Current Date

Search
Close this search box.
Search
Close this search box.

സത്യം ചെയ്യല്‍

swear.jpg

 عَنْ سَعْدِ بْنِ عُبَيْدَةَ أَنَّ ابْنَ عُمَرَ سَمِعَ رَجُلاً يَقُولُ لاَ وَالْكَعْبَةِ. فَقَالَ ابْنُ عُمَرَ لاَ يُحْلَفُ بِغَيْرِ اللَّهِ فَإِنِّى سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ « مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ كَفَرَ أَوْ أَشْرَكَ » (ترمذي /  قال الشيخ الألباني : صحيح)

സഅ്ദുബ്‌നു ഉബൈദ(റ)യില്‍ നിന്ന് നിവേദനം. ‘കഅ്ബയാണ് സത്യം, ഒരിക്കലുമില്ല’ എന്ന് ഒരാള്‍ പറയുന്നത് ഇബ്‌നു ഉമര്‍ കേട്ടു. അപ്പോള്‍ ഇബ്‌നു ഉമര്‍ പറഞ്ഞു: അല്ലാഹുവിന്റെ പേരിലല്ലാതെ സത്യം ചെയ്യപ്പെടാന്‍ പാടില്ല. ആരെങ്കിലും അല്ലാഹുവല്ലാത്തവയുടെ പേരില്‍ സത്യം ചെയ്താല്‍ അവന്‍ സത്യനിഷേധിയായിരിക്കുന്നു അല്ലെങ്കില്‍ മുശ്‌രിക്കായിരിക്കുന്നു എന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. (തിര്‍മിദി)

سَمِعَ : കേട്ടു
رَجُل : ഒരാള്‍, പുരുഷന്‍
يُحْلَفُ : സത്യം ചെയ്യപ്പെടുന്നു
حَلَفَ : സത്യം ചെയ്തു

പറയുന്ന കാര്യത്തിന് കൂടുതല്‍ പിന്‍ബലവും വിശ്വാസ്യതയും ലഭിക്കുന്നതിനാണ് നാം സത്യം ചെയ്യാറുള്ളത്. ഖുര്‍ആനില്‍ സത്യം ചെയ്തുകൊണ്ട് ആരംഭിക്കുന്ന നിരവധി സൂറത്തുകളുണ്ട്. അവയില്‍ കാലം, പകല്‍, രാത്രി, അത്തി, ഒലിവ്, സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയ വസ്തുക്കളെയും സ്ഥലങ്ങളെയും  മറ്റും മുന്‍നിര്‍ത്തി സത്യം ചെയ്യുന്നത് കാണാം. ഈ വിധം അല്ലാഹുവിന്, ഖുര്‍ആനില്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അത്തരം സൃഷ്ടികളുടെ പേരില്‍ ആണയിട്ട് പറയാമെങ്കിലും മനുഷ്യര്‍ക്ക് അത് അനുവദനീയമല്ല. ഖുര്‍ആനെയോ, മാതാപിതാക്കളെയോ മറ്റേതെങ്കിലും വ്യക്തികളെയോ  മുന്‍നിര്‍ത്തി സത്യം ചെയ്യാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ഏതെങ്കിലും സാഹചര്യത്തില്‍ സത്യം ചെയ്യേണ്ടി വന്നാല്‍ ‘അല്ലാഹുവാണ് സത്യം’  (والله) എന്നേ പറയാവൂ. അതേസമയം അല്ലാഹുവിന്റെ പേരില്‍ ഒരു കാര്യം സത്യം ചെയ്ത് പറയുമ്പോള്‍ അതിന്റെ ഗൗരവം വിസ്മരിക്കുകയും അരുത്. അല്ലാഹു അല്ലാത്ത വസ്തുക്കളുടെയോ ആളുകളുടെയോ പേരില്‍ സത്യം ചെയ്യുമ്പോള്‍ അതുവഴി നാം ഈമാനിന് വിരുദ്ധമായ ഗുരുതരമായ തെറ്റാണ് ചെയ്യുന്നത് എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.

മുശ്‌രിക് എന്നാല്‍ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നയാള്‍ എന്നാണല്ലോ അര്‍ഥം. മഹാനായ ലുഖ്മാന്‍(അ) തന്റെ മകന് നല്‍കുന്ന ഉപദേശത്തില്‍ പ്രധാനമായി പറഞ്ഞ ഒരു കാര്യം അതായിരുന്നു. ‘പൊന്നുമോനേ, നീ അല്ലാഹുവില്‍ പങ്കു ചേര്‍ക്കരുത്. തീര്‍ച്ചയായും ശിര്‍ക്ക് വലിയ അക്രമമാണ്.’ അനുഗ്രഹിക്കാനും പ്രാര്‍ഥനകള്‍ സ്വീകരിക്കാനും  എല്ലാം അറിയാനും ഉള്ള കഴിവും അവകാശവും അല്ലാഹുവിനുമാത്രമാണ്. അല്ലാഹുവിന്റെ നിയമങ്ങളില്‍ കൈകടത്തി അതു മാറ്റിക്കളയാന്‍ യാതൊരു ശക്തിക്കും സാധ്യമല്ല.  അല്ലാഹുവിന്റെ എല്ലാ കഴിവുകളും നിഷേധിക്കലാണ് കുഫ്‌റ്. അല്ലാഹു ഇല്ല എന്നു വിശ്വസിക്കലും കുഫ്‌റ് തന്നെ. അല്ലാഹു ഉണ്ടെന്നു കരുതിയിട്ടും അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കുന്നതും കുഫ്‌റാണ്.

അല്ലാഹുവിന്റെ സത്തയിലോ ഗുണങ്ങളിലോ വിശേഷണങ്ങളിലോ ഇതര സൃഷ്ടികളെ പങ്കുചേര്‍ക്കുന്നതിനാണ് ശിര്‍ക്ക് എന്നു പറയുന്നത്. മറ്റൊന്നിനെ മുന്‍നിറുത്തി സത്യം ചെയ്യുമ്പോള്‍, അല്ലാഹുവിനെപ്പോലെ ശക്തിയും സ്ഥാനവും സത്യം ചെയ്യപ്പെട്ട വസ്തുവിന് കിട്ടുന്നു. അതുകൊണ്ടാണ് അല്ലാഹുവല്ലാത്ത മറ്റെന്തിന്റെയെങ്കിലും പേരില്‍ സത്യം ചെയ്യുന്നത് ശിര്‍ക്ക്, അഥവാ അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ ആകുന്നത്. അല്ലാഹു അല്ലാത്തവരുടെ പേരില്‍ സത്യം ചെയ്യുന്നത് അല്ലാഹുവിനോടുള്ള ധിക്കാരമായതുകൊണ്ടാണ് അത് കുഫ്‌റ് ആണെന്നു പറയുന്നത്.

Related Articles