Current Date

Search
Close this search box.
Search
Close this search box.

അഹങ്കാരം സൗഭാഗ്യസംഹാരി

miracle.jpg

 عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَا يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ قَالَ رَجُلٌ إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً قَالَ إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ (صحيح مسلم)

അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അണുമണിത്തൂക്കം അഹങ്കാരം ഹൃദത്തിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അന്നേരം ഒരാള്‍ പറഞ്ഞു: ഒരു മനുഷ്യന്‍ തന്റെ വസ്ത്രവും ചെരിപ്പും ഭംഗിയുള്ളതാവാന്‍ ഇഷ്ടപ്പെടുമല്ലോ (അത് അഹങ്കാരമാകുമോ?). അപ്പോള്‍ നബി(സ) പറഞ്ഞു: അല്ലാഹു ഭംഗിയുള്ളവനാണ്. അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു. സത്യത്തെ അവമതിക്കലും ജനങ്ങളെ നിന്ദിക്കലുമാണ് അഹങ്കാരം. (സ്വഹീഹു മുസ്‌ലിം)

دخَلَ – يَدْخُلُ : പ്രവേശിച്ചു
اَلْجَنَّةُ : സ്വര്‍ഗം
كَانَ – يَكُونُ : ആയി
قَلْبٌ : ഹൃദയം
مِثْقَال : തൂക്കം
ذَرَّةٌ : അണു, ആറ്റം  
كِبْر : അഹങ്കാരം, വമ്പ്, ഗര്‍വ്, ധിക്കാരം
قَالَ : പറഞ്ഞു
رَجُلٌ : പുരുഷന്‍, ആള്‍
أَحَبَّ – يُحِبُّ : ഇഷ്ടപ്പെട്ടു
ثَوْبٌ  : വസ്ത്രം
حَسَنٌ : നല്ലത്, സൗന്ദര്യമുള്ളത്, പുതിയത്
نَعْلٌ : ചെരിപ്പ്
إنَّ : തീര്‍ച്ചയായും
جَمِيلٌ : സുന്ദരന്‍
جَمَالٌ : സൗന്ദര്യം
بَطَرٌ : അവമതിക്കല്‍, വിലകുറച്ചു കാണല്‍
حَقٌّ : സത്യം, യാഥാര്‍ഥ്യം, നീതി, അവകാശം, ബാധ്യത, ഓഹരി
غَمْطٌ : നിന്ദിക്കല്‍, നിസ്സാരമാക്കല്‍
نَاسٌ : ജനങ്ങള്‍

അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്നാണ് ‘അല്ലാഹു അക്ബര്‍’ എന്ന വാക്കിന്റെ അര്‍ഥം. നാമെല്ലാം അല്ലാഹുവിന്റെ ശക്തിക്കുമുമ്പില്‍ എത്ര നിസ്സാരന്‍മാരാണ്. അല്ലാഹുവാണ് നമുക്ക് എല്ലാ കഴിവുകളും നല്‍കിയത്. ശക്തിയുള്ളവന് ശക്തി നല്‍കിയതും പണക്കാരന് പണം നല്‍കിയതും സൗന്ദര്യമുള്ളവന് സൗന്ദര്യം നല്‍കിയതും അല്ലാഹുവാണ്. ചിലര്‍ക്ക് നന്നായി പഠിക്കാനും മനസ്സിലാക്കാനുമുള്ള കഴിവു നല്‍കി. മറ്റു ചിലര്‍ക്ക് മറ്റു ചില കഴിവുകളും നല്‍കി. നാം ഓരോരുത്തരും നമുക്ക് കിട്ടിയ കഴിവുകളില്‍ അഭിമാനിക്കുന്നു. അതു നല്ലതുതന്നെ. പക്ഷേ, ഈ കഴിവുകളുടെ പേരില്‍ ‘ഞാന്‍ വലിയവനാണ്’ എന്നും മറ്റുള്ളവര്‍ നിസ്സാരരാണെന്നും കരുതുവാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നതാണ് അഹങ്കാരം. അല്ലാഹു തന്ന കഴിവിന്റെ പേരില്‍ അഹങ്കരിക്കാന്‍ നമുക്ക് എന്ത് അവകാശമാണുള്ളത്? ആ കഴിവുകള്‍ തന്നതിന് അല്ലാഹുവിനോട് നന്ദി കാണിക്കുകയല്ലേ വേണ്ടത്? അല്ലാഹു നല്‍കിയ കഴിവുകളും ശേഷികളും അനുഗ്രഹങ്ങളും അല്ലാഹു ഇഷ്ടപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കലാണ് ആ നന്ദി.

മനുഷ്യനെ നശിപ്പിക്കുകയും, വിശ്വാസിയുടെ സ്വര്‍ഗപ്രവേശത്തെ തടയുകയും നന്‍മകളുടെ അടിവേരറുക്കുകയും ചെയ്യുന്ന ദുര്‍ഗുണങ്ങളില്‍ പ്രധാനമാണ് അഹങ്കാരം. താന്‍ മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠനാണെന്നും തനിക്ക് ചുറ്റുമുള്ളവര്‍ തന്നേക്കാള്‍ താഴ്ന്നവരാണെന്നുമുള്ള ചിന്തയാണത്. ആളുകളെ നിസ്സാരരായി കാണാനും ശരിയായ കാര്യങ്ങള്‍ തള്ളിക്കളയാനും അഹങ്കാരം കാരണമാകുന്നു.

ചിലരുടെ അഹങ്കാരത്തിന് കാരണം അവരുടെ കൈയില്‍ ധാരാളം പണമുണ്ട് എന്നതായിരിക്കും. ചിലര്‍ ഉന്നതപദവിയുടെ പേരിലായിരിക്കും അഹങ്കരിക്കുന്നത്. പാണ്ഡിത്യത്തിന്റെ പേരിലും സ്വന്തം കഴിവുകളുടെ പേരിലും അഹങ്കരിക്കുന്നവരുണ്ട്.  തറവാടിന്റെയും കുലമഹിയുടെയും പേരിലും ചിലര്‍ അഹങ്കരിക്കുന്നു. ഏതു ശ്രേഷ്ഠനെയും അഹങ്കാരം നശിപ്പിക്കും. തന്നിലുള്ള ഒരു മേന്‍മ മറ്റുള്ളവരുടെ മുമ്പില്‍ പെരുമ പറയാന്‍ ഒരാള്‍ക്ക് പ്രേരണയായേക്കും. ഇനി അതേ മേന്‍മ അതേ അളവില്‍ മറ്റുള്ളവര്‍ക്കും ഉണ്ടെങ്കിലോ? എങ്കില്‍ അവരെ തന്റെ എതിരാളികളും ശത്രുക്കളുമായിട്ടാവും ഈ അഹങ്കാരി വീക്ഷിക്കുക. അന്യരെ ഇകഴ്ത്തി സംസാരിക്കാനും മോശമായ ചിന്താഗതികള്‍ അവരെപ്പറ്റി വിചാരിക്കാനും അത് ഇടവരുത്തും.

ഇസ്‌ലാം വിലക്കിയ ആത്മപ്രശംസ, മറ്റുള്ളവരെ അപമാനിക്കല്‍, പരദൂഷണം, ഏഷണി, അസൂയ തുടങ്ങി ഒട്ടുമിക്ക സ്വഭാവദൂഷ്യങ്ങളും  അഹങ്കാരമുള്ളവരില്‍ ഉണ്ടാകും. അഹങ്കാരം പല രൂപത്തിലാണ് ആളുകള്‍ പ്രകടിപ്പിക്കുക. ചിലര്‍ സംസാരത്തിലാണെങ്കില്‍ മറ്റു ചിലര്‍ നടത്തത്തിലായിരിക്കും. സൗന്ദര്യത്തിന്റെ പേരില്‍ അഹങ്കരിക്കുന്നവരുമുണ്ട്. ചിലരുടെ വേഷം അഹങ്കാരത്തിന്റേതായിരിക്കും. വീട്, വാഹനം തുടങ്ങിയവയില്‍ അഹങ്കാരം പ്രകടിപ്പിക്കുന്നവരുണ്ട്. അത്തരം ആളുകള്‍ക്ക് നന്‍മയിലേക്ക് തിരിച്ചുവരാനുള്ള അവസരങ്ങള്‍ കുറഞ്ഞുവരികയാണ് ചെയ്യുക. കൂടൂതല്‍ ഗുരുതരമായ തെറ്റുകുറ്റങ്ങളില്‍ അകപ്പെടാനും ഇത് കാരണമായിത്തീരും. അങ്ങനെ അഹങ്കാരം മനുഷ്യനെ നരകത്തിലെത്തിക്കും.

അല്ലാഹു നല്‍കിയ സമ്പത്തും പദവിയും കഴിവുകളുമാണ് തന്റെയടുക്കലുള്ളതെന്നും ഒന്നും തന്റെ സ്വന്തം സാമര്‍ഥ്യം കൊണ്ട് ലഭിച്ചതല്ലെന്നുമുള്ള വിനയമാണ് നമുക്ക് വേണ്ടത്. തനിക്കുള്ളതെല്ലാം അല്ലാഹു നല്‍കിയതാണ്. അതിനാല്‍ അല്ലാഹുവിന് കീഴൊതുങ്ങിയും അവന്റെ വിധിവിലക്കുകള്‍ മാനിച്ചുമാണ് ജീവിക്കേണ്ടത് എന്ന ചിന്ത എപ്പോഴും നമ്മുടെ മനസ്സിലുണ്ടാവണം. എല്ലാം അല്ലാഹുവിന്റേതാണ് എന്ന സത്യം അംഗീകരിക്കാന്‍ കഴിയുമ്പോഴേ മനസ്സ് വിനയാന്വിതമാവൂ. ഈ സത്യം അംഗീകരിക്കാത്ത മനസ്സില്‍ ഇബ്‌ലീസ് അഹങ്കാരത്തിന്റെ വിത്തുകള്‍ പാകും. ആദ്യത്തെ അഹങ്കാരി ഇബ്‌ലീസ് ആയിരുന്നല്ലോ.

അല്ലാഹുവിന്റെയും പ്രവാചകന്റെയും നിയമനിര്‍ദേശങ്ങളേക്കാളും അധ്യാപനങ്ങളേക്കാളും മികച്ചതും ഫലപ്രദവും എന്റെ ഇഷ്ടങ്ങളും താല്‍പര്യങ്ങളുമാണെന്ന ചിന്ത അഹങ്കാരത്തിന്റെ സൃഷ്ടിയാണ്. ഞാനെന്ന ഭാവം അനേകം വ്യക്തികളെയും സമൂഹങ്ങളെയും നശിപ്പിച്ചിട്ടുണ്ട്. അത്തരക്കാരെ കുറിച്ച് ധാരാളം പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ കാണാം. പ്രാര്‍ഥിക്കാതിരിക്കുന്നതുപോലും അഹങ്കാരത്തിന്റെ ലക്ഷണമായിട്ടാണ് ഖുര്‍ആന്‍ ഗണിക്കുന്നത്. (ഉദാഹരണത്തിന് : സൂറത്തുഗാഫിര്‍: 56, അന്നിസാഅ്: 173, അല്‍അഅ്‌റാഫ്: 36, അല്‍അഅ്‌റാഫ്: 40, നൂഹ്: 7, അസ്സ്വാഫ്ഫാത്ത്: 35, ഗാഫിര്‍: 60 എന്നിവ നോക്കുക.)

അപ്രകാരം തന്നെ അഹങ്കരിക്കാതിരിക്കുക എന്നത് മലക്കുകളുടെയും യഥാര്‍ഥ സത്യവിശ്വാസികളുടെയും സവിശേഷതയായി ഖുര്‍ആന്‍ പ്രത്യേകം എടുത്തുപറയുന്നു. (ഉദാഹരത്തിന്: അല്‍അഅ്‌റാഫ്: 206, അന്നഹ്ല്‍: 49, അല്‍അമ്പിയാഅ്: 19, അല്‍മാഇദ: 82, അസ്സജ്ദ: 15 എന്നിവ നോക്കുക.)

Related Articles