Current Date

Search
Close this search box.
Search
Close this search box.

ജനസേവനം ദൈവസേവനം

service.jpg

عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم: مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ وَمَنْ يَسَّرَ عَلَى مُعْسِرٍ يَسَّرَ اللَّهُ عَلَيْهِ فِى الدُّنْيَا وَالآخِرَةِ

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ഒരുവന്‍ ഒരു സത്യവിശ്വാസിയുടെ ഭൗതിക ക്ലേശം ദൂരികരിച്ചുകൊടുത്താല്‍ അന്ത്യദിനത്തില്‍ അവന്റെ ക്ലേശം അല്ലാഹു ദൂരീകരിക്കും. ഒരാള്‍ ഏതെങ്കിലും പ്രയാസപ്പെടുന്നവന് ആശ്വാസം നല്‍കിയാല്‍ , അല്ലാഹു ഇഹത്തിലും പരത്തിലും അവന്റെ പ്രയാസങ്ങള്‍ ലഘൂകരിക്കും. (മുസ്‌ലിം)

نَفَّسَ : അകറ്റി, ദൂരീകരിച്ചു
كُرْبَةٌ (ج) كُرَب : ക്ലേശം
يَسَّرَ : എളുപ്പമാക്കി
مُعْسِر : പ്രയാസപ്പെടുന്നവന്‍

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു عَنْ أَبِى هُرَيْرَةَ قَالَ
നബി(സ) പറഞ്ഞു: قَالَ رَسُولُ اللَّهِ -صلى الله عليه وسلم
ഒരുവന്‍ ഒരു സത്യവിശ്വാസിയുടെ ഭൗതിക ക്ലേശം ദൂരികരിച്ചുകൊടുത്താല്‍ مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا
അന്ത്യദിനത്തില്‍ അവന്റെ ക്ലേശം അല്ലാഹു ദൂരീകരിക്കും نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ
ഒരാള്‍ ഏതെങ്കിലും പ്രയാസപ്പെടുന്നവന് ആശ്വാസം നല്‍കിയാല്‍ وَمَنْ يَسَّرَ عَلَى مُعْسِرٍ
അല്ലാഹു ഇഹത്തിലും പരത്തിലും അവന്റെ പ്രയാസങ്ങള്‍ ലഘൂകരിക്കും يَسَّرَ اللَّهُ عَلَيْهِ فِى الدُّنْيَا وَالآخِرَةِ

സമൂഹത്തില്‍ ക്ലേശവും ദുരിതവും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുക ഏതൊരു സത്യവിശ്വാസിയുടെയും സാമൂഹ്യ ധര്‍മങ്ങളിലൊന്നാണ്. അന്ത്യനാളില്‍ അല്ലാഹുവിന്റെ കനിവും കാരുണ്യവും ലഭിക്കാന്‍ അര്‍ഹനാക്കുന്ന പ്രവൃത്തിയാണത്. സ്വാര്‍ഥ താല്‍പര്യങ്ങളും മാനസിക ചാപല്യങ്ങളും സൃഷ്ടികളെ സേവിക്കുക എന്ന നൈസര്‍ഗിക ഗുണത്തെ കീഴ്‌പെടുത്തുമ്പോള്‍ മനുഷ്യന്‍ ക്രൂരനും അക്രമിയുമായി മാറുന്നു. ഇസ്‌ലാമിക വീക്ഷണത്തില്‍ അല്ലാഹുവിനോടുള്ള തഖ്‌വ സൃഷ്ടികളോടുള്ള സ്‌നേഹവും കാരുണ്യവും സഹാനുഭൂതിയും ഗുണകാംക്ഷയുമായി പെയ്തിറങ്ങണം.

ആത്മാര്‍ഥതയിലും സ്‌നേഹത്തിലും അധിഷ്ഠിതവും സ്വാര്‍ഥ ലക്ഷ്യങ്ങളില്‍ നിന്ന് മുക്തവുമായ സേവനം, പരലോകത്ത് സങ്കല്‍പിക്കാനാവാത്ത പ്രതിഫലം നേടിത്തരുമെന്നാണ് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്ന അടിസ്ഥാനാശയം. സാമ്പത്തിക പരാധീനതകള്‍, ശാരീരിക അവശതകള്‍, ബുദ്ധിപരമായ ന്യൂനതകള്‍, മാനസിക ദൗര്‍ബല്യങ്ങള്‍, വൈജ്ഞാനിക –നൈസര്‍ഗിക ശേഷികളുടെ അഭാവം/ കുറവ് തുടങ്ങി അവഗണന, പീഡനം, ശുദ്ധ ജലം ലഭ്യമാവാതിരിക്കല്‍, പകര്‍ച്ച വ്യാധിയുടെ വ്യാപനം പോലുള്ള പലതരം പ്രയാസങ്ങള്‍ പലപ്പോഴായി മനുഷ്യന്‍ അനുഭവിക്കാറുണ്ട്. അത്തരം പരീക്ഷണങ്ങള്‍ ആര്‍ദ്രതയോടെ വീക്ഷിക്കാനും അവക്ക് പരിഹാരം തേടിയുള്ള പ്രവൃത്തികളില്‍ പങ്കാളിത്തം വഹിക്കാനും താല്‍പര്യം കാണിക്കുന്നവര്‍ കുറവാണ്.

അനാഥയെ ആട്ടിയകറ്റുകയോ അവന്റെ അവകാശങ്ങള്‍ തട്ടിയെടുക്കുകയോ ദരിദ്രന്റെ അവകാശം നല്‍കാന്‍ പ്രേരിപ്പിക്കാതിരിക്കുകയോ ചെയ്യുന്നവന്‍ ദീനിനെ അംഗീകരിക്കാത്തവനാണെന്ന ഖുര്‍ആനിന്റെ പ്രഖ്യാപനവും (അല്‍-മാഊന്‍) വിധവകളുടെയും അഗതികളുടെയും ക്ഷേമത്തിന് വേണ്ടി രംഗത്തിറങ്ങുന്നവര്‍ ദൈവിക സരണിയിലെ പോരാളിയെ പോലെ/രാത്രിനമസ്‌കാരം നിര്‍വഹിക്കുകയും പകല്‍(സുന്നത്ത്) നോമ്പനുഷ്ഠിക്കകയും ചെയ്യുന്നവനെപ്പോലെയാണെന്ന(ബുഖാരി)* തിരുനബി(സ)യുടെ പ്രസ്താവനയും അവഗണിച്ചു തള്ളുന്നവര്‍ അതിന് കനത്ത വില നല്‍കേണ്ടി വരും.

സുമനസുകളുടെ കാരുണ്യം തേടുന്നവര്‍ ഇന്ന് നിത്യകാഴ്ചയാണ്. ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, വീട് നിര്‍മാണ സഹായം, വിവാഹ സഹായം മുതലായ ആവശ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ കഴിയും വിധം സഹായിച്ചാല്‍ അത് ഇഹലോകത്തെ നമ്മുടെ ബാങ്ക് ബാലന്‍സില്‍ അല്‍പം കുറവ് രേഖപ്പെടുത്തുമെങ്കിലും പരലോകത്തെ അക്കൗണ്ടില്‍ വന്‍ നിക്ഷേപമായി മാറുമെന്ന് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ സ്വദഖ ഒരിക്കലും സമ്പത്തില്‍ കുറവു വരുത്തുന്നില്ല. മറിച്ച് അത് അനേകമിരട്ടിയായി വര്‍ധിക്കുകയാണ് (അല്‍ബഖറ 261). സമ്പത്ത് മാത്രമല്ല, സമയവും ആരോഗ്യവും അധ്വാനവും ഇതര നൈസര്‍ഗിക വാസനകളുമെല്ലാം ജനസേവനത്തിനായി ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ സന്നദ്ധനാവണം.

രോഗിക്ക് ആശ്വാസം നല്‍കാനോ ദാഹിച്ചവന് വെള്ളം നല്‍കാനോ വിശന്ന് വലഞ്ഞവന് ആഹാരം നല്‍കാനോ തയ്യാറാവാത്തവര്‍ യഥാര്‍ഥത്തില്‍ അതുവഴി അല്ലാഹവിനോട് നന്ദികേട് കാണിക്കുകയാണ്. കാരുണ്യവും ആര്‍ദ്രതയും ഊരിയെടുക്കപ്പെടുന്നവര്‍ ഭാഗ്യഹീനരാണെന്നും, ആരില്‍ നിന്നാണോ നന്മ മാത്രം പ്രതീക്ഷിക്കപ്പെടുന്നത് അവനാണ് വിശ്വാസികളില്‍ ഉത്തമന്‍ എന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു:

عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « إِنَّ اللَّهَ عَزَّ وَجَلَّ يَقُولُ يَوْمَ الْقِيَامَةِ يَا ابْنَ آدَمَ مَرِضْتُ فَلَمْ تَعُدْنِى. قَالَ يَا رَبِّ كَيْفَ أَعُودُكَ وَأَنْتَ رَبُّ الْعَالَمِينَ. قَالَ أَمَا عَلِمْتَ أَنَّ عَبْدِى فُلاَنًا مَرِضَ فَلَمْ تَعُدْهُ أَمَا عَلِمْتَ أَنَّكَ لَوْ عُدْتَهُ لَوَجَدْتَنِى عِنْدَهُ يَا ابْنَ آدَمَ اسْتَطْعَمْتُكَ فَلَمْ تُطْعِمْنِى. قَالَ يَا رَبِّ وَكَيْفَ أُطْعِمُكَ وَأَنْتَ رَبُّ الْعَالَمِينَ. قَالَ أَمَا عَلِمْتَ أَنَّهُ اسْتَطْعَمَكَ عَبْدِى فُلاَنٌ فَلَمْ تُطْعِمْهُ أَمَا عَلِمْتَ أَنَّكَ لَوْ أَطْعَمْتَهُ لَوَجَدْتَ ذَلِكَ عِنْدِى يَا ابْنَ آدَمَ اسْتَسْقَيْتُكَ فَلَمْ تَسْقِنِى. قَالَ يَا رَبِّ كَيْفَ أَسْقِيكَ وَأَنْتَ رَبُّ الْعَالَمِينَ قَالَ اسْتَسْقَاكَ عَبْدِى فُلاَنٌ فَلَمْ تَسْقِهِ أَمَا إِنَّكَ لَوْ سَقَيْتَهُ وَجَدْتَ ذَلِكَ عِنْدِى (صحيح مسلم)

അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: പുനരുഥാന നാളില്‍ അല്ലാഹു പറയും: ‘ആദമിന്റെ പുത്രാ, ഞാന്‍ രോഗിയായി. പക്ഷേ നീയെന്ന സന്ദര്‍ശിച്ചില്ല’. അവന്‍ ചോദിക്കും: ‘നാഥാ, ഞാനെങ്ങനെയാണ് നിന്നെ സന്ദര്‍ശിക്കുക. നീ സര്‍വലോക രക്ഷിതാവാണല്ലോ!’ അല്ലാഹു പറയും: ‘എന്റെ ഇന്ന ദാസന്‍ രോഗിയായത് നീ അറിഞ്ഞില്ലേ; നീ അവനെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ അവന്റെയടുക്കല്‍ എന്നെ കാണുമായിരുന്നു എന്ന് നീ അറിഞ്ഞില്ലേ’.
‘ആദമിന്റെ പുത്രാ, ഞാന്‍ നിന്നോട് ഭക്ഷണം ചോദിച്ചു. പക്ഷേ നീ എനിക്ക് ഭക്ഷണം നല്‍കിയില്ല’. അവന്‍ പറയും: ‘നാഥാ, ഞാനെങ്ങനെയാണ് നിനക്ക് ഭക്ഷണം തരിക; നീ ലോകരക്ഷിതാവാണല്ലോ!’ അല്ലാഹു പറയും: ‘എന്റെ ഇന്ന ദാസന്‍ നിന്നോട് ഭക്ഷണം ചോദിച്ചത് നിനക്കറിയില്ലേ? നീ അവന് ഭക്ഷണം നല്‍കിയിരുന്നെങ്കില്‍ അത് എന്റെയടുക്കല്‍ നീ കാണുമായിരുന്നു എന്ന് നിനക്കറിയില്ലേ?’
‘ആദമിന്റെ പുത്രാ, ഞാന്‍ നിന്നോട് വെള്ളം ചോദിച്ചു. പക്ഷേ നീ എനിക്ക് വെള്ളം നല്‍കിയില്ല’. അവന്‍ പറയും: ‘നാഥാ, ഞാനെങ്ങനെയാണ് നിനക്ക് വെള്ളം തരിക; നീ ലോകരക്ഷിതാവാണല്ല!’ അല്ലാഹു പറയും: ‘എന്റെ ഇന്ന അടിമ നിന്നോട് വെള്ളം ചോദിച്ചു. നീ അവന് വെള്ളം നല്‍കിയില്ല. എന്നാല്‍ നീ അവന് വെള്ളം നല്‍കിയിരുന്നെങ്കില്‍ അത് നിനക്ക് എന്റെയടുക്കല്‍ കാണാമായിരുന്നു.’ (ബുഖാരി)

അശരണരേയും ആലംബഹീനരെയും ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക എന്നത്, മൂകതയും ഭയവും തളം കെട്ടി നില്‍ക്കുന്ന വിചാരണവേളയിലെ അനിര്‍വചനീയമായ ക്ലേശങ്ങള്‍ അകറ്റപ്പെടാനും ഇഹപര ജീവിതത്തിലെ ദുരിതങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാനും സഹായകമാവുമെന്ന നബിവചനം ജനസേവനരംഗത്തുള്ളവര്‍ക്ക് വലിയൊരു പ്രചോദനമാണ്.

പ്രവാചകന്റെ ജനസേവന തല്‍പരതയും അതിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യവും പ്രോത്സാഹനവും, അപരന്റെ കഷ്ടപ്പാടുകള്‍ കാണാനോ ദീനരോധനങ്ങള്‍ കേള്‍ക്കാനോ കണ്ണുനീരൊപ്പാനോ ശ്രമിക്കാത്തവരെ അല്‍പമെങ്കിലും പ്രചോദിപ്പിക്കുന്നില്ലെങ്കില്‍ അവര്‍ തങ്ങളുടെ ഈമാനിന്റെ നിജസ്ഥിതി അടിയന്തിരമായി പരിശോധനാവിധേയമാക്കേണ്ടതുണ്ട്. അവശവിഭാഗങ്ങളെ സംരക്ഷിക്കാനുള്ള സംരംഭങ്ങള്‍ക്ക് ശാരീരികമോ സാമ്പത്തികമോ മാനസികമോ ആയ പിന്തുണ നല്‍കാന്‍ നാം തയ്യാറാവാത്ത പക്ഷം അന്ത്യനാളില്‍ നാം എത്തിപ്പെടുന്ന ദുരിതക്കയത്തില്‍ നിന്ന് നമ്മെ കരകയറ്റാന്‍ ആരും ഉണ്ടാവില്ല. എന്തുമാത്രം ദയനീയമായിരിക്കും ആ രംഗം!
_______________________

*السَّاعِى عَلَى الأَرْمَلَةِ وَالْمِسْكِينِ كَالْمُجَاهِدِ فِى سَبِيلِ اللَّهِ ، أَوِ الْقَائِمِ اللَّيْلَ الصَّائِمِ النَّهَارَ

Related Articles