Current Date

Search
Close this search box.
Search
Close this search box.

ലക്ഷ്യം മറക്കാതെയാവട്ടെ വസ്ത്രധാരണം

يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا ۖ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ آيَاتِ اللَّهِ لَعَلَّهُمْ يَذَّكَّرُونَ (سورة الأعراف :26)
“അല്ലയോ ആദം സന്തതികളേ, ശരീരത്തിന്റെ നഗ്നത മറക്കാനും രക്ഷാകവചമായും അലങ്കാരമായും നാം നിങ്ങൾക്ക് വസ്ത്രം ഇറക്കിത്തന്നിരിക്കുന്നു. എന്നാൽ ധർമബോധമാകുന്ന വസ്ത്രമുണ്ടല്ലോ, അതാണ് ഏറെ വിശിഷ്ടമായത്. ദൈവിക ദൃഷ്ടാന്തങ്ങളിലൊന്നത്രെ അത്. ജനം ഉദ്ബുദ്ധരായെങ്കിലോ “.

മനുഷ്യൻ ശരീരം മറക്കാനുപയോഗിക്കുന്ന വസ്തുവിനാണ് വസ്ത്രം എന്ന് പറയുന്നത്. ആദ്യ മനുഷ്യരായ ആദമും ഹവ്വയും സ്വർഗത്തിലെ ഇലകൾ കൊണ്ട് നഗ്‌നത മറച്ചു കൊണ്ടാണ് വസ്ത്രധാരണ സമ്പ്രദായം ആരംഭിച്ചത്. സ്വർഗ ജീവിതത്തിനിടെ പൈശാചിക പ്രലോഭനങ്ങൾക്ക് വിധേയരായി അവരിരുവരും ദൈവാജ്ഞ ലംഘിച്ചതിനെ തുടർന്നാണ് നഗ്നത വെളിവായതും വസ്ത്രം ആവശ്യമായി വന്നതും. എന്തിനാണ് വസ്ത്രം അല്ലെങ്കിൽ വസ്ത്രത്തിന്റെ ലക്ഷ്യമെന്ത് എന്ന കാര്യമാണ് മുകളിൽ പരാമർശിച്ച ഖുർആനിക സൂക്തം വ്യക്തമാക്കുന്നത്. വസ്ത്രങ്ങൾ മൂന്ന് ദൗത്യങ്ങളാണ് നിർവഹിക്കുന്നത്. നഗ്നത മറയ്ക്കുക, അഴുക്കിൽ നിന്നും പ്രാതികൂല കാലാവസ്ഥയിൽ നിന്നും ശരീരത്തെ സംരക്ഷിക്കുക, അലങ്കാരമായിത്തീരുക.

അല്ലാഹു മനുഷ്യർക്ക് നൽകിയ അനുഗ്രഹങ്ങളിൽ സുപ്രധാനമായ ഒന്നാണ് വസ്ത്രം. ഇതര ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന് നാഥൻ നൽകിയതാണ് വിശേഷബുദ്ധി. ലജ്ജയും നാണവും മനുഷ്യന്റെ മാത്രം സവിശേഷതകളാണ്. നഗ്‌നത വെളിപ്പെട്ടപ്പോൾ മനുഷ്യന്നനുഭവപ്പെട്ട നാണം മറക്കാൻ വസ്ത്രം നൽകി സഹായിച്ചു. ഒപ്പം ആ വസ്ത്രം കൊണ്ട് വേറെയും പല ഗുണങ്ങളും നാഥൻ നൽകി. സംരക്ഷണവും അലങ്കാരവും അതിൽ പ്രധാനമായ ചിലത് മാത്രം. ريش എന്ന പദം കൊണ്ടാണ് ദൈവം മനുഷ്യന് നൽകിയ വസ്ത്രത്തെ ഖുർആൻ വിശേഷിപ്പിച്ചത്. പക്ഷികളുടെ ചിറകിനാണ് അറബിയിൽ ريش എന്ന് പറയുക. വസ്ത്രം ഒന്നാമതായി നഗ്നത മറയ്ക്കുന്നതാവണം, ഒപ്പം രക്ഷാകവചവും അലങ്കാരവും ആവണം. ഇവയിലെ മുൻഗണനാ ക്രമം കിഴുക്കാംതൂക്കായ അവസ്ഥയിലാണിന്ന്. അലങ്കാരത്തിനാണ് ഇന്ന് പ്രഥമ പരിഗണന. അതിന്റെ ദുരന്തം സമൂഹം ഇന്ന് നന്നായി അനുഭവിക്കുന്നുമുണ്ട്. മനുഷ്യ ശരീരത്തെയും അവനണിയേണ്ട വസ്ത്രത്തേയും സൃഷ്ടിച്ച പടച്ച തമ്പുരാന്റെ നിയമങ്ങളെയും നിർദേശങ്ങളെയും കാറ്റിൽ പറത്തി ദേഹേഛയെ ദൈവമാക്കി ജീവിക്കുന്ന ദുരവസ്ഥക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. വസ്ത്ര സംബന്ധമായ നിയമങ്ങൾ ഐഛിക നിർദേശങ്ങളല്ല എന്നത് വിസ്മരിക്കപ്പെടുകയാണ്.

നഗ്‌നത മറക്കണം
നഗ്നതയെ ഉദ്ദേശിച്ച് سوءة എന്ന പദമാണ് ഇവിടെ ഖുർആൻ ഉപയോഗിച്ചത്. നികൃഷ്ടം, തിന്മ, ലജ്ജാവഹമായത്, ആളുകളിൽ നിന്ന് മറച്ചുവെക്കേണ്ടത് എന്നൊക്കെയാണ് ഭാഷാർഥം (ഖുർആൻ ബോധനം). അവശ്യം മറച്ചിരിക്കേണ്ട ശരീരഭാഗങ്ങളെ കുറിക്കാൻ സാധാരണ ഉപയോഗിക്കുന്ന പദമാണ് عورة . അന്യരെ കാണിക്കാൻ പാടില്ലാത്ത ഭാഗത്തിനാണ് / മറക്കൽ നിർബന്ധമായ നാണത്തിനാണ് ഔറത്ത് അഥവാ നഗ്നത എന്ന് പറയുക. മനുഷ്യ ശരീരത്തിലെ എത്രത്തോളം ഭാഗമാണ് ഔറത്തായി നിർണയിക്കപ്പെട്ടതെന്ന് വ്യക്തമാണ്. ദിവ്യവെളിപാടിന്റെ വെളിച്ചത്തിൽ മാത്രം സംസാരിക്കുന്ന പ്രവാചകനാണ് അവ നമ്മെ ബോധിപ്പിച്ചത്. ഔറത്തിന്റെ ഭാഗം സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമാണ്. പുരുഷന് കാൽമുട്ടിനും പൊക്കിളിനും ഇടയിലുള്ള ഭാഗമാണ് ഔറത്ത്. മുൻകെെയും മുഖവും ഒഴികെയുള്ള എല്ലാ ഭാഗവുമാണ് സ്ത്രീയുടെ ഔറത്ത്.

ഔറത്ത് മറച്ചുവെക്കണമെന്ന പ്രവാചക നിർദേശങ്ങൾ ധാരാളം ഹദീസുകളിലുണ്ട്. എന്നാൽ അവ സഗൗരവം ഗൗനിക്കപ്പെടുന്നില്ല. സ്ത്രീയും പുരുഷനും അതിൽ ജാഗ്രത കാണിക്കുന്നില്ലെന്ന് കാണാം. പുരുഷന്മാരുടെ ഔറത്തിന്റെ പരിധിയിൽ പെട്ട കാലിന്റെ തുട കാണത്തക്കവിധം മുണ്ട് മടക്കിക്കുത്തിയും ഇറക്കം കുറഞ്ഞ ട്രൗസർ ധരിച്ചും നടക്കുന്നവരുണ്ട്. “താങ്കളുടെ തുട കാണിക്കരുത് , ജീവിച്ചിരിക്കുന്നവന്റെയോ മരിച്ചവന്റെയോ തുട നിങ്ങൾ നോക്കുകയുമരുത് ” എന്ന റസൂൽ (സ)യുടെ അധ്യാപനത്തിനെതിരാണത്. നമസ്കാരത്തിൽ പോലും പല യുവാക്കളുടേയും ഷർട്ടും പാന്റും തമ്മിൽ അകലുന്നതും അടിവസ്ത്രങ്ങൾ മാത്രമല്ല ഗുഹ്യഭാഗങ്ങൾ പോലും ചിലപ്പോൾ പുറത്ത് കാണാവുന്ന അവസ്ഥയിലെത്തുന്നു. വസ്ത്രങ്ങൾ വാങ്ങുന്നതിൽ നമ്മുടെ ദീനും സംസ്ക്കാരവും ഒട്ടും സ്വാധീനം ചെലുത്തുന്നില്ലെന്ന് വ്യക്തം. നമ്മെ കമ്പോളത്തിലെത്തിക്കുന്നതും തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതും മറ്റാരോ ആണ് .

തനിച്ചാണെങ്കിൽ പോലും നഗ്നനാവരുതെന്നും ‘അന്നേരം അവനിൽ നിന്ന് ലജ്ജിക്കാൻ ഏറ്റവും അർഹൻ അല്ലാഹുവാണ് ‘ എന്നും നബി(സ) ഉണർത്തിയിരിക്കുന്നു.

സൗന്ദര്യമെന്നാൽ നഗ്‌നതയിലാണെന്ന് ആധുനിക സമൂഹം വിചാരിക്കുന്നു എന്ന് തോന്നിപ്പോകും വിധമാണ് കാര്യങ്ങൾ . ഖുർആന്റെ തണലിൽ സയ്യിദ് ഖുതുബ് പറയുന്നു: “മനുഷ്യ സൗന്ദര്യം ഉടുത്ത സൗന്ദര്യമാകുന്നു. ഉടുക്കാത്ത സൗന്ദര്യത്തിന്റെ പേര് മൃഗീയസൗന്ദര്യമെന്നാണ്. പക്ഷേ, ഇക്കാലത്ത് ആദം സന്തതികൾ മൃഗങ്ങളുടെ ലോകത്തേക്ക് തങ്ങളെ നയിക്കുന്ന ജാഹിലീയതയിലേക്ക് തിരിച്ചു നടക്കുകയാണ്. അവരുടെ മനുഷ്യത്വം കാത്തുരക്ഷിക്കുന്ന ദൈവാനുഗ്രഹത്തെക്കുറിച്ച് അവർ ഓർക്കുന്നില്ല. ”

സ്ത്രീ ശരീരം സവിശേഷമായ ഒരു ഘടനയിലാണ് സ്രഷ്ടാവ് രൂപപ്പെടുത്തിയത്. സൗന്ദര്യത്തിലും ആകർഷണത്തിലും പുരുഷനെ അപേക്ഷിച്ച് വർധിതമായ പ്രത്യേകതകളുണ്ട്. അതിനാൽത്തന്നെ സ്ത്രീയുടെ നഗ്‌നത പുരുഷനെ അപേക്ഷിച്ച് കൂടുതലാണ്. മുഖവും മുൻകൈയും ഒഴികെയുള്ള ഭാഗങ്ങളെല്ലാം നഗ്നത തന്നെ. അത് പൂർണമായും മറക്കാൻ മതിയായ വസ്ത്രമാണ് അവൾ ധരിക്കേണ്ടത്. അതിന് ആവശ്യമായ ധാരാളം നിർദേശങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. ഉപദ്രവിക്കപ്പെടാനുള്ള സാധ്യത കൂടുതലുള്ളതിനാൽ കൂടിയാണത് . പുരുഷനെ പ്രലോഭിപ്പിക്കും വിധം ഇടപഴകരുതെന്ന, അവ്വിധമുള്ള വസ്ത്രധാരണം അരുതെന്ന ഉദ്ബോധനങ്ങൾ അവളുടെ സംരക്ഷണത്തിന് വേണ്ടി മാത്രമാണ് താനും. പക്ഷേ, ഈ വിധ മതവിധികളെ ഉൾക്കൊള്ളാൻ വൈമനസ്യമുള്ള അവസ്ഥയിലാണ് സമുദായത്തിലെ വലിയ ഒരു വിഭാഗം. മതവിധികൾ പഴഞ്ചനായി തോന്നുകയാണവർക്ക്. കമ്പോളസംസ്കാരവും സിനിമ, സീരിയൽ പോലുള്ള ജനകീയ കലകളുടെ സ്വാധീനവും ലോകത്തുടനീളമുള്ള ഫാഷനുകളും ജീവിത രീതികളും സോഷ്യൽ മീഡിയയിൽ നിന്ന് സ്വാംശീകരിച്ചും മറ്റൊരു ശൈലി തങ്ങളുടേതാക്കി മാറ്റുകയാണവർ. മതാത്മക നിർദേശങ്ങളെ സ്വാതന്ത്ര്യ നിഷേധമെന്ന് വിധിയെഴുതി തോന്നിയപോലെ ജീവിച്ച പാശ്ചാത്യ സമൂഹങ്ങൾ സ്ത്രീ പീഡനങ്ങളും അവിഹിത ഗർഭങ്ങളും അനാഥ സന്താനങ്ങളും പെരുകിയതിന്റെ ദുരിതങ്ങളിൽ മുങ്ങിത്താഴുകയാണിന്ന്. ഇസ്‌ലാമിന്റെ വിധിവിലക്കുകൾ ഏറ്റവും ഉൽകൃഷ്ടമെന്ന് തിരിച്ചറിഞ്ഞവർ കഴിഞ്ഞു പോയ ജീവിതത്തിൽ പശ്ചാത്തപിക്കുകയും ദൈവിക ദീനിനെ ആവേശത്തോടും അഭിമാനത്തോടും കൂടി എടുത്തണിയുകയും ചെയ്യുന്ന കാഴ്ച്ച ഹൃദയഹാരിയാണ്. അതൊന്നും കണ്ടുപഠിക്കാൻ സമുദായം ഒട്ടുമേ താൽപര്യം കാണിക്കുന്നില്ല എന്നതാണ് സങ്കടകരം.

വസ്ത്രധാരണത്തിന്റെ മര്യാദകളെ സംബന്ധിക്കുന്ന അധ്യാപനങ്ങൾ കുറച്ചൊന്നുമല്ല തിരുമൊഴികളിൽ .
നഗ്നത പ്രകടമാക്കും വിധം വസ്ത്രം ധരിക്കുന്ന സ്ത്രീകൾ നരകാവകാശികളാണ് എന്നത് അതിലൊന്നാണ്. അശ്രദ്ധമായി വീടിനകത്ത്, പ്രിയപ്പെട്ടവർ മാത്രമുള്ള സന്ദർഭത്തിൽ പോലും ആ ജാഗ്രത കൈമോശം വന്നുകൂടാ. ആഇശ(റ) യുടെ സഹോദരി അസ്മാഅ് ബിൻത് അബൂബക്കർ(റ) നേരിയ വസ്ത്രം ധരിച്ച് നബി(സ)യുടെ അടുക്കൽ വന്നു. അപ്പോൾ അവിടുന്ന് അവരിൽ നിന്ന് തിരിഞ്ഞ് കളഞ്ഞു. എന്നിട്ട് പറഞ്ഞു: “അസ്മാ, നിശ്ചയം, സ്ത്രീക്ക് ആർത്തവ പ്രായമെത്തിയാൽ അവളിൽ നിന്ന് ഇതും ഇതുമല്ലാതെ ഒന്നും കാണപ്പെടാൻ പാടില്ല.” അവിടുന്ന് തന്റെ മുഖത്തേക്കും മുൻകൈകളിലേക്കും ആംഗ്യം കാണിച്ചാണത് പറഞ്ഞത്.

അന്ധനായ ഒരു മനുഷ്യന്റെ മുന്നിൽ പോലും ഔറത്ത് മറക്കാതെ പറ്റില്ല എന്നാണ് നബി(സ) ഓർമിപ്പിക്കുന്നത്.
ഒരിക്കൽ ഉമ്മുസലമ(റ)യും മൈമൂന(റ)യും റസൂലി(സ)ന്റെ അടുത്തിരിക്കെ അന്ധനായ ഇബ്നു ഉമ്മിമക്തൂം കടന്നുവന്നു. നബി(സ) പറഞ്ഞു: നിങ്ങളിരുവരും അയാളിൽ നിന്ന് മറയുക. പത്നിമാർ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അദ്ദേഹം അന്ധനല്ലെയോ? അയാൾ ഞങ്ങളെ കാണുകയും അറിയുകയുമില്ലല്ലോ? അപ്പോൾ നബി(സ) ചോദിച്ചു: നിങ്ങൾ രണ്ട് പേരും അന്ധരാണോ? നിങ്ങളിരുവരും അദ്ദേഹത്തെ കാണുന്നില്ലേ?

തഖ്‌വയുടെ വസ്ത്രം
മേൽ സൂക്തത്തിൽ പരാമർശിച്ച ‘لباس التقوى ذلك خير’ (തഖവയുടെ വസ്ത്രമാണ് ഉത്തമം) എന്ന ഭാ​ഗം ഏറെ പ്രസക്തമാണ്. ധർമബോധമാകുന്ന വസ്ത്രം എന്ന് അതിന് പണ്ഡിതർ പരിഭാഷ നൽകി. ഖുർആൻ ബോധനം ഇങ്ങിനെ വിശദീകരിക്കുന്നു : ” ആത്മാവിന്റെ കുറ്റങ്ങളും കുറവുകളും മറച്ചുവെക്കാനും വ്യക്തിത്വത്തെ അലങ്കരിക്കാനുമുള്ള വസ്ത്രമാണ് തഖ്‌വ – ധർമബോധം. ഈ വസ്ത്രമാണ് കൂടുതൽ വിശിഷ്ടമായത്. കാരണം തഖ്‌വയാകുന്ന വസ്ത്രം ധരിക്കുന്നതിലൂടെയാണ് ആത്മാവ് ശാന്തിയടയുന്നതും പരലോകത്ത് സ്വർഗം പ്രാപിക്കുന്നതും. കൂടാതെ നാണം മറയ്ക്കാനുള്ള പ്രേരണയും പ്രചോദനവും സൃഷ്ടിക്കുന്നതും ആത്മാവ് അണിഞ്ഞ ധാർമികവസ്ത്രങ്ങളാണ്.” തഖ്‌വയാകുന്ന വസ്ത്രം അകംപേറുമ്പോഴേ തഖ്‌വയുള്ള വസ്ത്രം പുറത്തണിയാൻ കഴിയൂ എന്ന് വേണം മനസ്സിലാക്കാൻ.

ലജ്ജയില്ലായ്മയാണ് പ്രശ്‌നം
അല്ലാഹുവിന്റെ കൽപനകളെ പ്രയോഗവൽക്കരിക്കുകയും വിലക്കുകളെ ഉപേക്ഷിക്കുകയും ചെയ്യുന്ന തഖ്‌വ, വസ്ത്രം തെരഞ്ഞെടുക്കുന്നതിലും ധരിക്കുന്നതിലും അടിസ്ഥാനമായി വർത്തിക്കണം. വസ്ത്രത്തിന്റെ കാര്യത്തിൽ ഇസ്‌ലാമികമായ നിലപാട് ഉപേക്ഷിക്കപ്പെടുന്നത് ലജ്ജ കൈമോശം വരുമ്പോഴാണ്. മറ്റ് ജീവികളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തമാക്കുന്ന സവിശേഷ സ്വഭാവമാണ് ലജ്ജ . തോന്നിവാസങ്ങളിൽ നിന്ന് അകലം പാലിക്കാൻ പ്രേരിപ്പിക്കുന്ന ഗുണം. ഇസ്‌ലാമിന്റെ സവിശേഷ സംസ്കാരം. “ലജ്ജയില്ലെങ്കിൽ നിങ്ങൾ തോന്നിയപോലെ ചെയ്തോ ” എന്ന പ്രവാചക മൊഴി അതാണ് വ്യക്തമാക്കുന്നത്. വിശ്വാസത്തിന്റെ ഭാഗവും ഇസ്‌ലാമിന്റെ പൂർണതയുമാണ് ലജ്ജ. വിശ്വാസത്തിനനുഗുണമായ ജീവിതം കാഴ്ച്ചവെക്കാൻ ലജ്ജാശീലം അനുഗ്രഹമായി ലഭിച്ചവർക്കേ കഴിയൂ. വിശ്വാസത്തിന്റെ ശക്തി ദൗർബല്യങ്ങൾ ആ സ്വഭാവത്തിലൂടെ അളന്നെടുക്കാൻ കഴിയും. ലജ്ജാശീലർ നന്മകൾ കൊണ്ട് സമ്പന്നരായിരിക്കും. വസ്ത്രധാരണം പോലെ സംസ്കാരം പ്രദർശിപ്പിക്കുന്ന പ്രധാന വിഷയത്തിൽ അലംഭാവം കാണിക്കുന്നത് വലിയ വീഴ്ച്ചയാണ്, ലജ്ജാരാഹിത്യത്തിന്റെ നിദർശനമാണ്. അല്ലാഹുവിന്റെ നിരീക്ഷണം തന്റെ നേരെയുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് അവനെ അപ്രീതിപ്പെടുത്തുന്ന അമാന്യമായ വസ്ത്രം ധരിക്കാൻ കഴിയില്ല. ലജ്ജ ഹൃദയത്തിലുണ്ടാവുന്ന വെളിച്ചമാണ്. അത് സാധ്യമായാൽ ജീവിതമുടനീളം പ്രകാശമാനമാകും. ഓരോരുത്തരും നിശബ്ദമായി സമൂഹത്തോട് സംവദിക്കുന്ന, സ്വയം വിശദീകരിക്കുന്ന മാധ്യമമാണ് വസ്ത്രം. മതവും സംസ്കാരവും ദേശവും ഭാഷയും തുടങ്ങി അനേകം കാര്യങ്ങൾ വസ്ത്രത്തിലൂടെ വായിച്ചെടുക്കാൻ കഴിയും. അകം ലജ്ജാ ശൂന്യമായവൻ നഗ്നതാ ബോധമില്ലാത്ത മൃഗതുല്യരായിത്തീരും. ലജ്ജയില്ലാ ഹൃദയം മൃതം.

വസ്ത്രത്തിൽ ധൂർത്ത് പാടില്ല. അഹങ്കാരത്തോടെയുള്ള വസ്ത്ര ധാരണയും അരുത്. ആഹാരപാനീയങ്ങളെ പോലെ ന്യായമായ ഉപയോഗം എന്നതാവണം വസ്ത്രത്തിലും സ്വീകരിക്കേണ്ട നിലപാട്. നബി പറഞ്ഞു: “നിങ്ങൾ തിന്നുകയും കുടിക്കുകയും ദാനം ചെയ്യുകയും വസ്ത്രം ധരിക്കുകയും ചെയ്യുക. അതിൽ അഹങ്കാരമോ അമിതവ്യയമോ വന്ന് ചേരാത്ത കാലമത്രയും . ” പൊങ്ങച്ചത്തിന്റെ വസ്ത്രം ധരിക്കരുത്. വലിച്ചിഴക്കുന്ന അഹങ്കാരത്തിന്റെ വസ്ത്രം വേണ്ട. അത്തരക്കാരെ അന്ത്യനാളിൽ അല്ലാഹു നോക്കുകയില്ല. വസ്ത്രത്തിന്റെ ഗുണമേന്മയെക്കാൾ വിലമേന്മക്കാണ് പലരും പ്രാധാന്യം നൽകുന്നത്. വിലകൂടിയ വസ്ത്രങ്ങൾ നിഷിദ്ധമാണെന്നല്ല. അല്ലാഹു സമ്പത്ത് നൽകി അനുഗ്രഹിച്ചവർക്ക് തങ്ങളുടെ ഭക്ഷണത്തിലും വസ്ത്രങ്ങളിലും അതിനനുസരിച്ച നിലവാരം ആവാമെന്നാണ് തിരുപാഠം. ദാരിദ്ര്യത്തിൽ കഴിയുന്നവർക്ക് ബ്രാന്റ് വാദം പിടിപ്പെട്ടു പോകുമ്പോൾ വീടും കുടുംബവും അനുഭവിക്കുന്ന പങ്കപ്പാടുകൾ ഓർക്കാറില്ല. തങ്ങളുടെ ജീവിത സാഹചര്യത്തിൽ ഇത് നന്മയാകുമോ എന്ന ആലോചന ഉണ്ടാവുന്നില്ല. ഒരാൾക്ക് ജീവിക്കാൻ എത്ര വസ്ത്രം വേണം എന്നതും ചിന്താ വിഷയമാകണ്ടേ ? എണ്ണം നിർണയിക്കാൻ പ്രയാസമാകുന്നത്രയധികം വസ്ത്രമുളളവരുണ്ട്. നമ്മുടെ മാതൃക അതായിരുന്നില്ല. വസ്ത്രം അലക്കുന്ന ദിവസം ജനങ്ങൾക്ക് മുഖം കൊടുക്കാൻ കഴിയാതിരുന്ന മഹത്തുക്കളെ ചരിത്രം കണ്ടിട്ടുണ്ട്. റബ്ബിനോടുള്ള വിനയത്താൽ പുതു വസ്ത്രം വേണ്ടെന്ന് വെക്കുന്നവർക്ക് അന്ത്യനാളിൽ റബ്ബ് സവിശേഷ വസ്ത്രമണിയിക്കുമെന്ന തിരുമൊഴിയുണ്ട്.

വസ്ത്രധാരണത്തിൽ മാന്യതയുടെ പരിധിവിട്ട രൂപങ്ങൾ വിശ്വാസി സ്വീകരിക്കരുത്. പുരുഷൻ സ്ത്രീയുടെ വസ്ത്രവും സ്ത്രീ പുരുഷന്റെ വസ്ത്രവും ധരിക്കുന്നത് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അവ്വിധം ചെയ്യുന്നവർക്ക് നേരെ അല്ലാഹുവിന്റെ ശാപകോപങ്ങളാണുണ്ടാവുക എന്ന മുന്നറിയിപ്പുമുണ്ട്. ഇന്ന് വ്യാപകമായി വരുന്ന ഈ പ്രവണത നമ്മുടെ ദീനീ ബോധത്തിന് വലിയ പരിക്കേൽപിക്കും എന്ന് കാണേണ്ടതാണ്. എതിർലിംഗത്തെ അനുകരിക്കാനുള്ള പ്രവണതയും വർധിച്ചു വരുന്നതായി കാണാം. അത് വസ്ത്രത്തിൽ പരിമിതമല്ല.

അനുകരണമാണ് ഇന്നത്തെ മുഖ്യമായൊരു വിപത്ത്. നന്മകൾ അനുകരിക്കുന്നത് തെറ്റല്ല. സ്വന്തമായി നിയമവും വ്യവസ്ഥയും സംസ്കാരവും പൈതൃകവും പാരമ്പര്യവും എല്ലാം ഉണ്ടായിരിക്കെ അതിന്റെയെല്ലാം താൽപര്യങ്ങൾക്ക് വിരുദ്ധമായത്, നാട്ടിൽ ട്രന്റായത് കൊണ്ട് സ്വീകരിക്കുക മുസ്‌ലിമിനെങ്ങിനെ ശരിയാകും. ഇസ്‌ലാമിന് വിരുദ്ധമായി ജീവിക്കുന്നവരുടേതെന്ന് സുവിധിതമായ വസ്ത്രധാരണരീതിയെ മറ്റെന്തിലുമെന്ന പോലെ വസ്ത്രത്തിലും അനുകരിക്കരുത് . വശളായ സംസ്കാരങ്ങളെയും പ്രത്യേകമായ മതങ്ങളെയും പ്രതിനിധീകരിക്കുന്നവ പ്രത്യേകിച്ചും വേണ്ട. കാഷായ വേഷധാരികളായ ഹൈന്ദവ സന്ന്യാസിമാരുടെയും ശബരിമലക്ക് പോകുന്നതിന് കറുപ്പണിഞ്ഞ സ്വാമിമാരുടെയും വസ്ത്രം ഉദാഹരണം. ആരെങ്കിലും ഒരു ജനതയുമായി സാദ്യശ്യം പുലർത്തിയാൽ അവൻ അവരിൽപെട്ടവനാണെന്നാണല്ലോ പ്രവാചകാധ്യാപനം. കലയുടെയും സ്പോർട്സിന്റെയും മത്സരാർഥികൾ വേദിയിലും മൈതാനത്തും അണിയുന്നവയുമായി പൊതു ജീവിതത്തിലേക്ക് ആരും വരാറില്ല. അതാതിടങ്ങളിൽ തന്നെയുള്ള വസ്ത്ര നിർദേശങ്ങൾ ഇസ്‌ലാമിമായ അളവിലേക്ക് വികസിപ്പിക്കുന്ന മനോഹര കാഴ്ച്ചകൾ മാധ്യമങ്ങൾ പരിചയപ്പെടുത്തിയിട്ടുണ്ട്.

വസ്ത്രധാരണം ജനശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാവരുത്. കാരണം, അത് ദൈവികമാണ്, ആത്മീയ പ്രവർത്തനമാണ്, ആരാധനയാണ്. അതുകൊണ്ടു തന്നെ പ്രകടനപരത പറ്റില്ല. പ്രാർഥനയോടെയാണ് വിശ്വാസി വസ്ത്രം ധരിക്കുന്നത്. പ്രവാചകന്റെ മുന്നറിയിപ്പിതാണ്: “ആരെങ്കിലും പ്രസിദ്ധിക്ക് വേണ്ടി വസ്ത്രം ധരിച്ചാൽ അവനത് അഴിച്ച് വെക്കും വരെ അവനെത്തൊട്ട് അല്ലാഹു തിരിഞ്ഞ് കളയുന്നതാണ്.”
മറ്റൊരു വചനം ഇതാണ് : “ആരെങ്കിലും ഖ്യാതിക്ക് വേണ്ടി വസ്ത്രധാരണം ചെയ്താൽ അല്ലാഹു അവനെ അന്ത്യനാളിൽ അതു പോലുള്ള (നിന്ദ്യതയുടെ) വസ്ത്രം ധരിപ്പിക്കും. പിന്നീട് തീ അതിൽ ആളിക്കത്തും.”

സ്ത്രീകളുടെ വസ്ത്രധാരണം കറുത്ത പർദയാവണം എന്ന നിർബന്ധം ഇസ്‌ലാമിലില്ല. പർദയെന്നാൽ കോലമോ വർണമോ നിർണയിക്കലല്ല. പർദ ലക്ഷ്യമാണ്‌. ചുരിദാറും സാരിയും പാവാടയും ബ്ലൗസും തുടങ്ങി നിരവധിയായുള്ള വസ്ത്രങ്ങളെല്ലാം ദീൻ പരിഗണിച്ചാവുമ്പോൾ പർദയാകും. സാക്ഷാൽ പർദ്ദ ധരിച്ചും നഗ്നയായി കഴിയാൻ സാധിക്കും. ആഘോഷ സന്ദർഭങ്ങൾ സംസ്കാരത്തിന്റെ പ്രകടന വേളകളാണ്. കാര്യങ്ങളെല്ലാം ഇസ് ലാമികമായി സംഭവിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ട സന്ദർഭമാണ്. കാരണം, ജനം നമ്മിലേക്ക് കണ്ണ് തുറന്നു നോക്കുകയും നന്നായി ചേർന്ന് നിൽക്കുകയും ചെയ്യുന്ന സമയമാണ് ആഘോഷവേള . അത് പ്രബോധന വേളകളായി കണ്ട് ഉപയോഗപ്പെടുത്തണം. പക്ഷേ, ഇന്ന് നാം അമ്പേ പരാജയപ്പെടുന്നത് അവിടെയാണ്. മാന്യമായി ജീവിക്കുന്നവരും വിവാഹാഘോഷ സന്ദർഭങ്ങളിൽ പരിധിലംഘിക്കാൻ മടിക്കാത്തതായി കാണാം.

വസ്ത്രത്തിന്റെ അലങ്കാരമെന്നാൽ അതിന്റെ പൂർണതയാണ്. അല്ലാഹു ഹലാലാക്കിയതിനെ ഹറാമാക്കാനോ ഹറാമാക്കിയതിനെ ഹലാലാക്കാനോ ആർക്കും അവകാശമില്ല. ഹലാലാണെന്ന ബോധ്യവും ദൈവപ്രീതിക്ക് തടസ്സമില്ലെന്ന ആത്മവിശ്വാസവും ലഭിക്കുന്ന വസ്ത്രം ധരിച്ച് ജീവിതം സധീരം മുന്നോട്ട് നയിക്കുക.

ഖുർആൻ പറയുന്നു: ” മനുഷ്യ പുത്രന്മാരേ, എല്ലാ ആരാധനാ സന്ദർഭങ്ങളിലും അലങ്കാരങ്ങളണിഞ്ഞു കൊള്ളുവിൻ. തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുവിൻ. ധൂർത്തടിക്കരുത്. ധൂർത്തന്മാരെ അല്ലാഹു സ്നേഹിക്കുന്നില്ല.
പ്രവാചൻ, അവരോട് ചോദിക്കുക: അല്ലാഹു അവന്റെ ദാസന്മാർക്കായി ഉൽപാദിപ്പിച്ച അലങ്കാരങ്ങളെയും ദൈവിക ദാനമായ ഉത്തമ വിഭവങ്ങളെയും വിലക്കിയവനാര്? പറയുക: ഈ വിഭവങ്ങളെല്ലാം ഭൗതിക ജീവിതത്തിൽ വിശ്വാസികൾക്കുള്ളതാകുന്നു. അന്ത്യനാളിലോ അതവർക്കു മാത്രമുള്ളതായിരിക്കും നാം അറിവുള്ള ജനത്തിനുവേണ്ടി ധർമസൂക്തങ്ങൾ ഈ വിധം സുവ്യക്തമായി വിവരിക്കുകയാകുന്നു. ” (അൽ അഅ്റാഫ് 31, 32)

ജനം പാഠമുൾക്കൊള്ളുന്നതിനായ് നൽകിയ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ ഒന്നാണ് വസ്ത്രമെന്നാണ് ഈ കുറിപ്പിന്റെ തുടക്കത്തിൽ ചേർത്ത സൂക്തത്തിൽ അല്ലാഹു പറഞ്ഞ് വെച്ചത്. ഏറെ ആലോചിക്കാനും ഗ്രഹിക്കാനും മാറാനും ഉണ്ട് എന്ന് തന്നെയാണ് ദൈവിക സൂക്തം ഉദ്ഘോഷിക്കുന്നത്.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles