Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനില്‍ പെയ്തിറങ്ങിയ മഴഭാവങ്ങള്‍

rain.jpg

മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം മഴയുടെ വെള്ളിനൂലില്‍ കോര്‍ത്തതാണ്. മനുഷ്യനെ മണ്ണില്‍ ഉറപ്പിച്ചതും വളര്‍ത്തിയതും വിണ്ണില്‍ നിന്നുള്ള മഴയാണ്. ജീവന്റെ നിലനില്‍പ്പിന്നാവശ്യമായ ഭൂമിയുടെ ഫലദായകത്വം അല്ലാഹു ഉറപ്പുവരുത്തുന്നത് മഴയിലൂടെയാണ്. മനുഷ്യകുലത്തിന് അല്ലാഹു നല്‍കിയ അനുഗ്രഹമാണ് മഴ. വേനലിനപ്പുറം മഴയുണ്ടെന്ന പ്രതീക്ഷയാണ് ഏത് വരള്‍ച്ചയെയും അതിജീവിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നത്. വേനലും വര്‍ഷവും, വെയിലും മഴയും മണ്ണും മനുഷ്യനും വിയര്‍ത്തൊഴുകുകയും നനഞ്ഞൊലിക്കുകയും ചെയ്യുന്ന ഋതുഭേദങ്ങള്‍ ദൈവികപ്രാപഞ്ചിക വ്യവസ്ഥയുടെ ഭാഗമാണ്.

ഇന്ത്യ,ദക്ഷിണപൂര്‍വേഷ്യ, ദക്ഷിണ ചൈന, ജപ്പാന്‍, പശ്ചിമാഫ്രിക്കയുടെയും മധ്യാഫ്രിക്കയുടെയും ചില ഭാഗങ്ങള്‍, ഇത്രയിടങ്ങളില്‍ മാത്രമാണ് കാലവര്‍ഷം അഥവാ മണ്‍സൂണ്‍ കൃത്യമായി വിരുന്നു വരുന്നത്. ഭൂലോകത്തിലെ ബാക്കിയുള്ള ദേശങ്ങളിലെല്ലാം അവിചാരിതമായി വരുന്ന അതിഥി മാത്രമാണ് മഴ. വിശുദ്ധവേദസൂക്തങ്ങള്‍ ഇറങ്ങിയ മണലാരണ്യവും മണ്‍സൂണ്‍രഹിത പ്രദേശമാണ്. പക്ഷേ, മണല്‍ക്കാടില്‍ അവതീര്‍ണമായ ഖുര്‍ആനില്‍ മഴക്കാടുകള്‍ക്ക് മാത്രം സുപരിചിതമായ മഴയുടെ വ്യത്യസ്തഭാവങ്ങളും രൂപങ്ങളും ചാലിട്ടൊഴുകുന്നത് കാണാം. മഴപ്രദേശമായ കേരളത്തിലെ ജനങ്ങള്‍ക്ക് പെട്ടെന്ന് അര്‍ഥവും ആശയവും ഗ്രഹിക്കാവുന്ന ഒട്ടനവധി മഴ നനഞ്ഞ ആയത്തുകള്‍ ഖുര്‍ആനിലുണ്ട്. കാറ്റും ഇടിയും മിന്നലും കാര്‍മുകിലും ചേര്‍ന്ന മഴയുടെ വര്‍ണവിന്യാസങ്ങള്‍ മഴവില്‍ ചാരുതയോടെ വിശുദ്ധ ഖുര്‍ആനില്‍ വിടര്‍ന്നു നില്‍ക്കുന്നു.

മഴവാക്കുകള്‍
മഴയുടെ വ്യത്യസ്ത രൂപങ്ങളെയും ഭാവപ്പകര്‍ച്ചകളെയും ചിത്രീകരിക്കാന്‍ വിഭിന്ന പദങ്ങളും പ്രയോഗങ്ങളുമാണ് ഖുര്‍ആന്‍ സ്വീകരിച്ചിട്ടുള്ളത്. വരള്‍ച്ചയും, ജലക്ഷാമവും വേനലിന്റെ ക്രൗര്യവും മുറുകുമ്പോള്‍ അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴയെ ‘ഗൈസ്’ എന്നാണ് വേദഗ്രന്ഥം പരിചയപ്പെടുത്തുന്നത്. മഴ അനുഗ്രഹവും കാരുണ്യവുമായി വര്‍ഷിക്കുമ്പോള്‍ മാത്രമാണ് ഈ പദം പ്രയോഗിച്ചിട്ടുളളത്. ഖുര്‍ആനില്‍ ഏറെ പ്രതിപാദിച്ച മഴ വാചകം ‘അന്‍സലമിനസ്സമാഇ മാഅന്‍’ എന്നതാണ്. ആകാശത്ത് നിന്നും ഇറക്കിത്തന്ന വെള്ളം എന്നര്‍ഥം. ‘മാഉന്‍ അന്‍സലഹുമിനസ്സമാഇ’ എന്ന വാചകഘടനയും ചില സൂക്തങ്ങളില്‍ കാണാം. ‘അന്‍സല’ക്ക് പകരം ‘നസ്സല’ പ്രയോഗിച്ച ആയത്തുകളുമുണ്ട്. മഴ വിഷയമായി മുപ്പതിടത്താണ് ഖുര്‍ആന്‍ ഈ പദപ്രയോഗങ്ങള്‍ ചേര്‍ത്ത് വെച്ചിട്ടുള്ളത്. മഴയെ കുറിക്കാന്‍ നാം സാധാരണ പറയാറുള്ള മത്വര്‍ എന്ന പദം നാമമായിട്ടും വിവിധ ക്രിയാരൂപങ്ങളിലും വന്നിട്ടുണ്ട്. അതില്‍ ഒരിടത്തൊഴികെ മറ്റെല്ലാം സൂക്തങ്ങളിലും ആകാശത്ത് നിന്ന് വര്‍ഷിച്ച ശിക്ഷകളാണ് പ്രതിപാദ്യ വിഷയം. മഴ കൊണ്ടുണ്ടാകുന്ന ശല്യത്തെ പരാമര്‍ശിക്കാനാണ് ശേഷിക്കുന്നൊരിടത്ത് ‘മത്വര്‍’ പ്രയോഗിച്ചത്. കുത്തിയൊലിക്കുന്ന മഴയെ കുറിക്കാന്‍ ‘സ്വയ്യിബ്’ എന്ന പദവും (അല്‍ബഖറ 19) മഴയുടെ രണ്ട് ഭാവങ്ങളായ ഘോരമഴയെയും ചാറ്റല്‍ മഴയെയും പരിചയപ്പെടുത്താന്‍ ‘വാബില്‍’, ത്വല്ല് (അല്‍ബഖറ 265) പദങ്ങളും മഴവാക്കുകളായി ഖുര്‍ആനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മഴയുടെ തന്നെ മറ്റൊരു രൂപഭേദമായ ആലിപ്പഴവര്‍ഷം ‘ബര്‍ദ്’ എന്ന പദത്തില്‍ അന്നൂര്‍ 43 ാം സൂക്തത്തില്‍ കാണാവുന്നതാണ്. ലൂത്വ് നബിയുടെ സമൂഹത്തെ നശിപ്പിച്ച കല്ലുമഴയും (ഹൂദ് : 82) ഫറോവന്‍ സമൂഹത്തില്‍ പെയ്ത രക്തമഴയും (അല്‍ അഅ്‌റാഫ് : 133) ശിക്ഷയായി പെയ്തിറങ്ങിയ മഴയുടെ ക്രൗര്യഭാവങ്ങളാണ്.

മഴയൊരുക്കം
ഭൂമിയിലെ ജലാശയങ്ങളില്‍ നിന്ന് സൂര്യന്റെ ചൂടുകൊണ്ട് ജലം ആവിയായി അന്തരീക്ഷത്തിലേക്കുയര്‍ന്ന് അനുകൂലസാഹചര്യങ്ങളില്‍ ഘനീഭവിച്ച് വീണ്ടും വെള്ളമായി ഭൂമിയിലേക്ക് പെയ്യുന്ന പ്രക്രിയയാണ് മഴയെന്നാണ് വിശ്വവിജ്ഞാനകോശം പരിചയപ്പെടുത്തുന്നത്. നീരാവിയായി അന്തരീക്ഷത്തിലെത്തുന്ന ജലകണങ്ങള്‍ മേഘങ്ങളായി രൂപപ്പെടുന്നതും കാറ്റ് മേഘങ്ങളെ ചലിപ്പിക്കുന്നതും ശേഷം മഴയായ് പെയ്തിറങ്ങുന്നതുമെല്ലാം ഖുര്‍ആന്‍ മനോഹരമായി വിവരിക്കുന്നുണ്ട്. ”അല്ലാഹു മേഘത്തെ മന്ദംമന്ദം  ചലിപ്പിക്കുന്നതും പിന്നെ അതിന്റെ ചീന്തുകള്‍ കൂട്ടിയിണക്കുന്നതും അനന്തരം അതിനെ കനപ്പിക്കുന്നതും നിങ്ങള്‍ കാണുന്നില്ലയോ? പിന്നെ അതിനിടയില്‍ നിന്നു മഴത്തുള്ളികള്‍ ഉതിര്‍ന്ന് വീഴുന്നത് കാണാം” (അന്നൂര്‍ : 43)
മഴ രൂപപ്പെടുത്തുന്നതിലും വര്‍ഷിക്കുന്ന പ്രദേശം നിര്‍ണ്ണയിക്കുന്നതിലും കാറ്റ് വഹിക്കുന്ന പങ്കിനെ അടയാളപ്പെടുത്തിയ ഖുര്‍ആന്‍ വിണ്ണില്‍ നിന്നും മണ്ണിലേക്കെത്തുന്ന മഴവെള്ളത്തിന്റെ തോതും നിര്‍ണ്ണിതമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ”ആകാശത്തു നിന്ന് നാം കണിശമായ കണക്കുപ്രകാരം ജലമിറക്കി. അതിനെ ഭൂമിയില്‍ പാര്‍പ്പിച്ചു. എങ്ങനെ വേണമെങ്കിലും അതിനെ പോക്കിക്കളയുവാന്‍ കഴിവുള്ളവനത്രെ നാം” (അല്‍ മുഅ്മിനൂന്‍ : 18) ഇവിടെ പരാമര്‍ശിക്കുന്ന അളവ് എന്താണെന്ന് ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ വിശദീകരിക്കുന്നുണ്ട്. ഒരു സെക്കന്റില്‍ 16 ദശലക്ഷം ടണ്‍ വെള്ളം ഭൂമിയില്‍ നിന്ന് നീരാവിയായി ഉയരുന്നുവെന്നാണ് കണക്ക്. ഒരു സെക്കന്റില്‍ ഭൂമിയില്‍ വര്‍ഷിക്കുന്ന വെള്ളവും ഇത്രതന്നെയാണ്. വെള്ളം നിശ്ചിത അളവില്‍ സന്തുലിതമായി മുകളിലോട്ടും താഴോട്ടും ചംക്രമണം ചെയ്യുന്നൂവെന്നര്‍ത്ഥം.

മഴവെള്ളം
ഭൂമിയിലെ മൗലികജീവദ്ഘടകമാണ് വെള്ളം. ജലത്തില്‍ നിന്നാണ് സൃഷ്ടിപ്പിന്റെ തുടക്കമെന്ന് വേദഗ്രന്ഥത്തിലുണ്ട്. ഭൂമിയിലെ വെള്ളത്തിന്റെ പ്രധാനസ്രോതസ്സ് മഴയാണ്. കുടിക്കുവാനും കുളിക്കുവാനും ജലസേചനത്തിനും മഴവെള്ളത്തെയാണ് മനുഷ്യരും ജീവജാലങ്ങളും മുഖ്യമായും ആശ്രയിക്കുന്നത്. ശുദ്ധവും അനുഗ്രഹീതവുമായ ജലമാണ് മഴവെള്ളമെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. ”നാം ആകാശത്തു നിന്ന് ശുദ്ധജലം  മാഉന്‍ ത്വഹൂര്‍  ഇറക്കിയിരിക്കുന്നു”. മാഉന്‍ മുബാറക് എന്നും മറ്റൊരിടത്ത് വന്നിട്ടുണ്ട്. കലര്‍പ്പില്ലാത്ത വെള്ളം, തെളിനീര് എന്നീ വിശേഷങ്ങളും മഴവെള്ളത്തിന് ഖുര്‍ആന്‍ ചാര്‍ത്തിയിട്ടുണ്ട്.

മഴവെള്ളം ജീവദായകമാകുന്നത് അന്തരീക്ഷത്തില്‍ നിന്ന് അതിനോടൊപ്പം ചേരുന്ന വ്യത്യസ്ത മൂലകങ്ങള്‍ കൊണ്ടു കൂടിയാണ്. വായു മണ്ഡലത്തിലുള്ള ഫോസ്ഫറസ്, മാഗ്‌നീഷ്യം, പൊട്ടാസ്യം, ചെമ്പ്, സിങ്ക് തുടങ്ങിയവ ലയിച്ചു ചേര്‍ന്നാണ് മഴ മണ്ണിലൊലിച്ചിറങ്ങുന്നത്. അതിനാലാണ് ഒട്ടും വളക്കൂറില്ലാത്ത തരിശുനിലം മഴയേല്‍ക്കുന്നതു കൊണ്ടുമാത്രം ഫലഭൂയിഷ്ഠമാകുന്നതും അതില്‍ സസ്യലതാദികള്‍ പൊടിയുന്നതും. മഴയെകുറിച്ചു പറയുന്ന പല ഖുര്‍ആന്‍ സൂക്തങ്ങളും നിര്‍ജീവ ഭൂമിക്ക് അത് ജീവന്‍ നല്‍കുന്നൂവെന്ന് പറയുന്നത് ശ്രദ്ധേയമാണ്.
”അല്ലാഹു ആകാശത്തു നിന്നു ജലമിറക്കി. നിര്‍ജീവമായിക്കിടന്ന ഭൂമിയെ അതുവഴി പെട്ടെന്ന് സജീവമാക്കി” (അന്നഹ്ല്! 65)

മഴയുടെ വാഗ്ദത്തഭൂമി
മഴ പെയ്യുന്ന ദേശവും അതു ലഭിക്കുന്ന ജനതയും അനുഗ്രഹീതരാണ്. ഫറോവയുടെ കീഴില്‍ പീഡിതരായി ജീവിച്ച ഇസ്രയേല്‍ സമൂഹത്തിന് മൂസാനബിയിലൂടെ അനുഗ്രഹീതമായ ഒരു ഭൂപ്രദേശം അല്ലാഹു വാഗ്ദാനം ചെയ്തതായി ഖുര്‍ആന്‍ പറയുന്നുണ്ട്. ”ദുര്‍ബലരാക്കപ്പെട്ട ആ ജനത്തെ നാം ഇവരുടെ സ്ഥാനത്ത്, നമ്മുടെ അനുഗ്രഹങ്ങളാല്‍ സമ്പന്നമാക്കിയ ആ ദേശത്തിന്റെ പൂര്‍വ്വപശ്ചിമദിക്കുകളുടെ അവകാശികളാക്കുകയും ചെയ്തു” (അല്‍അഅ്‌റാഫ് 137).സമൃദ്ധമായി മഴ ലഭിക്കുന്നതിനാല്‍ കൃഷിയും പച്ചപ്പും നിറഞ്ഞ ഫലസ്തീനായിരുന്നു ആ അനുഗ്രഹഭൂമിയെന്നാണ് മിക്ക തഫ്‌സീറുകളും രേഖപ്പെടുത്തിയിരിക്കുന്നത്. മഴപ്പെയ്ത്തിന്റെ കാലവര്‍ഷത്താല്‍ സസ്യശ്യാമളവും ഹരിതാഭവുമായിരിക്കും വാഗ്ദത്തഭൂമിയെന്ന് ബൈബിളും സൂചിപ്പിക്കുന്നു. ”നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം നിങ്ങള്‍ ഉപേക്ഷിച്ചു പോന്ന ഈജിപ്തു പോലെയല്ല. അവിടെ വിത്തുവിതച്ചതിനു ശേഷം ഒരു പച്ചക്കറിത്തോട്ടത്തെയെന്നപോലെ ക്ലേശിച്ചു നനക്കേണ്ടിയിരുന്നു. എന്നാല്‍ നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം ധാരാളം മഴ കിട്ടുന്ന കുന്നുകളും താഴ്‌വരകളും നിറഞ്ഞതാണ്. നിങ്ങളുടെ ദൈവമായ കര്‍ത്താവ് സദാപരിപാലിക്കുന്ന ദേശമാണത്” (നിയമപുസ്തകം: 11 : 10-12)

ഒക്‌ടോബര്‍ പകുതി മുതല്‍ ഏപ്രില്‍ പകുതി വരെ നീണ്ടുനില്‍ക്കുന്ന മണ്‍സൂണിനാല്‍ അനുഗ്രഹീതമാണ് ഫലസ്തീന്‍. കാലവര്‍ഷത്തിനുപുറമെ ഒക്‌ടോബര്‍ ഡിസംബര്‍ കാലത്തെ ശരത്കാലമഴയും ജനുവരി-ഏപ്രില്‍ മാസത്തെ വസന്തകാല മഴയും ഫലസ്തീനിലെ പ്രത്യേകതയാണ്. ഇപ്രകാരം യഥേഷ്ടം മഴ ലഭിക്കുന്നതിനാല്‍ കൃഷിയും പച്ചപ്പും സമൃദ്ധമായ ഭൂപ്രദേശത്തെയാണ് അനുഗ്രഹങ്ങളാല്‍ സമ്പന്നമായ ഭൂപ്രദേശമെന്ന് അല്ലാഹു ഖുര്‍ആനില്‍ പറയുന്നത്.

മഴയുടെ പ്രളയഭാവം
മദം പൊട്ടിയ മഴയുടെ കുത്തൊഴുക്കില്‍ രൂപപ്പെടുന്ന പ്രളയത്തിന്റെ രൗദ്രഭാവങ്ങളും വേദഗ്രന്ഥത്തിലുണ്ട്. ഫറോവന്‍ ജനതക്ക് പരീക്ഷണമായി ത്വൂഫാന്‍ അയച്ചുവെന്ന് അല്‍ അഅ്‌റാഫ് അധ്യായത്തിലെ 133-ാം സൂക്തത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭൂലോകമിന്നോളം ദര്‍ശിച്ച വലിയ പ്രളയദുരന്തങ്ങളിലൊന്നായ നൂഹ് നബിയുടെ കാലത്തെ വെള്ളപ്പൊക്കത്തെ അതിന്റെ സകല തീവ്രതയോടെയും ഖുര്‍ആന്‍ ചിത്രീകരിക്കുന്നുണ്ട്. ”അപ്പോള്‍ കോരിച്ചൊരിയുന്ന പേമാരിയാല്‍ നാം ആകാശകവാടങ്ങള്‍ തുറന്നു. ഭൂമിയെ പിളര്‍ന്ന് പുഴകളാക്കി. അങ്ങനെ വിധിക്കപ്പെട്ടിരുന്ന കാര്യം നിവര്‍ത്തിക്കുന്നതിനുവേണ്ടി ഈ ജലമൊക്കെയും കൂടിച്ചേര്‍ന്നു. നൂഹിനെ നാം പലകകളും ആണികളും മൂടിയതില്‍ (പെട്ടകം) വഹിപ്പിച്ചു. അത് നമ്മുടെ മേല്‍ നോട്ടത്തില്‍ സഞ്ചരിക്കുകയായിരുന്നു. ഇത് നിഷേധിക്കപ്പെട്ടവനുള്ള പ്രതിഫലമാകുന്നു. ആ കപ്പലിനെ നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിട്ടുണ്ട്. ഉദ്‌ബോധനം സ്വീകരിക്കുന്ന വല്ലവരുമുണ്ടോ?. നോക്കൂ എന്റെ ശിക്ഷ എങ്ങനെയായിരുന്നു?  എന്റെ മുന്നറിയിപ്പുകള്‍ എപ്രകാരമായിരുന്നു” (അല്‍ ഖമര്‍ : 12-16).

നൂറ്റിയമ്പതു ദിവസം നീണ്ടു നിന്ന ആ പ്രളയത്തെകുറിച്ച വിശദമായ ചിത്രം ബൈബിളില്‍ കാണാം. ”നോഹയ്ക്ക് അറുനൂറു വയസ്സുള്ളപ്പോഴാണ് ഭൂമുഖത്തു വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപ്പെടാന്‍ നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി. ദൈവം കല്‍പ്പിച്ചതുപോലെ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും, ആണും പെണ്ണുമായി ഈരണ്ടു വീതം, നോഹയുടെ കൂടെ പെട്ടകത്തില്‍ കയറി. ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ഭൂമിയില്‍ വെള്ളം പൊങ്ങിത്തുടങ്ങി. നോഹയുടെ ജീവിതത്തിന്റെ അറുനൂറാം വര്‍ഷം രണ്ടാം മാസം പതിനേഴാം ദിവസം അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകി, ആകാശത്തിന്റെ ജാലകങ്ങള്‍ തുറന്നു. നാല്‍പതു രാവും നാല്‍പതു പകലും മഴ പെയ്തുകൊണ്ടിരുന്നു.

ഭൂമുഖത്തു നിന്നു ജീവനുള്ളവയെല്ലാം അവിടുന്നു തുടച്ചുമാറ്റി. നോഹയും അവനോടൊപ്പം പെട്ടകത്തിലുണ്ടായിരുന്നവരും മാത്രം അവശേഷിച്ചു. വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടു നിന്നു.നോഹയെയും പെട്ടകത്തിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളെയും കന്നുകാലികളെയും ദൈവം ഓര്‍ത്തു. അവിടുന്നു ഭൂമിയില്‍ കാറ്റു വീശി; വെള്ളം ഇറങ്ങി. അഗാധങ്ങളിലെ ഉറവ നിലച്ചു; ആകാശത്തിന്റെ ജാലകങ്ങള്‍ അടഞ്ഞു; മഴ നിലക്കുകയും ചെയ്തു. ജലം പിന്‍വാങ്ങിക്കൊണ്ടിരുന്നു. നൂറ്റമ്പതുദിവസം കഴിഞ്ഞപ്പോള്‍ വെള്ളം വളരെ കുറഞ്ഞു. ഏഴാം മാസം പതിനേഴാം ദിവസം പെട്ടകം അറാറത്തു പര്‍വ്വതത്തില്‍ ഉറച്ചു. (ഉല്‍പത്തി പുസ്തകം)
ബൈബിള്‍ വാചാലമായി പറഞ്ഞ ഈ കഥയുടെ രത്‌നചുരുക്കം ഹൂദ് അദ്ധ്യായത്തിലും കാണാം.
”അങ്ങനെ നമ്മുടെ വിധി സമാഗതമായി. ആ അടുപ്പില്‍ ഉറവുപൊട്ടി. അപ്പോള്‍ നാം പറഞ്ഞു ‘എല്ലാ ജന്തുവര്‍ഗത്തിന്റെയും ഓരോ ജോടിയെ കപ്പലില്‍ കയറ്റിക്കൊള്ളുക. സ്വന്തം കുടുംബത്തെയും നേരത്തെ വിധി പറയപ്പെട്ടവരൊഴിച്ച്. വിശ്വാസികളായവരെയും അതില്‍ കയറ്റുക.”

മഴച്ചിത്രങ്ങള്‍
ജീവിതം, മരണം, പുനരുജ്ജീവനം, ഐഹിക സുഖങ്ങള്‍, സന്മാര്‍ഗം, ദാനധര്‍മ്മങ്ങള്‍ തുടങ്ങിയവയുടെ അര്‍ഥപൂര്‍ണ്ണമായ ഉപമയായി ഖുര്‍ആന്‍ മഴയെ മനോഹരമായി ചിത്രീകരിക്കുന്നുണ്ട്. പരലോകവിശ്വാസത്തെ ശക്തിപ്പെടുത്താനും ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ദൃഢീകരിക്കാനും ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന തെളിവുകളിലൊന്ന് മഴയാണ്. ”ഭൂമി വരണ്ടു കിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിപ്പിച്ചാല്‍ പെട്ടെന്നത് തുടി കൊളളുന്നു; കൗതുകമാര്‍ന്ന സകലയിനം ചെടികളെയും മുളപ്പിച്ചു തുടങ്ങുകയും ചെയ്യുന്നു. അല്ലാഹു തന്നെയാകുന്നു യാഥാര്‍ത്ഥ്യം. അവന്‍ നിര്‍ജീവമായതിനെ ജീവിപ്പിക്കുന്നു, അല്ലാഹു സകല കാര്യങ്ങള്‍ക്കും കഴിവുള്ളവനാകുന്നു. പുനരുത്ഥാനവേള വരുക തന്നെ ചെയ്യും. അതില്‍ സംശയമേതുമില്ല. ഖബറിടങ്ങളിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്യും എന്നതിനുള്ള തെളിവാണത്” (അല്‍ ഹജ്ജ്: 5)

നശ്വരമായ ഐഹിക ജീവിതത്തിന്റെ പ്രതീകമായും ഖുര്‍ആന്‍ മഴയെ ഉപമിച്ചിട്ടുണ്ട്.”നന്നായറിഞ്ഞുകൊള്ളുക; ഈ ഐഹികജീവിതം കേവലം കളിയും തമാശയും പുറംപകിട്ടും, നിങ്ങള്‍ തമ്മിലുള്ള പൊങ്ങച്ചം പറച്ചിലും, സമ്പത്തിലും സന്തതികളിലും പരസ്പരം മികച്ചുനില്‍ക്കാനുള്ള മത്സരവുമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ ഉദാഹരണം ഇപ്രകാരമാകുന്നു. ഒരു മഴ പെയ്തു. അതിലുണ്ടായ സസ്യലതാദികള്‍ കണ്ട് കര്‍ഷകര്‍ സന്തുഷ്ടരായി. പിന്നെ ആ വിള ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞളിക്കുന്നതായി നിനക്കു കാണാം. പിന്നീടത് വയ്‌ക്കോലായിത്തീരുന്നു” (അല്‍ ഹദീദ് : 20-21)

മഴയുടെ സൗന്ദര്യവും അനുഗ്രഹവും ആസ്വദിക്കുമ്പോഴും മറ്റെല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങളെയും പോലെ മഴയും പ്രപഞ്ചസൃഷ്ടാവിനെ കണ്ടെത്തുന്നതിനുള്ള ഉപാധിയായിരിക്കണമെന്നാണ് വേദഗ്രന്ഥം നിഷ്‌കര്‍ഷിക്കുന്നത്.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles