Current Date

Search
Close this search box.
Search
Close this search box.

‘മിഅ്‌റാജ്’ , ‘ഇസ്‌റാഅ്’

سُبْحَٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًۭا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَٰتِنَآ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ﴿١﴾

തന്റെ ദാസനെ, ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കുന്നതിനുവേണ്ടി മസ്ജിദുല്‍ ഹറാമില്‍നിന്ന് ഒരു രാവില്‍ ആ വിദൂരമസ്ജിദിലേക്ക് സഞ്ചരിപ്പിച്ചവന്‍ പരമ പരിശുദ്ധനത്രെ. ആ മസ്ജിദിന്റെ പരിസരം നാം അനുഗ്രഹീതമാക്കി. സത്യത്തില്‍ അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാകുന്നു. ( അൽ ഇസ് റാഅ് 1 )

 

യാത്രചെയ്യിച്ചവന്‍ = الَّذِي أَسْرَىٰ
മസ്ജിദുല്‍ ഹറാമില്‍നിന്ന് = مِّنَ الْمَسْجِدِ الْحَرَامِ
മസ്ജിദുല്‍ അഖ്സ്വായിലേക്ക് = إِلَى الْمَسْجِدِ الْأَقْصَى
നാം അനുഗൃഹീതമാക്കിയിട്ടുണ്ട് = الَّذِي بَارَكْنَا
അതിന്റെ പരിസരം = حَوْلَهُ

***                                                  ***

‘മിഅ്‌റാജ്’ അഥവാ ആകാശാരോഹണം, ‘ഇസ്‌റാഅ്’ അഥവാ നിശാപ്രയാണം എന്നീ സാങ്കേതിക നാമങ്ങളില്‍ അറിയപ്പെടുന്ന സംഭവം തന്നെയാണിത്. വിശ്വാസയോഗ്യമായ മിക്ക റിപ്പോര്‍ട്ടുകളനുസരിച്ചും ഹിജ്‌റയുടെ ഒരു കൊല്ലം മുമ്പാണിത് നടന്നത്. ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ ധാരാളം സ്വഹാബികളില്‍നിന്ന് ഹദീസ്-ചരിത്ര ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവ ഇരുപത്തഞ്ചോളം നിവേദനങ്ങളുണ്ടാവും. ഇതെപ്പറ്റിയുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ അനസുബ്‌നുമാലിക്, മാലികുബ്‌നു സ്വഅ്‌സ്വഅ, അബൂദര്‍രില്‍ ഗിഫാരി, അബൂഹുറയ്‌റ എന്നിവരില്‍നിന്ന് നിവേദനം ചെയ്യപ്പെടുന്നു. കൂടാതെ ഉമര്‍, അലി, ഇബ്‌നുമസ്ഊദ്, ഇബ്‌നു അബ്ബാസ്, അബൂസഈദുല്‍ ഖുദ്‌രി, ഹുദൈഫതുബ്‌നു യമാന്‍, ആഇശ (റ) എന്നിവരും ഇതിന്റെ ചില ഭാഗങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് പ്രവാചകന്‍ പ്രയാണം ചെയ്തുവെന്ന് ഖുര്‍ആന്‍ ഇവിടെ വ്യക്തമാക്കുന്നു.

അല്ലാഹു തന്റെ അടിമക്ക് ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നാണ് യാത്രയുടെ ലക്ഷ്യമായി പറഞ്ഞിട്ടുള്ളത്. ഇതില്‍ക്കൂടുതല്‍ വിശദീകരണമൊന്നും ഖുര്‍ആനില്‍നിന്ന് ലഭിക്കുന്നില്ല. ഹദീസുകളില്‍ വന്ന വിശദീകരണങ്ങളുടെ രത്‌നച്ചുരുക്കം ഇതാണ്: രാത്രിയില്‍ ജിബ്‌രീല്‍(അ) നബി(സ)യെ ബുറാഖിന്റെ പുറത്തിരുത്തി മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സ്വാ വരെ കൊണ്ടുപോയി. അവിടെവെച്ച് തിരുമേനി പ്രവാചകന്‍മാരൊത്ത് നമസ്‌കരിച്ചു. പിന്നീട് ജിബ്‌രീല്‍ (അ) തിരുമേനിയെ ഉപരിലോകത്തേക്ക് കൊണ്ടുപോയി. അവിടെ വിവിധ വാനമണ്ഡലങ്ങളില്‍ നിന്ന് പ്രമുഖരായ പല പ്രവാചകന്‍മാരോടും തിരുമേനി സംഭാഷണം നടത്തി. അവസാനം പരമോന്നത മണ്ഡലത്തില്‍ പ്രവേശിച്ച്, തന്റെ നാഥന്റെ സന്നിധിയിലെത്തിച്ചേര്‍ന്നു. അവിടെനിന്ന് മറ്റു സുപ്രധാന നിര്‍ദേശങ്ങള്‍ ലഭിച്ചതിനു പുറമെ അഞ്ചുനേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കുകയും ചെയ്തു. അതിനുശേഷം ബൈത്തുല്‍ മഖ്ദിസിലേക്ക് മടങ്ങുകയും അവിടെനിന്ന് മസ്ജിദുല്‍ ഹറാമില്‍ തിരിച്ചെത്തുകയും ചെയ്തു. ഇവ്വിഷയകമായി വന്ന അനേകം റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാവുന്നത്, അവിടെവെച്ച് തിരുമേനിക്ക് സ്വര്‍ഗ-നരകങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നുവെന്നാണ്.

പിറ്റേ ദിവസം തിരുമേനി ഈ സംഭവം ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുത്തു. അപ്പോള്‍ മക്കയിലെ അവിശ്വാസികള്‍ തിരുമേനിയെ വളരെയധികം പരിഹസിച്ചുവെന്നും മുസ്‌ലിംകളില്‍ത്തന്നെ ചിലരുടെ വിശ്വാസം ഇളകിയെന്നും പരിഗണനീയമായ റിപ്പോര്‍ട്ടുകളില്‍ വിവരിച്ചിട്ടുണ്ട്. ഹദീസില്‍ വന്ന ഈ അധിക വിശദീകരണം ഖുര്‍ആന് വിരുദ്ധമല്ല. ഖുര്‍ആനിലെ വിശദീകരണത്തിന്റെ ഒരനുബന്ധമാണിത്. അനുബന്ധം ഖുര്‍ആന് വിരുദ്ധമാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ പറ്റുകയില്ലെന്ന് വ്യക്തം. എന്നാല്‍, ആരെങ്കിലും ഹദീസുകളില്‍ വന്ന ഈ വിശദീകരണങ്ങളുടെ ഏതെങ്കിലും ഭാഗം അംഗീകരിക്കുന്നില്ലെങ്കില്‍ അവനെ കാഫിറാക്കാനൊന്നും പറ്റുകയില്ല. ഖുര്‍ആന്‍ സ്പഷ്ടമായി പറഞ്ഞ സംഭവത്തെയാണ് നിഷേധിക്കുന്നതെങ്കില്‍ അവനില്‍ കുഫ്ര്‍ അനിവാര്യമായിത്തീരുന്നുവെന്നു മാത്രം. ഈ യാത്രയുടെ രൂപം എന്തായിരുന്നു? അത് സ്വപ്ന ലോകത്ത് നടന്നതോ, ബോധാവസ്ഥയില്‍ സംഭവിച്ചതോ? തിരുമേനി ശാരീരികമായിത്തന്നെയാണോ പ്രയാണം ചെയ്തത്, അതല്ല, സ്വസ്ഥാനത്ത് ഇരുന്നുകൊണ്ട് ആത്മീയമായി ദര്‍ശിച്ചതോ? ഈ ചോദ്യങ്ങളുടെ മറുപടി ഖുര്‍ആന്റെ പദങ്ങള്‍തന്നെ സ്വയം നല്‍കുന്നുണ്ട്: ‘തന്റെ ദാസനെ കൊണ്ടുപോയവന്‍ പരിശുദ്ധന്‍’ എന്ന പ്രയോഗത്തോടെ വിവരണം ആരംഭിച്ചതുതന്നെ, ഇത് വലിയ ഒരു അസാധാരണ സംഭവമാണെന്നും അല്ലാഹുവിന്റെ അപാരമായ കഴിവുകൊണ്ടു മാത്രം പ്രകടമായതാണെന്നും വ്യക്തമാക്കുന്നു. തന്റെ അടിമക്ക് സ്വപ്നം കാണിക്കുകയോ വെളിപാടിലൂടെ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുകയോ ചെയ്ത നാഥന്‍ എല്ലാ വൈകല്യങ്ങളില്‍നിന്നും ദൗര്‍ബല്യങ്ങളില്‍നിന്നും പരിശുദ്ധനാണെന്ന് ആമുഖമായിപ്പറയാന്‍ മാത്രം പ്രാധാന്യമൊന്നുമില്ലെന്ന് വ്യക്തമാണ്. മാത്രമല്ല, ‘തന്റെ ദാസനെ ഒരു രാവില്‍ കൊണ്ടു പോയി’ എന്ന പ്രയോഗവും ശാരീരികമായ പ്രയാണമായിരുന്നു അതെന്നതിന്റെ വ്യക്തമായ തെളിവാണ്.

സ്വപ്നസഞ്ചാരത്തിനോ ആത്മീയ പ്രയാണത്തിനോ ഈ പദപ്രയോഗം അനുയോജ്യമല്ല. അതിനാല്‍, നമ്മെ സംബന്ധിച്ചിടത്തോളം ഇതൊരു ആത്മീയ പരിശീലനം മാത്രമായിരുന്നില്ല. മറിച്ച്, അല്ലാഹു നബി(സ)യെക്കൊണ്ട് ചെയ്യിച്ച ഒരു ശാരീരിക യാത്രയും തിരുമേനിക്ക് ബോധാവസ്ഥയിലുണ്ടായ ദൃക്‌സാക്ഷ്യവുമായിരുന്നു. ഒറ്റ രാത്രികൊണ്ട് വിമാനം കൂടാതെത്തന്നെ മക്കയില്‍നിന്ന് ബൈത്തുല്‍ മഖ്ദിസില്‍ പോയി വരാന്‍ അല്ലാഹുവിന്റെ കഴിവുമൂലം സാധ്യമാണ്. എങ്കില്‍, ഹദീസുകളില്‍ വിവരിക്കപ്പെട്ട ഇതര വിശദാംശങ്ങള്‍ അസംഭവ്യമെന്ന് പറഞ്ഞ് തള്ളിക്കളയുന്നതെന്തിന്? ഏതെങ്കിലും ഒരു സൃഷ്ടി സ്വന്തം ഹിതമനുസരിച്ച് എന്തെങ്കിലും കാര്യം ചെയ്യുന്ന പ്രശ്‌നം ചര്‍ച്ചാവിധേയമാക്കുമ്പോള്‍ മാത്രമാണ് സാധ്യം, അസാധ്യം എന്നീ വിഷയങ്ങള്‍ ഉദ്ഭവിക്കുന്നത്. എന്നാല്‍, അല്ലാഹു ഇന്ന കാര്യം ചെയ്തു എന്നതാണ് പ്രശ്‌നമെങ്കില്‍ ദൈവത്തിന്റെ പരിധികളില്ലാത്ത ശക്തിവിശേഷത്തില്‍ ദൃഢവിശ്വാസമില്ലാത്തവര്‍ മാത്രമേ അത് സാധ്യമാണോ എന്ന ചോദ്യം ഉന്നയിക്കുകയുള്ളൂ.

ഹദീസുകളില്‍ വന്ന മറ്റു വിശദീകരണങ്ങളെക്കുറിച്ച് ഹദീസ് നിഷേധികളുടെ ഭാഗത്തുനിന്ന് അനേകം സംശയങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും അവയില്‍ രണ്ടെണ്ണം മാത്രമാണ് അല്‍പമെങ്കിലും പരാമര്‍ശമര്‍ഹിക്കുന്നത്. ഒന്ന്, ഇതുകൊണ്ട് അല്ലാഹു ഏതെങ്കിലും ഒരു പ്രത്യേക സ്ഥാനത്ത് നിലകൊളളുന്നുവെന്നു വരുന്നു. ഇല്ലെങ്കില്‍ അവന്റെ സന്നിധാനത്തില്‍ തന്റെ അടിമയെ സന്നിഹിതനാക്കുന്നതിന് അദ്ദേഹത്തെ യാത്രചെയ്യിച്ച് ഒരു പ്രത്യേക സ്ഥാനത്തേക്ക് കൊണ്ടുപോവേണ്ട ആവശ്യമെന്തായിരുന്നു? രണ്ട്, നബി(സ)ക്ക് സ്വര്‍ഗവും നരകവും കാണിച്ചതും ചില ആളുകള്‍ ശിക്ഷ അനുഭവിക്കുന്നതായി വെളിപ്പെടുത്തിയതും എങ്ങനെയാണ്? ഇതുവരെ അടിമകളുടെ കേസുകളെക്കുറിച്ച് തീരുമാനമെടുത്തിട്ടുപോലുമില്ല. പുനരുത്ഥാന നാളിനു ശേഷമാണ് രക്ഷാശിക്ഷകളെക്കുറിച്ച് തീരുമാനമെടുക്കുന്നത് എന്നിരിക്കെ, കുറച്ചു പേര്‍ക്ക് ഇപ്പോള്‍തന്നെ ശിക്ഷ നല്‍കിയിട്ടുണ്ടോ? യഥാര്‍ത്ഥത്തില്‍ ഈ രണ്ടു സംശയങ്ങളും ചിന്താശൂന്യതയുടെ ഫലമാണ്.

സ്രഷ്ടാവ് സ്വന്തം നിലയില്‍ പരിധികള്‍ക്കതീതനാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, സൃഷ്ടികളോടുള്ള പെരുമാറ്റത്തില്‍ അവന്‍ തന്റെ ദൗര്‍ബല്യം കൊണ്ടല്ല, മറിച്ച്, സൃഷ്ടികളുടെ ദൗര്‍ബല്യം കാരണമായി പരിധിക്കകത്ത് നിന്നുകൊണ്ടുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ഉദാഹരണമായി, അവന്‍ സൃഷ്ടികളോട് സംസാരിക്കുകയാണെങ്കില്‍ മനുഷ്യന് കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യാന്‍ സാധിക്കുന്ന വാക്കുകളുപയോഗിക്കുന്നു. വാസ്തവമാകട്ടെ, സ്വന്തം നിലയില്‍ അവന്റെ വാക്കുകള്‍ പരിധികള്‍ക്കതീതമാണ്. അതേപോലെ, തന്റെ അടിമക്ക് തന്റെ അധികാരസാമ്രാജ്യത്തിലെ അതിമഹത്തരങ്ങളായ ദൃഷ്ടാന്തങ്ങള്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹത്തെ കൊണ്ടുപോയി എവിടെ, എന്തെല്ലാം കാണിക്കണമെന്നുണ്ടോ, അതെല്ലാം കാണിച്ചുകൊടുക്കുന്നു. കാരണം, പ്രപഞ്ചത്തെയഖിലം ദൈവം ദര്‍ശിക്കുന്നപോലെ ഒരേ സമയത്ത് വീക്ഷിക്കാന്‍ അടിമക്ക് സാധ്യമല്ല.

ദൈവത്തിന് വല്ലതും കാണണമെങ്കില്‍ എവിടെയും പോകേണ്ട ആവശ്യമില്ല. പക്ഷേ, അടിമക്ക് അത് വേണം. സ്രഷ്ടാവിന്റെ സന്നിധാനവും അതുപോലെത്തന്നെയാണ്. സൃഷ്ടികര്‍ത്താവ് സ്വന്തം നിലയില്‍ ഏതെങ്കിലും സ്ഥലത്ത് ഉപവിഷ്ടനല്ല. പക്ഷേ, അടിമക്ക് അവനുമായി കൂടിക്കാഴ്ച നടത്തണമെങ്കില്‍ ഒരു സ്ഥലം ആവശ്യമാണ്. അവിടെയായിരിക്കും ദൈവം പ്രത്യക്ഷപ്പെടുക. ഇല്ലെങ്കില്‍ പരിമിതികളില്ലാത്ത അവനുമായി കൂടിക്കാഴ്ച നടത്താന്‍ പരിമിതികളാല്‍ നിയന്ത്രിതനായ അടിമക്ക് സാധ്യമല്ല. ഇനി രണ്ടാമത്തെ സംശയമാണ് അവശേഷിക്കുന്നത്. മിഅ്‌റാജിന്റെ അവസരത്തില്‍ വളരെയധികം ദൃശ്യങ്ങള്‍ നബി(സ)ക്ക് കാണിച്ചുകൊടുത്തിട്ടുണ്ടായിരുന്നു. അവയില്‍ ചിലത് യാഥാര്‍ഥ്യങ്ങളെ ചിത്രീകരണരൂപത്തില്‍ പ്രദര്‍ശിപ്പിച്ചതാണ്.

ഉദാഹരണമായി, ഒരു സങ്കീര്‍ണമായ കാര്യം ചിത്രീകരിക്കപ്പെട്ടത് എങ്ങനെയാണ്: ഒരു ചെറിയ പഴുതിലൂടെ തടിച്ച കാള കടക്കുന്നു. പിന്നീടതിന് അതിലൂടെ മടങ്ങാന്‍ സാധിക്കുന്നില്ല. പുതിയതും മുന്തിയതുമായ മാംസമുള്ളതോടൊപ്പം അതുപേക്ഷിച്ച് പഴുത്തുനാറിയ മാംസം തിന്നുന്നവരായി ചിത്രീകരിച്ചത് വ്യഭിചാരികളെയായിരുന്നു. ഇതേപോലെ തിരുമേനിക്ക് കാണിച്ചുകൊടുത്ത പാരത്രിക രക്ഷാശിക്ഷകളും ചിത്രീകരണംതന്നെയായിരുന്നതിനാല്‍ ഈ ആക്ഷേപവും അസ്ഥാനത്താണെന്നു തെളിയുന്നു.

മിഅ്‌റാജിനെപ്പറ്റി പറയുമ്പോള്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്: പ്രവാചകന്‍മാരില്‍ ഓരോരുത്തര്‍ക്കും അവരുടെ പദവികള്‍ക്കനുയോജ്യമായ വിധത്തില്‍ ആകാശഭൂമികളുടെ സാമ്രാജ്യം അല്ലാഹു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൗതികാവരണങ്ങള്‍ ഇടയില്‍നിന്ന് നീക്കി കണ്‍മുമ്പില്‍ത്തന്നെ ചില യാഥാര്‍ഥ്യങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു. മറ്റുള്ളവര്‍ അദൃശ്യാവസ്ഥയില്‍ത്തന്നെ വിശ്വസിക്കണമെന്ന് പറയാന്‍ പ്രവാചകന്‍മാര്‍ ആജ്ഞാപിക്കപ്പെട്ടിരുന്നു. ഒരു ദാര്‍ശനികന്റേതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു നിലപാട് പ്രവാചകന്മാര്‍ക്കുള്ളതാണ് ഇങ്ങനെ പ്രത്യേകം കാണിക്കപ്പെടാന്‍ കാരണം. ദാര്‍ശനികന്‍ പറയുന്നതെല്ലാം ഊഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ്. അദ്ദേഹം തന്റെ ഈ നിലപാടിനെക്കുറിച്ച് സ്വയം ബോധവാനാണെങ്കില്‍ ഒരിക്കലും തന്റെ അഭിപ്രായത്തിന്റെ സുബദ്ധതക്ക് സാക്ഷ്യം നല്‍കുകയില്ല. എന്നാല്‍, പ്രവാകന്മാര്‍ പറയുന്നതെല്ലാം നേരിട്ടുള്ള വിജ്ഞാനത്തിന്റെയും ദൃക്‌സാക്ഷ്യത്തിന്റെയും അടിസ്ഥാനത്തിലാണ്. എങ്കിലേ തങ്ങള്‍ ഇക്കാര്യങ്ങള്‍ അറിയുമെന്നും ഇവ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കണ്ട യാഥാര്‍ഥ്യങ്ങളാണെന്നും മനുഷ്യരുടെ മുമ്പില്‍ സാക്ഷ്യം വഹിക്കാന്‍ സാധിക്കുകയുള്ളൂ.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles