Current Date

Search
Close this search box.
Search
Close this search box.

നന്മ നിറഞ്ഞതാവട്ടെ നമ്മുടെ സംസാരം

speak-listen.jpg

عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ -صلى الله عليه وسلم- قَالَ « مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ (البخاري، مسلم)

അബൂഹുറൈറയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ നല്ലതു പറയട്ടെ. അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ (ബുഖാരി, മുസ്‌ലിം)

അല്ലാഹു തന്റെ ദൂതന് ഏറ്റവും മികച്ച ഭാഷണം അവതരിപ്പിച്ചുകൊടുത്തു. അല്ലാഹു പറയുന്നു: അല്ലാഹുവാണ് ഏറ്റവും മികച്ച വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുമുഖേന താനുദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു (അസ്സുമര്‍ 23).

മികച്ച വര്‍ത്തമാനം എന്നാണ് അല്ലാഹു തന്റെ ഗ്രന്ഥത്തെ ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹൃദയങ്ങളെ ലോലമാക്കുന്നതിലും ആത്മാക്കളെ സംസ്‌കരിക്കുന്നതിലും മികച്ച സംസാരത്തിന് നല്ല പങ്കുണ്ട്. ആരുടെ മനസ്സ് നന്നായോ അവന്റെ നാവും നന്നാവും. അവന്‍ സന്‍മാര്‍ഗത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അല്ലാഹു പറയുന്നു: വാക്കുകളില്‍ വെച്ച് ഉത്തമമായതിലേക്കാണ് അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കപ്പെട്ടത്. സ്തുത്യര്‍ഹമായ അല്ലാഹുവിന്റെ പാതയിലേക്കാണ് അവര്‍ക്ക് മാര്‍ഗദര്‍ശനം ലഭിച്ചത് (അല്‍ഹജ്ജ്: 24)

ശരിയും നല്ലതുമായ വാക്കുപറയല്‍ കര്‍മങ്ങള്‍ നന്നാവാനും പാപങ്ങള്‍ പൊറുക്കപ്പെടാനുമുള്ള ഹേതുവാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ശരിയായ വാക്കുപറയുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു (അല്‍അഹ്‌സാബ് 70,71)

ഉള്ളും പുറവും യോജിപ്പുള്ളതും അല്ലാഹുവിന്റെ പ്രീതിയും പ്രശ്‌നപരിഹാരവും ലക്ഷ്യംവെച്ചുള്ളതുമാണ് നല്ലവാക്ക്. നല്ല വാക്കു പറയണമെന്ന് അല്ലാഹു തന്റെ ദാസന്‍മാരെ ഉപദേശിക്കുന്നു. അല്ലാഹു പറയുന്നു: ജനങ്ങളോട് നിങ്ങള്‍ നല്ലത് പറയുവിന്‍ (അല്‍ബഖറ: 83) മാത്രമല്ല, ഏറ്റവും സുന്ദരവും പൂര്‍ണവുമായ വാക്കുകള്‍ തെരഞ്ഞെടുക്കാനും അവന്‍ ആഹ്വാനം ചെയ്യുന്നു. അല്ലാഹു പറയുന്നു: എന്റെ ദാസന്മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന് (അല്‍ഇസ്‌റാഅ് 53). ഹൃദയങ്ങളെ കൂട്ടിയോജിപ്പിക്കാനും പക ഇല്ലാതാക്കാനുമുള്ള മാര്‍ഗങ്ങളിലൊന്നാണ് സുന്ദരമായ സംസാരം. അല്ലാഹു പറയുന്നു: നന്മയും തിന്മയും സമമാവുകയില്ല. ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധുവെന്നോണം ആയിത്തീരുന്നു (ഫുസ്സ്വിലത്ത് 34). നമ്മുടെ വാക്കുകള്‍ക്ക് എത്രത്തോളം സ്വാധീനമുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് ആദ്യം ഉദ്ധരിച്ച തിരുവചനം.

ഓരോരുത്തരില്‍ നിന്നും പുറപ്പെടുന്ന വാക്കുകള്‍ മുന്‍നിര്‍ത്തിയാണ് ആളുകളുടെ നിലവാരം അളക്കപ്പെടുന്നത്. സംസാരം മികച്ചതാക്കാനും ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ സുന്ദരമായ വചനങ്ങള്‍ ഉപയോഗിക്കാനും പ്രവാചകന്‍ നിര്‍ദേശിച്ചിട്ടുണ്ട്.     ജനങ്ങളുമായി സംസാരിക്കുന്നതിന്റെ മര്യാദയില്‍ പെട്ടതാണ് മിതഭാഷണം. പണ്ഡിതന്മാര്‍, നേതാക്കള്‍, സമൂഹത്തിലെ ഉന്നതസ്ഥാനീയര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാവുമ്പോള്‍ വിശേഷിച്ചും.

സംസാരത്തിന്റെ ദൈര്‍ഘ്യം വീഴ്ചകള്‍ സംഭവിക്കാന്‍ ഇടയാക്കിയേക്കും. സംസാരത്തിനിടെ അല്ലാഹുവിനെ മറക്കുന്നവരെ ജനങ്ങള്‍ വെറുക്കും. അവരുടെ സംസാരം അവര്‍ അവഗണിക്കും. ദൈര്‍ഘ്യം കുറഞ്ഞതും ആശയവ്യക്തതയുള്ളതുമാണ് ഏറ്റവും മികച്ച സംസാരം. ഇബ്‌നു ഉമറില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ദൈവസ്മരണ ഇല്ലാതെ നിങ്ങള്‍ സംസാരം വര്‍ധിപ്പിക്കരുത്. കാരണം അത് ഹൃദയം കഠിനമാവാന്‍ ഇടയാക്കും. കഠിനഹൃദയനാണ് ജനങ്ങളില്‍ അല്ലാഹുവിനോട് ഏറ്റവും അകലെയുള്ളവന്‍.(1)

ബുദ്ധിമാന്‍മാരുടെ സദസ്സില്‍ മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്തുംവിധം പരസ്പരമുള്ള സ്വകാര്യഭാഷണങ്ങളുണ്ടാവില്ല. ജനങ്ങള്‍ക്ക് അലോസരമുണ്ടാക്കും വിധം ഫോണ്‍ ഉപയോഗിക്കപ്പെടുകയില്ല. ആരെങ്കിലും തന്നോട് സംസാരിക്കുമ്പോള്‍ അവര്‍ക്ക് അഭിമുഖമായി നില്‍ക്കുക എന്നതായിരുന്നു പ്രവാചകന്റെ രീതി.(2) തന്നോട് തര്‍ക്കിക്കാന്‍ വന്ന വലീദുബ്‌നു മുഗീറയുടെ സംസാരം പ്രവാചകന്‍ സശ്രദ്ധം ശ്രവിച്ചു. അദ്ദേഹം സംസാരം നിര്‍ത്തിയപ്പോള്‍ അങ്ങേയറ്റത്തെ മര്യാദയോടെ പ്രവാചകന്‍ ചോദിച്ചു: അബൂല്‍ വലീദ്, താങ്കള്‍ക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞോ?(3) ആദരസൂചകമായിട്ടാണ് പ്രവാചകന്‍ വലീദുബ്‌നു മുഗീറയുടെ വിളിപ്പേര് ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ സംസാരം പൂര്‍ത്തിയാവുന്നതു വരെ കാത്തിരിക്കുകയും ചെയ്തു. സംഭാഷണം പരസ്പരം ഊഴം വെച്ചുകൊണ്ടാവണമെന്നും ഇടയില്‍ കയറി പറയരുതെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു.

ശ്രോതാവിന് ഗ്രഹിക്കാനും ഉദ്ദേശ്യം മനസിലാക്കാനും സാധിക്കും വിധം അവധാനത കൈകൊള്ളല്‍ സംസാരത്തിന്റെ മര്യാദകളില്‍ പെട്ടതാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. ആഇശ(റ) പറയുന്നു: നിങ്ങളെപ്പോലെ നിര്‍ത്താതെ തുടരെത്തുടരെ സംസാരിക്കുന്ന ആളായിരുന്നില്ല പ്രവാചകന്‍. (4)

ആഇശ(റ) പറഞ്ഞു: പ്രവാചകന്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എണ്ണാന്‍ സാധിക്കുമായിരുന്നു.(5)

ആഇശ(റ) പറഞ്ഞു: മുറിച്ചു മുറിച്ചുള്ള സംസാരമായിരുന്നു പ്രവാചകന്റേത്. കേള്‍ക്കുന്ന ആര്‍ക്കും അത് മനസിലാകുമായിരുന്നു.(6)

ശ്രോതാക്കള്‍ക്ക് അനുയോജ്യവും പ്രയോജനകരവുമായ കാര്യങ്ങള്‍ തെരഞ്ഞെടുക്കുകയും അവരുടെ മനസില്‍ സംശയം ജനിപ്പിക്കുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുക എന്നത് സംസാരിക്കുന്നവന്റെ ബുദ്ധിവൈഭവത്തില്‍ പെട്ടതാണ്. ദുര്‍ഗ്രാഹ്യവും ഉദ്ദേശ്യം തിരിച്ചറിയാന്‍ സാധിക്കാത്തതുമായ സംസാരത്തിലൂടെ ജനങ്ങളെ അസ്വസ്ഥരാക്കുന്നവന്‍ അവിവേകിയാണ്. അലി(റ) പറഞ്ഞു: ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് സംസാരിക്കുക. അല്ലാഹുവും അവന്റെ ദൂതനും തള്ളിക്കളയപ്പെടുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുന്നുവോ.(7)

അല്ലാഹുവിന്റെ ദാസന്മാരേ, അല്ലാഹു പറയുന്നു: അവരുടെ രഹസ്യാലോചനകളില്‍ മിക്കതിലും യാതൊരു നന്മയുമില്ല. വല്ല ദാനധര്‍വും ചെയ്യാനോ, സദാചാരം കൈകൊള്ളാനോ, ജനങ്ങള്‍ക്കിടയില്‍ രജ്ഞിപ്പുണ്ടാക്കാനോ കല്‍പിക്കുന്ന ആളുകളുടെ വാക്കുകളൊഴികെ. വല്ലവനും അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്ന പക്ഷം അവന് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ് (അന്നിസാഅ് 114).

അല്ലാഹു പറയുന്നു: അവന്‍ (മനുഷ്യന്‍) ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല (ഖാഫ് 18).

വ്യര്‍ഥങ്ങളില്‍ നിന്ന് തന്റെ നാവിനെ അകറ്റുകയും തന്റെ ദ്രോഹത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയും തനിക്കറിയാത്തതോ തനിക്ക് ഉറപ്പില്ലാത്തതോ ആയ സംസാരങ്ങളില്‍ വ്യാപൃതനാവുന്നത് വര്‍ജിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥ മുസ്‌ലിം. നബി(സ) പറഞ്ഞു: കേട്ടതു മുഴുവന്‍ പറയുക എന്നതുതന്നെ മതി ഒരാള്‍ക്ക് കളവ് പറയുന്നവരില്‍ പെടാന്‍.(8)

സംസാരം ഒരു ഇബാദത്താണ്. അത് ഒന്നുകില്‍ അനുകൂലമാവും. അല്ലെങ്കില്‍ പ്രതികൂലമാവും. അല്ലാഹു പറയുന്നു: ആരെങ്കിലും അണുമണിത്തൂക്കം നന്മ ചെയ്താല്‍ അതവന്‍ കണ്ടെത്തും. ആരെങ്കിലും അണുമണിത്തൂക്കം തിന്മ ചെയ്താല്‍ അതവന്‍ കണ്ടെത്തും (അസ്സല്‍സല 6,7).

നബി(സ) പറഞ്ഞു: നല്ല വാക്ക് സ്വദഖയാണ്.(9)

നല്ല വാക്കിനെ നരകത്തില്‍ നിന്നുള്ള രക്ഷയായി പ്രവാചകന്‍ പരിചയപ്പെടുത്തുന്നു. തിരുദൂതര്‍ പറഞ്ഞു: ഒരു കാരക്ക ചീളുകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക. അത് ലഭ്യമല്ലാത്തവന്‍ ഒരു നല്ല വാക്കുകൊണ്ടെങ്കിലും.(10)

അതിനാല്‍ രക്ഷ ആഗ്രഹിക്കുന്നവര്‍ അതിനുതകുന്ന നല്ല സംസാരം തെരഞ്ഞെടുക്കട്ടെ. മാതാപിതാക്കളോട് മാധുര്യമൂറുന്ന വാക്കുകള്‍ കൊണ്ട് അവന്‍ സംസാരിക്കട്ടെ. അല്ലാഹു പറഞ്ഞു: അവരിരുവരോടും മാന്യ മായ വാക്ക് പറയുക (അല്‍ഇസ്‌റാഅ് 23).

തന്റെ എതിര്‍പക്ഷത്ത് നിലയുറപ്പിച്ച പിതാവിനോട് വളരെ സൗമ്യതയോടെയാണ് ഇബ്‌റാഹീം നബി സംസാരിച്ചത്. എന്റെ പ്രിയപ്പെട്ട പിതാവേ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിസംബോധന.

പരസ്പര സ്‌നേഹം വളര്‍ത്തുന്ന വാക്കുകളിലൂടെ സംസാരം മികച്ചതാക്കാന്‍ ദമ്പതികള്‍ ശ്രദ്ധിക്കണം. കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വാക്കുകള്‍ കൊണ്ടായിരുന്നു പ്രവാചകന്‍ തന്റെ ഇണകളെ വിളിച്ചിരുന്നത്. ആഇശയെ നബി(സ) അവസാനമുള്ള താഅ് ഒഴിവാക്കിക്കൊണ്ട് മലയാളത്തില്‍ ആഇശു എന്ന് പറയുന്നപോലെയാണ് വിളിച്ചിരുന്നത്.(11)

സംസാരിക്കുമ്പോള്‍ ശബ്ദം താഴ്ത്തുക എന്നതും ഇസ്‌ലാം പഠിപ്പിക്കുന്ന മര്യാദയാണ്. ലുഖ്മാന്‍ തന്റെ മകനോട് പറഞ്ഞു: നിന്റെ ശബ്ദം നീ താഴ്ത്തുക (ലുഖ്മാന്‍ 19).

നബി(സ) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും മികച്ച സ്വഭാവമുളളവനാണ് എനിക്ക് ഏറ്റവും പ്രിയങ്കരന്‍. അവനായിരിക്കും പുനരുഥാന നാളില്‍ എന്റെ ഏറ്റവും അടുത്ത് ഇരിപ്പിടം ലഭിക്കുന്നവന്‍. അതേസമയം വായാടികളും നാവിട്ടടിക്കുന്നവരും അഹങ്കാരികളുമാണ് നിങ്ങളില്‍ എനിക്ക് ഏറ്റവും വെറുപ്പുള്ളവര്‍. പുനരുഥാന നാളില്‍ എന്നില്‍ നിന്ന് ഏറെ അകലെ സ്ഥാനം ലഭിക്കുന്നവരും അവരായിരിക്കും.(12)

നല്ലത് പറയുക എന്നതോടൊപ്പം തന്നെ സംസാരിക്കുമ്പോള്‍ മറ്റുള്ളവരുടെ വികാരങ്ങളും നാം പരിഗണിക്കണം. അവര്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കാനുള്ള സന്നദ്ധതയും ഉണ്ടാവണം. ശ്രോതാക്കളെ ഗൗനിക്കാതിരിക്കുക, അവരെ പ്രയാസപ്പെടുത്തുക, അവരുടെ അറിവിനെ കൊച്ചാക്കുക, അവരോട് വിയോജിക്കാന്‍ ധൃതി കാണിക്കുക പോലുള്ളവ സംഭാഷണത്തിന്റെ മര്യാദക്ക് നിരക്കാത്തതാണ്. മറ്റുള്ളവരുടെ സ്‌നേഹം നിലനിര്‍ത്തുക എന്നതാണ് നിസ്സാരമായ കാര്യങ്ങള്‍ കൊണ്ട് അവരെ അകറ്റുന്നതിനേക്കാള്‍ മുന്‍ഗണനാര്‍ഹം.

1.    عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « لاَ تُكْثِرُوا الْكَلاَمَ بِغَيْرِ ذِكْرِ اللَّهِ فَإِنَّ كَثْرَةَ الْكَلاَمِ بِغَيْرِ ذِكْرِ اللَّهِ قَسْوَةٌ لِلْقَلْبِ وَإِنَّ أَبْعَدَ النَّاسِ مِنَ اللَّهِ الْقَلْبُ الْقَاسِى ». (الترمذي)
2.    عَنْ عَائِشَةَ : أَتَى رَجُلٌ فَاسْتَأْذَنَ عَلَى النَّبِيِّ صلى الله عليه وسلم فَقَالَ النَّبِيُّ صلى الله عليه وسلم : بِئْسَ أَخُو الْقَوْمِ وَابْنُ الْعَشِيرَةِ هَذَا فَلَمَّا دَخَلَ أَقْبَلَ عَلَيْهِ بِوَجْهِهِ وَحَدَّثَهُ ، فَلَمَّا خَرَجَ قَالَتْ عَائِشَةُ : يَا رَسُولَ اللهِ ، قُلْتَ فِيهِ مَا قُلْتَ ، ثُمَّ أَقْبَلْتَ عَلَيْهِ بِوَجْهِكَ وَحَدِيثِكَ فَقَالَ : إِنَّ مِنْ شَرِّ النَّاسِ مَنْزِلَةً عِنْدَ اللهِ يَوْمَ الْقِيَامَةِ ، رَجُلٌ اتَّقَاهُ النَّاسُ لِشَرِّهِ ، أَوْ قَالَ : لِفُحْشِهِ. (المعجم الأوسط/ الطبراني)
3.    قال رسول الله صلى الله عليه و سلم : أفرغت يا أبا الوليد ؟ (سيرة ابن اسحاق).
4.    إِنَّ رَسُولَ اللَّهِ -صلى الله عليه وسلم- لَمْ يَكُنْ يَسْرُدُ الْحَدِيثَ كَسَرْدِكُمْ (متفقه عليه)
5.    عَنْ عَائِشَةَ – رضى الله عنها أَنَّ النَّبِىَّ – صلى الله عليه وسلم – كَانَ يُحَدِّثُ حَدِيثًا لَوْ عَدَّهُ الْعَادُّ لأَحْصَاهُ (متفق عليه).
6.    عَنْ عَائِشَةَ رَحِمَهَا اللَّهُ قَالَتْ كَانَ كَلاَمُ رَسُولِ اللَّهِ -صلى الله عليه وسلم- كَلاَمًا فَصْلاً يَفْهَمُهُ كُلُّ مَنْ سَمِعَهُ (سنن أبي داود)
7.    وَقَالَ عَلِيٌّ حَدِّثُوا النَّاسَ بِمَا يَعْرِفُونَ أَتُحِبُّونَ أَنْ يُكَذَّبَ اللَّهُ وَرَسُولُهُ (البخاري)
8.    عَنْ حَفْصِ بْنِ عَاصِمٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ » (مسلم)
9.    وَقَالَ أَبُو هُرَيْرَةَ عَنِ النَّبِىِّ – صلى الله عليه وسلم – « الْكَلِمَةُ الطَّيِّبَةُ صَدَقَةٌ » (البخاري)
10.    عَنْ عَدِىِّ بْنِ حَاتِمٍ أَنَّ النَّبِىَّ – صلى الله عليه وسلم – ذَكَرَ النَّارَ فَأَشَاحَ بِوَجْهِهِ فَتَعَوَّذَ مِنْهَا ، ثُمَّ ذَكَرَ النَّارَ فَأَشَاحَ بِوَجْهِهِ فَتَعَوَّذَ مِنْهَا ، ثُمَّ قَالَ « اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ ، فَمَنْ لَمْ يَجِدْ فَبِكَلِمَةٍ طَيِّبَةٍ » (متفق عليه)
11.    أَنَّ عَائِشَةَ زَوْجَ النَّبِىِّ -صلى الله عليه وسلم- قَالَتْ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « يَا عَائِشُ هَذَا جِبْرِيلُ يَقْرَأُ عَلَيْكِ السَّلاَمَ » (متفق عليه)
12.    عَنْ جَابِرٍ أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- قَالَ « إِنَّ مِنْ أَحَبِّكُمْ إِلَىَّ وَأَقْرَبِكُمْ مِنِّى مَجْلِسًا يَوْمَ الْقِيَامَةِ أَحَاسِنَكُمْ أَخْلاَقًا وَإِنَّ أَبْغَضَكُمْ إِلَىَّ وَأَبْعَدَكُمْ مِنِّى مَجْلِسًا يَوْمَ الْقِيَامَةِ الثَّرْثَارُونَ وَالْمُتَشَدِّقُونَ وَالْمُتَفَيْهِقُونَ ». قَالُوا يَا رَسُولَ اللَّهِ قَدْ عَلِمْنَا الثَّرْثَارُونَ وَالْمُتَشَدِّقُونَ فَمَا الْمُتَفَيْهِقُونَ قَالَ « الْمُتَكَبِّرُونَ » (الترمذي)

Related Articles