ദുല്‍ഹജ്ജ് മാസം ഹജ്ജിന്റെ മാസവും പവിത്രമാക്കപ്പെട്ട മാസങ്ങളില്‍ പെട്ടതുമാണ്. ഇതിലെ ആദ്യ പത്ത് ദിനങ്ങളെ സവിശേഷമായി എടുത്ത് പറഞ്ഞ് അല്ലാഹു സത്യം ചെയ്തതായും കാണാം. ‘പ്രഭാതമാണെ സത്യം. പത്ത് രാവുകളാണെ സത്യം'(അല്‍ ഫജര്‍ 1,2). ശ്രേഷ്ടമായ ഈ പത്ത് ദിനങ്ങളില്‍ കര്‍മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്.
പവിത്രമാക്കപ്പെട്ട നാല് മാസങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ്. ഈ മാസങ്ങള്‍ക്ക് ഇതര മാസങ്ങളേക്കാള്‍ ശ്രേഷ്ടതയുണ്ട്. അല്ലാഹു വിവരിക്കുന്നു: ‘ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള് തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം. അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിക്കാതിരിക്കുക'(തൗബ 36). ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം, റജബ് എന്നിവയാണ് ഈ നാല് മാസങ്ങള്‍. സ്വന്തത്തോട് അതിക്രമം ചെയ്യല്‍ എല്ലാ മാസങ്ങളിലും നിഷിദ്ധമാണെങ്കിലും ഈ മാസങ്ങളില്‍ അത് വളരെ ഗൗരവമുള്ളതാണ്. ദില്‍ഹജ്ജ് എന്ന സംജ്ഞയില്‍ തന്നെ രണ്ട് ആശയങ്ങള്‍ ഒത്തുചേരുന്നു. വിശുദ്ധ ഹജ്ജ് കര്‍മത്തിന് സാക്ഷിയാകുന്ന മാസമാണെങ്കില്‍ മറ്റൊന്ന് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ പെട്ടതാണ്. ഹജ്ജിന്റെ മിക്കവാറും കര്‍മങ്ങള്‍ അനുഷ്ടിക്കേണ്ടത് ഈ മാസത്തിലാണ്. യൗമുത്തര്‍വിയ, അറഫ ദിനം, അല്‍ഹജ്ജുല്‍ അക്ബര്‍, പെരുന്നാള്‍ സുദിനം, യൗമുന്നഹര്‍ തുടങ്ങിയവയെല്ലാം ദുല്‍ഹജ്ജിലെ ആദ്യ പത്തിലാണ്. ഒരു വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലൊന്നായ അറഫ രാവ് ദുല്‍ഹജ്ജ് പത്തിലാണ്.
ഇതര മാസങ്ങളേക്കാള്‍ പവിത്രമാക്കപ്പെട്ട ഈ മാസങ്ങളില്‍ സല്കര്മങ്ങളില് മുന്നേറുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. കാലങ്ങളില്‍ ചില സുവര്ണാവസരങ്ങള് അല്ലാഹു നമുക്ക് പ്രദാനം ചെയ്യും. അത് പരമാവധി പ്രയോജനപ്പെടുത്തല്‍ വിശ്വാസികളുടെ ബാധ്യതയാണ്. റമദാന് മാസം, ദുല്‍ഹജ്ജ്, പവിത്രമാക്കപ്പെട്ട മാസങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള സുദിനങ്ങളാണ്. ഈ അവസരങ്ങള്‍ സല്കര്മങ്ങളില് മുന്നേറിയും ദുഷ്കര്മങ്ങളില് നിന്നു വിട്ടുനിന്നും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാന്‍ വിശ്വാസികള്‍ ജാഗരൂകരാകേണ്ടതുണ്ട്. അല്ലാഹുവിനുള്ള പ്രകീര്‍ത്തനങ്ങളും(തസ്ബീഹ്), സ്തുതികളും(തഹ്മീദ്), ഏകദൈവത്വ വിളംബരവും(തഹലീല്), മഹോന്നതികളും(തക്ബീര്‍) ഈ പത്തുദിനങ്ങളില്‍ അധികരിപ്പിക്കണമെന്ന് പ്രവാചകന്(സ) പഠിപ്പിച്ചിട്ടുണ്ട്. സഹാബികളില്‍ അങ്ങാടികളില്‍ നിന്ന് വരെ അല്ലാഹുവിന്റെ മഹത്വം ഇത്തത്തില്‍ പ്രഘോഷിച്ചിരുന്നതായി കാണാം. അവര്‍ പരസ്പരം കണ്ടുമുട്ടുന്ന സന്ദര്‍ഭത്തില്‍ ‘ അല്ലാഹു അക്ബര്‍, അല്ലാഹുഅക്ബര്‍’ എന്ന് പറയുമായിരുന്നു.
ഈ സുദിനങ്ങളില്‍ സദഖ(ദാനധര്‍മങ്ങള്‍) ചെയ്യുന്നതിനും വളരെയേറെ പുണ്യമുണ്ട്. ദുല്‍ഹജ്ജ് ഒമ്പതിന് അറഫ നോമ്പനുഷ്ടിക്കല്‍ വളരെ പ്രാധാന്യമുള്ളതാണ്. റസൂല്‍(സ) പറഞ്ഞു: അറഫ നോമ്പ് മൂലം രണ്ടുവര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു ദൂരീകരിക്കും. മുന്‍കഴിഞ്ഞവര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും ചെറുപാപങ്ങള്‍ അല്ലാഹു ഇതിലൂടെ പൊറുത്തുതരും. എന്നാല്‍ ഹാജിമാര്‍ക്ക് ഈ ദിനത്തില്‍ നോമ്പനുഷ്ടിക്കല്‍ ശ്രേഷ്ടതയില്ല. കാരണം പ്രവാചകന് (സ) ഹജ്ജിലയായിരിക്കെ അറഫ ദിനത്തില്‍ നോമ്പനുഷ്ടിച്ചിരുന്നില്ല. ഈ സുദിനങ്ങളില്‍ പ്രത്യേകിച്ച് പെരുന്നാള്‍ ദിവസം വിശ്വാസികള്‍ തമ്മിലുള്ള സാഹോദര്യബന്ധം ദൃഢമാക്കുക, സന്ദര്‍ശനങ്ങള്‍ അധികരിപ്പിക്കുക, കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുക എന്നിവയ്ക്കെല്ലാം വളരെ പ്രാധാന്യമുണ്ട്.
വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE