ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ
എന്നെന്നും ജീവിക്കുന്നവന്‍ = الْحَيُّ
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍ = الْقَيُّومُۚ
അല്ലാഹു, ബ്രഹ്മാണ്ഡ പാലകനായ അവന്‍- നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലും പിമ്പിലുമുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല. അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതുമാത്രമേ അവര്‍ അറിയുന്നുള്ളൂ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ. ( അല്‍ ബഖറ, സൂക്തം: 255)
അതായത്, വിഡ്ഢികള്‍ എത്രതന്നെ ദൈവങ്ങളെയും ആരാധ്യന്മാരെയും കല്‍പിച്ചുവെച്ചിട്ടുണ്ടെങ്കിലും സത്യത്തില്‍ ദൈവം ഏകന്‍ മാത്രമാണ്. അന്യരുടെ ഔദാര്യത്തിന്മേലല്ലാതെ സ്വന്തം ശക്തിയില്‍ ജീവിച്ചിരിക്കുന്നവനും അജയ്യവും നിസ്സീമവുമായ ശക്തിയാല്‍ പ്രപഞ്ചവ്യവസ്ഥ സുസ്ഥാപിതമായി നടത്തുന്നവനുമായ അനശ്വര അസ്ഥിത്വമാണ് ദിവ്യത്വത്തിന്റെ ഏക ഉടമ. പ്രപഞ്ചമാകുന്ന സാമ്രാജ്യത്തിലെ മുഴുവന്‍ അധികാരങ്ങളും അവന് മാത്രമാണ്. അവന്റെ ഗുണങ്ങളിലോ അധികാരാവകാശങ്ങളിലോ മറ്റാര്‍ക്കും പങ്കില്ല. അതിനാല്‍, അവനെ വിട്ടുകൊണ്ടോ അവനോട് പങ്ക് ചേര്‍ത്തുകൊണ്ടോ ആകാശഭൂമികളിലെവിടെയെങ്കിലും വല്ല ദൈവത്തെയും അംഗീകരിക്കുന്നുണ്ടെങ്കില്‍ അത് കേവലം വ്യാജനിര്‍മിതിയാണ്; സത്യത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ്.
ലോകനിയന്താവായ ദൈവത്തിന്റെ അസ്തിത്വത്തെ അപൂര്‍ണ അസ്തിത്വങ്ങളോട് സാമ്യപ്പെടുത്തുന്നവരുണ്ട്. സ്വന്തം ബലഹീനതകള്‍ അവര്‍ ദൈവത്തിന്റെ മേല്‍ ആരോപിക്കുന്നു. ഇത്തരം സങ്കല്‍പങ്ങളെ ‘അവനെ മയക്കമോ ഉറക്കമോ ബാധിക്കുന്നില്ല’ എന്ന വാക്യത്തിലൂടെ അല്ലാഹു നിഷേധിച്ചിരിക്കുകയാണ്.
‘ദൈവം ആറു ദിവസങ്ങളില്‍ ആകാശഭൂമികള്‍ സൃഷ്ടിച്ചു, ഏഴാം ദിവസം വിശ്രമിച്ചു’ എന്ന ബൈബിള്‍ പ്രസ്താവന ഇത്തരം സങ്കല്‍പങ്ങള്‍ക്ക് ഉദാഹരണമാണ്. ആകാശ ഭൂമികളിലുള്ളതെല്ലാം അവന്റെതാണ്. അവന്‍ ആകാശഭൂമികളുടെയും അവയിലുള്ള മുഴുവന്‍ വസ്തുക്കളുടെയും ഉടമസ്ഥനാകുന്നു. അവന്റെ ഉടമസ്ഥതയിലോ, നിയന്ത്രണത്തിലോ, ഭരണത്തിലോ, ആര്‍ക്കും ഒരു പങ്കുമില്ല; അവന് പുറമെ ഈ പ്രപഞ്ചത്തില്‍ നിങ്ങള്‍ വിഭാവനം ചെയ്യുന്ന ഏതൊരസ്തിത്വവും ഇതിലെ ഒരു ഘടകം മാത്രമായിരിക്കും; പ്രപഞ്ചത്തിന്റെ ഒരു ഘടകം ദൈവത്തിന്റെ പങ്കാളിയോ തുല്യനോ അല്ല; അവന്റെ സൃഷ്ടിയും അടിമയും മാത്രമാണ്!
ഈ സൂക്തത്തില്‍ ശുപാര്‍ശയെ നിഷേധിക്കുന്നതിന്റെ താല്‍പര്യമിതാണ്. പുണ്യവാന്മാരും മഹാത്മാക്കളുമായ മനുഷ്യര്‍ക്കും മലക്കുകള്‍ക്കും ദൈവത്തിങ്കല്‍ വലിയ സ്വാധീനശക്തിയുണ്ടെന്നും, ദൈവത്തില്‍ സമ്മര്‍ദ്ധം ചെലുത്തി എന്തും സമ്മതിപ്പിക്കാനും ചെയ്യിക്കാനും അവര്‍ക്ക് കഴിയുമെന്നും മുശ്‌രിക്കുകള്‍ വിശ്വസിച്ചുപോന്നിരുന്നു. മുശ്‌രിക്കുകളുടെ ഈ ധാരണ തികച്ചും അടിസ്ഥാനരഹിതമാകുന്നു. സ്വാധീനം ചെലുത്തുന്നതുപോകട്ടെ, ഏറ്റവും ശ്രേഷ്ഠനായ ഒരു പ്രവാചകനോ സര്‍വോന്നതനായ മലക്കോ പോലും, ദൈവത്തിന്റെ സന്നിധിയില്‍ അനുവാദം കൂടാതെ വാ തുറക്കാന്‍ ധൈര്യപ്പെടുന്നതല്ല എന്നതാണ് യാഥാര്‍ഥ്യം.
തുടര്‍ന്ന് സൃഷ്ടിയുടെ അറിവിന്റെ പരിമിതി വെളിപ്പെടുത്തിക്കൊണ്ട് ശിര്‍ക്കിന്റെ അടിത്തറക്ക് മറ്റൊരു പ്രഹരമേല്‍പിക്കുന്നു. പ്രപഞ്ചവ്യവസ്ഥയും അതിന്റെ ഉദ്ദേശ്യതാല്‍പര്യങ്ങളും ശരിക്ക് ഗ്രഹിക്കാന്‍ മാത്രമുള്ള അറിവുപോലും ആരുടെയും പക്കലില്ല. എന്നിരിക്കെ അല്ലാഹുവിന്റെ കാര്യത്തില്‍ കൈകടത്താന്‍ മറ്റുള്ളവര്‍ക്ക് ഒരിക്കലും കഴിയില്ല. മനുഷ്യനോ ജിന്നോ മലക്കോ മറ്റേതെങ്കിലും സൃഷ്ടിയോ ആരായാലും സര്‍വരുടെയും അറിവ് അപൂര്‍ണവും പരിമിതവുമാണ്; പ്രപഞ്ചത്തിലെ മുഴുവന്‍ യാഥാര്‍ഥ്യങ്ങളും ആര്‍ക്കും കാണാനാവില്ല. എന്നിരിക്കെ ഏറ്റവും ചെറിയ കാര്യത്തില്‍പോലും ദൈവേതരന്മാരുടെ കൈകടത്തലും ശിപാര്‍ശയും നടക്കുന്നപക്ഷം പ്രാപഞ്ചിക വ്യവസ്ഥ അപ്പടി താറുമാറായിപ്പോകും. പ്രപഞ്ച വ്യവസ്ഥയുടെ കാര്യമിരിക്കട്ടെ, സ്വന്തം നന്മകള്‍പോലും ശരിക്ക് ഗ്രഹിക്കാന്‍ മനുഷ്യന് കഴിവില്ല. അവന്റെ എല്ലാ നന്മകളും ലോകനിയന്താവിനേ പൂര്‍ണമായി അറിയുകയുള്ളൂ. അതിനാല്‍, അറിവിന്റെ സാക്ഷാല്‍ ഉറവിടമായ ദൈവത്തിന്റെ മാര്‍ഗദര്‍ശനത്തില്‍ വിശ്വാസമര്‍പ്പിക്കുകയല്ലാതെ മനുഷ്യനു ഗത്യന്തരമില്ല.
അല്ലാഹുവിന്റെ ആധിപത്യത്തിന് ‘കുര്‍സിയ്യ്’ എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്. ഭരണത്തിനും ആധിപത്യത്തിനും സാധാരണ ഉപയോഗിക്കാറുള്ള ആലങ്കാരിക പദമാണിത്. ഈ സൂക്തം ‘ആയത്തുല്‍ കുര്‍സിയ്യ്’ എന്ന പേരിലാണറിയപ്പെടുന്നത്. ഇതില്‍ അല്ലാഹുവെക്കുറിച്ച് സംക്ഷിപ്തമെങ്കിലും സമഗ്രമായ വിവരണമുണ്ട്. ഇതേ അടിസ്ഥാനത്തിലാണ്, ഇതിനെ വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ശ്രേഷ്ഠമായ വാക്യമെന്ന് പ്രവാചകവചനം വിശേഷിപ്പിച്ചിട്ടുള്ളത്.
ഇവിടെ ലോകനിയന്താവായ അല്ലാഹുവിന്റെ സത്തയെയും ഗുണങ്ങളെയും കുറിച്ച് പറഞ്ഞതിന്റെ ഔചിത്യമെന്താണ്? അത് ഗ്രഹിക്കാന്‍, ഇതിന് മുമ്പ് വന്ന വചനപരമ്പരയിലേക്ക് ഒരിക്കല്‍കൂടി കണ്ണോടിച്ചാല്‍ മതി: ആദ്യമായി, സത്യദീനിനെ സ്ഥാപിക്കാനുള്ള മാര്‍ഗത്തില്‍ ജീവന്‍കൊണ്ടും ധനംകൊണ്ടും സമരം നടത്താന്‍ മുസ്‌ലിംകള്‍ക്ക് ആഹ്വാനം നല്‍കി. ഇസ്രാഈല്യര്‍ അകപ്പെട്ടുപോയ ദൗര്‍ബല്യങ്ങളില്‍നിന്ന് രക്ഷനേടാന്‍ മുന്നറിയിപ്പു നല്‍കി. അനന്തരം, വിജയത്തിന്റെ നിദാനം സംഖ്യാബലമോ ഉപകരണ സാമഗ്രികളുടെ ആധിക്യമോ അല്ല, സത്യവിശ്വാസവും സഹനശീലവും സ്ഥിരചിത്തതയുമാണെന്ന് പഠിപ്പിച്ചു; പിന്നീട്, യുദ്ധത്തില്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ള യുക്തിയെന്തെന്ന് സൂചിപ്പിച്ചു; അതായത്, ലോകവ്യവസ്ഥ നിലനില്‍ക്കേണ്ടതിനായി, അവന്‍ എപ്പോഴും ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ട് പ്രതിരോധിക്കുന്നു; നേരെമറിച്ച്, അധികാരത്തിന്റെ കുത്തക ഒരേ വിഭാഗത്തിന് ശാശ്വതമായി ലഭിക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ജീവിതം ദുഷ്‌കരമായിത്തീരും.
അതിനുശേഷം, അജ്ഞാനികളായ ജനങ്ങളുടെ ഹൃദയത്തില്‍ മിക്കപ്പോഴും പൊങ്ങിവരാറുള്ള ഒരു സംശയം ദൂരീകരിച്ചു: അല്ലാഹു തന്റെ പ്രവാചകന്മാരെ ഭിന്നിപ്പുകള്‍ അവസാനിപ്പിക്കാനും വഴക്കുകള്‍ക്ക് അറുതിവരുത്താനുമാണല്ലോ അയച്ചിരുന്നത്. എന്നാല്‍, അവരുടെ ആഗമനത്തിന് ശേഷവും കുഴപ്പങ്ങളും ഭിന്നിപ്പുകളും നിലനിന്നുപോരുന്നു. അതിന്റെ അര്‍ഥം, അവ ദൂരീകരിക്കാന്‍ അല്ലാഹു ആഗ്രഹിച്ചിട്ടും സാധ്യമായില്ലെന്നോ അവനത്രക്ക് നിസ്സഹായനായിരുന്നുവെന്നോ അല്ല. മറിച്ച്, ഭിന്നിപ്പുകള്‍ ബലംപ്രയോഗിച്ച് തടയുകയോ മനുഷ്യവംശത്തെ ഒരു പ്രത്യേക മാര്‍ഗത്തിലൂടെ നിര്‍ബന്ധപൂര്‍വം നടത്തുകയോ ചെയ്യുകയെന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യമേ അല്ല. അങ്ങനെ അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെതിരില്‍ ചലിക്കാന്‍ മനുഷ്യന് തീരെ സാധ്യമാകുമായിരുന്നില്ല.
പിന്നീട് പ്രഭാഷണത്തിന്റെ സാക്ഷാല്‍ വിഷയത്തിലേക്ക് സൂചന നല്‍കിക്കൊണ്ട് ഇങ്ങനെ അരുള്‍ചെയ്തു: മനുഷ്യന്റെ ആദര്‍ശസിദ്ധാന്തങ്ങളും മതപദ്ധതികളും എത്രതന്നെ വിഭിന്നങ്ങളാണെങ്കിലും, ഈ വിശുദ്ധ വാക്യത്തില്‍ വിവരിച്ചത് പ്രകാരമാണ് ആകാശഭൂമികളുടെ വ്യവസ്ഥ സ്ഥാപിതമായിരിക്കുന്നത്. മനുഷ്യര്‍ തെറ്റായി ചരിക്കുന്നത് മൂലം പ്രസ്തുത യാഥാര്‍ഥ്യത്തില്‍ അണുഅളവ് മാറ്റം സംഭവിക്കുന്നില്ല; പക്ഷേ, അതില്‍ വിശ്വസിക്കാനായി ബലപ്രയോഗം വഴി ജനങ്ങളെ നിര്‍ബന്ധിക്കുകയെന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യമല്ല; അത് സ്വമനസ്സാലെ അംഗീകരിക്കുന്നവന്‍ വിജയം വരിക്കും. അതില്‍നിന്ന് മുഖംതിരിക്കുന്നവന്‍ നഷ്ടത്തിലകപ്പെടുകയും ചെയ്യും!
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0