Current Date

Search
Close this search box.
Search
Close this search box.

കാലത്തെ പഴിക്കരുത്

period.jpg

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ اللَّهُ عَزَّ وَجَلَّ: ” يُؤْذِينِي ابْنُ آدَمَ يَسُبُّ الدَّهْرَ وَأَنَا الدَّهْرُ، بِيَدِي الأَمْرُ أُقَلِّبُ اللَّيْلَ وَالنَّهَارَ

അബൂഹുറയ്‌റയില്‍ നിന്ന് . നബി(സ) പറഞ്ഞു: അല്ലാഹു അരുള്‍ ചെയ്തിരിക്കുന്നു: മനുഷ്യന്‍ എന്നെ ഉപദ്രവിക്കുന്നു. അവന്‍ കാലത്തെ ശകാരിക്കുന്നു. ഞാനാണ് കാലം. എന്റെ കയ്യിലാണ് കാര്യങ്ങളുടെ നിയന്ത്രണം. രാവിനെയും പകലിനെയും മാറിമാറിവരുത്തുന്നത് ഞാനാണ്. (ബുഖാരി)

آذَى : ദ്രോഹിച്ചു
سَبَّ : ശകാരിച്ചു
دَهْر : കാലം
يَدٌ : കൈ
أَمْرٌ : കാര്യം, കല്‍പന
قَلَّبَ : മാറ്റിമറിച്ചു, മാറിമാറി വരുത്തി
لَيْلٌ : രാത്രി
نَهَارٌ : പകല്‍

ചൂട് അസഹ്യമാവുമ്പോഴും, അപ്രതീക്ഷിതമായി മഴയെത്തുമ്പോഴും, പേമാരി പെയ്ത് കൃഷി നശിക്കുമ്പോഴും, ശക്തമായ കാറ്റടിക്കുമ്പോഴുമെല്ലാം കാലത്തെ ശപിക്കുകയും പഴിക്കുകയും ശകാരിക്കുകയും ചെയ്യുന്നവര്‍ വിരളമല്ല. കാലവര്‍ഷം ചതിച്ചു, ചീഞ്ഞ മഴ തുടങ്ങി നിര്‍ദ്ദോഷകരമെന്ന തോന്നലില്‍ പുറത്തുവരുന്ന വാക്കുകള്‍ കാലത്തിന്റെ സംവിധായകനായ അല്ലാഹുവിനെ പഴിക്കുന്നതിനും ശകാരിക്കുന്നതിനും തുല്യമാണെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.

അല്ലാഹുവിന്റെ വിധിയാണ് പ്രകൃതിയില്‍ നടപ്പിലാവുന്നത് എന്ന് അംഗീകരിക്കുന്ന സത്യവിശ്വാസി ഒരിക്കലും കാലത്തെ പഴിക്കുകയില്ല. സത്യവിശ്വാസിയുടെ അടിസ്ഥാന സ്വഭാവത്തിന് തന്നെ വിരുദ്ധമാണത്. പ്രവാചകന്‍ പറഞ്ഞു: സത്യവിശ്വാസി അധിക്ഷേപകനോ ശപിക്കുന്നവനോ അശ്ലീലം പറയുന്നവനോ അസഭ്യം ചൊരിയുന്നവനോ അല്ല. (തിര്‍മിദി)

കാലത്തിന്റെ താളുകളിലെ ഓരോ അക്ഷരവും രേഖപ്പെടുത്തുന്നത് അല്ലാഹുവാണല്ലോ. അതിനാല്‍ കാലത്തെ പഴിക്കുന്നത് അല്ലാഹുവിനെ പഴിക്കുന്നതിന് തുല്യമാണ്. അതിനെയാണ് ഇവിടെ ഉപദ്രവം എന്ന് വിശദീകരിച്ചിട്ടുള്ളത്. നേര്‍ക്കുനേരെ അല്ലാഹുവിനെ ദ്രോഹിക്കാന്‍ ആര്‍ക്കും കഴിയില്ല.

പ്രകൃതി പ്രതിഭാസങ്ങളെല്ലാം അല്ലാഹുവിന്റെ നിശ്ചയപ്രകാരം സംഭവിക്കുന്നവയാണ്. അവയില്‍ ചിലത് നമുക്ക് അനുഗുണമാവാം, മറ്റു ചിലത് ദോഷകരവും. പ്രവാചകന്‍ പറഞ്ഞു: കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ പെട്ടതാണ്. അത് അനുഗ്രഹം കൊണ്ട് വരും; ശിക്ഷയും കൊണ്ട് വരും. ആകയാല്‍ അതിനെ നിങ്ങള്‍ ശകാരിക്കരുത്. മറിച്ച് ആ കാറ്റിന്റെ ഗുണം ലഭിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും അതിന്റെ ഉപദ്രവത്തില്‍ നിന്ന് അവനോട് രക്ഷ തേടുകയും ചെയ്യുക. (അബൂദാവൂദ്) മഴ പെയ്യാതിരിക്കുമ്പോഴും അത് ശക്തമാവുമ്പോഴും ഇടിയും മിന്നലുമുണ്ടാകുമ്പോഴും ഭൂകമ്പം, സുനാമി പോലുള്ള ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴുമെല്ലാം സത്യവിശ്വാസി സ്വീകരിക്കേണ്ട സമീപനമാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്.

ചൂടിനെയും തണുപ്പിനെയും മഴയെയും മഞ്ഞിനെയും കാറ്റിനെയുമെല്ലാം രാപ്പകലിനെയുമെല്ലാം നിയന്ത്രിക്കുന്നവന്‍ അല്ലാഹുവാണ്. ജലദൗര്‍ബല്യമാണല്ലോ ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ഇത്തവണ മഴ വളരെ കുറച്ചേ കിട്ടിയുള്ളൂ എന്ന, ഒരുതരം അവകാശബോധത്തോടെയുള്ള പരിതാപം പലരില്‍ നിന്നും നാം കേള്‍ക്കാറുണ്ട്. എന്നാല്‍ അത് അല്ലാഹു നല്‍കുന്ന അമൂല്യനിധിയാണെന്ന് തിരിച്ചറിയുകയും അതിന് നന്ദി കാണിക്കുകയും ചെയ്യുന്നവര്‍ കുറവാണ്. നമുക്ക് ലഭിച്ചുകൊണ്ടിരുന്ന ഒരു അനുഗ്രഹം തടയപ്പെടുമ്പോള്‍ അതിന്റെ കാരണം പരതേണ്ടത് നമ്മില്‍ തന്നെയാണ്.

വെള്ളത്തിന് വേണ്ടിയുള്ള മുറവിളികളും വിലാപങ്ങളും നെട്ടോട്ടവും പലപ്പോഴായി നാം കാണുന്നതാണ്. വെള്ളം എന്ന അനുഗ്രഹത്തിന്റെ മൂല്യം തിരിച്ചറിയാന്‍ ഇതുതന്നെ ധാരാളം. വെള്ളത്തിന്റെ രാസഘടന വിശകലനം ചെയ്ത് വിശദീകരിക്കുന്ന ശാസ്ത്രത്തിന് ദാഹജലം തരാന്‍ കഴിയില്ല. അത് അല്ലാഹുവിന് മാത്രം സാധിക്കുന്ന ഒന്നാണ്. അല്ലാഹു ചോദിക്കുന്നു: നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് നീരുറവകള്‍ ഉണ്ടാക്കിത്തരിക എന്ന് നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? (അല്‍മുല്‍ക്: 30)

മറ്റൊരിടത്ത് ഖുര്‍ആന്‍ ചോദിക്കുന്നു: നിങ്ങള്‍ കുടിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ കാര്‍മേഘത്തില്‍ നിന്ന് അത് വര്‍ഷിപ്പിച്ചത് അതല്ല നാമാണോ? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അത് ഉപ്പുരസമുള്ളതാക്കുമായിരുന്നു. എന്നിട്ടും നിങ്ങളന്തേ നന്ദി കാണിക്കുന്നില്ല? (അല്‍വാഖിഅ:68-70)

യഥേഷ്ടം സൗജന്യമായി ശുദ്ധജലം കിട്ടുമ്പോള്‍ അതിന്റെ മഹത്വം തിരിച്ചറിഞ്ഞ് നന്ദി കാണിക്കുന്നവര്‍ വളരെ കുറവാണ്. നന്ദി കാണിക്കാത്തവരെ അല്ലാഹു ശിക്ഷിക്കാന്‍ തീരുമാനിച്ചാല്‍ അതിന് തടയിടാന്‍ ആര്‍ക്കും സാധ്യമല്ല. മഴയുടെ ദൗര്‍ലഭ്യതയെ കുറിച്ച് പരസ്പരം അഭിപ്രായം പറയുന്നവരുടെ കൂട്ടത്തില്‍ എത്ര പേര്‍ മഴക്ക് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിച്ചിട്ടുണ്ട്? മഴക്ക് വേണ്ടിയുള്ള നമസ്‌കാരം ഇന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെ ഒരു അധ്യായം മാത്രമായി ചുരുങ്ങിയില്ലേ? തെറ്റുകള്‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചാല്‍ അല്ലാഹു മഴ വര്‍ഷിപ്പിച്ചു തരുമെന്ന് ഹൂദ്, നൂഹ് മുതലായ പ്രവാചകന്‍മാരുടെ വാഗ്ദാനങ്ങളിലൂടെ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. (ഹൂദ്: 52, നൂഹ്: 11)

അതിനാല്‍ ഏത് തരത്തിലുള്ള ദുരിതമുണ്ടായാലും കാലത്തെ പഴിക്കുകയോ ശപിക്കുകയോ ചെയ്യാതെ, സ്വന്തത്തിലേക്ക് തിരിഞ്ഞുനോക്കി തെറ്റുകള്‍ തിരുത്തുകയും കാലത്തിന്റെ സംവിധായകനിലേക്ക് അടുക്കുകയും പ്രകൃതിപ്രതിഭാസങ്ങളുടെ ഗുണങ്ങള്‍ കരസ്ഥമാക്കാനും അവയുടെ ദോഷങ്ങളില്‍ നിന്ന് രക്ഷപ്പെടാനും പ്രാര്‍ഥിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ഥ സത്യവിശ്വാസികള്‍ ചെയ്യേണ്ടത്.

Related Articles