Current Date

Search
Close this search box.
Search
Close this search box.

ക്ഷോഭിക്കുന്ന നരകം

hell1.jpg

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «نَارُكُمْ جُزْءٌ مِنْ سَبْعِينَ جُزْءًا مِنْ نَارِ جَهَنَّمَ»، قِيلَ يَا رَسُولَ اللَّهِ إِنْ كَانَتْ لَكَافِيَةً قَالَ: «فُضِّلَتْ عَلَيْهِنَّ بِتِسْعَةٍ وَسِتِّينَ جُزْءًا كُلُّهُنَّ مِثْلُ حَرِّهَا»

അബൂഹുറയ്‌റ(റ)യില്‍ നിന്ന്. നബി(സ) പറഞ്ഞു: നിങ്ങളുപയോഗിക്കുന്ന തീ നരകത്തീയുടെ എഴുപതംശത്തില്‍ ഒരംശമാണ്. ആരോ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, തീര്‍ച്ചയായും (ശിക്ഷയായി) അതുതന്നെ (ദുനിയാവിലെ തീ) മതിയല്ലോ! നബി (സ) പറഞ്ഞു: അതിനേക്കാള്‍ അറുപത്തൊമ്പത് ഇരട്ടിയുണ്ടത്. അവയിലെ ഓരോ ഇരട്ടിയും ഇവിടത്തെ തീയുടെ തീവ്രതയുള്ളതാണ്. (ബുഖാരി)

نَارُ : തീ
جُزْء : ഭാഗം  
سَبْعُون : എഴുപത്
جَهَنَّم : നരകം  
قِيلَ : പറയപ്പെട്ടു  
َكافية : മതിയായത്      
فُضِّلَ : ഇരട്ടിയാക്കപ്പെട്ടു, മികവ് നല്‍കപ്പെട്ടു
حَرّ : ചൂട്

അടുപ്പില്‍ നിന്ന് ചൂടുള്ള പാത്രങ്ങള്‍ ഇറക്കിവെക്കുമ്പോള്‍ കയ്യില്‍ ഒരു തുണിക്കഷ്ണം ചുറ്റിപ്പിടിക്കുന്നതും ഉഷ്ണകാലത്ത് അല്പം സമയം കറന്റുപോയാല്‍ വല്ലാതെ അസ്വസ്ഥരാവുന്നതും നമ്മുടെ പതിവുകാഴ്ചകളില്‍ പെട്ടതാണല്ലോ എന്നാല്‍ ഇഹലോകത്തെ തീയുടെ അറുപത്തി ഒമ്പത് ഇരട്ടി ചൂടുള്ളതാണ് നരകത്തീ എന്ന് പ്രവാചകന്‍ വ്യക്തമാക്കുമ്പോള്‍ ഉള്‍ക്കിടിലമുണ്ടാകുന്നവര്‍ എത്രയുണ്ട്?

നരകത്തിന്റെ സംഹാര താണ്ഡവവും അതിലെ ഹൃദയ ഭേദക കാഴ്ചകളും ഖുര്‍ആന്‍ നമുക്ക് വിവരിച്ചുതരുന്നുണ്ട്. നാം നരകത്തില്‍ ചെന്ന് ചാടാതിരിക്കാനാണ് അത്. എന്നിട്ടും നരകത്തിലേക്കുള്ള വഴി നാം തെരഞ്ഞെടുത്താല്‍ സ്വയം പഴിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍.

നരകപ്രവേശത്തിന്റെ കാരണങ്ങളെ ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ പൊതുവെ രണ്ടായി വര്‍ഗീകരിച്ചിട്ടുണ്ട്. ഒന്ന് ശാശ്വതമായ നരകശിക്ഷ ലഭിക്കുന്നവ. നിശ്ചിത കാലം വരെ നരകശിക്ഷ ശേഷം വിമോചിപ്പിക്കപ്പെടുന്നവയാണ് രണ്ടാമത്തേത്. ശിര്‍ക്ക്, കുഫ്‌റ്, ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിലേതെങ്കിലും ഒന്നിനെ നിഷേധിക്കുക, അല്ലാഹുവിനെയോ ഇസ്‌ലാമിനെയോ പ്രവാചകനെയോ അപഹസിക്കുക/ശകാരിക്കുക, മനുഷ്യനിര്‍മിത നിയമങ്ങളാണ് കൂടുതല്‍ മികച്ചതെന്ന് അംഗീകരിച്ച് അല്ലാഹുവിന്റെ നിയമങ്ങളെ തള്ളിക്കളയുക, കാപട്യം മുതലായ കുറ്റകൃത്യങ്ങള്‍ ഒന്നാമത്തെ ഇനത്തില്‍ പെടുന്നു.
മാതാപിതാക്കളെ ധിക്കരിക്കല്‍, കുടുംബബന്ധം വിഛേദിക്കല്‍, പലിശ ഭോജനം, അനാഥകളുടെ സ്വത്ത് അപഹരിക്കല്‍, കള്ളസാക്ഷ്യം, കള്ളസത്യം, അന്വേഷണമില്ലാതെയോ നീതിരഹിതമായോ വിധി കല്‍പിക്കല്‍, കൈക്കൂലി, വഞ്ചന, സ്വര്‍ണത്തിന്റെയോ വെള്ളിയുടെയോ പാത്രങ്ങള്‍ ഉപയോഗിക്കല്‍, പരുഷത, പിശുക്ക്, അഹങ്കാരം തുടങ്ങിയവ രണ്ടാം ഗണത്തില്‍ പെടുന്നവയാണ്.

മനുഷ്യരിലും ജിന്നിലും പെട്ടവര്‍ ഒഴികെ ബാക്കിയുള്ള സകല സൃഷ്ടികളും അല്ലാഹുവിന് വിധേയമായിട്ടാണ് ജീവിക്കുന്നത്. മനുഷ്യന്റെയും ജിന്നിന്റെയും ധിക്കാരം കണ്ട് ദേഷ്യത്താല്‍ നരകം പൊട്ടിത്തെറിക്കുന്നതും ക്ഷോഭിക്കുന്നതും ഖുര്‍ആന്‍ പ്രതിപാദിക്കുന്നു (അല്‍ മുല്‍ക്: 8). നരകത്തിലേക്കുള്ള പാത വളരെ സുഖകരവും ആനന്ദകരവുമാണ്. എന്നാല്‍ സ്വര്‍ഗം അങ്ങനെയല്ല. അത് തുഛമായ വിലകൊടുത്ത് വാങ്ങാന്‍ കഴിയുന്ന ഒന്നല്ല. ക്ഷേമത്തിലും ക്ഷാമത്തിലും സഹനപൂര്‍വം അല്ലാഹുവിന്റെ പാതയില്‍ അചഞ്ചലരായി നില്‍ക്കുന്നവര്‍ക്കുള്ളതാണത്. നബി(സ) പറയുന്നു: ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ കൊണ്ട് നരകവും പ്രവര്‍ത്തിക്കാന്‍ അതീവ താല്‍പര്യമൊന്നും തോന്നാത്ത കാര്യങ്ങള്‍ കൊണ്ട് സ്വര്‍ഗം വലയം ചെയ്യപ്പെട്ടിരിക്കുന്നു. (ബുഖാരി). അഥവാ മനുഷ്യന്‍ ദേഹേഛക്കനുസരിച്ച് പ്രവര്‍ത്തിക്കുക വഴി നരകത്തിലേക്കും ദേഹേഛയെ കടിഞ്ഞാണിട്ട് പ്രവാചകനെ അനുസരിക്കുക വഴി സ്വര്‍ഗത്തിലും എത്തുമെന്ന് സാരം.

റമദാനിലെ സ്‌പെഷ്യല്‍ ഓഫറുകളിലൊന്നാണ് നരകവിമോചനമെന്ന് ഹദീസുകളില്‍ കാണാം. അല്ലാഹുവിന്റെ ഇഷ്ടദാസനാവുക എന്നതാണ് അതിനുള്ള മാര്‍ഗം.  ഒരു പക്ഷേ നമ്മില്‍ പലര്‍ക്കും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഓഫര്‍ അവസാന അവസരമായിരിക്കാം. ഇഹലോകത്തെ ഓഫറുകള്‍ക്ക് പിന്നാലെ പരക്കം പായുന്നവര്‍ പോലും പരലോകത്തെ ഓഫര്‍ നേടിയെടുക്കാന്‍ വലിയ താല്‍പര്യം കാണിക്കാറില്ല എന്നതത്രെ യാഥാര്‍ഥ്യം. അതിന്റെ നഷ്ടവും ദുരിതവും പ്രവചനാതീതമായിരിക്കും; തീര്‍ച്ച.  

Related Articles