Current Date

Search
Close this search box.
Search
Close this search box.

ദാനം ധനം വര്‍ധിപ്പിക്കുകയാണ്

sadaqa-plant.jpg

عَنِ ابْنِ عَبَّاسٍ – رضى الله عنهما – قَالَ كَانَ رَسُولُ اللَّهِ – صلى الله عليه وسلم – أَجْوَدَ النَّاسِ ، وَكَانَ أَجْوَدَ مَا يَكُونُ فِى رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ ، وَكَانَ جِبْرِيلُ يَلْقَاهُ فِى كُلِّ لَيْلَةٍ مِنْ رَمَضَانَ ، فَيُدَارِسُهُ الْقُرْآنَ ، فَلَرَسُولُ اللَّهِ – صلى الله عليه وسلم – حِينَ يَلْقَاهُ جِبْرِيلُ أَجْوَدُ بِالْخَيْرِ مِنَ الرِّيحِ الْمُرْسَلَةِ    (متفق عليه)

ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: നബി(സ) ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു. റമദാനില്‍ ജിബ്‌രീലുമായി സംഗമിക്കുമ്പോഴാണ് അദ്ദേഹം അത്യുദാരനായിരുന്നത്. ജിബ്‌രീലാകട്ടെ, റമദാനിലെ എല്ലാ രാവുകളിലും നബിയുമായി കൂടിക്കാഴ്ച നടത്തുകയും ഖുര്‍ആന്‍ പാഠങ്ങളുടെ പരിശോധന നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു. ജിബ്‌രീല്‍ വന്നുകാണുമ്പോഴൊക്കെ റസൂല്‍ അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ ഉദാരനാകുമായിരുന്നു.

അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന സല്‍കര്‍മങ്ങളിലൊന്നാണ് ദാനം. ഇക്കാര്യം നിര്‍ബന്ധസ്വരത്തിലും പ്രോല്‍സാഹനരൂപത്തിലും ഇസ്‌ലാം ലോകത്തെ പഠിപ്പിക്കുന്നു. ഖുര്‍ആനില്‍ സത്യവിശ്വാസികളുടെ സ്വഭാവ വിശേഷണങ്ങള്‍ വിവരിക്കുന്നിടത്ത് സവിശേഷമായി പരാമര്‍ശിക്കപ്പെട്ടതാണത്. ‘നാം നല്‍കിയ വിഭവങ്ങളില്‍ നിന്ന് ചെലവഴിക്കുന്നവര്‍’ എന്ന് ഖുര്‍ആനില്‍ ആറിടങ്ങളില്‍ വന്നിട്ടുണ്ട്. പണം മാത്രമല്ല വസ്തുക്കളും സേവനങ്ങളുമെല്ലാം സ്വദഖയുടെ വിശാല വിവക്ഷയില്‍ പെടുന്നു. ആപേക്ഷികമായി പണത്തിന് കൂടുതല്‍ സ്ഥാനമുണ്ടെന്ന് മാത്രം.

ബിര്‍റ് എന്താണെന്ന് വിശദീകരിക്കുന്ന കൂട്ടത്തില്‍ ദാനധര്‍മത്തെ പ്രത്യേകം എടുത്തുപറയുകയും നാം ഇഷ്ടപ്പെടുന്നതില്‍ നിന്ന് ചെലവഴിക്കുന്നതുവരെ നമുക്ക് ബിര്‍റ് കരസ്ഥമാക്കാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു ഖുര്‍ആന്‍. ദാനത്തിന് എഴുനൂറും അതിലധികവും ഇരട്ടി പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നു. കൊടുത്തത് എടുത്തുപറഞ്ഞും അതിന്റെ പേരില്‍ ശല്യം ചെയ്തും ദാനത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തരുതെന്നും ഉണര്‍ത്തുന്ന ഖുര്‍ആന്‍ പരസ്യമായും രഹസ്യമായും ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ദാനങ്ങള്‍ പരസ്യപ്പെടുത്തുന്നത് നല്ലതാണെങ്കിലും ദരിദ്രര്‍ക്ക് നല്‍കുന്ന ദാനങ്ങളില്‍ രഹസ്യസ്വഭാവമാണ് ചിലപ്പോഴെങ്കിലും നല്ലതെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു ഖുര്‍ആന്‍. ദാനം ആരുടെയും അഭിമാനത്തിന് ക്ഷതമേല്‍പിക്കരുത് എന്നതുകൊണ്ടാവാമത്.

ദാനധര്‍മത്തിന്റെ പ്രാധാന്യം മുഹമ്മദ് നബിയും പലവിധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്; വാക്കിലൂടെയും പ്രവൃത്തിയിലൂടെയും. അതിന്റെ ഒരു ഉദാഹരണമാണ് ഉപരിസൂചിത ഹദീസ്. ‘ലന്‍ തനാലുല്‍ ബിര്‍റ’ എന്ന സൂക്തം അവതരിച്ചപ്പോള്‍ ബൈറഹാഅ് തോട്ടം ദാനം ചെയ്ത അബൂത്വല്‍ഹയും(റ), അല്ലാഹുവിന് മികച്ച ദാനം നല്‍കാനാരുണ്ട് എന്ന ഖുര്‍ആന്‍ സൂക്തം അവതരിച്ചപ്പോള്‍ 600 ഈത്തപ്പനകളും തന്റെ കുടുംബം താമസിക്കുന്ന വീടും ഉള്‍പ്പെടുന്ന തോട്ടം ദാനം ചെയ്ത അബുദ്ദഹ്ദാഹും(റ), ആടിനെ അറുത്തപ്പോള്‍ അതിന്റെ ഒരു ചെറിയ ഭാഗമൊഴികെ എല്ലാം ദാനം ചെയ്ത ആഇശ(റ)യും, ദാനം ചെയ്യാനും മറ്റുള്ളവര്‍ക്ക് അന്നം നല്‍കാനും പരസ്പരം മല്‍സരിച്ച സഹാബികളുമൊക്കെ ഉണ്ടായത് ആ പ്രവാചക പാഠശാലയില്‍ നിന്നാണ്.

ദാനശീലന് അല്ലാഹുവിന്റെ സവിശേഷ അനുഗ്രഹം ലഭിക്കുമെന്നും പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്. അബൂഹുറയ്‌റ നിവേദനം ചെയ്യുന്നു; നബി(സ) പറഞ്ഞു: ഒരാള്‍ ഒരു വിജനപ്രദേശത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു മേഘത്തില്‍ നിന്നും ‘ഇന്നയാളുടെ തോട്ടത്തില്‍ വര്‍ഷിക്കുക’ എന്നൊരു ശബ്ദം കേട്ടു. ആ ശബ്ദത്തിനു ശേഷം ഉടന്‍ തന്നെ ആ മേഘം നീങ്ങുകയും അതിലെ വെള്ളം കല്ലുനിറഞ്ഞ ഒരു പ്രദേശത്ത് പെയ്യുകയും ചെയ്തു. അപ്പോള്‍ അവിടെയുള്ള ഒരു നീര്‍ചാലിലൂടെ ആ വെള്ളം ഒഴുകാന്‍ തുടങ്ങി. ആ ശബ്ദം കേട്ടയാളും ആ വെള്ളമൊഴികിയ വഴിയെ നടന്നു. ആ വെള്ളം ഒരു തോട്ടത്തിലേക്കാണ് ഒഴുകിയെത്തിയിരുന്നത്. അവിടെ ഒരാള്‍ തന്റെ തൂമ്പ കൊണ്ട് ആ വെള്ളം പല ഭാഗത്തേക്കായി തിരിച്ചുവിടുന്നുണ്ടായിരുന്നു. ആ തോട്ടക്കാരനോട് അദ്ദേഹം പേര് ചോദിച്ചു. അദ്ദേഹം മേഘത്തില്‍ നിന്ന് കേട്ട അതേ പേരു പറഞ്ഞു. അതുകേട്ടപ്പോള്‍ തോട്ടക്കാരന്‍ ചോദിച്ചു: താങ്കളെന്തിനാണ് എന്റെ പേര് ചോദിച്ചത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഏതു മേഘത്തില്‍ നിന്നാണോ ഈ വെള്ളം വന്നിട്ടുള്ളത് ആ മേഘത്തില്‍ നിന്ന് താങ്കളുടെ പേര് പറഞ്ഞുകൊണ്ട്, ഇന്നയാളിന്റെ തോട്ടത്തിന് വെള്ളം കൊടുക്കുക എന്നു പറയുന്ന ശബ്ദം ഞാന്‍ കേട്ടു. നിങ്ങള്‍ ഈ തോട്ടത്തില്‍ എന്താണ് ചെയ്യുന്നത്? അപ്പോള്‍ തോട്ടക്കാരന്‍ പറഞ്ഞു: താങ്കള്‍ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാന്‍ അക്കാര്യം തുറന്നുപറയാം. എന്റെ തോട്ടത്തിലെ വരുമാനം ഞാന്‍ മൂന്ന് ഓഹരിയാക്കി മാറ്റി ഒരു ഭാഗം ദാനം നല്‍കുകയും രണ്ടാമത്തെ ഭാഗം ഞാനും എന്റെ കുടുംബവും ആഹരിക്കുകയും അവശേഷിക്കുന്ന ഭാഗം ഈ തോട്ടത്തിന്റെ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുകയുമാണ് ചെയ്യാറുള്ളത്.(1)

പ്രവാചകന്‍ പറഞ്ഞു: നിശ്ചയം ദാനം അതിന്റെ ആളുകളില്‍ നിന്ന് ഖബ്‌റിലെ ഉഷ്ണത്തെ കെടുത്തിക്കളയുന്നതാണ്. അന്ത്യദിനത്തില്‍ വിശ്വാസി തന്റെ ദാനധര്‍മങ്ങളുടെ തണലിലായിരിക്കും.(2)

പ്രവാചകന്‍ പറഞ്ഞു: ദാനം ദൈവകോപത്തെ കെടുത്തിക്കളയുകയും ദുര്‍മരണത്തെ തടുക്കുകയും ചെയ്യും.(3)

പ്രവാചകന്‍ പറഞ്ഞു: സ്വദഖ ഒരു ധനത്തിലും കുറവു വരുത്തിയിട്ടില്ല.(4)

പ്രവാചകന്‍ പറഞ്ഞു: ഓരോ പ്രഭാതത്തിലും രണ്ട് മലക്കുകള്‍ ഇറങ്ങിവരും. അവരില്‍ ഒരാള്‍ പറയും: അല്ലാഹുവേ, ചെലവഴിക്കുന്നവന് നീ പകരം നല്‍കേണമേ. രണ്ടാമന്‍ പറയും: അല്ലാഹുവേ, ചെലവഴിക്കാതെ സമ്പത്ത് പിടിച്ചുവെക്കുന്നവന് നീ നാശം പ്രദാനം ചെയ്യേണമേ.(5)

സല്‍കര്‍മങ്ങള്‍ക്ക് വമ്പിച്ച പ്രതിഫലം ഓഫര്‍ ചെയ്യപ്പെട്ട മാസമാണല്ലോ റമദാന്‍. അതിനാല്‍ റമദാനിലെ ദാനധര്‍മങ്ങള്‍ക്കും സവിശേഷ പ്രാധാന്യമുണ്ട്. അനസി(റ)ല്‍ നിന്ന് നിവേദനം: ഏറ്റവും ശ്രേഷ്ഠമായ ദാനം ഏതാണെന്ന് ഒരാള്‍ പ്രവാചകനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: റമദാനിലെ ദാനധര്‍മം.(6)

ദാനം ചെയ്യാന്‍ വലിയ സാമ്പത്തിക ശേഷിയൊന്നും ആവശ്യമില്ല. അതാണ് പ്രവാചകന്റെയും മിക്ക സഹാബികളുടെയും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഉള്ളതില്‍ നിന്ന് മിച്ചം വെച്ച് ദാനം ചെയ്യുക എന്നതായിരുന്നു അവരുടെ രീതി. അനസ്(റ) പറയുന്നു: ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു നബി(സ).(7) ആരെങ്കിലും വല്ലതും ചോദിച്ചുവന്നാല്‍ എന്തെങ്കിലും കൊടുക്കാതെ പ്രവാചകന്‍ തിരിച്ചയാക്കാറുണ്ടായിരുന്നില്ല എന്ന് ജാബിറുബ്‌നു അബ്ദില്ല പറയുന്നു.(8) റമദാന്‍ ഈ സ്വഭാവം കൂടുതല്‍ പ്രകടമായിരുന്നുവെന്നും പ്രവാചകന്റെ ഉദാരത എല്ലാവരെയും തഴുകിത്തലോടി കടന്നുപോകുമായിരുന്നുവെന്നും തുടക്കത്തില്‍ ഉദ്ധരിക്കപ്പെട്ട ഹദീസ് വ്യക്തമാക്കുന്നു. നമ്മുടെ ദൈനംദിന ചെലവുകളില്‍ അല്‍പം നിയന്ത്രണം വരുത്തിയാല്‍ ദാനം ചെയ്യാനുള്ള പണം കണ്ടെത്താന്‍ വലിയ പ്രയാസമുണ്ടാവില്ല. ആ ദാനം നാളെ പരലോകത്ത് നമുക്ക് വലിയ മുതല്‍ക്കൂട്ടാവുകയും ചെയ്യും.

1-عَنْ أَبِى هُرَيْرَةَ عَنِ النَّبِىِّ -صلى الله عليه وسلم- قَالَ « بَيْنَا رَجُلٌ بِفَلاَةٍ مِنَ الأَرْضِ فَسَمِعَ صَوْتًا فِى سَحَابَةٍ اسْقِ حَدِيقَةَ فُلاَنٍ. فَتَنَحَّى ذَلِكَ السَّحَابُ فَأَفْرَغَ مَاءَهُ فِى حَرَّةٍ فَإِذَا شَرْجَةٌ مِنْ تِلْكَ الشِّرَاجِ قَدِ اسْتَوْعَبَتْ ذَلِكَ الْمَاءَ كُلَّهُ فَتَتَبَّعَ الْمَاءَ فَإِذَا رَجُلٌ قَائِمٌ فِى حَدِيقَتِهِ يُحَوِّلُ الْمَاءَ بِمِسْحَاتِهِ فَقَالَ لَهُ يَا عَبْدَ اللَّهِ مَا اسْمُكَ قَالَ فُلاَنٌ. لِلاِسْمِ الَّذِى سَمِعَ فِى السَّحَابَةِ فَقَالَ لَهُ يَا عَبْدَ اللَّهِ لِمَ تَسْأَلُنِى عَنِ اسْمِى فَقَالَ إِنِّى سَمِعْتُ صَوْتًا فِى السَّحَابِ الَّذِى هَذَا مَاؤُهُ يَقُولُ اسْقِ حَدِيقَةَ فُلاَنٍ لاِسْمِكَ فَمَا تَصْنَعُ فِيهَا قَالَ أَمَّا إِذَا قُلْتَ هَذَا فَإِنِّى أَنْظُرُ إِلَى مَا يَخْرُجُ مِنْهَا فَأَتَصَدَّقُ بِثُلُثِهِ وَآكُلُ أَنَا وَعِيَالِى ثُلُثًا وَأَرُدُّ فِيهَا ثُلُثَهُ ». (مسلم)
2-عَنْ عُقْبَةَ بْنِ عَامِرٍ، عَنْ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ” إِنَّ الصَّدَقَةَ لَتُطْفِئُ عَلَى أَهْلِهَا حَرَّ الْقُبُورِ، وَإِنَّمَا يَسْتَظِلُّ الْمُؤْمِنُ يَوْمَ الْقِيَامَةِ فِي ظِلِّ صَدَقَتِهِ ” (شعب الإيمان – بيهقي)
3-عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « إِنَّ الصَّدَقَةَ لَتُطْفِئُ غَضَبَ الرَّبِّ وَتَدْفَعُ مِيتَةَ السُّوءِ » (ترمذي)
4-عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ -صلى الله عليه وسلم- قَالَ « مَا نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلاَّ عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ ». (مسلم)
5-عَنْ أَبِى هُرَيْرَةَ – رضى الله عنه – أَنَّ النَّبِىَّ – صلى الله عليه وسلم – قَالَ « مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا ، وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا » (بخاري)
6-عَنْ أَنَسٍ قَالَ سُئِلَ النَّبِىُّ -صلى الله عليه وسلم- أَىُّ الصَّوْمِ أَفْضَلُ بَعْدَ رَمَضَانَ فَقَالَ « شَعْبَانُ لِتَعْظِيمِ رَمَضَانَ ». قِيلَ فَأَىُّ الصَّدَقَةِ أَفْضَلُ قَالَ « صَدَقَةٌ فِى رَمَضَانَ ». (ترمذي)
7-عَنْ أَنَسِ بْنِ مَالِكٍ قَالَ كَانَ رَسُولُ اللَّهِ -صلى الله عليه وسلم- أَحْسَنَ النَّاسِ وَكَانَ أَجْوَدَ النَّاسِ وَكَانَ أَشْجَعَ النَّاسِ (مسلم)
8-عَنْ ابْنِ الْمُنْكَدِرِ سَمِعَ جَابِرَ بْنَ عَبْدِ اللَّهِ قَالَ مَا سُئِلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَيْئًا قَطُّ فَقَالَ لَا  (متفق عليه)

Related Articles