Current Date

Search
Close this search box.
Search
Close this search box.

പകയുടെ തീനാളങ്ങള്‍

flame.jpg

عَنِ ابْنِ عَبَّاسٍ، قَالَ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى الْمِنْبَرِ:أَلا أُنَبِّئُكُمْ بِشِرَارِكُمْ؟قَالُوا: بَلَى، إِنْ شِئْتَ يَا رَسُويلَ اللَّهِ، قَالَ:فَإِنَّ شِرَارَكُمُ الَّذِي يَنْزِلُ وَحْدَهُ، وَيَجْلِدُ عَبْدَهُ، وَيَمْنَعُ رِفْدَهُ، قَالَ:أَفَلا أُنَبِّئُكُمْ بِشَرٍّ مِنْ ذَلِكُمْ؟قَالُوا: بَلَى إِنْ شِئْتَ يَا رَسُولَ اللَّهِ، قَالَ:مَنْ يُبْغِضُ النَّاسَ وَيَبْغُضُونَهُ   (طبراني)

ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്. അല്ലാഹുവിന്റെ ദൂതര്‍ ഒരിക്കല്‍ മിമ്പറില്‍ വെച്ച് ചോദിച്ചു: നിങ്ങളിലെ ദുഷ്ടന്‍മാര്‍ ആരാണെന്ന് ഞാന്‍ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരേണ്ടതില്ലയോ ജനങ്ങള്‍ പറഞ്ഞു: അങ്ങേക്കിഷ്ടമാണെങ്കില്‍ അങ്ങനെ ചെയ്താലും. അപ്പോള്‍ തിരുമേനി അരുളി: ആളുകളില്‍ നിന്ന് അകന്നുകഴിയുകയും തന്റെ അടിമയോട് കര്‍ക്കശനാവുകയും ആര്‍ക്കും ഒന്നും കൊടുക്കാതിരിക്കുകയും ചെയ്യുന്നവനാണ് ദുഷ്ടന്‍. അവനേക്കാള്‍ മോശക്കാരന്‍ ആരെന്ന് കേള്‍ക്കണോ ആളുകള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അങ്ങ് ഉദ്ദേശിക്കുന്നുവെങ്കില്‍ പറഞ്ഞുതന്നാലും. തിരുദൂതര്‍ അരുളി: ആര്‍ ജനങ്ങളോട് പക വെച്ചുപുലര്‍ത്തുകയും അതിന്റെ പേരില്‍ ജനങ്ങള്‍ അമര്‍ഷം രേഖപ്പെടുത്തുകയും ചെയ്യുന്നുവോ അയാള്‍. (ത്വബ്‌റാനി)

نبَّأَ : അറിയിച്ചു
شِرَار : ദുഷ്ടന്‍മാര്‍
يَجْلِدُ : അടിക്കുന്നു, നിര്‍ബന്ധിക്കുന്നു
يَمْنَعُ : തടയുന്നു  
رِفْد : ദാനം, സഹായം, സംഭാവന, ഓഹരി
يُبْغِضُ : പക/വിദ്വേഷം വെച്ചുപുലര്‍ത്തുന്നു, വെറുക്കുന്നു
يَبْغُضُ : രോഷാകുലനാവുന്നു, കോപിക്കുന്നു

ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഒരാളോടുണ്ടാകുന്ന നീരസമോ ദേഷ്യമോ മനസിനകത്ത് ദീര്‍ഘനാള്‍ സൂക്ഷിച്ചുവെച്ചാല്‍ അത് നീറിപ്പുകഞ്ഞ് പകയായി രൂപാന്തരപ്പെടും. പകയുടെ അനന്തരഫലമായി നിരവധി ദുസ്സ്വഭാവങ്ങളും അയാളില്‍ ചേക്കേറും. അസൂയ, പരിഹാസം, പരദൂഷണം, മാനസികമോ ശാരീരികമോ ആയ പീഡനം, കുടുംബ ബന്ധം വിഛേദിക്കല്‍, നിര്‍ദയം പെരുമാറല്‍ തുടങ്ങിയവ അതില്‍ പെട്ടതാണ്. ഇവയൊന്നും ഒരു യഥാര്‍ഥ മുസ്‌ലിമിന് ചേര്‍ന്നതല്ല. പ്രവാചകന്‍ പറഞ്ഞു: ‘സത്യവിശ്വാസി പക വെച്ചിരിക്കുന്നവനല്ല.’

ഒരിക്കല്‍ പ്രവാചകന്‍ ഞങ്ങളോട് പറഞ്ഞു: സ്വര്‍ഗാവകാശിയായ ഒരാള്‍ ഇപ്പോള്‍ ഇങ്ങോട്ട് വരും. താമസിയാതെ അന്‍സാരികളില്‍ പെട്ട ഒരാള്‍ കടന്നുവന്നു. അടുത്ത ദിവസവും നബി(സ) സ്വര്‍ഗാവകാശിയായ ഒരാളുടെ ആഗമനത്തെ കുറിച്ച് പറയുകയും ഇതേ മനുഷ്യന്‍ കടന്നുവരികയും ചെയ്തു. മൂന്നാം ദിവസവും ഇതാവര്‍ത്തിച്ചു.  അങ്ങനെ അബ്ദുല്ലാഹിബ്‌നു അംറ്(റ) തന്ത്രപൂര്‍വം അദ്ദേഹത്തിന്റെ വീട്ടില്‍ അതിഥിയായി താമസിക്കുകയും സവിശേഷമായി അദ്ദേഹത്തില്‍ ഒന്നുമില്ല എന്ന് മനസിലാക്കുകയും ചെയ്തു. അന്നേരം ഇബ്‌നു അംറ് പ്രവാചകന്റെ ഈ സംസാരം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആ അന്‍സാരി പറഞ്ഞു: ഒരു മുസ്‌ലിമിനെതിരെ പകവെച്ച് പുലര്‍ത്തിക്കൊണ്ട് രാത്രി കഴിച്ചുകൂട്ടുന്നവനല്ല ഞാന്‍. അല്ലാഹു ആര്‍ക്കെങ്കിലും ഒരു നന്മ വരുത്തിയാല്‍ അതേചൊല്ലി ഞാന്‍ അസൂയപ്പെടാറുമില്ല. (അഹ്മദ്, ബസ്സാര്‍)

അബ്ദുല്ലാഹിബ്‌നു അംറ് പറയുന്നു: മഹത്വമുള്ളവര്‍ ആരാണെന്ന ചോദ്യത്തിന് മറുപടിയായി പ്രവാചകന്‍(സ) പറഞ്ഞു: ‘നേര് ഉച്ചരിക്കുന്ന നാവും വൃത്തിയും വെടിപ്പുമുള്ള ഹൃദയവും ഉള്ളവര്‍’. ഇതുകേട്ടപ്പോള്‍ ചിലര്‍ ചോദിച്ചു: നേരുച്ചരിക്കുന്ന നാവ് ഞങ്ങള്‍ക്കറിയാം. എന്നാല്‍ വൃത്തിയും വെടിപ്പുമുള്ള ഹൃദയം എന്നതിന്റെ ഉദ്ദേശ്യമെന്താണ് തിരുദൂതര്‍ പറഞ്ഞു: അല്ലാഹുവിനെ ഭയപ്പെടുന്ന ഹൃദയം. അതില്‍ ഒരു തിന്മയും പ്രവേശിക്കുകയില്ല. അത് പാപമുക്തമാണ്. ധിക്കാരമോ അസൂയയോ പകയോ അതിനെ സ്പര്‍ശിക്കുകയില്ല. (ഇബ്‌നുമാജ)

പരസ്പര സ്‌നേഹവും സാഹോദര്യവും സൗഹാര്‍ദവും സഹകരണ മനോഭാവവും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരായ മുസ്‌ലിംകള്‍, ഇതര മുസ്‌ലിം സഹോദരങ്ങളോട് യാതൊരു തരത്തിലുള്ള വിദ്വേഷവും തങ്ങളുടെ ഹൃദയത്തില്‍ അവശേഷിക്കാന്‍ ഇടവരുത്തരുതേ  എന്ന് പ്രാര്‍ഥിക്കുന്നവരായിരിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (അല്‍ഹശ്ര്‍ 10)

തന്റെ മകളും പ്രവാചക പത്‌നിയുമായ ആഇശ(റ)യെ കുറിച്ച അപവാദ പ്രചരണത്തില്‍ പങ്കാളിത്തം വഹിച്ചതിന്റെ പേരില്‍ തന്റെ ബന്ധുവായ മിസ്ത്വഹിന് നല്‍കിയിരുന്ന ധനസഹായം അബൂബക്ര്‍ (റ) പിന്‍വലിച്ചപ്പോള്‍ ഖുര്‍ആന്‍ അതിനെ വിമര്‍ശിച്ചത് ശ്രദ്ധേയമാണ്.

സാമ്പത്തിക രംഗത്തെ കിടമല്‍സരം, ഏതെങ്കില്‍ സന്ദര്‍ഭത്തില്‍ സംഭവിച്ച പിഴവുകള്‍ പൊറുക്കാന്‍ തയ്യാറാവാതിരിക്കല്‍, സംഘടനാ പക്ഷപാതിത്വം, ആശയപരമായ ഭിന്നത, അതിര്‍ത്തി തര്‍ക്കം, കുടുംബബന്ധത്തിലെ വിള്ളലുകള്‍, നീതിനിഷേധം, അവകാശങ്ങള്‍ ഹനിക്കപ്പെടല്‍ തുടങ്ങി പലവിധ കാരണങ്ങളാല്‍ പകയുണ്ടാവാറുണ്ട്. എന്നാല്‍ ഇതൊരു വലിയ ദുരന്തമാണെന്ന് പലരും തിരിച്ചറിയാറില്ല. പക ആളിപ്പടര്‍ന്നാല്‍ ഉണ്ടാകുന്ന വിനാശങ്ങള്‍ ആര്‍ക്കും അജ്ഞാതമല്ലല്ലോ. പരസ്പരം കാണാനോ സംസാരിക്കാനോ ബന്ധങ്ങള്‍ ഊഷ്മളമാക്കാനോ സമ്മതിക്കാത്ത പക, മരണപ്പെട്ടാല്‍ പോലും അറിയാത്ത ഭാവം നടിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. എത്രയെത്ര ആളുകളെയാണ് പക കൊലയാളികളും അക്രമികളുമാക്കിയിട്ടുള്ളത്! എത്രയെത്ര ആളുകളുടെ ജീവിതമാണ് പകയില്‍ ചാരമായിത്തീര്‍ന്നിട്ടുള്ളത്! എത്രയെത്ര ആളുകളാണ് പകയുടെ ദുരന്തഫലമായി സമൂഹത്തിന്റെ ഓരങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുള്ളത്! ഈ ആളിപ്പടരുന്ന തീനാളവുമായി മുന്നോട്ട് പോയാല്‍ അത് നമ്മുടെ സ്വര്‍ഗപ്രവേശത്തിന് തടസ്സമാവുമെന്ന പ്രവാചകന്റെ മുന്നറിയിപ്പ് അവഗണിക്കാനാവുമോ

Related Articles