Current Date

Search
Close this search box.
Search
Close this search box.

ഒന്നൊഴികെ എല്ലാം നരകത്തിലോ!

one.jpg

പ്രവാചകന്‍ പറഞ്ഞു: ജൂതന്‍മാര്‍ 71 വിഭാഗമായും ക്രിസ്ത്യാനികള്‍ 72 വിഭാഗമായും പിരിഞ്ഞിരിക്കുന്നു. എന്റെ സമുദായം 73 വിഭാഗമായിത്തീരും. അവയില്‍ ഒന്നൊഴികെ ബാക്കിയെല്ലാം നരകത്തിലാണ്. അന്നേരം ഒരാള്‍ ചോദിച്ചു: (സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന) വിഭാഗമേതാണ് പ്രവാചകരേ? തിരുമേനി പറഞ്ഞു: അത് അല്‍ജമാഅത്ത് ആണ്.
ഈ ഹദീസ് സ്വഹീഹ് ആണോ? ആണെങ്കില്‍ ഏതൊക്കെയാണ് ഹദീസില്‍ പറഞ്ഞ വിഭാഗങ്ങള്‍? മുസ്‌ലിംകള്‍ വിവിധ കക്ഷികളാവുക അനിവാര്യമാണെന്ന് ഈ ഹദീസ് അര്‍ഥമാക്കുന്നുണ്ടോ? ഇവയില്‍ രക്ഷപ്പെടുന്ന വിഭാഗമേതാണ്? ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട അല്‍ജമാഅത്തിന്റെ വിവക്ഷയെന്ത്?

ഇവിടെ പ്രാഥമികമായി മനസിലാക്കേണ്ട കാര്യമിതാണ്: സുപ്രധാനമായൊരു വിഷയമായിരുന്നിട്ടും ബുഖാരിയോ മുസ്‌ലിമോ ഇത് തങ്ങളുടെ സമാഹാരങ്ങളില്‍ ഉള്‍പ്പെടുത്തിയില്ല. അവരുടെ നിബന്ധനകള്‍ പ്രകാരം ഇത് പ്രബലമല്ല എന്ന് അത് സൂചിപ്പിക്കുന്നു.

ഈ ഹദീസിന്റെ ചില രിവായത്തുകളില്‍ ഒന്നൊഴികെയുള്ള കക്ഷികളെല്ലാം നരകത്തിലാണെന്ന് പ്രസ്താവിക്കുന്നില്ല. മറിച്ച് കക്ഷികളായി പിരിയുന്നതിനെ കുറിച്ചും അവരുടെ എണ്ണത്തെ കുറിച്ചും മാത്രമേ അവയില്‍ പരാമര്‍ശമുള്ളൂ. അബൂദാവൂദ്, തിര്‍മിദി, ഇബ്‌നു ഹിബ്ബാന്‍, ഹാകിം എന്നിവര്‍ അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ദരിക്കുന്നു: പ്രവാചകന്‍ പറഞ്ഞു: ജൂതന്മാര്‍ 71/72 കക്ഷികളായും ക്രിസ്ത്യാനികള്‍ 71/72 വിഭാഗങ്ങളായും പിരിഞ്ഞിരിക്കുന്നു. എന്റെ സമുദായം 73 വിഭാഗമായി മാറും.

ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് തിര്‍മിദിയും സ്വഹീഹാണെന്ന് ഇബ്‌നു ഹിബ്ബാന്‍, ഹാകിം എന്നിവരും വിധിയെഴുതിയിട്ടുണ്ടെങ്കിലും ഇതിന്റെ നിവേദക പരമ്പരയിലുള്ള മുഹമ്മദ് ബിന്‍ അംറ് ബിന്‍ അല്‍ഖമയെ കുറിച്ച് പണ്ഡിതന്മാര്‍ക്ക് വേണ്ടത്ര മതിപ്പില്ല എന്ന് മിസ്സിയുടെ തഹ്ദീബുല്‍ കമാലും ഇബ്‌നു ഹജറിന്റെ തഹ്ദീബുത്തഹ്ദീബും പരിശോധിച്ചാല്‍ ബോധ്യമാവും. അദ്ദേഹത്തിന്റെ മനഃപാഠ ശേഷി വിമര്‍ശന വിധേയമാണ്. ഒരാളും അദ്ദേഹത്തില്‍ നിരുപാധികം വിശ്വാസമര്‍പ്പിക്കുന്നില്ല. ദുര്‍ബലന്‍മാരുടെ കാര്യം വരുമ്പോള്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലക്കേ അവര്‍ അദ്ദേഹത്തെ പരിഗണിക്കുന്നുള്ളൂ. അതിനാല്‍ ഇബ്‌നു ഹജര്‍ തന്റെ അത്തഖ്‌രീബ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘അദ്ദേഹം സത്യസന്ധനാണ്. പക്ഷേ, അദ്ദേഹത്തിന് കുറെ ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ട്.’ ഇത്തരമൊരു സന്ദര്‍ഭത്തില്‍ സൂക്ഷ്മതയും കൃത്യതയും ഉള്‍ച്ചേരുന്നില്ലെങ്കില്‍ സത്യസന്ധത ഒരിക്കലും പര്യാപ്തമല്ല. അതോടൊപ്പം ആശയക്കുഴപ്പവും സംഭവിച്ചിട്ടുണ്ടെങ്കില്‍ പറയുകയും വേണ്ട.

തിര്‍മിദി, ഇബ്‌നു ഹിബ്ബാന്‍, ഹാകിം എന്നിവര്‍ ഹദീസുകള്‍ സ്വഹീഹാണെന്ന് വിധിയെഴുതുന്ന കാര്യത്തില്‍ ലാഘവത്വം കാണിക്കുന്നവരാണെന്നത് സുവിദിതമത്രെ. സ്വഹീഹിന്റെ നിബന്ധനകളുടെ കാര്യത്തില്‍ വളരെ വിശാല സമീപനം സ്വീകരിക്കുന്നവന്‍ എന്നാണ് ഹാകിം വിശേഷിപ്പിക്കപ്പെടുന്നത്.
മുസ്‌ലിമിന്റെ ശര്‍ത്വ് പ്രകാരമാണ് അദ്ദേഹം ഈ ഹദീസ് സ്വഹീഹാക്കുന്നത്. മുഹമ്മദ് ബിന്‍ അംറിന്റെ ഹദീസ് മുസ്‌ലിം സ്വീകരിച്ചിട്ടുണ്ടെന്നതാണ് അദ്ദേഹത്തിന്റെ ന്യായം. എന്നാല്‍ ഇമാം ദഹബി ഇതിനെ വിമര്‍ശിക്കുന്നു. ഇമാം മുസ്‌ലിം മുഹമ്മദ് ബിന്‍ അംറിനെ ഒറ്റക്ക് അവലംബിച്ചിട്ടില്ലെന്നും പ്രബലരായ മറ്റുപലരോടുമൊപ്പമാണ് അദ്ദേഹത്തെ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. എന്തായാലും അബൂഹുറൈറയുടെ ഈ ഹദീസില്‍ ‘ഒന്നൊഴികെയുള്ളതെല്ലാം നരകത്തിലാണ്’ എന്ന ഭാഗം ഇല്ല. അതേപറ്റിയാണല്ലോ നമ്മുടെ ചര്‍ച്ച.

ഈ അധികഭാഗം അബ്ദുല്ലാഹ് ബിന്‍ അംറ്, മുആവിയ, ഔഫുബ്‌നു മാലിക്, അനസ് എന്നീ സഹാബികള്‍ വഴി ഉദ്ദരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആ സനദുകളെല്ലാം ദുര്‍ബലങ്ങളാണ്. ഈ ദുര്‍ബല പരമ്പരകളെ പരസ്പരം ചേര്‍ത്ത് വെച്ചാണ് അതിനെ പ്രബലമാക്കിയിട്ടുള്ളത്.

എന്റെ വീക്ഷണമിതാണ്: നിരവധി പരമ്പരകളിലൂടെ ഉദ്ദരിക്കപ്പെട്ടിരിക്കുന്നു എന്ന ന്യായം മുന്‍നിര്‍ത്തി ഒന്നിനെ പ്രബലമാക്കുന്നത് നിരുപാധികമായ കാര്യമല്ല. മുന്‍ഗാമികളായ ഹദീസ് വിശാരദന്‍മാരുടെ കാഴ്ചപ്പാടില്‍ വിശേഷിച്ചും. അനവധി പരമ്പരകളുള്ള എത്രയെത്ര ഹദീസുകളാണ് അവര്‍ ദുര്‍ബലമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഹദീസിന്റെ ബലാബലം പരിശോധിക്കപ്പെടുന്ന ഗ്രന്ഥങ്ങളില്‍ അവ നമുക്ക് കാണാം. ആശയക്കുഴപ്പമോ പരസ്പര വൈരുധ്യമോ ഇല്ലാത്തവയില്‍ മാത്രമാണ് ദുര്‍ബല പരമ്പരകളെ കൂട്ടിച്ചേര്‍ത്ത് പ്രബലമാക്കുന്ന രീതി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

ഇവിടെ ജൂത-ക്രൈസ്തവരില്‍ ഉണ്ടായ കക്ഷികളേക്കാള്‍ കൂടുതല്‍ മുസ്‌ലിം സമൂഹത്തില്‍ ഉണ്ടാവുമെന്നും  അവയില്‍ ഒന്നൊഴികെ ബാക്കിയെല്ലാം നരകത്തിലാണെന്നുമുള്ള പ്രസ്താവം കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ഓരോ കക്ഷിയും തങ്ങളാണ് രക്ഷപ്പെടുന്ന വിഭാഗമെന്നും മറ്റുള്ളവരെല്ലാം നാശത്തില്‍ പതിക്കുമെന്നും വാദിക്കാന്‍ ഇത് അവസരമൊരുക്കുന്നു. അങ്ങനെ മുസ്‌ലിം സമൂഹം ശിഥിലമാവാനും പരസ്പരം ചെളി വാരിയെറിയാനും  അവരുടെ ശക്തി ക്ഷയിക്കാനും കാരണമാവുകയും ശത്രുവിന് അവരെ നിഷ്പ്രയാസം കീഴ്‌പ്പെടുത്താന്‍ കഴിയുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നു.
അതിനാല്‍, അല്ലാമാ ഇബ്‌നുല്‍ വസീര്‍ ഈ ഹദീസിനെ മൊത്തത്തിലും, ഈ അധിക ഭാഗത്തെ വിശേഷിച്ചും വിമര്‍ശനവിധേയമാക്കുന്നുണ്ട്. മുസ്‌ലിം സമുദായം പരസ്പരം ആരോപണങ്ങള്‍ അഴിച്ചുവിടാന്‍ അന്യോനം കാഫിറാക്കാനും ഇത് കാരണമാകുന്നമെന്നതിനാലാണത്. അദ്ദേഹം അല്‍അവാസിം വല്‍ ഖവാസിം എന്ന ഗ്രന്ഥത്തില്‍, മുസ്‌ലിം സമൂഹത്തിന്റെ ശ്രേഷ്ഠതയെ കുറിച്ചും അതിലെ ഒരാളെ കാഫിറാക്കുക എന്ന കെണിയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതിനെ കുറിച്ചുമെല്ലാം വിശദീകരിച്ചുകൊണ്ട് പറയുന്നു: ഒന്നൊഴികെ എല്ലാം നാശത്തില്‍ പതിക്കും എന്നതിലെ ചതിക്കുഴിയെ കുറിച്ച് ജാഗരൂകനാവണം. അത് അടിസ്ഥാന രഹിതവും, ഒരു പക്ഷേ നാസ്തികരുടെ കൂട്ടിച്ചേര്‍ക്കലാകാന്‍ നല്ല സാധ്യതയുള്ളതുമാണ്.

അദ്ദേഹം തുടര്‍ന്ന് പറയുന്നു: ഇബ്‌നു ഹസമിന്റെ വീക്ഷണത്തില്‍ ഇത് വ്യാജനിര്‍മിതമാണ്. മൗഖുഫുമല്ല, മര്‍ഫൂഉം അല്ല.
ആധുനികരും പൗരാണികരുമായ പണ്ഡിതന്‍മാരില്‍ ഈ ഹദീസിനെ സനദ് മുന്‍നിര്‍ത്തിയും മത്‌ന് (ഉള്ളടക്കം) മുന്‍നിര്‍ത്തിയും തള്ളിക്കളഞ്ഞവരുണ്ട്. ചില നിവേദനങ്ങള്‍ മുന്‍നിര്‍ത്തി, വിശ്വാസ കാര്യങ്ങളിലുള്ള ഭിന്നത കാരണം മറ്റുള്ളവരെ കാഫിറാക്കുന്നവരെ ഇബ്‌നു ഹസം ശക്തിയായി വിമര്‍ശിക്കുന്നു. ഇങ്ങനെ കാഫിറാക്കുന്നവര്‍ തെളിവാക്കുന്ന രണ്ട് ഹദീസുകള്‍ ഇങ്ങനെ:

1. ഖദ്‌രിയ്യയും മുര്‍ജിഅയും ഈ സമുദായത്തിലെ മജൂസുകളാണ്.
2. ഈ സമുദായം എഴുപതില്‍പരം വിഭാഗങ്ങളായി പിരിയും. അവയില്‍ ഒന്നൊഴികെ എല്ലാം നരകത്തിലാണ്. ആ ഒരു വിഭാഗം സ്വര്‍ഗത്തിലും.
ഇബ്‌നു ഹസം പറയുന്നു: സനദിന്റെ അടിസ്ഥാനത്തില്‍ ഈ ഹദീസുകള്‍ സ്വഹീഹ് അല്ല. ഖബറുല്‍ വാഹിദ് സ്വീകാര്യമാണെന്ന് വാദിക്കുന്നവര്‍ പോലും ഇത്തരം ഹദീസുകള്‍ തെളിവായി അംഗീകരിക്കുന്നില്ല. അങ്ങനെയെങ്കില്‍ പ്രസ്തുത വാദം ഉന്നയിക്കാത്തവരുടെ കാര്യമോ?

മുഹമ്മദ് ബിന്‍ ഇബ്‌റാഹീമില്‍ വസീര്‍ തന്റെ അല്‍അവാസിം വല്‍ ഖവാസിം എന്ന ഗ്രന്ഥത്തില്‍ മുആവിയ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളില്‍ എട്ടാമത്തേതായി ഉദ്ദരിക്കുന്നത് നാം ഇവിടെ ചര്‍ച്ച ചെയ്യുന്ന ഹദീസാണ്. തുടര്‍ന്ന് അദ്ദേഹം പറയുന്നു: ഇതിന്റെ സനദില്‍ ഒരു നാസിബി ഉണ്ട്. അദ്ദേഹത്തില്‍ നിന്ന് ഒന്നും സ്വഹീഹായി വന്നിട്ടില്ല. അതുപോലെ തിര്‍മിദി അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസില്‍ നിന്ന് പ്രസ്തുത ഹദീസ് ഉദ്ദരിച്ച ശേഷം പറയുന്നു: ഇത് ഗരീബാണ്.
ഔഫ് ബിന്‍ മാലിക്, അനസ് എന്നിവരില്‍ നിന്ന് ഈ ഹദീസ് ഉദ്ദരിച്ച ശേഷം ഇബ്‌നു മാജ പറയുന്നു: സ്വഹീഹിന്റെ ശര്‍ത്വുകളില്‍ ഒന്നും തന്നെ ഇതില്‍ പാലിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ ഇത്തരത്തിലൊന്നും ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ചിട്ടില്ല. അക്കൂട്ടത്തില്‍ മുഹമ്മദ് ബിന്‍ അംറ് ബിന്‍ അല്‍ഖമ വഴി അബൂഹുറൈറയില്‍ നിന്നുള്ള ഒരു ഹദീസ് തിര്‍മിദി സ്വഹീഹാണെന്ന് വിധിയെഴുതിയിരിക്കുന്നു. എന്നാല്‍ അതില്‍ അവയില്‍ ഒന്നൊഴികെ എല്ലാം നരകത്തിലാണ് എന്ന ഭാഗമില്ല. ഇബ്‌നു ഹസം പറയുന്നു: ഈ അധികമുള്ള ഭാഗം വ്യാജനിര്‍മിതമാണ്.

ഇബ്‌നു കസീര്‍ സൂറത്തുല്‍ അന്‍ആമിലെ 65-ാം വചനം വിശദീകരിച്ചുകൊണ്ട് പറയുന്നു: പ്രവാചകനില്‍ നിന്ന് നിരവധി പരമ്പരകളിലൂടെ ഉദ്ദരിക്കപ്പെട്ട ഒരു ഹദീസില്‍ ഇങ്ങനെ കാണാം: നബി (സ) പറഞ്ഞു: ഈ സമുദായം 73 കക്ഷികളായിത്തീരും. അവയില്‍ ഒന്നൊഴികെ ബാക്കിയെല്ലാം നരകത്തിലായിരിക്കും. എന്നാല്‍ ഈ ഹദീസിനെ സംബന്ധിച്ച് സ്വഹീഹ് എന്നോ ഹസന്‍ എന്നോ ഉള്ള യാതൊരു അഭിപ്രായവും അദ്ദേഹം രേഖപ്പെടുത്തിയിട്ടില്ല.

ശൗകാനി പറയുന്നു: ഒന്നൊഴികെ എല്ലാം നരകത്തിലാണ് എന്ന ഭാഗം ദുര്‍ബലമാണെന്ന് ഒരു സംഘം ഹദീസ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. മാത്രമല്ല ഇബ്‌നു ഹസം പറയുന്നത് അത് വ്യാജനിര്‍മിതമാണെന്നാണ്.

എന്തൊക്കെയായാലും- ഇബ്‌നു ഹജറിനെ പോലുള്ള ചിലര്‍ ഇതിനെ ഹസനാക്കുകയും  നിവേദക പരമ്പരകളുടെ എണ്ണം പരിഗണിച്ച് ഇബ്‌നു തൈമിയയെ പോലുള്ളവര്‍ ഇതിനെ സ്വഹീഹാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും- ഇവിടെ വിശദീകരിക്കപ്പെട്ട പ്രകാരം കക്ഷികളായിത്തീരുക എന്ത് അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന ഒന്നാണെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നില്ല. എപ്പോഴെങ്കിലും അങ്ങനെയൊന്ന് സംഭവിച്ചാലും ഈ ഹദീസിന്റെ സാക്ഷാത്കാരത്തിന് അത് മതിയല്ലോ. ചില അവാന്തരവിഭാഗങ്ങള്‍ ഉടലെടുക്കുകയും സത്യം മിഥ്യയെ അതിജയിച്ചതിന്റെ ഫലമായി അവ അസ്തമിച്ചുപോവുകയും ചെയ്തിട്ടുണ്ട്. വ്യതിചലിച്ച നിരവധി കക്ഷികളുടെ അനുഭവം അതാണ്. പലതും നാമാവശേഷമായി.

അതോടൊപ്പം ഈ കക്ഷികളെല്ലാം പ്രവാചക സമുദായത്തിന്റെ/ പ്രവാചകനിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന സമുദായത്തിന്റെ ഭാഗമാണ് എന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു. എന്റെ സമുദായം വിവിധ കക്ഷികളായിത്തീരും എന്ന പ്രസ്താവത്തില്‍ നിന്ന് അത് മനസിലാക്കപ്പെടുന്നു. അതായത്, അവയിലുള്ള പുത്തന്‍ പ്രവണതകളെല്ലാം നിലനില്‍ക്കെ അവ സമുദായത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നില്ല.

അതുപോലെ അവ നരകത്തിലാണ് എന്നത് കൊണ്ട് നരകത്തില്‍ ശാശ്വതമാണ് എന്ന് അര്‍ഥമില്ല. മറിച്ച് ഏകദൈവ വിശ്വാസികളിലെ ധിക്കാരികളെ പോലെ അവരും നരകത്തില്‍ പ്രവേശിക്കുമെന്നേ അതിനര്‍ഥമുള്ളൂ. അവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ അനുമതി പ്രകാരം  ഏതെങ്കിലും പ്രവാചകനോ മലക്കോ സത്യവിശ്വാസിയോ ശുപാര്‍ശ ചെയ്യും. അതോടൊപ്പം തന്നെ അവര്‍ തെറ്റുകള്‍ മായ്ക്കാന്‍ ഉതകുന്ന നന്മകള്‍ ചെയ്യുകയും പാപങ്ങള്‍ പൊറുക്കപ്പെടാനും ശിക്ഷയില്‍ നിന്ന് അകറ്റപ്പെടാനും കാരണമായ  പരീക്ഷണങ്ങള്‍ക്കും വിപത്തുകള്‍ക്കും വിധേയരാവുകയും ചെയ്തിട്ടുണ്ടാവാം.

അല്ലാഹു തന്റെ ഔദാര്യം കൊണ്ട് അവര്‍ക്ക് മാപ്പ് നല്‍കും. സത്യം മനസിലാക്കാന്‍ അങ്ങേയറ്റം പരിശ്രമിച്ചിട്ടും വഴിതെറ്റിയതാണെങ്കില്‍ വിശേഷിച്ചും. അബദ്ധത്തിലോ മറവിയാലോ നിര്‍ബന്ധിതമായോ ചെയ്യുന്നതെല്ലാം അല്ലാഹു മുസ്‌ലിംകള്‍ക്ക് വിട്ടുവീഴ്ച ചെയ്തു കൊടുക്കും.

വിവ: അബൂദര്‍റ് എടയൂര്‍

Related Articles