Current Date

Search
Close this search box.
Search
Close this search box.

മക്കളോട് നീതിയോടെ വര്‍ത്തിക്കല്‍

family.jpg

عَنِ النُّعْمَانِ بْنِ بَشِيرٍ  قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ اعْدِلُوا بَيْنَ أَوْلاَدِكُمْ ، فِي النُّحْلِ كَمَا تُحِبُّونَ أَنْ يَعْدِلُوا بَيْنَكُمْ فِي الْبِرِّ ، وَاللُّطْفِ.

നുഅ്മാനുബ്‌നു ബശീറില്‍ നിന്ന് നിവേനദം. നബി(സ) പറഞ്ഞു: സമ്മാനം നല്‍കുമ്പോള്‍ മക്കളോട് നീതിപൂര്‍വം വര്‍ത്തിക്കുവിന്‍; സ്‌നേഹവും കാരുണ്യവും നിറഞ്ഞ പെരുമാറ്റത്തില്‍ അവര്‍ നിങ്ങളോട് നീതി കാണിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നതുപോലെ (സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍, അസ്സുനനുല്‍ കുബ്‌റാ/ബൈഹഖി)

عَدَلَ : നീതി കാണിച്ചു
بَيْنَ : ഇടയില്‍
وَلَدٌ (ج) أَوْلَاد : സന്താനം
نُحْلٌ :  സമ്മാനം, പാരിതോഷികം, ദാനം
أَحَبَّ : ഇഷ്ടപ്പെട്ടു
بِرٌّ : നന്മ, അനുസരണം, സ്‌നേഹം നിറഞ്ഞ പരിചരണം
لُطْفٌ : ദയ, കാരുണ്യം, അനുകമ്പ, സൗമ്യത

ഖുര്‍ആന്‍ പറയുന്നു: നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു. (അന്നിസാഅ് 11)
അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ നിങ്ങള്‍ നീതി നടപ്പാക്കുന്നവരാകുവിന്‍. (അന്നിസാഅ് 135)
നബി(സ) പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍. മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുകയും ചെയ്യുവിന്‍.(1) നബി(സ) പറഞ്ഞു: നിങ്ങളുടെ മക്കള്‍ക്കിടയില്‍ നിങ്ങള്‍ നീതി പുലര്‍ത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു; നിങ്ങള്‍ പരസ്പരം നീതി പുലര്‍ത്തുന്നത് അവന്‍ ഇഷ്ടപ്പെടുന്നതുപോലെ.(2)
നബി(സ) പറഞ്ഞു: ഓരോരുത്തരോടും അവരില്‍ അര്‍പ്പിതമായ ചുമതലകളെ കുറിച്ച് അല്ലാഹു ചോദിക്കും. അത് കൃത്യമായി പാലിച്ചുവോ അതല്ല അതില്‍ അപാകത കാണിച്ചുവോ എന്ന്. കുടംബ നാഥന്‍ അയാളുടെ കുടുംബത്തെ കുറിച്ചും ചോദ്യം ചെയ്യപ്പെടും.(3)

ഇസ്‌ലാം ലോകത്തിന് സമര്‍പ്പിക്കുകയും അനുശാസിക്കുകയും ചെയ്ത മാനവിക മൂല്യങ്ങളിലൊന്നാണ് മക്കള്‍ക്കിടയിലെ നീതിപാലനം. നബി(സ) പറഞ്ഞു: നിങ്ങളുടെ സന്താനങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്തുവിന്‍.(4)
 
സമ്മാനം, സ്‌നേഹം, വാല്‍സല്യം, പരിഗണന, ആവശ്യനിര്‍വഹണം തുടങ്ങിയ കാര്യങ്ങളിലെല്ലാം മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തല്‍ ഉത്തമശിക്ഷണത്തിന്റെ അടിസ്ഥാനമാണ്. ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ദാനത്തിന്റെ/സമ്മാനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മക്കളോട് നീതിപൂര്‍വം വര്‍ത്തിക്കുവിന്‍.(5)
 
ന്യായമായ കാരണങ്ങളില്ലാതെ ഏറ്റവ്യത്യാസം കാണിക്കാതിരിക്കല്‍, തുല്യമായ പരിഗണന നല്‍കല്‍ എന്നിവയെല്ലാം മക്കള്‍ക്കിടയിലെ നീതിയുടെ പ്രത്യക്ഷ ഭാവങ്ങളാണ്. അനസി(റ)ല്‍ നിന്ന് നിവേദനം. ഒരാള്‍ പ്രവാചകനോടൊപ്പം ഇരിക്കുകയായിരുന്നു. അന്നേരം അദ്ദേഹത്തിന്റെ ഒരു കുഞ്ഞുമോന്‍ അവിടെ വന്നു. ഉടനെ അദ്ദേഹം ആ കുട്ടിയെ ചേര്‍ത്തുപിടിച്ചു ചുംബിക്കുകയും മടിയിലിരുത്തുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കുഞ്ഞുമോള്‍ അവിടെയെത്തി. അപ്പോള്‍ അവളെ അദ്ദേഹം തന്റെ അരികിലിരുത്തി. അന്നേരം നബി(സ) പറഞ്ഞു: താങ്കള്‍ അവര്‍ക്കിടയില്‍ നീതി കാണിച്ചില്ല.(6)

സഹാബികളെല്ലാം ഈ സല്‍സ്വഭാവങ്ങള്‍ പിന്‍പറ്റിയിരുന്നു. മക്കളോട് നീതി പുലര്‍ത്തിയിരുന്നു. മക്കളെ ചുംബിക്കുന്ന വിഷയത്തില്‍ പോലും അവര്‍ വിവേചനം കാണിച്ചിരുന്നില്ല. പരസ്പരം പകയും വെറുപ്പുമില്ലാതെ മക്കള്‍ വളരാന്‍ വേണ്ടിയുള്ള ജാഗ്രതയുടെ ഭാഗമായിരുന്നു അത്. ഈ ആശയത്തിലേക്ക് പ്രവാചകന്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. നുഅ്മാനുബ്‌നു ബശീറില്‍ നിന്ന് നിവേനം. അദ്ദേഹം പറയുന്നു: എന്റെ പിതാവ് എന്നെയും കൂട്ടി നബിയുടെ അടുക്കല്‍ ചെന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, എന്റെ സമ്പത്തില്‍ നിന്ന് ഇന്നയിന്നതെല്ലാം നുഅ്മാന് ഞാന്‍ സമ്മാനിച്ചതിന് താങ്കള്‍ സാക്ഷ്യം വഹിക്കണം.’ പ്രവാചകന്‍ ചോദിച്ചു: ‘നുഅ്മാന് കൊടുത്തത് പോലെ താങ്കളുടെ എല്ലാ മക്കള്‍ക്കും കൊടുത്തിട്ടുണ്ടോ?’ അദ്ദേഹം, ഇല്ല എന്ന് പ്രതിവചിച്ചു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘എങ്കില്‍ ഇതിന് മറ്റാരെയെങ്കിലും താങ്കള്‍ സാക്ഷിയാക്കുക’. എന്നിട്ട് നബി(സ) ചോദിച്ചു: ‘താങ്കളോടുള്ള ബാധ്യതാനിര്‍വഹണത്തില്‍ മക്കളെല്ലാം ഒരുപോലെയാവുന്നത് താങ്കള്‍ക്ക് സന്തോഷകരമാണോ?’ അദ്ദേഹം പറഞ്ഞു: ‘അതെ’. പ്രവാചകന്‍ പറഞ്ഞു: ‘എങ്കില്‍ ഇങ്ങനെ ചെയ്യരുത്.'(7)
 
മക്കളോടുള്ള പെരുമാറ്റത്തിലും ഇടപാടുകളും നീതി കാണിച്ചാല്‍ മാത്രമേ മാതപിതാക്കളോടുള്ള ബാധ്യതകള്‍ യഥാവിധി നിര്‍വഹിക്കാന്‍ അവരെല്ലം ഒരുപോലെ സന്നദ്ധമാവുകയുള്ളൂ എന്നര്‍ഥം.

മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്താന്‍ ദമ്പതികള്‍ തമ്മില്‍ സാധ്യമായത്ര സഹകരിക്കണം. നീതി പുലര്‍ത്തുന്നവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ആകര്‍ഷകമായ പ്രതിഫലമുണ്ടാവുമെന്ന് പ്രവാചകന്‍ വാഗ്ദാനം ചെയ്യുന്നു. നബി(സ) പറഞ്ഞു: നിശ്ചയം നീതി കാണിക്കുന്നവര്‍ അല്ലാഹുവിന്റെ അടുക്കല്‍ പ്രകാശത്തിന്റെ മിമ്പറുകളില്‍ (ഉന്നത സ്ഥാനങ്ങളില്‍) ആയിരിക്കും. അവര്‍ പ്രതാപവാനും കാരുണ്യവാനുമായ അല്ലാഹുവിന്റെ വലതുഭാഗത്തായിരിക്കും. അവര്‍ വിധി പറയുന്നതിലും കുടുംബത്തിലും ഏറ്റെടുത്ത കാര്യങ്ങളിലും നീതി പുലര്‍ത്തുന്നവരാണ്.(8)

—————————
1-  اتَّقُوا اللَّهَ وَاعْدِلُوا فِى أَوْلاَدِكُمْ   (صَحِيحُ مُسْلِم)
2- إِنَّ اللَّهَ تَعَالَى يُحِبُّ أَنْ تَعْدِلُوا بَيْنَ أَوْلاَدِكُمْ كَمَا يُحِبُّ أَنْ تَعْدِلُوا بَيْنَ أَنْفُسِكُمْ  (سُنَنُ الدَّارَقُطْنِي)
3- عَنْ أَنَسٍ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : إِنَّ اللَّهَ سَائِلٌ كُلَّ رَاعٍ عَمَّا اسْتَرْعَاهُ ، أَحَفِظَ ذَلِكَ أَمْ ضَيَّعَ ؟ حَتَّى يُسْأَلَ الرَّجُلُ عَلَى أَهْلِ بَيْتِهِ (السُّنَنُ الْكُبْرَى لِلنَّسَائِي)
4- حَدَّثَنَا سُلَيْمَانُ بْنُ حَرْبٍ حَدَّثَنَا حَمَّادٌ عَنْ حَاجِبِ بْنِ الْمُفَضَّلِ بْنِ الْمُهَلَّبِ عَنْ أَبِيهِ قَالَ سَمِعْتُ النُّعْمَانَ بْنَ بَشِيرٍ يَقُولُ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « اعْدِلُوا بَيْنَ أَوْلاَدِكُمْ اعْدِلُوا بَيْنَ أَبْنَائِكُمْ »
5- عَنِ بن عَبَّاسٍ عَنِ النبي صلى اللَّهُ عليه وسلم قال سَوُّوا بَيْنَ أَوْلادِكُمْ في الْعَطِيَّةِ
6- عَنْ أَنَسٍ، أَنَّ رَجُلًا كَانَ جَالِسًا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَجَاءَ بُنَيٌّ لَهُ، ” فَأَخَذَهُ فَقَبَّلَهُ وَأَجْلَسَهُ فِي حَجْرِهِ، ثُمَّ جَاءَتْ بُنَيَّةٌ لَهُ، فَأَخَذَهَا وَأَجْلَسَهَا إِلَى جَنْبِهِ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” فَمَا عَدَلَتْ بَيْنَهُمَا “
7- عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ انْطَلَقَ بِى أَبِى يَحْمِلُنِى إِلَى رَسُولِ اللَّهِ -صلى الله عليه وسلم- فَقَالَ يَا رَسُولَ اللَّهِ اشْهَدْ أَنِّى قَدْ نَحَلْتُ النُّعْمَانَ كَذَا وَكَذَا مِنْ مَالِى. فَقَالَ « أَكُلَّ بَنِيكَ قَدْ نَحَلْتَ مِثْلَ مَا نَحَلْتَ النُّعْمَانَ ». قَالَ لاَ. قَالَ « فَأَشْهِدْ عَلَى هَذَا غَيْرِى – ثُمَّ قَالَ – أَيَسُرُّكَ أَنْ يَكُونُوا إِلَيْكَ فِى الْبِرِّ سَوَاءً ». قَالَ بَلَى. قَالَ « فَلاَ إِذًا »   (صحيح مسلم)
8- قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ الْمُقْسِطِينَ عِنْدَ اللَّهِ عَلَى مَنَابِرَ مِنْ نُورٍ عَنْ يَمِينِ الرَّحْمَنِ عَزَّ وَجَلَّ وَكِلْتَا يَدَيْهِ يَمِينٌ الَّذِينَ يَعْدِلُونَ فِي حُكْمِهِمْ وَأَهْلِيهِمْ وَمَا وَلُوا (صحيح مسلم)

Related Articles