Current Date

Search
Close this search box.
Search
Close this search box.

ഹൃദ്യം, ചിന്തോദ്ദീപകം ഈ ഖുര്‍ആന്‍ തഫ്സീര്‍

കേരളീയ മുസ്ലിം പണ്ഡിതന്മാരില്‍ പലരും ഖുര്‍ആനിന് പരിഭാഷയും വ്യാഖ്യാനവുമെഴുതിയിട്ടുണ്ട്. ഒട്ടും വിശദീകരണമില്ലാത്ത പരിഭാഷ മാത്രമായും, സാധാരണക്കാരെ ഉദ്ദേശിച്ച് വാക്കര്‍ഥ സഹിതം ലളിതഭാഷയില്‍ എഴുതപ്പെട്ട വിശദീകരണമായും, പരമ്പരാഗത തഫ്സീറുകളുടെ നേര്‍ മലയാളമായും മറ്റും അവ മലയാളത്തില്‍ ലഭ്യമാണ്. കൂടാതെ, ഗഹനമായ പഠനങ്ങളായും, ഇസ്ലാമിന്റെയും ഖുര്‍ആന്‍റെയും പ്രാസ്ഥാനിക വായനയായും, ഖുര്‍ആന്‍ ആസ്വാദനമായും ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതന്മാരുടെ തഫ്സീറുകളുടെ മലയാള പരിഭാഷകളുമുണ്ട്. പഴയകാല പണ്ഡിതന്മാരില്‍ ചിലരുടെ ദൈര്‍ഘ്യമേറിയ തഫ്സീറുകളുടെ സംഗ്രഹവും ഇന്നിപ്പോള്‍ മലയാളത്തില്‍ വാങ്ങാന്‍ കിട്ടും. നിസ്സംശയം അവയോരോന്നിനും അവയുടേതായ മൂല്യങ്ങളും പ്രസക്തിയുമുണ്ട്.

എന്നാല്‍ ഇവയില്‍നിന്നെല്ലാം വ്യത്യസ്തമാണ് ഇനിയും എഴുതി പൂര്‍ത്തിയായിട്ടില്ലാത്ത ‘ഖുര്‍ആന്‍ ബോധനം’. അറിയപ്പെട്ട പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനുമായ ടികെ ഉബൈദ് സാഹിബാണ് രചയിതാവ്. ഈ പേരുകള്‍ കേള്‍ക്കാത്തവരായി ദീനീ തല്‍പരരായ മലയാളി മുസ്ലിംകളില്‍ അധികമാരുമുണ്ടാവുമെന്ന് തോന്നുന്നില്ല. 1999 ജനുവരി 16 മുതല്‍ പ്രബോധനം വാരികയെ ധന്യമാക്കുന്ന പംക്തികളിലൊന്ന് അതില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചുവരുന്ന ഖുര്‍ആന്‍ വ്യാഖ്യാനമായ ‘ഖുര്‍ആന്‍ ബോധന’മാണ്. പറിച്ചെടുത്ത് സൂക്ഷിക്കാന്‍ പാകത്തില്‍ പ്രബോധത്തിന്റെ നടുവിലെ പേജുകളിലാണ് അതുണ്ടാകാറുള്ളത്. തുടക്കം മുതല്‍ ഈയുള്ളവന്‍റെ ശ്രദ്ധയാകര്‍ഷിച്ച പംക്തികളിലൊന്നാണത്. വായനയാരംഭിച്ചാല്‍ പൂര്‍ത്തിയാക്കാതെ എടുത്തുവെക്കാറില്ല. ഏറെ ഹൃദ്യവും ചിന്തോദ്ദീപകവുമാണത് എന്നതാണ് കാരണം.

പ്രസാധകരായ ഐപിഎച്ച് അവകാശപ്പെടുന്നപോലെ, “അക്ഷരാഭ്യാസമുള്ള സാധാരണ ജനങ്ങളെ ഖുര്‍ആന്‍റെ സന്ദേശം ഗ്രഹിക്കാന്‍ സഹായിക്കുക എന്നതാണ് ഈ വ്യാഖ്യാന ഗ്രന്ഥം ലക്ഷ്യമാക്കുന്നത്. പരിഭാഷയുടെ ലാളിത്യം, വ്യാഖ്യാനത്തിലെ വൈവിദ്യം, അറബിയില്‍ അക്ഷരജ്ഞാനം നേടിയിട്ടുള്ളവര്‍ക്ക് ഉപകരിക്കുമാറ് ഓരോ പദത്തിന്റെയും അര്‍ഥവിവരണം എന്നിവകൊണ്ട് മറ്റ് ഖുര്‍ആന്‍ പരിഭാഷകളില്‍നിന്ന്‍ ഇത് വേറിട്ടുനില്‍ക്കുന്നു. സര്‍വോപരി ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍ പ്രപഞ്ചത്തെയും ജീവിതത്തെയും സമഗ്രമായി നോക്കിക്കാണുന്നു എന്നതും ഈ വ്യാഖ്യാനഗ്രന്ഥത്തിന്റെ മുഖ്യ സവിശേഷതകളിലൊന്നാകുന്നു.”

ഇതോടൊപ്പം ‘ഖുര്‍ആന്‍ ബോധന’ത്തില്‍ ഈയുള്ളവന്‍റെ ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു വശം, വിവിധ ഖുര്‍ആനിക പദങ്ങളെയും പ്രയോഗങ്ങളെയും സംബന്ധിച്ച വിശദവും ഗഹനവുമായ ഭാഷാപരമായ ചര്‍ച്ചയും, അത്തരം പദങ്ങളുടെയും പ്രയോഗങ്ങളുടെയും പ്രത്യേകമായതും പൊതുവായതുമായ അര്‍ഥതലങ്ങളെ സംബന്ധിച്ച വിവരണവുമാണ്. അതുപോലെ, ഖുര്‍ആനികാശയങ്ങളെ ആനുകാലിക സംഭവങ്ങളുമായി ചേര്‍ത്തുവെച്ച് വായിക്കാനുള്ള ഗ്രന്ഥകാരന്‍റെ സവിശേഷ സിദ്ധിയും.

പലപ്പോഴും പല വിഷയങ്ങളിലും ആശയങ്ങള്‍ രൂപപ്പെടുത്താനും സംശയങ്ങള്‍ ദൂരീകരിക്കാനും ആഴത്തിലുള്ള പഠനങ്ങള്‍ക്ക് വേണ്ടി അറബി തഫ്സീറുകള്‍ പരതാനും ‘ഖുര്‍ആന്‍ ബോധനം’ പ്രചോദനമായിട്ടുണ്ട്. ദുര്‍ഗ്രഹമായതോ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ ഉള്ളതോ ആയ ഖുര്‍ആനികാശയങ്ങളെ തലനാരിഴ കീറി പരിശോധിക്കാനും, കൂടുതല്‍ ഉചിതമായ വ്യാഖ്യാനത്തെ യുക്തിയുക്തമായി സമര്‍ഥിക്കാനും അയത്ന ലളിതമായ ഭാഷയില്‍ വിശദീകരിച്ച് വായനക്കാരെ ഗ്രഹിപ്പിക്കാനുമുള്ള ഗ്രന്ഥകാരന്‍റെ കഴിവ് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. (എവൈആര്‍ എന്ന തൂലികാ നാമത്തില്‍ പ്രബോധനം വാരികയില്‍ ‘പ്രശ്നങ്ങള്‍ വീക്ഷണങ്ങള്‍’ പംക്തി കൈകാര്യം ചെയ്തിരുന്ന കാലത്തുതന്നെ ടികെ ഉബൈദ് സാഹിബിന്റെ ഈ കഴിവ് അനുഭവിച്ചറിഞ്ഞവരായിരിക്കും പലരും.) സൂറ: യൂസുഫിലെയും അല്‍കഹ്ഫിലെയും മര്‍യമിലെയും ത്വാഹായിലെയും മറ്റും ചരിത്ര സംഭവങ്ങളെ അപഗ്രഥിക്കുന്നിടത്തും, ഖുര്‍ആനിക ചരിത്ര കഥനങ്ങളിലെ പാഠങ്ങള്‍ വിശദീകരിക്കുന്നിടത്തും, സൂറ: അന്നൂറിന്‍റെയും അല്‍അഹ്സാബിന്‍റെയും വിവരണ മധ്യേ ഇസ്ലാം വിമര്‍ശകര്‍ക്ക് മറുപടി പറയുമ്പോഴും ഗ്രന്ഥകാരന്‍ കൈകൊണ്ട ശൈലിയും അവതരണ രീതിയും അത്യപാരമാണ്. ഒരുപാട് ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ ലഭിക്കുന്ന അറിവും മൂര്‍ത്തമായ ആശയങ്ങളും അതില്‍നിന്ന്‍ നമുക്ക് സ്വായത്തമാക്കാനാവും. ഈ വശങ്ങള്‍ പരിഗണിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് മാത്രമല്ല പണ്ഡിതന്‍മാര്‍ക്കും ഏറെ പ്രയോജനപ്രദമത്രെ ‘ഖുര്‍ആന്‍ ബോധനം.’ ഖുര്‍ആന്‍റെ കാലിക വായനയാഗ്രഹിക്കുന്ന ആര്‍ക്കും അവലംബിക്കാവുന്ന പ്രൌഡമായൊരു റഫറന്‍സാണത്.

ശുദ്ധമലയാളത്തില്‍ മനോഹരമായ ശൈലിയില്‍ എഴുതുവാനുള്ള ടികെ ഉബൈദ് സാഹിബിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. ഖുര്‍ആന്‍ – ഹദീസ് – ഫിഖ്ഹ് തുടങ്ങിയ രംഗങ്ങളിലെ ഇസ്ലാമിക ഗ്രന്ഥങ്ങളുടെ പരിഭാഷയില്‍ മാത്രമല്ല, തത്വചിന്തകളുള്‍കൊള്ളുന്ന കൃതികളുടെയും കഥകളുടെയും കവിതകളുടെയും മൊഴിമാറ്റത്തിലും വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് അദ്ദേഹം. അനുകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്ത പരിചയസമ്പത്ത് വേറെയും. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്ന പ്രധാനപ്പെട്ടൊരു ഘടകവും അതുതന്നെ. അതുകൊണ്ടുതന്നെ ഒരു മതപണ്ഡിതന്‍റെ ‘സാധു’വായ മലയാള രചനയായല്ല, മതമുള്ളവനും ഇല്ലാത്തവനും, മുസ്ലിംകള്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ‘ദഹിക്കു’ന്ന, ഇരുത്തം വന്ന എഴുത്തുകാരന്റെ നല്ല വായനാക്ഷമതയുള്ള തെളിമലയാളമായാണ് ഖുര്‍ആന്‍ ബോധനം വായനക്കാര്‍ക്ക് അനുഭവപ്പെടുക. ദീനും ദുനിയാവും ഒരുപോലെ തിരിയുന്ന മലയാളി പണ്ഡിതന്റേതായി ഇത്തരത്തിലൊരു തഫ്സീര്‍ വേറെ ലഭ്യമല്ല എന്നാണ് എന്റെ വിനീതമായ അറിവ്.

‘ഖുര്‍ആന്‍ ബോധന’ത്തില്‍ താന്‍ കൈകൊണ്ട വ്യാഖ്യാന രീതിയെക്കുറിച്ച് ‘മുന്‍മൊഴി’യില്‍ ഗ്രന്ഥകാരന്‍ പറയുന്നതിങ്ങനെ: “പൂര്‍വസൂരികള്‍ രചിച്ച തഫ്സീറുകളധികവും പ്രത്യേക അധിഷ്ഠാനങ്ങളില്‍ ഊന്നിയതായി കാണാം. ചിലര്‍ സുന്നത്തിനെ മാത്രം അവലംബിച്ചു. ചിലര്‍ കര്‍മശാസ്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ചിലര്‍ ദൈവശാസ്ത്രത്തില്‍ ഊന്നിന്നിന്നു. ചിലര്‍ ഭാഷാ ശാസ്ത്രത്തില്‍. ചിലര്‍ യുക്തിചിന്തയില്‍. ചിലര്‍ തത്വശാസ്ത്രത്തില്‍. ചിലര്‍ തസവ്വുഫില്‍. ഈ തഫ്സീറുകളെല്ലാം അവയുടെ മേഖലയില്‍ മഹത്തായ ഈടുവെപ്പുകളാണ്. ഇപ്പറഞ്ഞ ആധാരങ്ങളെയെല്ലാം സമഞ്ജസമായി സംയോജിപ്പിച്ച് ഖുര്‍ആന്റെ ദര്‍പണത്തില്‍ പ്രപഞ്ചത്തെയും ജീവിതത്തെയും സമഗ്രമായി ദര്‍ശിക്കുന്ന തഫ്സീറുകളധികവും വെളിച്ചം കണ്ടത് പില്‍കാലത്താണ്. ഈ പില്‍കാല രീതിയാണ് ‘ഖുര്‍ആന്‍ ബോധനം’ പിന്തുടരാന്‍ ശ്രമിച്ചിട്ടുള്ളത്… വിവിധ പണ്ഡിതന്മാരുടെ വ്യാഖ്യാനഭേദങ്ങളോട് ‘ഖുര്‍ആന്‍ ബോധന’ത്തിന്റെ സമീപനം നിഷ്പക്ഷമാണ്. എന്നാല്‍ അവയെ വിലയിരുത്തേണ്ടിവരുമ്പോള്‍ ബലാബലങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. പൂര്‍വിക മഹാന്മാരുടെ വീക്ഷണങ്ങളോടുള്ള ആദരവും ഖുര്‍ആനിനോടുള്ള പ്രതിബദ്ധതയും ഇണങ്ങാതെവരുമ്പോള്‍ ഖുര്‍ആനിനോടുള്ള പ്രതിബദ്ധതയാണ് ഞാന്‍ തെരഞ്ഞെടുക്കാറ്. അതുകൊണ്ട് അപൂര്‍വം ചിലയിടങ്ങളില്‍ സ്വന്തം ചിന്തയില്‍നിന്ന്‍ രൂപംകൊണ്ട വീക്ഷണങ്ങളും കാണും. അവയുടെ ന്യായങ്ങളും പ്രമാണങ്ങളും അതതിടങ്ങളില്‍തന്നെ പരാമര്‍ശിച്ചിട്ടുണ്ട്. അത് വിലയിരുത്തി വായനക്കാര്‍ക്ക് അവ തള്ളുകയോ കൊള്ളുകയോ ചെയ്യാം.”

വായിച്ചിടത്തോളം മിക്ക വിഷയങ്ങളിലും മനസ്സും ചിന്തയും ‘ഖുര്‍ആന്‍ ബോധന’ത്തോടൊപ്പമാണുള്ളത്. സുലൈമാന്‍(അ)യുടെ ചരിത്രം വിവരിക്കവേ പ്രതിമാനിര്‍മാണവുമായി ബന്ധപ്പെട്ട് നല്‍കിയ വിശദീകരണം പോലെ ഒറ്റപ്പെട്ട ചിലത് മാത്രമാണ് കല്ലുകടിയായി അനുഭവപ്പെട്ടിട്ടുള്ളത്. ഖാദിയാനികളും മറ്റും ദുരുപയോഗം ചെയ്യാറുള്ള സൂക്തങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവരുടെ വിമര്‍ശനങ്ങളെയൊന്ന്‍ നേര്‍ക്കുനേരെ അഡ്രസ് ചെയ്യേണ്ടിയിരുന്നു എന്ന്‍ തോന്നി. ‘മണ്ണിന്റെ മണമുള്ള’ ലക്ഷണമൊത്ത തഫ്സീര്‍ എന്ന നിലക്ക് ഖുര്‍ആന്‍ ബോധനത്തെ സമീപിക്കുന്നവര്‍ക്ക് സംതൃപ്തമാകണമെങ്കില്‍ അങ്ങനെ ചിലത് കൂടി ഉണ്ടാവേണ്ടതുണ്ടല്ലോ.

‘നാസ്തികരുടെ ഇസ്‌ലാം വിമര്‍ശനങ്ങള്‍’ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലായിരിക്കെ ഈയുള്ളവന് ഏറെ ഉപകാരപ്പെട്ട ഗ്രന്ഥങ്ങളിലൊന്നാണ് ‘ഖുര്‍ആന്‍ ബോധനം’. ഖുര്‍ആനിലെ വിവിധ സൂക്തങ്ങളുമായി ബന്ധപ്പെട്ട് നാസ്തികര്‍ ഉന്നയിക്കാറുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയവേ അതെങ്ങനെ അനുവാചകര്‍ക്ക് ബോധ്യമാകും വിധം വടിവൊത്ത ഭാഷയിലും ശൈലിയിലും അവതരിപ്പിക്കും എന്ന എന്റെ ആശങ്കക്ക് പലപ്പോഴും വിരാമമിട്ടത് ‘ഖുര്‍ആന്‍ ബോധന’മായിരുന്നു. ചില സൂക്തങ്ങളെ പ്രതി ഉന്നയിക്കപ്പെടാറുള്ള വിമര്‍ശനങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ലഭിച്ചതും അതില്‍നിന്നുതന്നെ. ആ നിലക്ക്, കൂടുതല്‍ വൈകാതെ ഇറങ്ങാനിരിക്കുന്ന എന്റെ പുസ്തകത്തിന് ടികെ ഉബൈദ് സാഹിബിനോടും ‘ഖുര്‍ആന്‍ ബോധന’ത്തോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.

‘പ്രബോധനം’ വാരികയില്‍ ഖണ്ഡശ: പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങിയതില്‍ പിന്നെ ഒരിക്കല്‍ പോലും മുടങ്ങിയിട്ടില്ലാത്ത ‘ഖുര്‍ആന്‍ ബോധന’മിപ്പോള്‍ 1129 ഭാഗങ്ങള്‍ പിന്നിട്ട് സൂറ: അസ്സുമര്‍ ഒമ്പതാം സൂക്തത്തിന്റെ വിവരണത്തില്‍ എത്തിയിരിക്കുന്നു. പുസ്തകമായി ഐപിഎച്ച് ഇതുവരെ ഒമ്പത് വാല്യങ്ങള്‍ -സൂറ: അല്‍ഫാതിഹ മുതല്‍ അല്‍അഹ്സാബ് വരെ- പുറത്തിറക്കിക്കഴിഞ്ഞു.

തീര്‍ച്ചയായും ‘ഖുര്‍ആന്‍ ബോധനം’ മലയാളത്തിലെ ഇസ്ലാമിക സാഹിത്യത്തിന് വലിയൊരു മുതല്‍കൂട്ടാണ്. എത്രയും പെട്ടെന്ന് അത് എഴുതി പൂര്‍ത്തിയാക്കാന്‍ ടികെ ഉബൈദ് സാഹിബിന് അല്ലാഹു ആയുസ്സും ആഫിയത്തും പ്രദാനം ചെയ്യട്ടെ എന്നാണ് പ്രാര്‍ഥന. അത് പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഐപിഎച്ചിന് അവസരമുണ്ടാവട്ടെ എന്നും.

Related Articles