Current Date

Search
Close this search box.
Search
Close this search box.

നന്മയുടെ കാവലാളാവുക

key.jpg

عَنْ أَنَسِ بْنِ مَالِكٍ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّ مِنَ النَّاسِ نَاسًا مَفَاتِيحَ لِلْخَيْرِ مَغَالِيقَ لِلشَّرِّ وَمِنَ النَّاسِ مَفَاتِيحَ لِلشَّرِّ مَغَالِيقَ لِلْخَيْرِ فَطُوبَى لِمَنْ جَعَلَ اللَّهُ مِفْتَاحَ الْخَيْرِ عَلَى يَدَيْهِ وَوَيْلٌ لِمَنْ جَعَلَ مِفْتَاحَ الشَّرِّ عَلَى يَدَيْه.

അനസുബ്‌നു മാലികി(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ജനങ്ങളില്‍ ചില ആളുകളുണ്ട്. നന്‍മയുടെ താക്കോലുകളും തിന്‍മയുടെ പൂട്ടുകളുമായവര്‍; മറ്റുചിലരുണ്ട്, തിന്‍മയുടെ താക്കോലുകളും നന്‍മയുടെ പൂട്ടുകളുമായവര്‍. എന്നാല്‍, നന്മയുടെ താക്കോല്‍ അല്ലാഹു ആരുടെ കരങ്ങളില്‍ ഏല്‍പിച്ചുവോ അവര്‍ക്ക് ഭാവുകങ്ങള്‍. തിന്മയുടെ താക്കോല്‍ ആരുടെ കയ്യില്‍ ഏല്‍പിച്ചുവോ അവര്‍ക്ക് നാശം.* (ഇബ്‌നുമാജ)

താക്കോല്‍: مِفْتَاح (ج) مَفَاتِيح
നന്മ: خَيْرٌ
പൂട്ട്:مِغْلاَق (ج) مَغَالِيق

തിന്മ: شَرٌّ
ഭാവുകങ്ങള്‍: طُوبَى
ആക്കി, ഉണ്ടാക്കി: جَعَلَ
കൈ: يَد
നാശം: وَيْلٌ

അനസുബ്‌നു മാലികി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു عَنْ أَنَسِ بْنِ مَالِكٍ قَالَ
നബി(സ) പറഞ്ഞു قَالَ رَسُولُ اللَّهِ صلى الله عليه وسلم
ജനങ്ങളില്‍ ചില ആളുകളുണ്ട് إِنَّ مِنَ النَّاسِ نَاسًا
നന്‍മയുടെ താക്കോലുകളായ مَفَاتِيحَ لِلْخَيْرِ
തിന്‍മയുടെ പൂട്ടുകളായ مَغَالِيقَ لِلشَّرِّ
ജനങ്ങളിലുണ്ട് (ചിലര്‍) وَمِنَ النَّاسِ
തിന്‍മയുടെ താക്കോലുകളായ مَفَاتِيحَ لِلشَّرِّ
നന്മയുടെ പൂട്ടുകളായ مَغَالِيقَ لِلْخَيْرِ
എന്നാല്‍, നന്മയുടെ താക്കോല്‍ അല്ലാഹു ആരുടെ കരങ്ങളില്‍ ഏല്‍പിച്ചുവോ അവര്‍ക്ക് ഭാവുകങ്ങള്‍ فَطُوبَى لِمَنْ جَعَلَ اللَّهُ مِفْتَاحَ الْخَيْرِ عَلَى يَدَيْهِ
തിന്മയുടെ താക്കോല്‍ ആരുടെ കയ്യില്‍ ഏല്‍പിച്ചുവോ അവര്‍ക്ക് നാശം وَوَيْلٌ لِمَنْ جَعَلَ مِفْتَاحَ الشَّرِّ عَلَى يَدَيْه

ആദര്‍ശ ഭദ്രതയുടെ പ്രതിഫലനങ്ങളാണ് സല്‍കര്‍മങ്ങളും നന്മകളോടുള്ള ആഭിമുഖ്യവും. സത്യവിശ്വാസി അല്ലാഹുവെ ഭയപ്പെടുകയും അനുസരിക്കുകയും സ്വേഛകളെ ധിക്കരിക്കുകയും അനശ്വരമായ പരലോകത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. ഇത് അല്ലാഹുവുമായുള്ള ബന്ധം. എന്നാല്‍ സഹജീവികളുടെ കാര്യത്തിലോ അവന്‍ നന്മയുടെ താക്കോലും അതിലേക്കുള്ള വഴികാട്ടിയും സന്‍മാര്‍ഗത്തിന്റെ അംബാസഡറുമാകുന്നു. തിന്‍മയുടെ വാതായനങ്ങള്‍ ഭദ്രമായി അടക്കുന്നവനും അവക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നവനും ദൈവിക കോപം ക്ഷണിച്ചുവരുത്തുന്ന കാര്യങ്ങള്‍ക്ക് തടയിടുന്നവനുമാകുന്നു.

അല്ലാഹു ഒരാളെ കുറിച്ച് തൃപ്തനായാല്‍ അയാള്‍ നന്മയുടെ പ്രതീകമായി മാറും. അപ്പോള്‍ അയാളുടെ ആഗമനവും സാന്നിധ്യവും സംസാരവുമെല്ലാം ആളുകള്‍ക്ക് ഹരമായിരിക്കും. അയാള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തോട് യോജിപ്പില്ലെങ്കില്‍ പോലും. ഇസ്‌ലാമിനെ വെറുത്തവരും അബൂബക്‌റിന്റെ(റ) സാന്നിധ്യം കൊതിച്ചിരുന്നല്ലോ.

നന്മയിലേക്ക് വഴികാണിക്കുന്നത് ആ നന്മ പ്രവര്‍ത്തിക്കുന്നതിന് തുല്യമാണെന്ന് ഹദീസുകളില്‍ കാണാം. (മുസ്‌ലിം) എന്നാല്‍ നന്മക്ക് തടസ്സം നില്‍ക്കുകയാണെങ്കിലോ, അങ്ങനെയുമില്ലേ ചിലര്‍. നാമെന്തിന് അവരെ സഹായിക്കണമെന്ന് ചോദിച്ച് ജനോപകാരപ്രദമായ നടപടികള്‍ക്ക് വിഘ്‌നം സൃഷ്ടിക്കുന്നവര്‍! ഒരു ദിവസം കൊടുത്താല്‍ അത് ശീലമാക്കുമെന്ന് ന്യായം പറഞ്ഞ്, എത്ര ഭക്ഷണം മാലിന്യക്കൂമ്പാരത്തില്‍ തള്ളിയാലും ഒരാള്‍ക്കും തിന്നാന്‍ നല്‍കില്ലെന്ന് തീരുമാനിക്കുന്നവര്‍! തന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ മറ്റുള്ളവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍! അയല്‍വാസിക്ക് വൈദ്യുതി ലഭിക്കാന്‍ സമ്മതപത്രം നല്‍കാന്‍ വിസമ്മതിക്കുന്നവര്‍! ഒരു പാത്രം പോലും വായ്പ കൊടുക്കാന്‍ തയ്യാറാകാത്തവര്‍! നിസ്വാര്‍ഥമായി ആര്‍ക്കും യാതൊരു സഹായവും ചെയ്യാന്‍ സന്നദ്ധരാകാത്തവര്‍!

ഉപരിസൂചിത നബിവചനം, നന്‍മ നട്ടുവളര്‍ത്താനും അത് പടര്‍ന്ന് പന്തലിക്കാനും വെള്ളവും വളവും പരിചരണവും നല്‍കുന്നവരെ ആശിര്‍വദിക്കുകയും അനുമോദിക്കുകയും അതേസമയം ഇരുട്ടിന്റെ ശക്തികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്നു. അതുപോലെ, നന്മയുടെയും തിന്മയുടെയും വക്താക്കള്‍ക്ക് പ്രചാരം സിദ്ധിക്കാനും ഇരുകൂട്ടരും വേര്‍തിരിച്ച് അറിയപ്പെടാനും അല്ലാഹു സംവിധാനം ചെയ്തിരിക്കുന്നു. അനസി(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അല്ലാഹുവിന് ഭൂമിയില്‍ ചില മലക്കുകളുണ്ട്. വ്യക്തിയിലുള്ള നന്മയെയും തിന്മയെയും കുറിച്ച് ജനങ്ങളുടെ നാവിലൂടെ അവര്‍ സംസാരിക്കും (ഹാകിം). മാത്രമല്ല, നബി(സ) പറയുന്നു: നന്മയോട് താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരവും തിന്മയെ കുറിച്ച് ജാഗ്രത പാലിക്കുന്നവര്‍ക്ക് അതില്‍ നിന്ന് സംരക്ഷണവും ലഭിക്കും. (സ്വഹീഹുല്‍ ജാമിഇസ്സ്വഗീര്‍/ അല്‍ബാനി)

പരോപകാരിയാവാന്‍ ഇസ്‌ലാം പ്രേരിപ്പിക്കുന്നു. നബി(സ) പറഞ്ഞു: നിങ്ങളിലാര്‍ക്കെങ്കിലും തന്റെ സഹോദരന് ഉപകാരം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. (മുസ്‌ലിം). മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, തനിക്കുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന നന്മ/നേട്ടം തന്റെ സഹോദരന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുവോളം ഒരു ദാസന്‍ സത്യവിശ്വാസിയാവുകയില്ല. (അഹ്മദ്)

ആളുകളെ സാമ്പത്തികമായോ മറ്റോ സഹായിക്കാതെ, ചെറിയ ഉപകാരങ്ങള്‍ പോലും ചെയ്യാന്‍ വിസമ്മതിക്കുകയോ അതിന് തടയിടുകയോ ചെയ്യുന്നവരെ അല്ലാഹു ശക്തമായി ആക്ഷേപിക്കുന്നു. (അല്‍ഖലം 12, അല്‍മാഊന്‍ 7)
നന്മയില്‍ പരസ്പരം സഹകരിക്കാനും തിന്മയില്‍ സഹകരിക്കാതിരിക്കാനും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. (അല്‍മാഇദ: 2) സ്വന്തക്കാരോ ബന്ധുക്കളോ സുഹൃത്തുക്കളോ തെറ്റു ചെയ്യുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരില്ലേ നമുക്കിടയില്‍ അതുപോലെ, നേതാക്കന്‍മാന്‍ ചെയ്യുന്ന ഏത് തിന്മക്കും കൂട്ടുനില്‍ക്കുകയും അവര്‍ക്ക് പൂര്‍വാധികം ശക്തിപകരുകയും ചെയ്യുന്നു അനവധി ആളുകളുണ്ട്. ഇഹലോകത്ത് അതുമുഖേന എന്തെങ്കിലും നൈമിഷിക ലാഭങ്ങള്‍ ഉണ്ടായാലും അതിന്റെ അനന്തരഫലം വളരെ ഗുരുതരമായിരിക്കുമെന്ന് പ്രവാചകന്‍ ഓര്‍മപ്പെടുത്തുന്നു. കഅ്ബുബ്‌നു ഉജ്‌റയില്‍ നിന്ന് നിവേദനം. നബി(സ) എന്നോട് പറഞ്ഞു: അല്ലയോ കഅ്ബുബ്‌നു ഉജ്‌റ, എനിക്ക് ശേഷം വരാനിരിക്കുന്ന ചില നേതാക്കളില്‍ നിന്ന് ഞാന്‍ താങ്കള്‍ക്ക് വേണ്ടി അല്ലാഹുവില്‍ അഭയം തേടുന്നു (അല്ലാഹു താങ്കളെ കാത്തു രക്ഷിക്കട്ടെ). ആര് അവരുടെ വാതിക്കല്‍ ചെല്ലുകയും അവരുടെ കള്ളങ്ങളെ സത്യമായംഗീകരിക്കുകയും അക്രമങ്ങളെയും അനീതികളെയും പിന്തുണക്കുകയും ചെയ്യുന്നുവോ ഞാനും അവനും തമ്മില്‍ യാതൊരു ബന്ധവുമില്ല. അവന് ഹൗളുല്‍ കൗഥറിന്റെ അടുത്തേക്കെത്താനാവുകയുമില്ല. അതേസമയം അവരുടെ വാതിക്കല്‍ ചെന്നോ ചെല്ലാതെയോ അവരുടെ കള്ളങ്ങളെ അംഗീകരിക്കാതിരിക്കുകയും അവരുടെ അക്രമങ്ങളെ പിന്തുണക്കാതിരിക്കുകയും ചെയ്യുന്നുവോ അവരുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. അവര്‍ ഹൗളിന് സമീപത്തേക്കെത്തും. (തിര്‍മിദി, അഹ്മദ്)

ജനങ്ങളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാത്തവരും തങ്ങള്‍ക്ക് കിട്ടിയ പിന്തുണ ഏത് അധര്‍മത്തിനുമുള്ള ലൈസന്‍സായി ഗണിക്കുകയും ചെയ്യുന്ന നേതാക്കന്‍മാര്‍ക്ക് അനുകൂലമായി സിന്ദാബാദ് വിളിക്കാനും അവരെ ന്യായീകരിക്കാനും ശ്രമിക്കുന്നതിന് മുമ്പ് അല്‍പം ആലോചിക്കുന്നത് നന്നായിരിക്കും.
* ഇത് ഹസന്‍ ആണെന്ന് ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി അഭിപ്രായപ്പെടുന്നു.

Related Articles