Current Date

Search
Close this search box.
Search
Close this search box.

വിഡ്ഢിയാക്കാന്‍ കള്ളം പറയുന്നവര്‍

banana-apple.jpg

عَنْ بَهْزِ بْنِ حَكِيمٍ قَالَ حَدَّثَنِى أَبِى عَنْ أَبِيهِ قَالَ سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ  وَيْلٌ لِلَّذِى يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ الْقَوْمَ وَيْلٌ لَهُ وَيْلٌ لَهُ .

ബഹ്‌സുബ്‌നു ഹകീമില്‍ നിന്ന് നിവേദനം. പ്രവാചകന്‍(സ) പറഞ്ഞു: ജനങ്ങളെ ചിരിപ്പിക്കാനായി സംസാരത്തിനിടെ കള്ളം പറയുന്നവന് നാശം. അവന് നാശം. അവന് നാശം. (അബൂദാവൂദ്)

وَيْلٌ : നാശം
يُحَدِّثُ : സംസാരിക്കുന്നു
يَكْذِبُ : കള്ളം പറയുന്നു
يُضْحِكُ : ചിരിപ്പിക്കുന്നു

എത്ര കയ്‌പേറിയ പ്രത്യാഘാതങ്ങളുണ്ടായാലും സത്യമേ പറയാവൂ എന്നാണല്ലോ ഇസ്‌ലാം പഠിപ്പിക്കുന്നത്. അതില്‍ നിന്ന് ഏതെങ്കിലും ദിവസത്തെ മാറ്റി നിര്‍ത്തിയിട്ടില്ല. എന്നിട്ടും എത്ര ലാഘവത്തോടെയാണ് പലരും ഏപ്രില്‍ ഒന്ന് കള്ളം പറയാന്‍ അനുവാദം ലഭിച്ച ദിനമാണെന്ന പോലെ കണക്കാക്കുന്നത്.

തമാശക്ക് പോലും കള്ളം പറഞ്ഞാലുള്ള ഭവിഷ്യത്ത് മനസിലാക്കാന്‍ ഉപരിസൂചിത ഹദീസ് തന്നെ ധാരാളമാണ്. കള്ളം പറയുന്നതിന്റെ അനാശാസ്യതയെ കുറിച്ച് പലവിധത്തിലും പ്രവാചകന്‍ ഉണര്‍ത്തിയിട്ടുണ്ട്. നമ്മുടെ വാക്കുകള്‍ വിശ്വസിക്കുന്ന കൂട്ടുകാരനോട് കള്ളം പറയുന്നത് കടുത്ത വഞ്ചനയാണെന്നും കള്ളം പറയല്‍ കപടവിശ്വാസിയുടെ ലക്ഷണമാണെന്നും ഒരു ദാസന്‍ കള്ളം പറഞ്ഞാല്‍ അതുവഴിയുണ്ടാകുന്ന ദുര്‍ഗന്ധത്താല്‍ മലക്കുകള്‍ ഒരു മൈല്‍ ദൂരം മാറി നില്‍ക്കുമെന്നുമെല്ലാമുള്ള പ്രവാചകന്റെ മുന്നറിയിപ്പുകള്‍ നാം പലതവണ മനസിലാക്കിയതാണ്.

ചെറിയ കള്ളം പോലും നിസാരമാക്കാന്‍ പറ്റില്ല. അസ്മാഇല്‍ നിന്ന് നിവേദനം. ഞാന്‍ നബി(സ)യോട് ചോദിച്ചു: എനിക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും കാര്യത്തെ/വസ്തുവിനെ കുറിച്ച് എനിക്കത് ഇഷ്ടമില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കളവായി പരിഗണിക്കുമോ? അവിടുന്ന് പ്രതിവചിച്ചു: കള്ളം കള്ളമായും കൊച്ചുകളവുകള്‍ അങ്ങനെയും രേഖപ്പെടുത്തപ്പെടും. (അഹ്മദ്) ചെറിയ നുണകള്‍  ഒരുമിച്ചുകൂടി കള്ളം പറയുന്നവന്‍ എന്ന് മുദ്രകുത്തപ്പെടുന്നത് സൂക്ഷിക്കണമെന്ന പ്രവാചകന്റെ താക്കീത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

തമാശക്ക് പോലും കള്ളം പറയാത്തവന് സ്വര്‍ഗത്തിന്റെ മധ്യത്തില്‍ പാര്‍പ്പിടം ലഭിക്കാന്‍ ഞാന്‍ ജാമ്യക്കാരനായിരിക്കുമെന്ന പ്രവാചകന്റെ സന്തോഷവാര്‍ത്ത അവഗണിച്ചുതള്ളുന്നത് എത്ര നീചം.

കുട്ടികളെയോ വളര്‍ത്തു മൃഗങ്ങളെയോ അടുത്തേക്ക് വിളിക്കാന്‍ ചിലരെങ്കിലും കൊച്ചുകള്ളത്തരങ്ങള്‍ ചെയ്യാറുണ്ട്. കൈ ചുരുട്ടിപ്പിടിച്ച് മിഠായി തരാം എന്ന വ്യാജേന കുട്ടിയെ അടുത്തുവിളിക്കുന്നവന്‍ അറിയുന്നില്ല, അവന്‍ ചെയ്യുന്നത് ഗുരുതരമായ തെറ്റാണെന്ന്. ചീത്തയായ ഒരു സന്ദേശമാണ് അവന്‍ അതിലൂടെ കുട്ടിക്ക് കൈമാറുന്നത്. അബ്ദുല്ലാഹിബ്‌നു ആമിര്‍ പറയുന്നു: ഒരു ദിവസം എന്റെ ഉമ്മ എന്നെ വിളിച്ചു. അപ്പോള്‍ പ്രവാചകന്‍(സ) ഞങ്ങളുടെ വീട്ടില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഉമ്മ പറഞ്ഞു: ഇങ്ങു വാ! നിനക്ക് ഒരു സാധനം തരാം. അപ്പോള്‍ തിരുമേനി ചോദിച്ചു: നിങ്ങള്‍ എന്താണ് അവന് കൊടുക്കാന്‍ ഉദ്ദേശിച്ചത്? ഉമ്മ പറഞ്ഞു: ഞാന്‍ അവന് ഒരു കാരക്ക കൊടുക്കാന്‍ ഉദ്ദേശിക്കുന്നു. അപ്പോള്‍ തിരുമേനി പറഞ്ഞു: നിങ്ങള്‍ അവന് ഒന്നും കൊടുത്തിരുന്നില്ലെങ്കില്‍ നിങ്ങളുടെ പേരില്‍ ഒരു കള്ളം രേഖപ്പെടുത്തപ്പെടും. (അബൂദാവൂദ്)

നുണയന്‍ എന്ന് മുദ്ര കുത്തപ്പെട്ടാല്‍ കണ്ണും മൂക്കും വായുമെല്ലാം പിരടി വരെ നിരന്തരം കുത്തിക്കീറപ്പെടുന്ന കടുത്ത ശിക്ഷക്ക് വിധേയമാകുമെന്ന് ബുഖാരി ഉദ്ദരിച്ച സുദീര്‍ഘമയൊരു ഹദീസില്‍ കാണാം. വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും അല്‍പം തമാശക്ക് വേണ്ടി കള്ളം പറഞ്ഞ് ആളുകളെ വിഡ്ഡികളാക്കാമെന്ന് ധരിക്കുന്നവര്‍ ചിന്തിക്കുക, അതിന്റെ പരിണതി എന്തായിരിക്കുമെന്ന്.

Related Articles