Current Date

Search
Close this search box.
Search
Close this search box.

ആ കുട്ടി മുലകുടി നിര്‍ത്തി ‘അല്ലാഹുവെ, എന്നെ അയാളെപ്പോലെ ആക്കല്ലേ’ എന്ന് ദുആ  ചെയ്തു

നബിയുടെ കൂടെ - 18

ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ നിവേദനം ചെയ്യുന്നു. നബി (സ)പറഞ്ഞു: ബനൂ ഇസ്‌റാഈല്യരിയെ ഒരു സ്ത്രീ തന്റെ മകന് മുലകൊടുക്കുകയായിരുന്നു. അപ്പോഴാണ് അതുവഴി കാണാന്‍ എടുപ്പും ഗാംഭീര്യവുമുള്ളൊരു മനുഷ്യന്‍ കടന്നുപോയത്. ‘എന്റെ മകനെ നീ അയാളെപ്പോലെ ആക്കണേ’ എന്നാ സ്ത്രീ ദുആ ചെയ്തു. ഉടനടി ആ കുട്ടി മുലകുടി നിര്‍ത്തി ‘അല്ലാഹുവെ, എന്നെ അയാളെപ്പോലെ ആക്കല്ലേ’ എന്ന് ദുആ ചെയ്യുകയും വീണ്ടും മുലകുടി തുടരുകയും ചെയ്തു. ശേഷം അതുവഴി ഒരു അടിമസ്ത്രീ കടന്നുപോയപ്പോള്‍ ‘എന്റെ മകനെ നീ അവളെപ്പോലെ ആക്കല്ലേ റബ്ബേ’ എന്നാ മാതാവ് പ്രാര്‍ഥിച്ചു. അപ്പോഴും മുലകുടി നിര്‍ത്തി ആ കുട്ടി ‘അല്ലാഹുവേ, നീ എന്നെ അവരെപ്പോലെ ആക്കണേ’ എന്ന് ദുആ ചെയ്തു. എന്താണു കാരണമെന്ന് മാതാവ് ചോദിച്ചപ്പോള്‍ ‘ആദ്യം പോയ മനുഷ്യന്‍ ഒരു ക്രൂരനായ ഭരണാധികാരിയായിരുന്നു. രണ്ടാമതു പോയ സ്ത്രീ മോഷണ – വ്യഭിചാര ആരോപണങ്ങള്‍ നേരിടുന്ന, എന്നാല്‍ നിരപരാധിയായ സ്ത്രീയുമാണ്’ എന്നായിരുന്നു കുട്ടിയുടെ മറുപടി!
ഗുണപാഠം 1
ഇവിടെ  പറയാന്‍ വൈകിപ്പോയൊരു അധ്യായമാണിത്. പക്ഷേ, പഴമക്കാര്‍ പറഞ്ഞതുപോലെ തീരെ ഇല്ലാത്തതിലും ഭേദമാണ് വൈകിയെങ്കിലും ഉണ്ടാവുന്നത് എന്നാണല്ലോ. പിന്നെ ചില കാര്യങ്ങള്‍ എപ്പോള്‍ വന്നാലും ഉപകാരപ്രദമാവും, ഒരുപാട് നാളുകള്‍ക്ക് ശേഷമാണെങ്കിലും മഴ പെയ്താല്‍ അത് ഭൂമിക്ക് ഉപകാരം തന്നെയാണെന്നപോലെ. കഥപറച്ചില്‍ ഹൃദയങ്ങള്‍ക്ക് കാര്യങ്ങള്‍ കൂടുതലായി ഗ്രഹിക്കാന്‍ ഇഷ്ടമുള്ള രീതിയാവും.
കാതുകളെ പിടിച്ചിരുത്തുന്നതും ത്രസിപ്പിക്കുന്നവയുമാവും കഥകളേറെയും. ഖുര്‍ആന്‍ പറഞ്ഞു തന്നിട്ടുള്ള കഥകളൊക്കെയും നടന്നിട്ടുള്ളവയാണെന്ന് നമുക്ക് നിസ്സംശയം പറയാം, അവയില്‍ പലതും പതിവിന് വിപരീതമായ കാര്യങ്ങളാണെങ്കിലും. ഇബ്‌റാഹിം നബി തീയിലിടപ്പെടുകയും കത്താതിരിക്കുകയും ചെയ്തതും മൂസാ നബി വടികൊണ്ട് കടല്‍ പിളര്‍ത്തിയതും യൂനുസ് നബി മത്സ്യത്തിന്റെ വയറ്റില്‍ കഴിഞ്ഞതും സുലൈമാന്‍ നബി പക്ഷികളോട് സംസാരിക്കുകയും ജിന്നുകളെ ഭരിക്കുകയും ചെയ്തതും നൂഹ് നബിയുടെ കപ്പല്‍ പര്‍വതങ്ങള്‍ പോലോത്ത തിരമാലകളെ വകഞ്ഞു മാറ്റി രക്ഷാതീരമണഞ്ഞതും ഇസ്മായീല്‍ നബിയുടെ ബലികര്‍മവും എല്ലാം നിസ്സംശയം കലര്‍പ്പില്ലാത്ത സത്യങ്ങളാണ്.
ഈ കഥകളെല്ലാം ഖുര്‍ആന്‍ നമ്മോട് പറഞ്ഞിട്ടുള്ളത് അതിലടങ്ങിയിട്ടുള്ള അപൂര്‍വതയും അസാമാന്യതയും കണക്കിലെടുത്തു തന്നെയാണ്. അവയെല്ലാം നാം വിശ്വസിക്കുന്നത് അതുദ്ധരിക്കുന്നയാളും ഉദ്ധരിക്കപ്പെടുന്നവരുമെല്ലാം സത്യമാണെന്നതുകൊണ്ടുംതന്നെ. അവയിലെ അപൂര്‍വമായ കഥകളിലും നാം വിശ്വസിക്കുന്നത് എല്ലാം അല്ലാഹുവിന്റെ വാക്കുകളാണ് എന്നതുകൊണ്ടുതന്നെ.
ഖുര്‍ആനിലെയും ഹദീസിലെയും കഥകള്‍ വെറും സുഖത്തിനുവേണ്ടിമാത്രം പറയപ്പെടുന്ന ആയിരത്തൊന്നു രാവുകളിലെ കഥകള്‍പോലെയല്ല. ധീരത പറയുന്ന അബൂ സൈദുല്‍ ഹിലാലിയുടെ കഥകള്‍ പോലെയുമല്ല. ഭൂമി ചുറ്റിക്കറങ്ങിയ ജല്‍ജാമിശിന്റെ കഥകള്‍ പോലെയുമല്ല. ശാഹ്നാമയോ ഇല്യാഡോ പോലെയുമല്ല. മറിച്ച്, ആ കഥകളെല്ലാം അതിലെ രസത്തോടൊപ്പം പല പാഠങ്ങള്‍ക്കുമുള്ളതാണ്. ‘അവന്‍ ചിന്തിക്കുന്നവരായിത്തീരാന്‍ നിങ്ങള്‍ കഥകള്‍ പറഞ്ഞുകൊടുക്കുക’ എന്ന് ഖുര്‍ആന്‍.
ഖുര്‍ആനും ഹദീസും പറഞ്ഞിട്ടുള്ള ഈ മാനുഷിക മാതൃകകള്‍ തന്നെയാണ് എക്കാലത്തും സംഭവിക്കുക. അതിലെ കഥാപാത്രങ്ങളും പേരും മാറുന്നു എന്നുമാത്രം. എല്ലാകാലത്തും മൂസാ നബിയും ഫിര്‍ഔനും ഇബ്‌റാഹിം നബിയും നംറൂദുമുണ്ടാവും. എല്ലാ കാലത്തും തെമ്മാടികളും അസ്ഹാബുല്‍ ഉഖ്ദൂദുമുണ്ടാവും. എല്ലാ കാലത്തും മുഹമ്മദും(സ്വ) അബൂ ജഹ് ലുമുണ്ടാവും. എല്ലാ കാലത്തും ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കും ഭൂരിപക്ഷമായ ഖുറൈശികള്‍ക്കുമിടയില്‍ യുദ്ധമുണ്ടാവും. എല്ലാ കാലത്തും ജുറൈജിനെപ്പോലൊത്തൊരു ആബിദും അദ്ദേഹത്തിന്റെ സമുദായത്തെപ്പോലെ ദുഷിച്ചൊരു കൂട്ടവുമുണ്ടാവും.
മാശിത്വയെപ്പോലെ പര്‍വതസമാനമായ ഈമാനുള്ള സാധാരണക്കാരായ മനുഷ്യരും എല്ലാകാലത്തുമുണ്ടാവും. ഫിര്‍ഔനെപ്പോലെ ക്രൂരനായ ഭര്‍ത്താവും നൂഹ് നബിയുടെയും ലൂത്വ് നബിയുടെയും ഭാര്യമാരെപ്പോലെ ദുഷിച്ച ഭാര്യമാരും എക്കാലത്തും കാണും. ഉപദ്രവകാരിയായ നൂഹ് നബിയുടെ മകനെപ്പോലൊരു മകനും അബൂലഹബിനെപ്പോലൊരു അക്രമിയായ അമ്മാവനുമുണ്ടാവും. ഈ കഥകളുടെയൊക്കെ ആകെത്തുക, ഈ പരമ്പരയില്‍ ആദ്യത്തെ ആള്‍ക്കാരല്ല നമ്മളെന്നും അവസാനക്കാരും നമ്മളാവില്ലെന്നുമുള്ള ബോധ്യമാണ്. ഈ ജീവിതത്തില്‍ പല സമയങ്ങളിലായി വ്യത്യസ്ത റോളുകള്‍ വഹിക്കുന്നവരാണ് ജനങ്ങള്‍, വിശ്വാസികളും അവിശ്വാസികളും എല്ലാം. എല്ലാം അന്ത്യനാള്‍ വരെയെന്നുമാത്രം!
ഗുണപാഠം 2
ബാഹ്യമായ കാഴ്ചകള്‍ നിന്നെ ഒരിക്കലും വഞ്ചിക്കരുത്. ഒരിക്കല്‍ ഇബ്‌നു മസ്ഊദ്(റ) ഈന്തപ്പനമരത്തില്‍ കയറിയപ്പോള്‍ അദ്ദേഹത്തിന്റെ മെല്ലിച്ച കാലുകള്‍ കണ്ട് സ്വഹാബികളൊന്നടങ്കം ചിരിയിലമര്‍ന്നു. അവരോടായി നബി (സ) പറഞ്ഞു: ഇബ്‌നു മസ്ഊദി(റ)ന്റെ ആ രണ്ടു കാലുകള്‍ നാളെ വിചാരണാദിവസം തുലാസില്‍ ഉഹുദു പര്‍വതത്തെക്കാള്‍ ഭാരമുള്ളതാവും! ഖലീഫയായിരുന്ന ഉമറി(റ)നെ പതിനേഴിടങ്ങളിലായി കഷ്ണംവെച്ചുതുന്നിയ വസ്ത്രം ധരിച്ചു കണ്ടയാൾ ആരായാലും ഒരുവേള പുച്ഛത്തോടെ നോക്കുമായിരുന്നു! അബൂബക്‌റ്(റ) മദീനയിലെ വഴികളിലൂടെ നടക്കുമ്പോള്‍ ‘ഉപ്പാ ഉപ്പാ’ എന്നു വിളിച്ച് കുട്ടികള്‍ അദ്ദേഹത്തിന്റെ വസ്ത്രം പിടിച്ചുവലിക്കുന്നതു കാണുമ്പോള്‍ ആരും അദ്ദേഹത്തെ സാധാരണക്കാരനായി മനസ്സിലാക്കുമായിരുന്നു. നബിയുടെ കാലത്ത് പള്ളി തൂത്തുവൃത്തിയാക്കിയിരുന്ന സ്ത്രീയെക്കണ്ടാല്‍ ആരും രണ്ടാമത് നോക്കുമായിരുന്നില്ല.
പൊടിപിടിച്ച രൂപത്തിലുള്ള ബറാഅ് ബ്ന്‍ മാലികി(റ)നെ ആരെങ്കിലും കണ്ടാല്‍ അല്‍പംപോലും വിലവെക്കുമായിരുന്നില്ല. ബാഹ്യക്കാഴ്ചകള്‍ വെറും വഞ്ചനയാണ്. ജനങ്ങളെ മനസ്സിലാക്കേണ്ടത് ഹൃദയംനോക്കിയാണ്, വസ്ത്രങ്ങളിലൂടെയല്ല. വസ്ത്രം നന്നായി ധരിക്കേണ്ടതില്ല എന്നല്ല, മറിച്ച് നന്നായി തന്നെ ധരിക്കണം. അല്ലാഹു തന്റെ അനുഗ്രഹങ്ങളുടെ പ്രകടനം അടിമകളുടെ മേല്‍ കാണാനാഗ്രഹിക്കുന്നു എന്നാണല്ലോ. പക്ഷേ, വസ്ത്രവും ബാഹ്യപ്രകടനങ്ങളും മാത്രമാണ് എല്ലാം എന്നു വെക്കരുത്.
ആദ്യം പറഞ്ഞ സംഭവത്തില്‍ കാണാന്‍ കൊള്ളാവുന്ന, പണവും പ്രതാപവുമുള്ളൊരു മനുഷ്യനെക്കണ്ടാണ് ഉമ്മ തന്റെ കുട്ടിയെയും അങ്ങനെയാക്കണേ എന്ന് പ്രാര്‍ഥിക്കുന്നത്. പക്ഷേ, കൊടും അക്രമിയായിരുന്നു ആ മനുഷ്യന്‍. പിന്നെ സൗന്ദര്യവും പണവുംകൊണ്ടെന്തു കാര്യം? മാതാവ് ബാഹ്യക്കാഴ്ച കണ്ട് വഞ്ചിതയായപ്പോഴാണ് അല്ലാഹു മുലകുടിപ്രായമുള്ള ആ കുട്ടിയെ സംസാരിപ്പിച്ച് മാതാവിന്റെ പ്രാര്‍ഥനയെ തടുക്കാന്‍ ശ്രമിക്കുന്നത്. മറ്റേ അടിമസ്ത്രീയുടെ വിഷയത്തിലും തഥൈവ. ജനങ്ങള്‍ പറഞ്ഞുകേട്ടിട്ടുള്ള കാര്യം മാത്രമായിരുന്നു ആ മാതാവറിയുന്നത്. അല്ലാഹു ആ കുട്ടിയിലൂടെ അക്കാര്യം തിരുത്തിക്കുകയും ചെയ്തു. അക്രമിയാവുന്നതിലേറെ അക്രമിക്കപ്പെടുന്നവനാവലാണ് എന്നര്‍ഥം. ആകാശലോകത്ത് നിന്റെ പേര് പ്രസിദ്ധമാണെങ്കില്‍ ഭൂമിയില്‍ നിന്നെആരുമറിയില്ലെങ്കിലും പ്രശ്‌നമില്ല.
ഗുണപാഠം 3
ഓരോ വീടുകളും ഓരോ രഹസ്യങ്ങളാണ്, ജനങ്ങളെല്ലാം അടക്കപ്പെട്ട ഓരോ പെട്ടികളും. സോഷ്യല്‍ മീഡിയയില്‍ കാണുന്ന വിവാഹവാര്‍ഷിക ചിത്രങ്ങള്‍ക്ക് ആ ദാമ്പത്യം അത്ര സുന്ദരമാണെന്ന അര്‍ഥമൊന്നുമില്ല. ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന ഭക്ഷണങ്ങളുടെ ഫോട്ടോകള്‍ക്ക് വേണ്ടതെല്ലാം അവര്‍ക്കുണ്ടെന്ന അര്‍ഥവുമില്ല. ചിലപ്പോള്‍ സന്തോഷം കുറയുമ്പോള്‍ സന്തോഷം ഒട്ടും കുറവില്ലാത്തവരാണ് ഞങ്ങളെന്ന് മറ്റുള്ളവരെ കാണിക്കാനുള്ള വഴികൂടിയാണത്.
ഒരാള്‍ തന്റെ ഭാര്യയോടൊപ്പം മൃഗശാലയിലൂടെ നടന്നുകൊണ്ടിരിക്കുകയാണ്. കുരങ്ങുകളുടെ അടുത്തുകൂടെ നടന്നുപോയപ്പോള്‍ ആണ്‍കുരങ്ങ് പെണ്‍കുരങ്ങിനെ കിന്നരിക്കുന്നതു കണ്ട ഭാര്യ പറഞ്ഞു: എത്ര മനോഹരമായ സ്‌നേഹമല്ലേ?! നടന്നുനടന്നവര്‍ സിംഹത്തിന്റെ കൂടിനടുത്തെത്തി.
ആണ്‍ സിംഹം ശാന്തനായിരിക്കുകയും പെണ്‍സിംഹം കുറച്ചു ദൂരെയായി ഒറ്റക്ക് കളിച്ചിരിക്കുകയുമായിരുന്നു. അതുകണ്ട ഭാര്യ പറഞ്ഞു: എത്ര സ്‌നേഹമില്ലാത്ത, വരണ്ട ജീവിതമാണല്ലേ!? ഉടനടി ഭര്‍ത്താവ് ചെറിയൊരു വടിയെടുത്ത് പെണ്‍സിംഹത്തു നേര്‍ക്കെറിഞ്ഞു. പൊടുന്ന ആണ്‍സിംഹം ഗര്‍ജച്ചെഴുന്നേറ്റ് ചാടിവന്ന് പെണ്‍സിംഹത്തെ സംരക്ഷിക്കുന്നു. തിരിച്ച് കുരങ്ങുകളുടെ കൂട്ടിനടുത്തെത്തിയപ്പോഴും ഭര്‍ത്താവ് അതുതന്നെ ചെയ്തു. പെണ്‍കുരങ്ങിനു നേരെ ചെറിയൊരു വടിയെറിഞ്ഞു അയാള്‍. പക്ഷേ, ഒന്നും സംഭവിക്കാത്തപോലെ ആണ്‍കുരങ്ങ് കളിയില്‍ തുടരുക തന്നെ ചെയ്തു.
ഗുണപാഠം 4
ചിലപ്പോള്‍ ജനങ്ങള്‍ ചോദിച്ചുവാങ്ങുന്നത് അവര്‍ക്കുതന്നെ ദോഷമായി വന്നുചേരാവുന്ന കാര്യങ്ങളാവാം. അല്ലാഹു ഒരു കാര്യം തരാതിരിക്കലും തരുന്നതുപോലെയാണെന്ന കാര്യം അവര്‍ മനസ്സിലാക്കുന്നില്ല. ജനങ്ങളില്‍ ചിലര്‍ക്ക് ഏറ്റവുമനുയോജ്യം ദാരിദ്ര്യം തന്നെയാവും, ചിലര്‍ക്ക് സമ്പന്നതയും. ചില രോഗികള്‍ ആരോഗ്യവാന്മാരായാലും ചില പാവങ്ങള്‍ സമ്പന്നരായാലും അഹങ്കരിക്കുന്നവരാവും.
നന്ദിയുള്ളൊരു സമ്പന്നര്‍ ചിലപ്പോള്‍ ദരിദ്രനാണെങ്കില്‍ നന്ദികേടു കാണിക്കുന്നവനാവും. ആബിദായൊരു ആരോഗ്യവാന്‍ രോഗിയാണെങ്കില്‍ ചിലപ്പോള്‍ തെമ്മാടിയായേക്കാം. ഉമറി(റ)ന്റെ വാക്കുകള്‍ എപ്പോഴും ഓര്‍ക്കുക. അദ്ദേഹം പറയുന്നു: ‘ഗൈബി(അദൃശ്യകാര്യങ്ങള്‍)ന്റെ മറകള്‍ നമുക്കു മുന്നാകെ നീക്കപ്പെടുകയാണെങ്കില്‍ അല്ലാഹു നമുക്കുവേണ്ടി തെരഞ്ഞെടുത്തതു തന്നെയാവും നാം സ്വന്തമായി തെരഞ്ഞെടുക്കാനുദ്ദേശിക്കുന്നതിലും ഭേദമായി നമുക്ക് തോന്നുക.’
ഒരിക്കലൊരു പാവപ്പെട്ട മനുഷ്യന്‍ പരാതിയുമായി ഭരണാധികാരിയുടെ അടുക്കല്‍ ചെന്നു. നിങ്ങളുടെ പ്രശ്‌നം വലുതല്ലെന്നും മറ്റു ജനങ്ങളുടെ ജീവിതം നിങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം ആ മനുഷ്യനെ എപ്പോഴും ഉണര്‍ത്താന്‍ ശ്രമിച്ചു. ഫലമില്ലെന്നു കണ്ടപ്പോള്‍ അത് ഒരു പരീക്ഷണത്തിലൂടെ തന്നെ ബോധ്യപ്പെടുത്തിക്കൊടുക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു. നാട്ടിലെ ജനങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി ഓരോരുത്തരോടും തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെല്ലാം ഒരു കടലാസില്‍ എഴുതാന്‍ പറഞ്ഞു. പേരെഴുതാതെ ജനങ്ങളെല്ലാം അതെഴുതി. ആ കടലാസുകളെല്ലാം ഒരു പെട്ടിയിലാക്കി ആ മനുഷ്യന് മുന്നില്‍ വച്ചിട്ട് ഒന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞു. ഒന്നും രണ്ടും മൂന്നുമായി ഓരോന്നും തുറന്നുനോക്കി അവസാനം എല്ലാം തുറന്നുനോക്കി വായിച്ച ശേഷം ആ മനുഷ്യന്‍ പറഞ്ഞു: ‘എനിക്കെന്റെ ജീവിതം മാത്രം മതി!’ തൃപ്തിയിലാണ് ഐശ്വര്യം. ഭൂലോകത്തെ സമ്പത്തു മുഴുവനുണ്ടായിട്ടും തൃപ്തിയില്ലെങ്കില്‍ അത് ദാരിദ്ര്യവും വലിയ ദാരിദ്ര്യമുണ്ടായിട്ടും അതില്‍ തൃപ്തിപ്പെടുന്നുവെങ്കില്‍ അത് സമ്പന്നതയുമാണ്!
വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles