Current Date

Search
Close this search box.
Search
Close this search box.

വ്യഭിചാരിണിക്കും കള്ളനും സമ്പന്നനുമാണോ നിങ്ങൾ സ്വദഖ ചെയ്യുന്നത് !?

നബിയുടെ കൂടെ - 1

ഇമാം ബുഖാരി നിവേദനം ചെയ്യുന്നു. നബി (സ) പറയുന്നു: ‘ഇന്ന് ഞാനൊരു സ്വദഖ ചെയ്യുമെന്ന് പറഞ്ഞ് ഒരു മനുഷ്യന്‍ ഇറങ്ങിപ്പുറപ്പെടുന്നു. അയാള്‍ ഒരു കള്ളന്റെ കൈവശം അത് നല്‍കുന്നു. ജനങ്ങളൊക്കെയും ‘ഒരു കള്ളനാണോ നിങ്ങള്‍ ദാനം ചെയ്യുന്നത്!?’ എന്ന് അടക്കം പറയുന്നു. അയാള്‍ അല്‍ഹംദുലില്ലാ എന്ന് മാത്രം പ്രതിവചിക്കുന്നു. തുടര്‍ന്നും ഇന്ന് ഞാനൊരു സ്വദഖ ചെയ്യുമെന്ന് പറഞ്ഞ് അയാളിറങ്ങുന്നു. ഒരു വ്യഭിചാരിണിയുടെ കയ്യിലത് കൊടുക്കുന്നു.

വ്യഭിചാരിണിക്കാണോ നിങ്ങള്‍ ദാനം നല്‍കുന്നതെന്ന് ജനങ്ങള്‍ അടക്കം പറയുന്നു. അല്‍ഹംദുലില്ലാ എന്നുമാത്രം അയാള്‍ തിരിച്ചുപറയുന്നു. വീണ്ടും അയാള്‍ തന്റെ സ്വദഖയുമായി ഇറങ്ങുന്നു. ഒരു ധനികനായ മനുഷ്യന്റെ കയ്യില്‍ കൊടുക്കുന്നു. ധനികനായ മനുഷ്യനാണോ നിങ്ങള്‍ ദാനം ചെയ്യുന്നതെന്ന് ജനങ്ങള്‍ വീണ്ടും അടക്കം പറയുന്നു. അല്‍ഹംദുലില്ലാ, ഒരു കള്ളനും ഒരു വ്യഭിചാരിക്കും ഒരു ധനികനും ഞാന്‍ സ്വദഖ ചെയ്തു എന്നുമാത്രം അയാള്‍ പ്രതിവചിച്ചു. തുടര്‍ന്ന് അയാളോട് പറയപ്പെട്ടു: കള്ളന് നീ ദാനം ചെയ്തത് അയാളെ തന്റെ മോഷണത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും വ്യഭിചാരിണിക്ക് ചെയ്തത് അവളെ മാറിച്ചിന്തിക്കാനും ധനികന് ചെയ്തത് അയാളില്‍ ദാനശീലം ഉണ്ടാക്കാനും കാരണമായേക്കാം!’

ഗുണപാഠം 1

ജനങ്ങള്‍ എക്കാലത്തും ഇങ്ങനെയൊക്കെ തന്നെയാവും. വല്ല കാര്യത്തിനും പ്രതികാരം ചെയ്യാതെ മാപ്പു നല്‍കിയാല്‍ അവര്‍ ഭീരുവെന്നു വിളിക്കും. ദാനധര്‍മം ചെയ്താല്‍ പൊങ്ങച്ചം കാണിക്കുന്നുവെന്നു പറയും. പണ്ഡിതരോടു കൂട്ടുകൂടിയാല്‍ അദ്ദേഹവുമായി അടുപ്പത്തിലാവാന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപിക്കും. ഒരു തെറ്റുകാരന് ഹസ്തദാനം ചെയ്താല്‍ രണ്ടുപേരും ഒരുപോലെയാണെന്ന് പറയും. ഭാര്യക്ക് നന്മ ചെയ്യുമ്പോള്‍ പെണ്‍കോന്തനെന്നു വിളിക്കും. തെറ്റിനു കൂട്ടു നിന്നില്ലെങ്കില്‍ അപരിഷ്‌കൃതനെന്നു മുദ്രകുത്തും. കൈക്കൂലി വാങ്ങാന്‍ നിന്നില്ലെങ്കില്‍ വിഢിയാക്കി മാറ്റും.

ഇനി സ്ത്രീയുടെ കാര്യത്തില്‍ ഹിജാബ് ധരിച്ചവളാണെങ്കില്‍ ഫാഷന്‍ അറിയാത്തവളാക്കി മാറ്റും. മുഖംമൂടിയാല്‍ തന്റെ ന്യൂനത മറച്ചുവക്കുന്നവളെന്നു വിളിക്കും. ഭര്‍ത്താവിനെ അനുസരിച്ചാല്‍ ബലഹീനയെന്നു പറയും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ നീയായിത്തന്നെ തുടരുക! ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ നിന്റെ മൂല്യങ്ങളെ കയ്യൊഴിയാതിരിക്കുക. ഇനി ഇതൊക്കെപ്പറയുന്ന ജനങ്ങളെക്കുറിച്ച് നീയൊന്ന് ആലോചിച്ചു നോക്കൂ. അവരില്‍ മിക്കവരും അല്ലാഹുവില്‍ വരെ സമ്പൂര്‍ണ തൃപ്തരല്ലായിരിക്കാം. പിന്നെയെങ്ങനെ മറ്റു ജനങ്ങളില്‍ അവര്‍ തൃപ്തരാവുന്നത്!?

ഗുണപാഠം 2

ജനങ്ങളുടെ കൈപിടിച്ച് അല്ലാഹുവിലേക്ക് സഞ്ചരിക്കുക. തന്റെ സൃഷ്ടികളിലെ തെറ്റുകാരായ മനുഷ്യര്‍ക്കുവേണ്ടിയാണ് അല്ലാഹു എക്കാലത്തും പ്രവാചകന്മാരെ നിയോഗിച്ചിട്ടുള്ളത് എന്ന കാര്യം ഓര്‍ക്കുക! എല്ലാവരും അല്ലാഹുവിനെ വഴിപ്പെട്ടു ജീവിക്കുന്നവരാണെങ്കില്‍ പിന്നെ പ്രവാചകന്മാരുടെ ആവശ്യമേ ഇല്ലല്ലോ. കൂട്ടത്തിലെ ഒറ്റപ്പെട്ട ആള്‍ക്കാരിലേക്കു പോലും അല്ലാഹു പ്രവാചന്മാരെ അയച്ചിട്ടുണ്ട്. ‘ഞാനാണ് നിങ്ങളുടെ ഉന്നതനായ ദൈവം’ എന്ന് പറഞ്ഞ ആളോട് ‘മാന്യമായി സംസാരിക്കാന്‍’ അല്ലാഹു ഒരു പ്രവാചകനെ നിയോഗിച്ചു. ‘ബിംബങ്ങള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നു’ പറഞ്ഞവരിലേക്ക് സൃഷ്ടികളില്‍ അതിശ്രേഷ്ഠനായ മുഹമ്മദ് നബിയെ അല്ലാഹു അയച്ചു.

ആയതിനാല്‍ ജനങ്ങളുടെ ദോഷങ്ങളിലേക്ക് ഒരു യജമാനന്റെ കണ്ണുകളിലൂടെ നോക്കരുത്, അടിമയുടെ കണ്ണുകളിലൂടെ നോക്കുക. അല്ലാഹു നിനക്ക് നല്‍കിയ സന്മാര്‍ഗ(ഹിദായത്ത്)ത്തിന്റെ നിര്‍ബന്ധ ബാധ്യതയാണ് സകാത്ത് നീ വീട്ടേണ്ടത് അവരെ അല്ലാഹുവിലേക്ക് കൈപിടിച്ചു നടത്തിക്കൊണ്ടാണ്. അല്ലെങ്കില്‍ നീയൊരിക്കലും സ്വയം സന്മാര്‍ഗം പുല്‍കാന്‍ വഴിയില്ലാത്തവനാണല്ലോ. അല്ലാഹുവാണ് നിനക്ക് അവന്റെ ഔദാര്യമായി അത് നല്‍കിയത്. ആയതിനാല്‍ തെറ്റുകാരനെ രോഗികളെയെന്നപോലെ കാണുക. രോഗമാണ് വഴികേടാവുന്നതിലും ഭേദം. രോഗംവഴി ചിലപ്പോള്‍ പാപം പൊറുക്കപ്പെടുകയോ ക്ഷമിച്ചതിന്റെ പ്രതിഫലം ലഭിക്കുകയോ ചെയ്യാം. പക്ഷേ ദുര്‍മാര്‍ഗിയാവുന്നതിന്റെ അനന്തരഫലം അതിദാരുണമാവും!

ഗുണപാഠം 3

ശരിയാണ്, കാര്യങ്ങളെ നമ്മള്‍ കാണുന്ന അതിന്റെ ബാഹ്യാര്‍ഥത്തില്‍ വിലയിരുത്താനാണ് നാം കല്‍പിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, പുറംകാഴ്ചകള്‍ നിന്നെ കബളിപ്പിക്കാതിരിക്കാന്‍ എപ്പോഴും ജാഗ്രത പാലിക്കണം. നിനക്കറിയാവുന്ന, മതം വിറ്റു നടക്കുന്ന ആള്‍ക്കാരെക്കാള്‍ എത്രയോ മടങ്ങ് അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്ന തെറ്റുകാരായ മനുഷ്യര്‍ ഒരുപാടു കാണും. പക്ഷേ, വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റാതെ പിശാചിന്റെ കെണിയില്‍ പെട്ടവരാകും അവര്‍. ഉമര്‍ ബ്ന്‍ ഖത്താബ് പറഞ്ഞതായി ഇമാം ബുഖാരി നിവേദനം ചെയ്യുന്നു.

നബി(സ)യുടെ കാലത്ത് അബ്ദുല്ലാ എന്നു പേരുള്ളൊരു മനുഷ്യനുണ്ടായിരുന്നു. ജനങ്ങളെല്ലാം അദ്ദേഹത്തെ കഴുതയെന്നു പേരിട്ടു വിളിച്ചു. തമാശക്കാരനായ അയാള്‍ തന്റെ തമാശകളിലൂടെ നബിയെ പലപ്പോഴും ചിരിപ്പിച്ചു. പക്ഷേ മദ്യപിക്കുന്ന ശീലമുണ്ടായിരുന്ന അയാള്‍ക്ക് നബി (സ) രണ്ടുവട്ടം ചാട്ടവാറടി ശിക്ഷയായി നല്‍കുകയുണ്ടായി. മൂന്നാമതും ആവര്‍ത്തിച്ചപ്പോള്‍ ജനങ്ങളിലൊരാള്‍ ‘അല്ലാഹുവേ, നീ അയാളെ ശപിക്കണേ’ എന്നു പറഞ്ഞപ്പോള്‍ ‘അയാളെ ശപിക്കരുത്. അല്ലാഹുവാണ, അയാള്‍ അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്നുവെന്നു മാത്രമേ എനിക്കറിയൂ!’ എന്നായിരുന്നു നബി (സ)യുടെ മറുപടി.

ഹൃദയങ്ങളെന്നാല്‍ വെറും രഹസ്യങ്ങളാണ്, സൃഷ്ടാവിനു മാത്രമറിയുന്ന രഹസ്യങ്ങള്‍. ആയതിനാല്‍ ഹിജാബ് ധരിക്കാത്ത പെണ്ണ് തെമ്മാടിയാണെന്നോ മ്യൂസിക് കേള്‍ക്കുന്നവന്‍ ഖുര്‍ആനിനെ വെറുക്കുന്നവനാണെന്നോ അര്‍ഥം വെക്കരുത്! തെറ്റുകാരെ ന്യായീകരിക്കുകയല്ല, പക്ഷേ അവരുടെ കൈപിടിച്ച് അല്ലാഹുവിലേക്ക് നടക്കൂ എന്നുമാത്രമാണ് ഞാന്‍ പറയുന്നത്!

ഗുണപാഠം 4

ജനങ്ങളോട് നാം മയത്തിലും നല്ല നിലയിലുമല്ല പെരുമാറുന്നതെങ്കില്‍ ദീനിന്റെ ആള്‍ക്കാരെക്കുറിച്ചുള്ള തെറ്റായ മാതൃകയാണ് സത്യത്തില്‍ നാമവര്‍ക്ക് കാണിച്ചുകൊടുക്കുന്നത്. ഇവരാണ് ദീനിന്റെ ആള്‍ക്കാരെങ്കില്‍ അത് നമുക്കുവേണ്ട എന്ന ഭാവത്തില്‍ അവര്‍ പിന്നെ തെറ്റുകളുപേക്ഷിക്കാന്‍ തയ്യാറാവുകയുമില്ല. ജനങ്ങള്‍ നമ്മെപ്പോലെ ആവാന്‍ തയ്യാറാവുന്നില്ലെന്നു പറഞ്ഞ് അവരെ നാം ആക്ഷേപിക്കുകയുമരുത്.

സൃഷ്ടികള്‍ക്ക് ദേഷ്യമുള്ള ഒന്നായി അല്ലാഹുവിനെ മാറ്റരുത്! സ്ഥിരമായി പള്ളിയില്‍ ചെല്ലുന്ന നല്ലവനായൊരു മനുഷ്യന്റെ ഹസ്തദാനം മതി ചിലപ്പോള്‍ നിസ്‌കരിക്കാത്തവനെ പള്ളിയിലെത്തിക്കാന്‍! ഹിജാബ് ധാരിണിയായ ഒരുവളുടെ പുഞ്ചിരിയും മധുരതരമായ ഒരു വാക്കുംമതി ഹിജാബ് ധരിക്കാത്ത ഒരുവളെ മാറ്റിച്ചിന്തിപ്പിക്കാന്‍! നല്ലവനായൊരു മനുഷ്യന്റെ നല്ലൊരു സംസാരം മതി തെമ്മാടിയായൊരു മനുഷ്യന്‍ അല്ലാഹുവിലേക്കടുക്കാന്‍! ഇനിയത് നടന്നില്ലെങ്കില്‍ തന്നെയും ചുരുങ്ങിയത് നല്ലൊരു കാര്യം ചെയ്തതിന്റെ പ്രതിഫലം നിനക്കു ലഭിക്കുകയെങ്കിലും ചെയ്യുമല്ലോ.

വ്യഭിചാരിണിക്കും കള്ളനും സമ്പന്നനും സ്വദഖ ചെയ്ത സ്വഹാബിയുടെ കഥ ഓര്‍മയുണ്ടല്ലോ. അദ്ദേഹത്തോട് വിശ്വസ്തനും പാവപ്പെട്ടവനും ചാരിത്ര്യശുദ്ധിയുള്ളവളുമായ ആള്‍ക്കാര്‍ക്ക് സ്വദഖ ചെയ്തിരുന്നെങ്കില്‍ നന്നായേനെ എന്ന് പടച്ചവന്‍ പറഞ്ഞതുമില്ല. മറിച്ച് നിന്റെ സ്വദഖ സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് സ്വപ്‌നത്തില്‍ അയാളെ അറിയിക്കുകയായിരുന്നു അവന്‍. തദ്ഫലമായി വ്യഭിചാരിണി അതില്‍ നിന്നു വിട്ടുനിന്നേക്കാം, കള്ളന്‍ മോഷണം ഉപേക്ഷിച്ചേക്കാം, ധനികന്‍ ദാനധര്‍മം ശീലിച്ചേക്കാം!!!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

 

🪀 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV

Related Articles