Current Date

Search
Close this search box.
Search
Close this search box.

താരതമ്യ കര്‍മശാസ്ത്ര പഠനത്തിലെ ആദ്യ രചയിതാവ്

ഹദീസ് പഠനത്തില്‍ വിശുത്രനായ പണ്ഡിതാനാണ് മഹാനായ അബൂ മൂസാ മുഹമ്മദു തിര്‍മിദി. സുപ്രസിദ്ധമായ ആറ് ഹദീസ് ഗ്രന്ഥങ്ങളിലൊന്നായ ‘സുനനുത്തിര്‍മിദി’ അദ്ദേഹത്തിന്റെ പ്രധാന രചനകളിലൊന്നാണ്. ഹദീസ് പഠനത്തിന്റെ ശോഭനമായ കാലത്തായിരുന്നു ഇമാം തിര്‍മുദിയുടെ ജീവിതം. അശ്ശമാഇല്‍, അസ്മാഉ സ്വഹാബ അടക്കം നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയ ഇമാം താരതമ്യ കര്‍മശാസ്ത്ര പഠന മേഖലയിലെ ആദ്യ രചയിതാവ് കൂടിയാണ്. ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും അവരുടേതല്ലാത്തതുമായ നിരവധി ശൈഖുമാരില്‍ നിന്നും ഇമാം തിര്‍മിദി ജ്ഞാന സമ്പാദനം നടത്തിയിട്ടുണ്ട്. ഇമാം ബുഖാരിയും പ്രധാന ശൈഖായിരുന്നു. ഇമാം ബുഖാരിയുടെ വഫാത്തറിഞ്ഞ് ഒരുപാട് നേരം അദ്ദേഹം കരയുകയുണ്ടായി. ഹദീസുകളും മറ്റു ജ്ഞാനങ്ങളും തേടിയുള്ള നിരന്തര യാത്രകളുടേതായിരുന്നു അവിടുത്തെ ജീവിതം. മഹാനായ ഹാഫിളുല്‍ മുസിയ് ഇമാം തിര്‍മിദിയെക്കുറിച്ച് പറയുന്നു: ഒരുപാട് നാടുകളില്‍ സഞ്ചരിച്ചു. ഖുറാസാനിലെയും ഇറാഖിലെയും ഹിജാസിലെയും മറ്റിതര നാടുകളിലെയും നിരവധി പണ്ഡിതന്മാരില്‍ നിന്നും ഹദീസ് കേട്ട് മനപ്പാഠമാക്കി. എങ്കിലും മിസ്റിലേക്കും ശാമിലേക്കും അദ്ദേഹം യാത്ര നടത്തിയില്ല. പകരം മറ്റു ചിലര്‍ മുഖേന അവിടെയുള്ള പണ്ഡിതന്മാരില്‍ നിന്നും ഹദീസ് നിവേദനം ചെയ്തു. അറിവ് തേടി ഇസ്ലാമിക ലോകത്തെ ജ്ഞാന കേന്ദ്രമായിരുന്ന ബഗ്ദാദിലേക്കും യാത്രപോയിട്ടില്ലെന്ന് പറയപ്പെടുന്നു.

ഇമാം തിര്‍മിദി അന്ധനായിട്ടാണ് ജനിച്ചതെന്നും അതല്ല ബാല്യകാലത്ത് അന്ധത ബാധിച്ചതാണെന്നും ചില ഗ്രന്ഥങ്ങളില്‍ കാണാം. ഇതൊന്നുമല്ല, ജീവിതത്തിന്റെ അവസാന നാളുകളില്‍ ബഗ്ദാദില്‍ എത്തിയപ്പോഴാണ് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതെന്നും പറയപ്പെടുന്നുണ്ട്. അതിന് ഉപോത്ഭലകമായി ഇബ്നു കസീറിന്റെ ഉദ്ധരണിയുമുണ്ട്: ‘ഹദീസും മറ്റു അറിവുകളും തേടി നിരന്തര യാത്ര നടത്തുകയും ഹദീസ് കേള്‍ക്കുകയും എഴുതിവെക്കുകയും അത് ഓര്‍ത്തെടുക്കുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തതിന് ശേഷമാണ് തിര്‍മിദിയെ അന്ധത ബാധിക്കുന്നത്’.

ജീവിതവും വളര്‍ച്ചയും

മുഹമ്മദു ബ്നു ഈസാ ബ്നു സൂറത്ത് ബ്നു മൂസാ ബ്നു ളഹാഖ് എന്നാണ് ഇമാം തിര്‍മിദിയുടെ പൂര്‍ണനാമം. പ്രശസ്തരായ മറ്റു പണ്ഡിതന്മാരെപ്പോലെത്തന്നെ അദ്ദേഹത്തിന്റെ നാമവും സ്വന്തം നാടായ തിര്‍മിദിലേക്ക് ചേര്‍ക്കപ്പെട്ടു. ഇന്നത്തെ ഉസ്ബക്കിസ്ഥാന്റെ കിഴക്കന്‍ ഭാഗത്തുള്ള ജയ്ഹൂന്‍ നദിക്ക് സമീപമായിരുന്നു തിര്‍മിദ് എന്ന നാട് നിലനിന്നിരുന്നത്. ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ പ്രാരംഭകാലത്ത് 209ല്‍ തിര്‍മിദിലെ ഗ്രാമമായ ബൂഗിലായിരുന്നു ജനനം. ബാല്യകാലവും അവിടെത്തന്നെയായിരുന്നു. പിന്നീട് അറിവ് തേടി ഖുറാസാനിലേക്ക് പോയി. അവിടെ നിന്ന് ഇറാഖിലേക്കും ഹിജാസിലേക്കും പോയി. എന്നാല്‍, അക്കാലത്തെ പണ്ഡിതന്മാരെല്ലാം ചെയ്യാറുള്ള മിസ്ർ, ശാം സന്ദര്‍ശനത്തിന് അദ്ദേഹം തയ്യാറായില്ല.

അന്ന് അബ്ബാസി ഭരണകൂടത്തിന്റെ കാലഘട്ടമായിരുന്നു. ഹദീസ് പഠനശാഖയുടെ സുവര്‍ണ്ണ കാലാഘട്ടമായിരുന്നുവത്. ഹദീസ് ക്രോഡീകരണത്തിലും ശേഖരണത്തിലും തല്‍പരരായ നിരവധി പണ്ഡിതന്മാര്‍ ഉയര്‍ന്നുവന്ന കാലം. ഇമാം ബഖാരി, ഇമാം മുസ്ലിം തുടങ്ങി ഇമാം തിര്‍മിദി, ഇമാം ഇബ്ന്‍ മാജ, ഇമാം നസാഈ അടക്കമുള്ള മഹനീയരായ ഹദീസ് പണ്ഡിതന്മാരുടെ നൂറ്റാണ്ട്.

സ്വഭാവ വൈശിഷ്ഠ്യവും ഇമാം ബുഖാരിയുമായുള്ള ബന്ധവും

ഇമാം ബുഖാരിയുമായി ഗാഢമായ ബന്ധമുണ്ട് ഇമാം തിര്‍മിദിക്ക്. കര്‍മശാസ്ത്രവും ഹുകുമുകളുടെ നിര്‍ദ്ധാരണവും ഇമാം ബുഖാരിയില്‍ നിന്നാണ് പഠിക്കുന്നത്. തന്റെ അവസാന ഗ്രന്ഥമായ ജാമിഇല്‍ കിതാബുല്‍ ഇലല്‍ എന്ന ഭാഗത്ത് മഹാന്‍ പറയുന്നു: ”ഹദീസുകളിലും വ്യക്തികളിലും അവരുടെ ചരിത്രങ്ങളിലും വന്ന ഇലലുകള്‍ക്കെല്ലാം ചരിത്ര ഗ്രന്ഥങ്ങളെയാണ് ഞാന്‍ അവലംഭിച്ചിട്ടുള്ളത്. അതില്‍ മിക്കതും മുഹമ്മദ് ബ്‌നു ഈസയുമായും(ഇമാം ബുഖാരി) അബ്ദുല്ലാഹ് ബ്‌നു അബ്ദുറഹ്‌മാനുമായും(അദ്ദാരിമി) അബൂ സറഅയുമായും(റാസി) മുനാദറ നടത്തുക വഴി ലഭിച്ചതാണ്. ഇവരില്‍ നിന്ന് തന്നെ ഏറ്റവും കൂടുതല്‍ ഇമാം ബുഖാരിയില്‍ നിന്നാണ് കരസ്ഥമാക്കിയത്. ഇലലുകള്‍, സനദുകള്‍ എന്നിവ മനസ്സിലാക്കുന്നതിലും അതിന്റെ ജ്ഞാനത്തെക്കുറിച്ചും മുഹമ്മദ് ബ്നു ഇസ്മാഈലിനേക്കാള്‍(ഇമാം ബുഖാരി) അറിവുള്ള ഒരാളെ ഖുറാസാനിലോ ഇറാഖിലോ ഞാന്‍ കണ്ടിട്ടില്ല”.

സമകാലികനും ശൈഖുല്‍ ഹദീസുമായ ഇമാം ബുഖാരിയില്‍ നിന്നും കര്‍മശാസ്ത്രത്തില്‍ പാണ്ഡിത്യം നേടി പിന്നീട് ഹദീസ് പണ്ഡിതന്മാരില്‍ നിന്നും ഹദീസ് ശേഖരിക്കാനായി യാത്ര ആരംഭിച്ചു. അതിന്റെ പൂര്‍ത്തീകരണമെന്നോണമാണ് ‘സുനനുത്തിര്‍മിദി’ വിരചിതമാകുന്നത്. അറിവില്‍ അങ്ങേയറ്റമായിരുന്നു ഇമാം തിര്‍മിദി. മനപ്പാഠ ശക്തിയില്‍ അദ്ദേഹത്തെ ഉപമയായി തന്നെ പറയാറുണ്ടായിരുന്നു. മിക്ക ഹദീസ് പണ്ഡിതന്മാര്‍ക്കുമുള്ളത് പോലെ അദ്ദേഹത്തിനും ഈ കഴിവ് നേടിയെടുക്കാന്‍ സാധ്യമായത് ഹദീസ് മനപ്പാഠമാക്കുന്നതിലൂടെയാണ്. ഇന്നത്തെ ചുറ്റുപാടില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്ന അക്കാലത്ത് ദേശങ്ങള്‍ താണ്ടിയുള്ള ഈ മഹനീയ പ്രവര്‍ത്തനത്തിന് ഓര്‍മ്മശക്തി അനിവാര്യമായിരുന്നു.

മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ജീവിച്ച പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇബ്ന്‍ ഹിബ്ബാന്‍ ഇമാം തിര്‍മിദിയെക്കുറിച്ച് പറയുന്നു: ”തിരുചര്യയെ സംരക്ഷിച്ച് നിര്‍ത്തിയ ആറ് മഹനീയ പണ്ഡിതരില്‍ ഒരാളാണ് ഇമാം തിര്‍മിദി. ലോകത്ത് ഹദീസില്‍ അടിസ്ഥാനപരമായി അവലംബിക്കപ്പെടുന്ന ഗ്രന്ഥങ്ങളാണ് അവരുടേത്. തിരുനബി(സ്വ)യുടെ ഹദീസ് കേട്ടത് അതുപോലെ മനപ്പാഠമാക്കി സംരക്ഷിച്ചതിനാല്‍ അല്ലാഹു മുഖം പ്രകാശിപ്പിച്ചവരില്‍ പെട്ടവരാണവര്‍”.

അബൂ യഅ്‌ലാ അല്‍ഖലീല്‍ ബ്നു അബ്ദില്ലാഹ് പറയുന്നു: ”മുഹമ്മദ് ബ്നു ഈസാ ബ്നു സൗറ. ഹദീസില്‍ അദ്ദേഹത്തിനൊരു മഹത്തായ ഗ്രന്ഥമുണ്ട്. ഹദീസുമായി ബന്ധപ്പെട്ട ജുര്‍ഹ് വത്തഅ്ദീലിലും ഒരു ഗ്രന്ഥമുണ്ട്. അബൂ മഹ്ബൂബ് അദ്ദേഹത്തില്‍ നിന്നും നിവേദനം ചെയ്തിട്ടുണ്ട്. വിശ്വസ്തതയിലും അറിവിലും സുപ്രസിദ്ധനാണദ്ദേഹം”.

ഇമാം ബുഖാരിക്ക് ശേഷം ഖുറാസാനിലെ ഏറ്റവും വലിയ പണ്ഡിതനായി മാറി. ഇമാം തിര്‍മിദിയുടെ വഫാത്തിന് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രി. 870ല്‍ ഇമാം ബുഖാരി വഫാത്തായപ്പോള്‍ വേര്‍പാടിന്റെ വിഷമത്താല്‍ അദ്ദേഹം ഒരുപാട് കരഞ്ഞിരുന്നു. ”നീ എന്നില്‍ നിന്ന് ഉപകാരം എടുത്തതിനേക്കാള്‍ നിന്നില്‍ നിന്ന് ഉപകാരം എടുത്തിട്ടുണ്ടെന്ന്” ശിഷ്യനായ തിര്‍മിദിയോട് ശൈഖായ ഇമാം ബുഖാരി പറഞ്ഞിരുന്നത്രെ.

സുനനുത്തിര്‍മിദി

സുനനുത്തിര്‍മിദിയുടെ രചന പൂര്‍ത്തീകരിച്ചതിന് ശേഷം അക്കാലത്ത് ഹിജാസിലും ഇറാഖിലും ഖുറാസാനിലും ഉണ്ടായിരുന്ന എല്ലാ പണ്ഡിതരെയും അദ്ദേഹമത് കാണിക്കുകയും ഒരാളുമൊഴിയാതെ എല്ലാവരുമതില്‍ പൂര്‍ണ സന്തുഷ്ടരാവുകയും ചെയ്തു. തന്റെ വിശ്രുത ഗ്രന്ഥത്തെക്കുറിച്ച് ഇമാം തിര്‍മിദി പറയുന്നു: ‘ ഈ ഗ്രന്ഥം ആരുടേലും വീട്ടില്‍ ഉണ്ടെങ്കില്‍ അവിടെ സംസാരിച്ചു കൊണ്ടിരിക്കുന്ന നബിയുള്ളത് പോലെയാണ്”.
അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന്റെ വിശ്വസ്തതക്ക് തെളിവായി ഈയൊരു വാചകം തന്നെ മതി. അതില്‍ അദ്ദേഹം അഭിമാനിയായിരുന്നു. കാരണം, കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയിലും അതിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വ്യത്യസ്ത അദ്ധ്യായങ്ങളിലായി 3956 ഹദീസുകളാണ് കിതാബിലുള്ളത്. കര്‍മശാസ്ത്രം, ഹദീസിലെ ഇലലുകള്‍, സ്വീകാര്യയോഗ്യമായ ഹദീസ് തുടങ്ങിയയവയെല്ലാം അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വഹാബിമാരുടെ പേരുകള്‍, വിളിപ്പേരുകള്‍, തജിരീഹ്, വത്തഅ്ദീല്‍, നബിയെ കണ്ട റാവിമാര്‍, കാണാത്തവര്‍ എന്നിവയും അദ്ദേഹമതില്‍ വ്യക്തമാക്കുന്നുണ്ട്.

സുനനുത്തിര്‍മിദിയെക്കുറിച്ച് ഇബ്ന്‍ റജബുല്‍ ഹമ്പലി പറയുന്നു: ”തിര്‍മിദി തന്റെ കിതാബില്‍ സ്വഹീഹ്, ഹസന്‍, ഗരീബ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിതാബുല്‍ ഫദാഇല്‍ മുന്‍കറായ ഹദീസും കൊണ്ടുവന്നിട്ടുണ്ട്. കളവ് ആരോപിക്കപ്പെട്ട ഹദീസ് അവര്‍ കൊണ്ടുവന്നിട്ടില്ല. മനപ്പാഠശക്തി കുറഞ്ഞ ആളുകളുടെ ഹദീസും പറയുന്നുണ്ട്. മിക്കപ്പോഴും അത് വ്യക്തമാക്കുകയും ചെയ്യും”.

അല്‍ഫിഖ്ഹുല്‍ മുഖാറനിലെ ആദ്യ രചന

അല്‍ഫിഖ്ഹുല്‍ മുഖാറന പഠന മേഖലയില്‍ ഇമാം തിര്‍മിദി നേരത്തെത്തന്നെ ഗ്രന്ഥ രചന ആരംഭിച്ചിരുന്നു. അതില്‍ ആദ്യ രചന നടത്തിയതും അദ്ദേഹമാണ്. എങ്കിലും ഹദീസ് സമാഹരണമായ സുനനുത്തിര്‍മിദിയാണ് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്ന്. കര്‍മ്മശാസ്ത്ര ഭിന്നതകളില്‍ അവലംബാര്‍ഹവും വിശ്വാസയോഗ്യവുമായ ഒന്നാണ് അല്‍ഫിഖ്ഹുല്‍ മുഖാറനയില്‍ വിരചിതമായ അദ്ദേഹത്തിന്റെ ഗ്രന്ഥം, പ്രത്യേകിച്ചും മദ്ഹബു സൗരി, മദ്ഹബു അവ്‌സാഈ തുടങ്ങിയ മദ്ഹബുകളുമായി ബന്ധപ്പെട്ടുള്ളവ. ശാഫിഈ മദ്ഹബിലെ പഴയ നിയമങ്ങളും അദ്ദേഹത്തിന് മനപ്പാഠമായിരുന്നു. മഹാനായ അബുല്‍ ഹസന്‍ നദ്‌വി പറയുന്നു: ‘അല്‍ഫിഖ്ഹുല്‍ മഖാറന്‍ എന്ന് ഇന്ന് ജനങ്ങള്‍ക്കിടയില്‍ സുപരിചിതമായ കര്‍മ്മശാസ്ത്ര പഠനമേഖലയില്‍ ആദ്യ ചുവടുകളെടുത്ത വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന്റെ കാലത്ത് ഗവേഷണാത്മക മദ്ഹബുകളിലെ കര്‍മ്മശാസ്ത്രങ്ങള്‍ മനപ്പാഠമാക്കുന്നതില്‍ അദ്ദേഹം കാണിച്ച താല്‍പര്യത്തിന് ഉമ്മത്ത് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

അദ്ദേഹമില്ലായിരുന്നുവെങ്കില്‍ മദ്ഹബുകളിലെ കര്‍മ്മശാസ്ത്രവുമായി ബന്ധപ്പെട്ട ഒരുപാട് വിഷയങ്ങള്‍ ഉമ്മത്തിന് നഷ്ടമാകുമായിരുന്നു. ലോകത്ത് വിരചിതമായ ഗ്രന്ഥങ്ങളെക്കാളും ശ്രേഷ്ഠമാണ് അദ്ദേഹത്തിന്റെ ജാമിഅ്’.

ഇമാം തിര്‍മിദി രചിച്ച നിരവധി ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ പ്രസിദ്ധമായ ഒന്നാണ് ‘ജാമിഉത്തിര്‍മിദി’. ‘അല്‍ജാമിഉല്‍ മുഖ്തസര്‍ മിനസ്സുനനി എന്‍ റസൂലില്ലാഹി(സ്വ) വമഅ്‌രിഫത്തിസ്വഹീഹി വല്‍മഅ്‌ലൂലി വമാ അലൈഹില്‍ അമലു’ എന്നാണ് അതിന്റെ പൂര്‍ണനാമം. ത്വഹാറത്ത്, സ്വലാത്ത്, സകാത്ത്, നോമ്പ്, ഹജ്ജ്, ജനാസ തുടങ്ങി നിരവധി അദ്ധ്യായങ്ങളിലായി ഏകദേശം നാലായിരം ഹദീസുകളാണ് ജാമിഉത്തിര്‍മിദി ഗ്രന്ഥത്തിലുള്ളത്.

ഗ്രന്ഥങ്ങള്‍

ജാമിഉത്തിര്‍മിദിക്ക് പുറമെ മറ്റനേകം ഗ്രന്ഥങ്ങളും ഇമാം തിര്‍മിദിക്കുണ്ട്. മഹാനായ ഇബ്‌നു കസീര്‍ പറയുന്നു: ‘തന്റെ കാലത്തെ പ്രമുഖ ഹദീസ് വിശാരദന്മാരില്‍ ഒരാളായിരുന്നു തിര്‍മിദി. സുപ്രസിദ്ധമായ ഒരുപാട് ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. അല്‍ജാമിഅ്, അശ്ശമാഇല്‍, അസ്മാഉസ്വഹാബ എന്നിവ അതില്‍ പെട്ടതാണ്. മറ്റു ചില ഗ്രന്ഥങ്ങള്‍:
1- അശ്ശമാഇലുല്‍ മഹമ്മദിയ്യ: തിരുനബി(സ്വ)യുടെ സീറയുമായി ബന്ധപ്പെട്ടതാണിത്. അതില്‍ തിരുനബി(സ്വ)യുടെ വിശേഷണങ്ങളുണ്ട്. തിരുനബിയുടെ സ്വഭാവങ്ങളും രൂപ പ്രകൃതങ്ങളുമുണ്ട്. പ്രവാചകന്‍ പഠിപ്പിച്ച മാതൃകാപരമായ അധ്യാപനങ്ങളുണ്ട്. 55 അധ്യായങ്ങളിലായി 397 ഹദീസുകളാണ് അതിലുള്ളത്.
2- ഇലലുത്തിര്‍മിദി അല്‍കബീര്‍: ഇമാം തിര്‍മിദി സനദോടുകൂടി നിവേദനം ചെയ്യുന്ന ഹദീസുകളെക്കുറിച്ചുള്ള പഠനമാണിത്. ആദ്യം ഒരു ഹദീസ് ഉദ്ധരിക്കുകയും എന്നിട്ട് അതുമായി ബന്ധപ്പെട്ട് തന്റെതോ തന്റെ ശൈഖുമാരുടേതോ ആയ ഹുകുമുള്‍ വിവരിക്കും. അതിലദ്ദേഹം കൂടുതലായി അവലംബിച്ചിരുന്നത് പ്രിയ ഗുരവര്യരായ ഇമാം ബുഖാരിയെയായിരുന്നു. സനദോടുകൂടെയുള്ള 484 ഹദീസുകളാണ് ഇതിന്റെ ഉള്ളടക്കം.
3- അല്‍ഇലലു സഗീര്‍: സുനനുത്തിര്‍മിദിയുമായി ബന്ധമുള്ള ഒന്ന് തന്നെയാണിത്. കര്‍മ്മശാസ്ത്ര അധ്യായങ്ങള്‍ പ്രകാരം ഇലലുകളുള്ള ഹദീസുകള്‍ വ്യക്തമാക്കുന്ന ഗ്രന്ഥമാണിത്. ഓരോ ഹദീസിന്റെയും ഇല്ലത്തും അതിനോടൊപ്പം വിശദീകരിക്കുന്നുണ്ട്.
4- അസ്സുഹ്ദു
5- കിതാബുത്തഫ്‌സീര്‍
6- കിതാബുത്താരീഖ്
7- കിതാബുല്‍ അസ്മാഇ വല്‍കിനാ

ഇതര പണ്ഡിതന്മാര്‍ പറഞ്ഞത്

നിരവധി പണ്ഡിതന്മാരാണ് ഇമാം തിര്‍മിദിയെ പ്രശംസിച്ചു പറഞ്ഞിട്ടുള്ളത്. മഹാനായ ഇബ്‌നുല്‍ അസീറുല്‍ ജസ്‌രി പറയുന്നു: ‘അപാരമായ മനപ്പാഠശേഷിയുള്ള ഒരു ഇമാമായിരുന്നു അദ്ദേഹം. ഹദീസിലെ ജാമിഉല്‍ കബീര്‍ അടക്കം നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ട്. വിശ്രുതരായ പണ്ഡിതരിലൊരാളാണ് അദ്ദേഹം. കര്‍മ്മശാസ്ത്രത്തില്‍ വലിയ പരിജ്ഞാനമുള്ളയാള്‍. ഇവ്വിഷയകമായി അദ്ദേഹത്തിന്റെ കാലത്തുണ്ടായിരുന്ന പണ്ഡിതരില്‍ പ്രമുഖന്‍’. അബുല്‍ ഫിദാഅ് പറയുന്നു: ‘അന്ധനായ ഹാഫിളായ ഇമാമായിരുന്നു അദ്ദേഹം. ഹദീസ് ശാസ്ത്രത്തില്‍ സ്വീകാര്യയോഗ്യരായ സുപ്രസിദ്ധ നേതാക്കളില്‍ ഒരാള്‍.

അബൂ സഅദുല്‍ ഇദ്‌രീസി പറയുന്നു: ‘ഹദീസ് പഠനശാഖയില്‍ അവലംബാര്‍ഹരായ പണ്ഡിതരില്‍ ഒരാള്‍. അല്‍ഇലല്‍, താരീഖ്, ജാമിഅ് എന്നിവ അഗ്രകണ്യനായ ഒരാളുടെ രചന തന്നെയാണ്. മനപ്പാഠശേഷിയില്‍ അദ്ദേഹത്തെ ഉപമ പറയാറുണ്ടായിരുന്നു’. ഹാകിം പറയുന്നു: ‘ഉമര്‍ ബ്‌നു അലക് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ത്യാഗം, സൂക്ഷ്മത, മനപ്പാഠശക്തി, അറിവ് എന്നതില്‍ അബൂ ഈസയോളം അതികായനായ ഒരാള്‍ ഖുറാസാനിലില്ലെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. ഇമാം ബുഖാരി വഫാത്തായ വിഷമത്തില്‍ കരഞ്ഞ് അദ്ദേഹത്തിന് അന്ധത ബാധിച്ചു’.
ഇബ്‌നുല്‍ അമ്മാദുല്‍ ഹമ്പലി പറയുന്നു: ‘സൂക്ഷ്മതയിലും മനപ്പാഠശക്തിയിലും ദൃഢജ്ഞാനത്തിലും അക്കാലത്ത് അദ്ദേഹത്തെക്കഴിഞ്ഞേ ആളുണ്ടായിരുന്നൊള്ളൂ’. ഇമാം സമ്ആനി പറയുന്നു: ‘അക്കാലത്തെ സര്‍വ പണ്ഡിതന്മാരുടെയും ഇമാമായി അദ്ദേഹം മാറിയെന്നത് യാദൃശ്ചികമല്ല’. ദഹബി പറയുന്നു: ‘വിശ്വാസയോഗ്യമായ ജാമിഇന്റെ രചയിതാവും വിശ്വപണ്ഡിതനും ഹാഫിളുമായ പണ്ഡിതന്‍’. ഇബ്‌നു ഖല്ലിക്കാന്‍ ഇമാം തിര്‍മിദിയെ പ്രശംസിക്കുന്നു: ‘പ്രസിദ്ധനായ ഹാഫിള് തിര്‍മിദി ഹദീസ് പഠനമേഖലയിലെ മാതൃകായോഗ്യനായ നേതാവാണ്. കിതാബുല്‍ ജാമിഅ്, കിതാബുല്‍ ഇലല് പോലെ മഹത്തരമായ ഗ്രന്ഥങ്ങളുടെ രചയിതാവ്. ഹിഫ്‌ളില്‍ അദ്ദേഹം ഉപമ പറയപ്പെടുന്ന ആളായിരുന്നു. അബൂ അബ്ദില്ലാഹ് മുഹമ്മദു ബ്‌നു ഇസ്മാഈലുല്‍ ബുഖാരിയുടെ ശിഷ്യനാണദ്ദേഹം. ഖുതൈബത്തു ബ്‌നു സഈദ്, അലി ബ്‌നു ഹജര്‍, ഇബനു ബഷാര്‍ തുടങ്ങിയവരും ഗുരുക്കന്മാരാണ്’.

ഇസ്മാഈലുല്‍ ഹര്‍വി പറയുന്നു: ‘കിതാബുല്‍ ബുഖാരിയെക്കാളും കിതാബു മുസ്‌ലിമിനെക്കാളും ഉപകാരപ്രദമായ ഗ്രന്ഥം ജാമിഉത്തിര്‍മിദിയാണ്. അറിവിലും വൈജ്ഞാനിക നേട്ടത്തിലും ഇവ രണ്ടിനെക്കാളും മികച്ചു നില്‍ക്കുന്ന ഗ്രന്ഥമാണ് ജാമിഅ്. അതെല്ലാവര്‍ക്കും ആവശ്യമായി വരുന്ന ഒന്നുമാണ്’. അബുല്‍ യഅ്‌ല അല്‍ഖലീല്‍ ബ്‌നു അബ്ദില്ലാഹില്‍ ഖലീലില്‍ ഖസ്‌വീനീ പറയുന്നു: മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തുല്‍ ഹാഫിള്. സുനനില്‍ അദ്ദേഹത്തിന് ഗ്രന്ഥമുണ്ട്. ജറഹു വത്തഅ്ദീലിലും ഗ്രന്ഥമുണ്ട്. വിശ്വസ്തതയിലും ഇല്‍മിലും അദ്ദേഹം പ്രശസ്തനാണ്’.

അന്ധതയും വഫാത്തും

അന്ധനായിത്തന്നെ ലോകം ചുറ്റി സഞ്ചരിച്ച പണ്ഡതനായിരുന്നു ഇമാം തിര്‍മിദി. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അദ്ദേഹത്തെ പിടികൂടിയ അന്ധത അദ്ദേഹത്തന്റെ ജ്ഞാനം, വായന, നിരന്തരമായ ഗ്രന്ഥരചന എന്നിവയോടുള്ള അഭിനിവേശവും ഇഷ്ടവുമൊന്നും ഒട്ടും കുറച്ചില്ല. ഇമാം തിര്‍മിദി അന്ധനായിട്ടാണ് ജനിച്ചതെന്ന വാദം ശരിയല്ല. ഹി. 279 റജബ് 13ന് തിര്‍മിദില്‍ തന്നെയാണ് മഹാന്‍ വഫാത്താകുന്നത്.

വിവ: മുഹമ്മദ് അഹ്സന്‍ പുല്ലൂര്‍

Related Articles