Current Date

Search
Close this search box.
Search
Close this search box.

തിന്മകളെ നന്മകള്‍ കൊണ്ട് മായ്ക്കുക

seed.jpg

عَنْ أَبِي ذَرٍّ قَالَ قَالَ لِي رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ « اتَّقِ اللَّهَ حَيْثُمَا كُنْتَ وَأَتْبِعِ السَّيِّئَةَ الْحَسَنَةَ تَمْحُهَا وَخَالِقِ النَّاسَ بِخُلُقٍ حَسَنٍ » (ترمذي)

അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം. റസൂല്‍(സ) എന്നോട് ഇങ്ങനെ പറഞ്ഞു: നീ എവിടെയായിരുന്നാലും അല്ലാഹുവിനോട് തഖ്‌വ ഉള്ളവനായിരിക്കുക. തിന്‍മയെ തുടര്‍ന്ന് നന്‍മ ചെയ്യുക. അത് (ആ നന്‍മ) അതിനെ (തിന്‍മയെ) മായ്ച്ചു കളയും. ആളുകളോട് ഉത്തമ സ്വഭാവത്തോടെ പെരുമാറുകയും ചെയ്യുക (തിര്‍മിദി).

أَتْبِع: നീ തുടര്‍ത്തുക
الحَسَنَة: നന്മ
السَّيِّئَة: തിന്‍മ    
خَالِق: നീ പെരുമാറുക            
تَمْحُ: മായ്ച്ചു കളയുന്നു                
خُلُق: സ്വഭാവം    
حَسَن: നല്ലത്

അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു عَنْ أَبِي ذَرٍّ قَالَ
അല്ലാഹുവിന്റെ ദൂതന്‍ എന്നോട്പറഞ്ഞു قَالَ لِي رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ
നീ എവിടെയായിരുന്നാലും അല്ലാഹുവിനോട് തഖ്‌വ ഉള്ളവനായിരിക്കുക اتَّقِ اللَّهَ حَيْثُمَا كُنْتَ
തിന്‍മയെ തുടര്‍ന്ന് നന്‍മ ചെയ്യുക وَأَتْبِعِ السَّيِّئَةَ الْحَسَنَةَ
അത് (ആ നന്‍മ) അതിനെ (തിന്‍മയെ) മായ്ച്ചു കളയും تَمْحُهَا
ആളുകളോട് ഉത്തമ സ്വഭാവത്തോടെ പെരുമാറുകയും ചെയ്യുക وَخَالِقِ النَّاسَ بِخُلُقٍ حَسَنٍ

നമ്മെ സ്വര്‍ഗത്തിലെത്തിക്കാന്‍ സഹായിക്കുന്ന കാര്യങ്ങളേതെന്ന് നിങ്ങള്‍ക്കറിയുമോ? തഖ്‌വയും സല്‍സ്വഭാവവുമാണവ. സല്‍സ്വഭാവം സ്വര്‍ഗത്തിലേക്കും ദുഃസ്വഭാവം നരകത്തിലേക്കും നയിക്കുന്നു. അഹംഭാവം, അസത്യം, അനീതി, അക്രമം, പദൂഷണം, ഏഷണി തുടങ്ങിയ എല്ലാ ദുഃസ്വഭാവങ്ങളും നരകത്തിലേക്കുള്ള വഴിയാണ്.

മുഅ്മിന്റെ ജീവിതം മുഴുവന്‍ ഇസ്‌ലാമിക നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആയിരിക്കണം. അല്ലാഹു കല്‍പിച്ച കാര്യങ്ങള്‍ മാത്രമേ ചെയ്യാവൂ. പാടില്ലെന്നു പറഞ്ഞ കാര്യങ്ങള്‍ ചെയ്യാതിരിക്കുകയും വേണം. ഇസ്‌ലാമിക ശരീഅത്തില്‍ അനുവദനീയമായ കാര്യങ്ങളെ ഹലാല്‍ എന്നും അനുവാദമില്ലാത്ത കാര്യങ്ങളെ ഹറാം എന്നും പറയുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജീവിക്കുക എന്നാണ് തഖ്‌വയുള്ളവരാവുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൂക്ഷ്മത പാലിക്കുക, കരുതിയിരിക്കുക എന്നൊക്കെയാണ് തഖ്‌വ എന്ന അറബി വാക്കിന്റെ അര്‍ഥം. ഇരുഭാഗത്തും മുള്ളുവേലിയുള്ള ഇടവഴിയിലൂടെ പോകുന്ന ഒരാളുടെ നടത്തം എത്ര ശ്രദ്ധയോടെയായായിരിക്കും, അത്രയും ശ്രദ്ധയോടെയാകണം ഒരു മുസ്‌ലിം ഈ ലോകത്ത് ജീവിക്കുന്നത്. അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുള്ള ആഗ്രഹമാണ് വിശ്വാസികളെ തഖ്‌വയുള്ളരാക്കി മാറ്റുന്നത്.

തെറ്റ് ചെയ്യാത്ത മനുഷ്യരില്ല. എന്നാല്‍ തെറ്റ് സംഭവിച്ചാല്‍ അതിനുള്ള ഒരു പരിഹാരം മറ്റൊരു നന്‍മ ചെയ്യുക എന്നതാണ്. പല തെറ്റുകള്‍ക്കും ഇസ്‌ലാം പ്രായശ്ചിത്തം നിശ്ചയിച്ചിട്ടുണ്ട്. അവയിലൂടെ ആ തെറ്റുകള്‍ മായ്ക്കപ്പെടും.

ജനങ്ങളോട് നല്ലരീതിയില്‍ പെരുമാറണം എന്നതാണ് ഈ ഹദീസില്‍ മൂന്നാമതായി നിര്‍ദ്ദേശിക്കുന്നത്. ആളുകള്‍ നമ്മോട് എങ്ങനെ പെരുമാറണം എന്നാണോ നാം ആഗ്രഹിക്കുന്നത് അതുപോലെ തിരിച്ചും പ്രവര്‍ത്തിക്കണം. ആരെയും അന്യായമായി ദ്രോഹിക്കാതിരിക്കുക, ആരോടും പരുഷമായി പെരുമാറാതിരിക്കുക, ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുക, അഹംഭാവം ഇല്ലാതിരിക്കുക തുടങ്ങിയവയെല്ലാം സല്‍പെരുമാറ്റത്തിന്റെ ഭാഗമാണ്.

Related Articles