Current Date

Search
Close this search box.
Search
Close this search box.

ബിദ്അത്തിന്റെ കാരണങ്ങള്‍

bidah.jpg

വഴികേടിലെത്തിക്കുന്ന ബിദ്അത്തിനെ ഇസ്‌ലാമിക സമൂഹം എന്നും സൂക്ഷിച്ചിട്ടുണ്ട്. അതിനെ ഇല്ലാതാക്കാനും പുറത്തു നിര്‍ത്താനും സമൂഹം പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ന് അതിലേക്ക് നയിക്കുന്ന പല കാരണങ്ങളും അറിയാതെ സമൂഹത്തിലേക്ക് വന്നുകയറുന്നുണ്ട്. അവയില്‍ ചിലതാണ് താഴെ. വ്യക്തിപരമായി അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍കാനും മറ്റുള്ളവരെ അതില്‍ നിന്ന് തടയാനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.

1) അജ്ഞത: ഇത് വളരെ വലിയ ദുരന്തമാണ്. അല്ലാഹു പറയുന്നു: ‘നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്. കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവതന്നെ.’ (17:36). ‘പറയുക: രഹസ്യവും പരസ്യവുമായ നീചവൃത്തികള്‍, കുറ്റകൃത്യം, അന്യായമായ അതിക്രമം, അല്ലാഹു ഒരു തെളിവും ഇറക്കിത്തരാത്ത വസ്തുക്കളെ അവനില്‍ പങ്കുചേര്‍ക്കല്‍, നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കല്‍ ഇതൊക്കെയാണ് എന്റെ നാഥന്‍ നിഷിദ്ധമാക്കിയത്.’ (7:33) പ്രവാചകന്‍ പറയുന്നതായി അബ്ദുല്ലാ ബ്‌നു അംറുബ്‌നുല്‍ ആസ് പറയുന്നു. ‘ജനങ്ങളില്‍ നിന്ന് അറിവ് അല്ലാഹു പറിച്ചെടുക്കുകയില്ല. പക്ഷെ പണ്ഡിതന്മാരെ മരിപ്പിക്കുകയും അത് വഴി അറിവിനെ ഉയര്‍ത്തപ്പെടുകയും ചെയ്യും. അപ്രകാരം അജ്ഞരായ ചില ആളുകള്‍ മാത്രം നേതാക്കളായി വരുന്ന അവസ്ഥ വരും. അവര്‍ അറിവില്ലാതെ അനീതി പ്രവര്‍ത്തിക്കുന്നു. അങ്ങനെ അവര്‍ വഴിപിഴപ്പിക്കുകയും വഴിപിഴക്കുകയും ചെയ്യുന്നു.’
 2) ദേഹേച്ഛയെ പിന്തുടരല്‍: ജനങ്ങളെ നേര്‍വഴിയില്‍ നിന്നും തെറ്റിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കാര്യമാണ് ദേഹേച്ഛയെ പിന്തുടരുകയെന്നത്. അല്ലാഹു പറയുന്നു: ‘അല്ലാഹു പറഞ്ഞു: ‘അല്ലയോ ദാവൂദ്, നിശ്ചയമായും നിന്നെ നാം ഭൂമിയില്‍ നമ്മുടെ പ്രതിനിധിയാക്കിയിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം ഭരണം നടത്തുക. തന്നിഷ്ടത്തെ പിന്‍പറ്റരുത്. അത് നിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിപ്പോകുന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അവര്‍ വിചാരണ നാളിനെ മറന്നു കളഞ്ഞതിനാലാണിത്.’ (സ്വാദ്:26) ‘നമ്മുടെ സ്മരണയെ സംബന്ധിച്ച് അശ്രദ്ധരാവുന്നവനെയും തന്നിഷ്ടത്തെ പിന്‍പറ്റുന്നവനെയും പരിധി ലംഘിച്ച് ജീവിക്കുന്നവനെയും നീ അനുസരിച്ചുപോകരുത്.’ (18:28) ‘തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ ബോധപൂര്‍വം വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് മൂടിയിട്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവെ കൂടാതെ അവനെ നേര്‍വഴിയിലാക്കാന്‍ ആരുണ്ട്? എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ?’ (45:23) ‘ അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനമൊന്നുമില്ലാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റുന്നവനെക്കാള്‍ വഴിപിഴച്ചവനായി ആരുമില്ല. സംശയമില്ല; അല്ലാഹു അക്രമികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല.’ (28:50) ‘ ഊഹത്തെയും ദേഹേഛയെയും മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. നിശ്ചയം, അവര്‍ക്ക് തങ്ങളുടെ നാഥനില്‍ നിന്നുള്ള നേര്‍വഴി വന്നെത്തിയിട്ടുണ്ട്.’ (53:23).
3) സംശയകരമായ കാര്യങ്ങലെ പിന്തുടരല്‍: മനസ്സില്‍ വക്രതയുള്ളവര്‍ സംശയകരമായ കാര്യങ്ങളെ പിന്തുടരുകയും അതില്‍ അഭിരമിക്കുകയും ചെയ്യുന്നു. അത് അവനെ ബിദ്അത്തിലെത്തിക്കും. അല്ലാഹു പറയുന്നത് കാണുക: ‘അവനാണ് നിനക്ക് ഈ വേദം ഇറക്കിത്തന്നത്. അതില്‍ വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങളുണ്ട്. അവയാണ് വേദഗ്രന്ഥത്തിന്റെ കാതലായ ഭാഗം. തെളിച്ചു പറഞ്ഞിട്ടില്ലാത്ത ചില വാക്യങ്ങളുമുണ്ട്. മനസ്സില്‍ വക്രതയുള്ളവര്‍ കുഴപ്പമാഗ്രഹിച്ച് ആശയവ്യക്തതയില്ലാത്ത വാക്യങ്ങളുടെ പിറകെ പോവുകയും അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ അവയുടെ ശരിയായ വ്യാഖ്യാനം അല്ലാഹുവിനേ അറിയുകയുള്ളൂ. അറിവില്‍ പാകത നേടിയവര്‍ പറയും: ‘ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്.’ ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.’ (3:7)
4) ബുദ്ധിയെ മാത്രം ആശ്രയിക്കല്‍: എല്ലാ കാര്യങ്ങളും മനസ്സിലാക്കാന്‍ എനിക്ക് ബുദ്ധി മതിയെന്ന് ധരിക്കുന്ന ചിലരുണ്ട്. ഖുര്‍ആനും സുന്നത്തും അവര്‍ പരിഗണിക്കുന്നില്ല. അവ രണ്ടും ബുദ്ധിക്ക് യോജിച്ചതല്ലെന്നവര്‍ വാദിക്കുന്നു. ഖുര്‍ആന്‍ അംഗീകരിക്കാം ഹദീസ് തെളിവിന് പറ്റില്ലെന്നും പറയുന്നു. അല്ലാഹു പറയുന്നു: ‘ ദൈവദൂതന്‍ നിങ്ങള്‍ക്കു നല്‍കുന്നതെന്തോ അതു നിങ്ങള്‍ സ്വീകരിക്കുക. വിലക്കുന്നതെന്തോ അതില്‍നിന്ന് വിട്ടകലുകയും ചെയ്യുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെ; തീര്‍ച്ച.’ (59:7) ‘അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ.’ (33:36)
5) അനുകരണവും പക്ഷപാതിത്വവും: മുന്‍കഴിഞ്ഞുപോയ പ്രപിതാക്കളെയും അവരുടെ വിശ്വാസങ്ങളെയും അന്ധമായി പിന്‍പറ്റുന്നതും (തഖ്‌ലീദ്) ഇത്തരം അഭിപ്രായങ്ങള്‍ക്ക് വേണ്ടി കനത്ത പക്ഷപാതം പുലര്‍ത്തുകയും ചെയ്യുകയെന്നത് പുത്തന്‍ കാര്യങ്ങള്‍ കടന്നുവരാന്‍ കാരണമാക്കും. അല്ലാഹു പറയുന്നു: ‘അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്‍പറ്റാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: ‘ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ പിന്തുടര്‍ന്നുകണ്ട പാതയേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ.’ അവരുടെ പിതാക്കള്‍ ചിന്തിക്കുകയോ നേര്‍വഴി പ്രാപിക്കുകയോ ചെയ്യാത്തവരായിരുന്നിട്ടും!’ (2:170) ‘എന്നാല്‍ ഇവര്‍ പറയുന്നതിതാണ്: ഞങ്ങളുടെ പിതാക്കള്‍ ഒരു വഴിയില്‍ നിലകൊണ്ടതായി ഞങ്ങള്‍ കണ്ടിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ പാത പിന്തുടര്‍ന്ന് നേര്‍വഴിയില്‍ നീങ്ങുകയാണ്.’ (43:22) ബിദ്അത്തിന്റെ ആളുകള്‍ അവരുടെ അനുകരണവും പക്ഷപാതിത്വവും നല്ല പ്രവര്‍ത്തനങ്ങളായി അവര്‍ക്ക് തോന്നിക്കും. ‘എന്നാല്‍ തന്റെ ചീത്തപ്രവൃത്തി ചേതോഹരമായി തോന്നുകയും അങ്ങനെ അതു നല്ലതായി കാണുകയും ചെയ്തവന്റെ സ്ഥിതിയോ? സംശയമില്ല; അല്ലാഹു അവനിച്ഛിക്കുന്നവരെ വഴികേടിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലുമാക്കുന്നു. അതിനാല്‍ അവരെക്കുറിച്ചോര്‍ത്ത് കൊടും ദുഃഖത്താല്‍ നീ നിന്റെ ജീവന്‍ കളയേണ്ടതില്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.’ (34:8) ‘അവരുടെ മുഖങ്ങള്‍ നരകത്തീയില്‍ തിരിച്ചുമറിക്കപ്പെടും. അന്ന് അവര്‍ പറയും: ‘ഞങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ. അവര്‍ വിലപിക്കും: ‘ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെയും പ്രമാണിമാരെയും അനുസരിച്ചു. അവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചു. ‘ഞങ്ങളുടെ നാഥാ, അവര്‍ക്കു നീ രണ്ടിരട്ടി ശിക്ഷ നല്‍കേണമേ; അവരെ നീ കൊടുംശാപത്തിനിരയാക്കേണമേ.’ (33:66-68)
6) ദുര്‍മാര്‍ഗികളോടുള്ള ചങ്ങാത്തവും കൂടിക്കലരലും: ദുര്‍മാര്‍ഗത്തിലേക്ക് വഴുതിപ്പോകാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് ദുര്‍മാര്‍ഗികളോടുള്ള ചങ്ങാത്തവും സഹവാസവും അവരോട് കൂടിക്കലരലും. അവരില്‍ നിന്ന് ദീനിലില്ലാത്ത പലകാര്യങ്ങളും ജീവിതത്തിലേക്ക് പകരാന്‍ കാരണമാകും. അല്ലാഹു പറയുന്നു: ‘അക്രമിയായ മനുഷ്യന്‍ ഖേദത്താല്‍ കൈ കടിക്കുന്ന ദിനമാണത്. അന്ന് അയാള്‍ പറയും: ‘ഹാ കഷ്ടം! ഞാന്‍ ദൈവദൂതനോടൊപ്പം അദ്ദേഹത്തിന്റെ മാര്‍ഗമവലംബിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ. എന്റെ നിര്‍ഭാഗ്യം! ഞാന്‍ ഇന്നയാളെ കൂട്ടുകാരനാക്കിയിരുന്നില്ലെങ്കില്‍! എനിക്ക് ഉദ്‌ബോധനം വന്നെത്തിയശേഷം അവനെന്നെ അതില്‍നിന്ന് തെറ്റിച്ചുകളഞ്ഞല്ലോ. പിശാച് മനുഷ്യനെ സംബന്ധിച്ചിടത്തോളം കൊടിയ വഞ്ചകന്‍ തന്നെ.’ (25:27-29) ‘നമ്മുടെ വചനങ്ങളെ ആരെങ്കിലും പരിഹസിക്കുന്നതു നിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ മറ്റു വല്ല സംസാരത്തിലും വ്യാപൃതമാവും വരെ നീ അവരില്‍നിന്ന് അകന്നു നില്‍ക്കുക. വല്ലപ്പോഴും പിശാച് നിന്നെ മറപ്പിച്ചാല്‍ ഓര്‍മ വന്ന ശേഷം നീ ആ അതിക്രമികളോടൊപ്പമിരിക്കരുത്.’ (6:68) ‘അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുന്നതും നിന്ദിക്കുന്നതും നിങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യുന്നവര്‍ മറ്റു വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടും വരെ അവരോടൊപ്പം ഇരിക്കരുതെന്ന് ഈ വേദപുസ്തകത്തില്‍ നാം നിങ്ങളോടു നിര്‍ദേശിച്ചതാണല്ലോ. അങ്ങനെ ചെയ്താല്‍ നിങ്ങളും അവരെപ്പോലെയാകും. അല്ലാഹു കപടവിശ്വാസികളെയും സത്യനിഷേധികളെയും ഒന്നാകെ നരകത്തില്‍ ഒരുക്കൂട്ടുക തന്നെ ചെയ്യും; തീര്‍ച്ച.’ (4:140) പ്രവാചകന്‍ (സ) പറയുന്നത് കാണുക: ‘നല്ല കൂട്ടുകാരന്റെയും, ചീത്ത കൂട്ടുകാരന്റെയും ഉപമ കസ്തൂരി വാഹകനെയും ഉലയില്‍ ഊതുന്നവനെയും പോലെയാണ്. കസ്തൂരി വാഹകന്‍ പരിമളം നല്‍കുകയോ, നീയവനില്‍ നിന്ന് അത് വാങ്ങുകയോ ചെയ്യും. അതുമല്ലെങ്കില്‍ അവനില്‍ നിന്ന് സുഗന്ധമെങ്കിലും ലഭിച്ചേക്കും. ഉലയില്‍ ഊതുന്നവനാവട്ടെ നിന്റെ വസ്ത്രം കരിക്കുകയോ, അവനില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയോ ചെയ്‌തേക്കാം.’
7) പണ്ഡിതന്മാരുടെ നിശബ്ദതയും അറിവിനെ മറച്ചുവെക്കലും: സമൂഹം വഴിതെറ്റുന്ന സന്ദര്‍ഭത്തില്‍ തങ്ങളുടെ ദൗത്യം നിര്‍വഹിക്കാതെ അധര്‍മങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന പണ്ഡിതന്മാര്‍ ബിദ്അത്ത് സമൂഹത്തില്‍ പരക്കാന്‍ കാരണക്കാരാകും. എന്തെങ്കിലും ഭൗതിക നേട്ടങ്ങളോ ജനങ്ങള്‍ വഴിതെറ്റുന്നതുകൊണ്ട് വ്യക്തിപരമായ ലാഭങ്ങളോ ലക്ഷ്യംവെച്ച് അറിവിനെ മറച്ച് വെക്കുകയാണ് അവര്‍ ചെയ്യുന്നത്. അല്ലാഹു പറയുന്നു: ‘നാം അവതരിപ്പിച്ച വ്യക്തമായ തെളിവുകളും മാര്‍ഗനിര്‍ദേശങ്ങളും വേദപുസ്തകത്തിലൂടെ വിശദീകരിച്ചിരിക്കുന്നു. എന്നിട്ടും അവയെ മറച്ചുവെക്കുന്നവരെ ഉറപ്പായും അല്ലാഹു ശപിക്കുന്നു. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നു. പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കിത്തീര്‍ക്കുകയും മറച്ചുവെച്ചത് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നവരെയൊഴികെ. അവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നു. ഞാന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനും തന്നെ.’ (2:159-160) ‘വേദഗ്രന്ഥത്തില്‍ അല്ലാഹു അവതരിപ്പിച്ച കാര്യങ്ങള്‍ മറച്ചുപിടിക്കുകയും അതിനു വിലയായി തുച്ഛമായ ഐഹികതാല്‍പര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവര്‍, തങ്ങളുടെ വയറുകളില്‍ തിന്നുനിറക്കുന്നത് നരകത്തീയല്ലാതൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു അവരോട് മിണ്ടുകയില്ല. അവരെ ശുദ്ധീകരിക്കുകയുമില്ല. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.’ (2:174) ‘ഓര്‍ക്കുക: വേദം കിട്ടിയവരോട് അവരത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും അത് ഒളിപ്പിച്ചുവെക്കരുതെന്നും അല്ലാഹു ഉറപ്പ് വാങ്ങിയിരുന്നു. എന്നിട്ടും അവരത് തങ്ങളുടെ പിറകിലേക്ക് വലിച്ചെറിഞ്ഞു. നിസ്സാരമായ വിലയ്ക്ക് അത് വില്‍ക്കുകയും ചെയ്തു. അവര്‍ പകരം വാങ്ങുന്നത് വളരെ ചീത്തതന്നെ.’ (3:187)
ഓരോ സമൂഹത്തില്‍ നിന്നും ചെറിയൊരു സംഘമെങ്കിലും നന്മകല്‍പിക്കലും തിന്മവിരോധിക്കലും ചെയ്യണം. അല്ലെങ്കില്‍ ആ സമൂഹം ശിക്ഷക്ക് അര്‍ഹരായിട്ടുണ്ടെന്നാണ് അതിന്റെ അര്‍ഥം. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ നല്ലതിലേക്ക് ക്ഷണിക്കുകയും നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു സമുദായമായിത്തീരണം. അവര്‍ തന്നെയാണ് വിജയികള്‍.’ (3:104) പ്രാവചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി: ‘നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാല്‍ അത് കൈകൊണ്ട് തടയുക. അതിന് കഴിയാത്തവന്‍ നാവുകൊണ്ട് തടയുക. അതിനും സാധിക്കാത്തവന്‍ മനസ്സുകൊണ്ട് വെറുക്കുകയെങ്കിലും ചെയ്യുക. അതാണ് എറ്റവും ദുര്‍ബലമായ ഈമാന്‍.’ മറ്റൊരിക്കല്‍ പ്രവാചകന്‍ പഠിപ്പിക്കുകയുണ്ടായി: ‘ആരോങ്കിലും ഒരു അറിവിനെകുറിച്ച് ചോദിക്കപ്പെടുകയും അവന്‍ അത് മറച്ചുവെക്കുകയും ചെയതാല്‍ ഖിയാമത്ത് നാളില്‍ തീകൊണ്ടുള്ള വളയങ്ങള്‍ അണിയിക്കപ്പെടും.’
8) നിഷേധികളോട് സദൃശമാകലും അവരെ പിന്തുടരലും: നിഷേധികളോട് സഹവസിക്കുന്നതും അവരോട് സദൃശരാകുന്നതും അവരെ പിന്തുടരുന്നതും മുസ്‌ലിങ്ങള്‍ക്കിടയില്‍ ബിദ്അത്തുകള്‍ പരക്കാന്‍ കാരണമാക്കും. അബീവാഖിദുല്ലൈസി എന്ന സ്വഹാബി റിവായത്ത് ചെയ്യുന്നു: ഞങ്ങള്‍ ഹുനൈനിലേക്ക് പോകുകയായിരുന്നു. ഞങ്ങളില്‍ പലരും അടുത്ത കാലത്ത് ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു. അതായത് മക്കാവിജയത്തിന് ശേഷമാണ് ഞങ്ങളില്‍ പലരും ഇസ്‌ലാമിലേക്ക് വന്നത്. ഞങ്ങള്‍ ഒരു സ്ഥലത്തെത്തിയപ്പോള്‍ അവിടെയുള്ള ജനങ്ങള്‍ ഒരു മരത്തെ ആരാധിക്കുന്നത് കണ്ടു. അവര്‍ അതിന്റെ ചുറ്റും ഭജനമിരിക്കുകയും ആയുധങ്ങള്‍ അവിടെ പൂജക്ക് വെക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ ഞങ്ങളിലൊരു വിഭാഗം അര്‍ക്കുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു മരം ആരാധിക്കാന്‍ കാണിച്ചുതരണമെന്ന് പ്രവാചകനോട് ആവശ്യപ്പെട്ടു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘അല്ലാഹു വലിയവന്‍. നിങ്ങള്‍ അപ്രകാരം പറഞ്ഞോ! ബനൂ ഇസ്രാഇലികള്‍ മൂസയോട് പറഞ്ഞതുപോലെ, ‘ അവര്‍ പറഞ്ഞു: ‘മൂസാ, ഇവര്‍ക്ക് ഒരുപാട് ദൈവങ്ങളുള്ളതുപോലെ ഒരു ദൈവത്തെ ഞങ്ങള്‍ക്കും ഉണ്ടാക്കിത്തരിക. മൂസാ പറഞ്ഞു: ‘നിങ്ങളൊരു വിവരംകെട്ട ജനം തന്നെ.’ (7:138) നിങ്ങള്‍ നിങ്ങളുടെ മുമ്പുള്ളവരുടെ പാത പിന്‍പറ്റുകതന്നെ ചെയ്യും.
പ്രവാചകന്റെ അനുയായികള്‍ക്കിടയില്‍ നിഷേധികളോടുള്ള സഹവാസവും സദൃശ്യമാകലും കാരണം ഉണ്ടായ ശിര്‍ക്കിനെ വെളിവാക്കുന്ന ഹദീസാണ് മേല്‍പറഞ്ഞത്. അവരില്‍ അതുമൂലം ഉണ്ടായ നീചകൃത്യങ്ങളും ഇത് സൂചിപ്പിക്കുന്നുണ്ട്. ഇതുപോലെ ഇന്നും നിഷേധികളോട് സദൃശ്യമാകാന്‍ ശ്രമിക്കുന്നതോടെ സമൂഹത്തില്‍ പുത്തന്‍ കാര്യങ്ങള്‍ കൂടിച്ചേരാന്‍ കാരണമാകും. ജന്മദിനാഘോഷങ്ങള്‍ മരണവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ഖബറുകള്‍ കെട്ടിപ്പൊക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മറ്റുള്ളവരുടെ സംസ്‌കാരങ്ങളില്‍ നിന്ന് ലഭിച്ചതാണ്.
മറ്റൊരു ഹദീസില്‍ നിഷേധികളെ പിന്‍പറ്റുന്നതിനെകുറിച്ച് കൃത്യമായി പറയുന്നുണ്ട്. അബൂ സഈദില്‍ ഖുദ്‌രി (റ) പറയുന്നു: പ്രവാചകന്‍ പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ മുന്‍ഗാമികളുടെ പാത പിന്‍പറ്റുകതന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. അവര്‍ ഉടുംമ്പിന്റെ മാളത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ പോലും നിങ്ങള്‍ അവരെ പിന്‍പറ്റും.’ സ്വഹാബികള്‍ ചോദിച്ചു: ആരെയാണ് ഉദ്ദേശിച്ചത് പ്രവാചകരെ? ജൂതന്മാരെയും ക്രിസ്ത്യാനികളെയുമാണോ? പ്രവാചകന്‍ പറഞ്ഞു: ‘അതെ.’ ഇമാം നവവി ഈ ഹദീസിനെ വിശദീകരിക്കുന്നു: ‘ഇവിടെ നിഷേധത്തില്‍ അവരെ പിന്‍പറ്റുക എന്നതല്ല ഉദ്ദേശിച്ചത്. മറിച്ച് അധര്‍മങ്ങളിലും തിന്മകളിലും അവരോട് കൂട്ടുകൂടുക എന്നതാണ്.’ ഇതുതന്നെയാണ് ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്തുടരുക എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രവാചകന്‍ പറഞ്ഞതായി പ്രചരിച്ച മറ്റൊരു വാക്കും നിഷേധികളെ പിന്തുടരുന്നതിനെ കുറിച്ചുണ്ട്: ‘ആര്‍ ഒരു സമൂഹത്തോട് സദൃശ്യം പുലര്‍ത്തിയോ, അവന്‍ അവരില്‍ പെട്ടവനാണ്.’
9) ദുര്‍ബലവും പ്രവാചകന്റെ മേല്‍ കെട്ടിച്ചമച്ചതുമായ കഥകളെ പിന്‍പറ്റല്‍: ദീനില്‍ പുതിയ കാര്യങ്ങള്‍ കൂടിച്ചേരുന്ന സുപ്രധാനമായ ഒരു വഴിയാണ് വിശ്വാസയോഗ്യമല്ലാത്ത ഹദീസുകളെ സ്വീകരിക്കുകയെന്നത്. ഇവയില്‍ ചിലത് പ്രവാചകന്റെമേല്‍ കെട്ടിച്ചമച്ചതായിരിക്കും. മറ്റു ചിലത് വിശ്വാസയോഗ്യമായിരിക്കില്ല. ഇത്തരം കാര്യങ്ങളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
10) അതിരുകവിയലുകള്‍: ദീനിന്റെ കാര്യത്തില്‍ അതിരുകവികയുകയും തീവ്രത പുലര്‍ത്തുകയും ചെയ്യുകയെന്നതാണ് ബിദ്അത്തുകളിലേക്ക് നയിക്കുന്ന മറ്റൊരു സുപ്രധാന കാരണം. എന്ത് കാര്യത്തിലാണെങ്കിലും അതിരുകടക്കുന്നതോടെ അത് ശിര്‍ക്കിലേക്കും അധര്‍മത്തിലേക്കും എത്തുന്നു. മഹാന്മാരോടുള്ള സ്‌നേഹത്തിലും ബഹുമാനത്തിലുമുള്ള അതിരുകവിയലുകളും തീവ്രതയും അവരെ ആരാധിക്കുന്ന അവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുന്നു. അല്ലാഹു പറയുന്നത് കാണുക: ‘വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്.’ (4:171) പ്രവാചകന്‍ (സ)യും അതിരുകവിയലിന്റെ അപകടത്തെ കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസ് പറയുന്നു: പ്രവാചകന്‍ പറഞ്ഞു: ‘ദീനില്‍ അതിരുകവിയുന്നതിനെ നിങ്ങള്‍ സൂകഷിക്കുക. നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത് ദീനിലെ അതിരുകവിയലുകളായിരുന്നു.’

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles