷ്യസഹജമാണെന്ന പ്രകൃതി സത്യം മറക്കരുത്. മറവി റബ്ബ് പൊറുക്കുന്ന സംഗതിയാണെന്ന് നാം മറക്കരുത് എന്ന പാഠമാണ്
ഈ അരുത്.

8- { ولا ترهقني من أمري عسرا} എന്റെ കാര്യത്തില്‍ പ്രയാസപ്പെട്ട ഒന്നിനു എന്നെ ബുദ്ധിമുട്ടിക്കുകയും ചെയ്യരുത്!’

പലപ്പോഴും നമ്മൾ മറന്ന് പോവുന്ന മാനവിക മൂല്യമാണ് ഒരാൾക്ക് കഴിയാത്തവ അയാളെ കൊണ്ട് ചെയ്യിപ്പിക്കുക എന്നത് . ഓരോരുത്തരുടെയും
കഴിവിൽ പെടാത്തത് അയാളെ ഏല്പിക്കരുത് എന്നത് ഖുർആനിക മൂല്യമാണ് ഈ ലാ.

9- { فلا تصاحبني قد بلغت من لدني عذرا}. താങ്കള്‍ എന്നോടു സഹവസിക്കേണ്ടതില്ല; എന്റെ പക്കല്‍ നിന്നു തന്നെ, താങ്കള്‍ക്കു ഒഴികഴിവു കിട്ടിക്കഴിഞ്ഞിരിക്കുന്നു.

പലപ്പോഴായി വീഴ്ചയും അപക്വതയും പ്രകടമാക്കിയ സൗഹൃദം ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നവരോടുള്ള താക്കീതാണിത്. കൂടാൻ മാത്രമല്ല; കൂടാതിരിക്കാനും നാം പഠിക്കണമെന്നാണ് ഈ അരുത് നമ്മോട് പറയുന്നത്.

ഈ ശൃംഖലയിലെ എല്ലാ അരുതുകളും വിശ്വാസിയും മറ്റു പടപ്പുകളുമായുള്ള അവൻ്റെ ബന്ധത്തെയും മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായുള്ളതാണ്. എന്നാൽ കഹ്ഫിലെ അവസാന “ലാ” വിശ്വാസിയുടെ അവൻ്റെ നാഥനുമായുള്ള ബന്ധത്തെയാണ് പ്രത്യക്ഷീകരിക്കുന്നത്. അതുകൊണ്ട് തന്നെ അഭിസംബോധന ശ്രദ്ധിക്കുക

10- { وَلا يُشرِك بِعِبادَةِ رَبِّهِ أَحَدًا }. തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളേയും പങ്കുചേര്‍ക്കാതെയുമിരിക്കട്ടെ.

ഇസ്ലാം ഏറ്റവും വലിയ പാപമായാണ് ശിർക്കിനെ കാണുന്നത്. ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്‌ വിരുദ്ധമാണിത്. ഒരു വസ്തുവിനെയും അല്ലാഹുവിന് തുല്യനായി കാണുന്നതോടെ നമ്മുടെ കർമങ്ങൾ പാഴായി പോകുന്നു എന്ന കനപ്പെട്ട പ്രമേയമാണ് അവസാന അരുത് പഠിപ്പിക്കുന്നത്.

Related Articles